manmohan singh retires from rajya sabha read editorial 
Editorial

എന്നും ഓർക്കും, മൻമോഹന്‍റെ സംഭാവനകൾ | മുഖപ്രസംഗം

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പാർലമെന്‍ററി ജീവിതത്തിന് അവസാനമായിരിക്കുകയാണ്. 1991 മുതൽ രാജ്യസഭയിൽ അംഗമായിരുന്ന അദ്ദേഹം ഇത്തവണ കാലാവധി കഴിഞ്ഞതോടെ വീണ്ടും മത്സരിക്കാതെ പാർലമെന്‍ററി ജീവിതത്തോടു വിട പറയുന്നു. മൻമോഹൻ ഒഴിഞ്ഞ സീറ്റിൽ ഇക്കുറി രാജ്യസഭയിലെത്തുന്നത് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയാണ്. ഇതുവരെ ലോക്സഭാംഗമായിരുന്ന സോണിയ ഇതാദ്യമായി രാജ്യസഭാംഗമായിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് മൻമോഹന്‍റെ രാജ്യസഭാംഗമെന്ന നിലയിലുള്ള കാലാവധി പൂർത്തിയായത്. അതോടെ ഫലത്തിൽ സജീവ രാഷ്ട്രീയത്തിൽ നിന്നു തന്നെ വിടപറയുകയാണ്, സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ ആധുനിക ഇന്ത്യയുടെ ശിൽപ്പിയായ അദ്ദേഹം. 91 വയസുള്ള മുൻ പ്രധാനമന്ത്രിയുടെ ഇനിയുള്ള ജീവിതത്തിന് എല്ലാവിധ സൗഭാഗ്യങ്ങളും ആശംസിക്കുകയാണു നേതാക്കൾ.

1991-96 കാലഘട്ടത്തിൽ നരസിംഹ റാവു സർക്കാരിലെ ധനമന്ത്രിയായിരുന്ന മൻമോഹൻ അവതരിപ്പിച്ച സാമ്പത്തിക പരിഷ്കാരങ്ങളാണ് വലിയൊരു പ്രതിസന്ധിയിൽ നിന്ന് ഇന്ത്യയെ കരകയറ്റിയത്. പിന്നീട് 2004 മുതൽ 2014 വരെ പത്തു വർഷം ഭരിച്ച യുപിഎ സർക്കാരിനെ നയിച്ചതും ലോകം അംഗീകരിച്ച സാമ്പത്തിക വിദഗ്ധനായ മൻമോഹൻ തന്നെയായിരുന്നു. വിരമിക്കുന്ന രാജ്യസഭാ എംപിമാർക്ക് യാത്രയയപ്പു നൽകുന്ന ചടങ്ങ് ഫെബ്രുവരിയിൽ നടന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി മൻമോഹനെ പ്രത്യേകം പ്രശംസിക്കുകയുണ്ടായി. ദീർഘകാലം രാജ്യത്തെയും രാജ്യസഭയെയും നയിച്ച മൻമോഹൻ ഇന്ത്യൻ ജനാധിപത്യത്തിനു നൽകിയ സംഭാവനകൾ മോദി എടുത്തുപറഞ്ഞു. ഭരണപക്ഷം വിജയിക്കുമെന്ന് ഉറപ്പുള്ളപ്പോഴും വീൽചെയറിൽ സഭയിലെത്തി വോട്ടു ചെയ്ത മുൻ പ്രധാനമന്ത്രി തന്‍റെ കടമ നിർവഹിക്കുന്നതിൽ യാതൊരു മടിയും കാണിച്ചില്ലെന്ന് മോദി ചൂണ്ടിക്കാണിക്കുകയുണ്ടായി.

