മമത ബാനർജി 
Editorial

മുഖം രക്ഷിക്കാൻ മമതയുടെ ബിൽ| മുഖപ്രസംഗം

ഭാരതീയ ന്യായസംഹിതയിലെ നിലവിലുള്ള വ്യവസ്ഥകളിൽ സംസ്ഥാനത്തിനു വേണ്ടി ഭേദഗതി കൊണ്ടുവന്നാണ് നിയമം കൂടുതൽ കർശനമാക്കുന്നത്

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ യുവ ഡോക്റ്റര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം വ്യാപകമായിരിക്കെയാണ് പശ്ചിമ ബംഗാള്‍ സർക്കാർ "അപരാജിത' ബിൽ ഏകകണ്ഠമായി പാസാക്കിയിരിക്കുന്നത്. ബലാത്സംഗക്കേസുകളില്‍ പ്രതികൾക്ക് അതിവേഗ വിചാരണയും വധശിക്ഷ വരെയും നിർദേശിക്കുന്നതാണ് ഈ ബിൽ. ബലാത്സംഗത്തെത്തുടർന്ന് ഇര കൊല്ലപ്പെടുകയോ ശരീരം തളര്‍ന്ന അവസ്ഥയിലാകുകയോ ചെയ്താല്‍ പ്രതിക്കു വധശിക്ഷ നൽകാനാണു ബില്ലില്‍ നിര്‍ദേശിക്കുന്ന‌ത്. ലൈംഗിക പീഡനങ്ങളില്‍ പ്രതിക്കു പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷയും നിർദേശിക്കുന്നു. അനുമതിയില്ലാതെ കോടതി നടപടികളടക്കം റിപ്പോര്‍ട്ട് ചെയ്താല്‍ അഞ്ചു വര്‍ഷം വരെ തടവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇരയുടെ വിവരങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവർക്ക് മൂന്നു മുതൽ അഞ്ചു വരെ വർഷം തടവാണു നിർദേശിക്കുന്നത്. കേസിൽ 21 ദിവസം കൊണ്ട് പ്രാഥമികാന്വേഷണം പൂർത്തിയാക്കണം. പരമാവധി 15 ദിവസം കൂടിയേ ഇതിൽ ഇളവ് അനുവദിക്കാനാവൂ. അന്വേഷണത്തിനു സമയം നീട്ടി നൽകുന്നത് എസ്പി വിശദീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. എല്ലാ ജില്ലകളിലും അതിവേഗ കേസ് അന്വേഷണത്തിന് ഡിവൈഎസ്പി നേതൃത്വം നൽകുന്ന പൊലീസ് സേനയുണ്ടാവണമെന്നും പറയുന്നു.

ഭാരതീയ ന്യായസംഹിതയിലെ നിലവിലുള്ള വ്യവസ്ഥകളിൽ സംസ്ഥാനത്തിനു വേണ്ടി ഭേദഗതി കൊണ്ടുവന്നാണ് നിയമം കൂടുതൽ കർശനമാക്കുന്നത്. ക്രിമിനൽ നിയമം കൺകറന്‍റ് ലിസ്റ്റിലായതിനാൽ സംസ്ഥാനങ്ങൾക്ക് അതിൽ ഭേദഗതികൾ വരുത്താൻ അവകാശമുണ്ട്. എന്നാൽ, അതിനു രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. സ്വാഭാവികമായും കേന്ദ്ര സർക്കാരിന്‍റെ ഉപദേശം തേടിയ ശേഷമാവും രാഷ്ട്രപതി തീരുമാനമെടുക്കുക. അതിനാൽ തന്നെ രാഷ്ട്രപതിയും കേന്ദ്ര സർക്കാരും സ്വീകരിക്കുന്ന നിലപാട് നിർണായകമാണ്. സംസ്ഥാന സർക്കാരിന് രാഷ്ട്രപതിയെ നിർബന്ധിക്കാനാവില്ല എന്നതിനാൽ ബിൽ അംഗീകരിക്കുമോ, അത് എന്നാവും എന്നൊന്നും പറയാനാവില്ല.

മുൻപ് തെലങ്കാനയിൽ വനിതാ വെറ്ററിനറി ഡോക്റ്റർ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടപ്പോൾ ആന്ധ്രപ്രദേശ് സർക്കാർ ബലാത്സംഗ കേസുകളിൽ വധശിക്ഷ നിർദേശിച്ച് ഇത്തരമൊരു ബിൽ കൊണ്ടുവന്നിരുന്നു. 2019ലായിരുന്നു അത്. 2020ൽ ഉദ്ധവ് താക്കറെയുടെ സർക്കാർ അധികാരത്തിലിരുന്നപ്പോൾ മഹാരാഷ്ട്രയിലും ഇതുപോലൊരു ബിൽ പാസാക്കി. രണ്ടു സംസ്ഥാനങ്ങളുടെയും ബില്ലുകൾ രാഷ്ട്രപതി ഇതുവരെ അംഗീകരിച്ചിട്ടില്ല. അതിനു പിന്നാലെയാണ് പശ്ചിമ ബംഗാളും ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നിർദേശിക്കുന്നത്. ഗവർണറും കേന്ദ്ര സർക്കാരും രാഷ്ട്രപതിയും ഇതിന്മേൽ എന്തെങ്കിലും നടപടിയെടുക്കുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. ബലാത്സംഗ കേസുകളിൽ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകാൻ കർശനമായ കേന്ദ്ര നിയമം കൊണ്ടുവരണമെന്ന് നേരത്തേ മമത ബാനർജി ആവശ്യപ്പെട്ടിരുന്നു. അതിവേഗ വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതികൾ അടക്കമാണ് മമത നിർദേശിച്ചത്. പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള കേന്ദ്ര നിയമത്തിന് എല്ലാ സംസ്ഥാനങ്ങളും സമ്മർദം ചെലുത്തണമെന്നും മമത അഭ്യർഥിക്കുകയുണ്ടായി.

പശ്ചിമ ബംഗാളിന്‍റെ നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകാനുള്ള സാധ്യത വിരളമാണ്. ഏതെങ്കിലും ഒരു സംസ്ഥാനത്തിനു വേണ്ടി മാത്രം കേന്ദ്രം ഇങ്ങനെയൊരു നിയമം അംഗീകരിക്കുമെന്നു കരുതാനാവില്ല. അപ്പോഴും മമത ബാനർജി ഇങ്ങനെയൊരു ബില്ലുമായി രംഗത്തുവന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. പ്രതിപക്ഷവും പൊതുസമൂഹവും സർക്കാരിനെതിരേ ഉയർത്തുന്ന നിശിത വിമർശനങ്ങളെ പ്രതിരോധിക്കുക എന്നതാണത്. ആർജി കർ മെഡിക്കൽ കോളെജ് ആശുപത്രിയിലെ യുവ ഡോക്റ്ററുടെ കൊലപാതകവും അന്വേഷണത്തിലെ വീഴ്ചകളും സംസ്ഥാന സർക്കാരിന്‍റെ പ്രതിച്ഛായ വൻ തോതിൽ തകർത്തിട്ടുണ്ട്. മുഖ്യപ്രതിപക്ഷമായ ബിജെപി അതിശക്തമായ വിമർശനമാണ് മമത സർക്കാരിനെതിരേ ഉയർത്തുന്നത്. പശ്ചിമ ബംഗാളിൽ മാത്രമല്ല രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഡോക്റ്റർമാർ പ്രതിഷേധവുമായി രംഗത്തിറങ്ങുകയും ചെയ്തു. സംഭവം ഒതുക്കിതീർക്കാൻ ശ്രമിച്ചു എന്നതുൾപ്പെടെ സർക്കാരിനെതിരേ ഉയർന്ന ആരോപണങ്ങൾ മുഖ്യമന്ത്രി മമത ബാനർജിക്കു ക്ഷീണം ചെയ്യുന്നതാണ്.

സർക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോൽക്കത്ത ഹൈക്കോടതി കേസ് സിബിഐ അന്വേഷിക്കാൻ ഉത്തരവിട്ടത്. പിന്നീട് സുപ്രീം കോടതിയും സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചിരുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പാളിച്ചകൾ, പൊലീസ് എഫ്ഐആർ ഫയൽ ചെയ്യാൻ വൈകിയത്, തുടക്കത്തിൽ സംഭവം ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമം നടന്നത് എല്ലാം വിമർശന വിധേയമായി. നൂറുകണക്കിനാളുകൾ ആശുപത്രിയിൽ തള്ളിക്കയറി കണ്ടതെല്ലാം തകർത്ത് തെളിവുകൾ നശിപ്പിക്കാൻ തുനിഞ്ഞപ്പോഴും പൊലീസ് തടഞ്ഞില്ല. കേസ് അന്വേഷണത്തിൽ എന്തൊക്കെയോ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ശ്രമം നടന്നുവെന്ന പ്രതീതിയാണു പൊതുവിലുള്ളത്. അത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാവും എന്നു കണ്ടുതന്നെയാണ് ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നിർദേശിക്കുന്ന ബില്ലുമായി മമത ബാനർജി രംഗത്തിറങ്ങിയത്. അത് രാഷ്ട്രീയമായി അവരെ സഹായിക്കുമോയെന്നു വരുംനാളുകളിൽ കണ്ടറിയേണ്ടിവരും.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും

മോദി ജി20 യോഗത്തിന് ബ്രസീലിൽ; ബൈഡനുമായി ചർച്ച നടത്തി

വഖഫ് ഭൂമി തർക്കം: റീസർവേയെച്ചൊല്ലി മന്ത്രിമാർ തമ്മിൽ ഭിന്നത

കെഎസ്ഇബി എല്ലാ സേവനങ്ങളും ഓൺലൈൻ ആക്കുന്നു

യുഎഇയിൽ പൊതുമാപ്പ് നീട്ടുന്നതിനു മുൻപ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം