ലങ്കൻ ജനതയുടെ 'വിപ്ലവ' വിധി | മുഖപ്രസംഗം 
Editorial

ലങ്കൻ ജനതയുടെ 'വിപ്ലവ' വിധി | മുഖപ്രസംഗം

ഭരണസംവിധാനങ്ങളോടു ജനങ്ങൾക്കുള്ള വിയോജിപ്പും ദിസനായകെയിലുള്ള വിശ്വാസവും വ്യക്തമാണ്.

ശ്രീലങ്കയ്ക്ക് അവരുടെ ആദ്യത്തെ മാർക്സിസ്റ്റ് പ്രസിഡന്‍റിനെ ലഭിച്ചിരിക്കുകയാണ്. തൊഴിലാളി കുടുംബത്തിൽ ജനിച്ച്, തന്‍റെ ജന്മഗ്രാമമായ തംബുട്ടെഗാമയിൽ നിന്ന് ആദ്യമായി സർവകലാശാലാ വിദ്യാഭ്യാസം നേടിയ അമ്പത്തഞ്ചുകാരൻ അനുര കുമാര ദിസനായകെ ഇനി തങ്ങളെ നയിക്കട്ടെയെന്ന് ശ്രീലങ്കൻ ജനത വിധിയെഴുതിയിരിക്കുകയാണ്.

ആദ്യ റൗണ്ടിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു രണ്ടാം വോട്ടുകളും എണ്ണി വിജയിയെ നിശ്ചയിച്ചത്. ആദ്യ റൗണ്ടിൽ അനുര കുമാര ദിസനായകെയ്ക്കു ലഭിച്ചത് 42 ശതമാനത്തിലേറെ വോട്ടാണ്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയ്ക്ക് 33 ശതമാനത്തോളം വോട്ടു കിട്ടിയപ്പോൾ നിലവിലുള്ള പ്രസിഡന്‍റ് റനിൽ വിക്രമസിംഗെ 17 ശതമാനം വോട്ടുകളോടെ മൂന്നാം സ്ഥാനത്തായിപ്പോയി. മുൻ പ്രസിഡന്‍റ് മഹിന്ദ രജപക്സെയുടെ മകനും എംപിയുമായ നമൽ രജപക്സെയ്ക്ക് 2.5 ശതമാനം വോട്ട് മാത്രമാണു ലഭിച്ചത്. ഇതിൽ നിന്നു തന്നെ നിലവിലുള്ള ഭരണസംവിധാനങ്ങളോടു ജനങ്ങൾക്കുള്ള വിയോജിപ്പും ദിസനായകെയിലുള്ള വിശ്വാസവും വ്യക്തമാണ്. രണ്ടാം റൗണ്ട് വോട്ടെണ്ണലിലും മറിച്ചൊരു ഫലം സംഭവിക്കാനുണ്ടായിരുന്നില്ല. അങ്ങനെ ലങ്കയിലെ രാഷ്‌ട്രീയം അടിമുടി മാറുകയാണ്. നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സഖ്യത്തിലെ പ്രധാന കക്ഷിയായ മാർക്സിസ്റ്റ് ജനതാ വിമുക്തി പെരമുന (ജെവിപി)യുടെ നേതാവാണു ദിസനായകെ.

സദ്ഭരണം വാഗ്ദാനം ചെയ്യുന്ന ദിസനായകെ അഴിമതിക്കെതിരേ ശക്തമായ നടപടികളും ജനങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും നിർമാണ, കാർഷിക, ഐടി മേഖലകളിൽ വികസനം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. ഐഎംഎഫുമായുള്ള ചർച്ചകൾ തടസമൊഴിവാക്കി മുന്നോട്ടുകൊണ്ടുപോകാനാണു പദ്ധതി. ഒരു പുതിയ പ്രതീക്ഷയാണ് ഈ തെരഞ്ഞെടുപ്പു ഫലത്തിലൂടെ ലങ്കയിൽ മുളപൊട്ടിയിരിക്കുന്നത്. ലോകം മുഴുവൻ അതിന്‍റെ വളർച്ച ഉറ്റുനോക്കുന്നുമുണ്ട്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തിൽ മുൻ പ്രസിഡന്‍റ് ഗോതബായ രജപക്സ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത് 2022ൽ ആയിരുന്നു. ഇന്ധനം, മരുന്ന്, പാചകവാതകം തുടങ്ങിയ അവശ്യ വസ്തുക്കളുടെ ഇറക്കുമതിക്കു പോലും പണമില്ലാത്ത അവസ്ഥയിലായി അന്നു ശ്രീലങ്ക. രജപക്സയുടെ രാജിയെത്തുടർന്ന് പ്രസിഡന്‍റിന്‍റെ അധികാരമേറ്റെടുത്ത വിക്രമസിംഗെയ്ക്ക് ഇപ്പോൾ ജനങ്ങളിൽ നിന്നു കിട്ടിയിരിക്കുന്നത് കനത്ത തിരിച്ചടി തന്നെയാണ്. കഴിഞ്ഞ രണ്ടു വർഷക്കാലം ശ്രീലങ്കയെന്ന "കുട്ടി'യെ താൻ സുരക്ഷിതമായി നോക്കി എന്നൊക്കെ വിക്രമസിംഗെ അവകാശപ്പെടുന്നുണ്ടെങ്കിലും പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഏറെ മുന്നോട്ടുപോകാനുണ്ട് ശ്രീലങ്കയ്ക്ക്. രജപക്സയെ പുറത്താക്കാനുള്ള പ്രക്ഷോഭത്തിന്‍റെ മുൻനിരയിലുണ്ടായിരുന്ന ജെവിപിയെ തന്നെ ജനങ്ങൾ ആ ദൗത്യം വിശ്വസിച്ച് ഏൽപ്പിക്കുകയാണ്.

2019ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വെറും മൂന്നു ശതമാനം മാത്രം വോട്ടു നേടിയ നേതാവാണ് അനുര കുമാര ദിസനായകെ. സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭവും ലങ്കയെ എത്രമാത്രം മാറ്റിമറിച്ചുവെന്ന് ഇതിൽ നിന്നു വ്യക്തമാവുന്നുണ്ടല്ലോ. ജനകീയ പ്രക്ഷോഭത്തിനു ശേഷം നടന്ന ആദ്യ ജനകീയ തെരഞ്ഞെടുപ്പാണ് ഇപ്പോഴത്തേത്. ഒരുകാലത്ത് സായുധ വിപ്ലവത്തിൽ വിശ്വസിച്ചിരുന്നതാണ് ജെവിപി. 1971കളിലും 87ലും 91ലുമായി മൂന്നു തവണ ജനകീയ സർക്കാരുകളെ അട്ടിമറിക്കാൻ സായുധ കലാപം നടത്തിയിട്ടുണ്ട് അവർ. മൂന്നു തവണയും ഭരണകൂടം അടിച്ചമർത്തി. പിന്നീട് ഈ നിലപാടുകൾ ഉപേക്ഷിച്ച് മുഖ്യധാരയിലേക്കു മാറുകയായിരുന്നു. വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ വളർന്നുവന്ന ദിസനായകെ 1987ൽ ജെവിപിയിൽ ചേർന്നു. തൊണ്ണൂറുകളിൽ കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലുമെത്തുകയും 2000ൽ പാർലമെന്‍റംഗമാവുകയും ചെയ്തു. ചന്ദ്രിക കുമാരതുംഗ പ്രസിഡന്‍റായിരിക്കുമ്പോൾ 2004 ഏപിൽ 10 മുതൽ 2005 ജൂൺ 24 വരെ ലങ്കയിലെ കൃഷി മന്ത്രിയായിട്ടുണ്ട്. സുനാമി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ എൽടിടിഇയോടു ചേർന്നു പ്രവർത്തിച്ചതിന്‍റെ പേരിൽ ജെവിപി മന്ത്രിസഭ വിട്ടതോടെയാണ് അദ്ദേഹം പ്രതിപക്ഷത്തെത്തിയത്. 2014ൽ ജെവിപിയുടെ നേതൃത്വം ഏറ്റെടുത്ത ദിസനായകെ പിന്നീട് തന്‍റെ പ്രസ്ഥാനത്തെ ജനകീയമാക്കുന്നതിലുള്ള പ്രവർത്തനങ്ങളിലായിരുന്നു.

തമിഴ്വംശജരോടും ഇന്ത്യയോടും അനുകൂലമായിരുന്നില്ല ജെവിപിയുടെ ആദ്യകാല നിലപാടുകൾ. സിംഹള വംശീയതയിൽ കേന്ദ്രീകരിച്ചുള്ള അവരുടെ പ്രവർത്തനങ്ങൾ തമിഴ് വംശജർക്കെതിരായി മാറിയിരുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള സമാധാന ഉടമ്പടിക്കെതിരേ പ്രക്ഷോഭത്തിന് ഇറങ്ങിയതാണ് ജെവിപി. പിന്നീടിങ്ങോട്ടും അവർ ഇന്ത്യയ്ക്കെതിരേയും തമിഴ് വംശജർക്കെതിരേയും നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിലും തമിഴ് ന്യൂനപക്ഷ വോട്ടുകളിൽ കൂടുതലും നേടിയത് സജിത് പ്രേമദാസയാണ്. പുതിയ പ്രസിഡന്‍റിൽ തമിഴ്വംശജർക്കുള്ള ആശങ്ക മാറ്റിയെടുക്കാൻ ദിസനായകെയ്ക്കു കഴിയേണ്ടതാണ്. അതുപോലെ തന്നെ ഇന്ത്യയുമായുള്ള ബന്ധം നല്ല നിലയിൽ നിലനിർത്താനും അദ്ദേഹം ശ്രമിക്കുമെന്നു പ്രതീക്ഷിക്കാം. ചൈനയോടുള്ള അമിത സ്നേഹത്തിന്‍റെ പേരിൽ ഇന്ത്യയുമായുള്ള ബന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെടുത്താൻ പുതിയ ലങ്കൻ പ്രസിഡന്‍റ് ഇടയാക്കാതിരിക്കട്ടെ.

ഈ വർഷം ആദ്യം അദ്ദേഹം ഇന്ത്യ സന്ദർശിച്ചപ്പോൾ തികച്ചും സൗഹാർദപരമായ സമീപനമാണ് ഉണ്ടായതെന്നതു നല്ല ലക്ഷണമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ തന്‍റെ പാർട്ടി ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. 2022ലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഇന്ത്യ നൽകിയ സേവനങ്ങളും അദ്ദേഹം എടുത്തുപറയുകയുണ്ടായി. ഇന്ത്യ സന്ദർശനത്തിനിടെ ദിസനായകെ കേരളത്തിലും എത്തിയിരുന്നു. ആയുർവേദത്തിനു ലങ്കയിലുള്ള സാധ്യതകളെക്കുറിച്ചും വ്യവസായ സഹകരണത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചതായി സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് പറയുന്നുണ്ട്. ഇന്ത്യ- ശ്രീലങ്ക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുന്ന നാളുകളായി ദിസനായകെയുടെ ഭരണകാലം മാറട്ടെ.

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ

''പാൽ സൊസൈറ്റി മുതൽ പാർലമെന്‍റ് വരെ മത്സരിക്കാൻ കൃഷ്ണകുമാർ മാത്രം'', ആഞ്ഞടിച്ച് സന്ദീപ് വാര്യർ

തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നും അപ്രത്യക്ഷം; ചേലക്കരയിൽ ഏശാതെ അൻവർ തരംഗം