കഴിഞ്ഞ ദിവസം രാജ്യസഭയിൽ നിന്ന് വിരമിക്കുന്ന അവസരത്തിൽ മൻമോഹന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ എഴുതിയ കത്ത് അദ്ദേഹത്തിന്‍റെ സംഭാവനകളെ അനുസ്മരിച്ചുകൊണ്ടുള്ളതാണ്. ഒരു കാലഘട്ടത്തിന്‍റെ അവസാനം എന്നാണു ഖാർഗെ കത്തിൽ പറയുന്നത്. വലിയ വ്യവസായികൾക്കും യുവാക്കളായ സംരംഭകർക്കും ചെറിയ ബിസിനസുകാർക്കും ശമ്പള വിഭാഗക്കാർക്കും പാവപ്പെട്ടവർക്കും ഗുണകരമാവുന്ന വിധത്തിൽ സാമ്പത്തിക നയങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കാൻ കഴിഞ്ഞ നേതാവാണ് മൻമോഹനെന്ന് ഖാർഗെ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യത്തിന്‍റെ പുരോഗതിയിൽ പാവപ്പെട്ടവർക്കും പങ്കാളികളാവാമെന്നു തെളിയിച്ചത് മൻമോഹന്‍റെ നയങ്ങളാണ്. ദാരിദ്യം അകറ്റാനുള്ള അദ്ദേഹത്തിന്‍റെ പദ്ധതികൾ വിജയകരമായിരുന്നു. മൻമോഹൻ പ്രധാനമന്ത്രിയായിരുന്ന കാലത്ത് 27 കോടി ജനങ്ങളെയാണ് രാജ്യം ദാരിദ്ര്യത്തിൽനിന്ന് മുക്തമാക്കിയത് എന്നാണു കണക്ക്. യുപിഎ സർക്കാരിന്‍റെ കാലത്തു തുടങ്ങിയ ദേശീയ തൊഴിലുറപ്പു പദ്ധതി ഇന്നും പാവപ്പെട്ടവരുടെ പ്രധാന ആശ്രയമാണ്. കോടിക്കണക്കായ ഗ്രാമീണ ജനങ്ങൾ എന്നും മൻമോഹനെ ഓർക്കുന്നത് ഈ പദ്ധതിയിലൂടെയാവും.

ഇന്ത്യ- അമെരിക്ക ആണവ കരാർ മൻമോഹൻ പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിലെ ചരിത്രപരമായ മറ്റൊരു നീക്കമായിരുന്നു. രാജ്യത്തിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട് നിർണായക ചുവടുവയ്പ്പ്. സർക്കാർ ധനസഹായം നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിക്കുന്നതിനു തുടക്കം കുറിച്ചതും ആധാർ കാർഡ് ആവിഷ്കരിച്ചതും അദ്ദേഹത്തിന്‍റെ കാലത്താണ്. ഭക്ഷ്യസുരക്ഷാ പദ്ധതി, വിവരാവകാശ നിയമം തുടങ്ങിയവയും മൻമോഹൻ മന്ത്രിസഭയുടെ കാലത്താണ് ആവിഷ്കരിക്കപ്പെട്ടത്. റിസർവ് ബാങ്ക് മുൻ ഗവർണർ കൂടിയായ അദ്ദേഹം, റാവു സർക്കാരിന്‍റെ കാലത്തു തുടങ്ങിവച്ച സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് രാജ്യത്തിനകത്തും പുറത്തും എത്രയോ തവണ വിദഗ്ധ ചർച്ചകൾ നടന്നിരിക്കുന്നു. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ ആഗോള മത്സരത്തിനു തുറന്നുകൊടുത്ത അദ്ദേഹത്തിന്‍റെ ഉദാരവത്കരണ നയം ആശ്ചര്യത്തോടെ നോക്കിക്കണ്ടവർ നിരവധിയുണ്ടാവും. ലോക നേതാക്കൾ ആദരവോടെ കാണുന്ന ഈ നേതാവിന്‍റെ രാഷ്ട്രനിർമാണത്തിലുള്ള സംഭാവനകൾ എന്നും സ്മരിക്കപ്പെടും.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി