ആധുനിക ശാസ്ത്രത്തിന്‍റെ എല്ലാ സാധ്യതകളേയും പരമാവധി പ്രയോജനപ്പെടുത്താൻ ആയുർവേദ ഭിഷഗ്വരൻമാരും ഗവേഷകരും മടിക്കരുതെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി രാജേഷ് കൊട്ടേച്ചയുടെ അഭിപ്രായം സ്വാഗതാർഹമാണ്. കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ധർമാശുപത്രിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആയുർവേദ സെമിനാർ കഴിഞ്ഞ ദിവസം ഉദ്ഘാടനംചെയ്യുമ്പോഴായിരുന്നു ഈ അഭിപ്രായ പ്രകടനം.
മൊബൈൽ ഫോൺ ശാസ്ത്രത്തിന്‍റെ സംഭാവനയാണ്. അത് എല്ലാവരും ഒരുപോലെ ഉപയോഗിക്കുന്നുണ്ട്. അതുപോലെ ആധുനിക ശാസ്ത്രം കണ്ടെത്തുന്ന വൈദ്യോപകരണങ്ങളെല്ലാം ഉപയോഗിക്കാൻ പഠിക്കണം. ആയുർവേദം ഇന്ന് പഴയ സ്ഥിതിയിലല്ല. മികച്ച ഗവേഷണങ്ങൾ ആയുഷ് മന്ത്രാലയത്തിനു കീഴിൽ നടക്കുന്നുണ്ട്. ഐസിഎംആറുമായി ചേർന്നുള്ള പഠനങ്ങൾ നടക്കുന്നു. തെറാപ്യൂട്ടിക് ഗവേഷണങ്ങൾ വേറെ. ഓരോ ചികിത്സയും എങ്ങനെ ഫലിക്കുന്നു എന്നും ഓരോ മരുന്നും എങ്ങനെ പ്രവർത്തിക്കുന്നു എന്നും നേരത്തേ അലോപ്പതിക്കു മാത്രം പറയാൻ കഴിയുന്ന ഒന്നായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. വിരേചനം, വസ്തി തുടങ്ങിയ രീതികൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നു പറയാൻ കഴിയുന്ന ഗവേഷണങ്ങൾ ഇന്ന് ആയുർവേദ മേഖലയിൽ നടക്കുന്നുണ്ടെന്നും രാജേഷ് കൊട്ടേച്ച ചൂണ്ടിക്കാട്ടി.
ആധുനിക ശാസ്ത്രവും സാങ്കേതികവിദ്യയും എല്ലാ ചികിത്സാ മേഖലകളിലുള്ളവർക്കും ഉപയോഗിക്കാൻ അവസരം കിട്ടുന്നത് ഗുണനിലവാര വർധനയ്ക്ക് കാരണമാവുമെന്ന് വ്യക്തമാണ്. അതിന്‍റെ ഭാഗമായാണ് സ്റ്റെതസ്കോപ് മുതൽ ഇസിജി, എക്സ് റേ, അൾട്രാസൗണ്ട് സ്കാനിങ് എന്നിവയൊക്കെ അലോപ്പതി ഒഴികെയുള്ള വിഭാഗങ്ങളിലുള്ളവരും ഉപയോഗിച്ചു തുടങ്ങിയത്. ഭൗതിക ശാസ്ത്രത്തിന്‍റെ നേട്ടങ്ങളായ ഇസിജി, എക്സ്റേ ഉൾപ്പെടെയുള്ളവ എല്ലാ ചികിത്സാ മേഖലകളിലും വരുത്തിയ മാറ്റങ്ങൾ വളരെ വലുതായിരുന്നു.
രോഗ ചികിത്സയ്ക്കുള്ള മരുന്നിൽ ഓരോ ചികിത്സാ ശാഖയും വ്യത്യസ്തമാണ്. എന്നാൽ, രോഗനിർണയം, ഔഷധനിർമാണ മേഖല എന്നിവിടങ്ങളിലെ സാങ്കേതികവിദ്യാ മുന്നേറ്റം അതത് ചികിത്സാ രംഗങ്ങളിൽ ഗുണപരമായ പരിവർത്തനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉൾപ്പെടെയുള്ളവയുടെ സാധ്യതകൾ ആയുർവേദം പോലെ എല്ലാ ചികിത്സാ ശാഖകളും വളരെ ഫലപ്രദമായി ഉപയോഗിക്കാൻ സന്നദ്ധമായേ മതിയാവൂ. ബയോ ടെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി എന്നിവയുടെ ഉപയോഗത്തിലൂടെ പുതിയ കാലത്തിനനുസൃതമായി കുറെയൊക്കെ മാറാൻ ഈ ശാഖകൾക്ക് കഴിഞ്ഞെങ്കിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് പുതിയ ചിറകുകൾ നൽകുമെന്നുറപ്പാണ്.ഒരു ശാസ്ത്രം പഠിച്ചാൽ അറിവ് പൂർണമാവുന്നില്ലെന്നും പരമാവധി ശാസ്ത്രങ്ങളിൽ നിപുണത വേണമെന്നും ആയുർവേദാചാര്യനായ ശുശ്രുതൻ പറഞ്ഞത് ആയുർവേദ മേഖലയിലെ ആധുനികവത്കരണത്തിനുള്ള ശാസ്ത്രീയ അടിത്തറയുമാവുന്നു.
ആയുർവേദമെന്നാൽ ലേഹ്യങ്ങളും അരിഷ്ടവും കഷായവും ഘൃതങ്ങളുമെന്ന കാഴ്ചപ്പാട് ദശകങ്ങൾക്കു മുന്നേ നവീകരിച്ച് ഗുളികകളിലേക്കും കാപ്സ്യൂളുകളും മാറിയത് കൂടുതൽ കാലാനുസൃതമാവാൻ കൂടുതൽ ഗവേഷണങ്ങളും പഠനങ്ങളും ഉണ്ടാവേണ്ടതുണ്ട്. കണ്ണൂർ കല്യാട് 311 ഏക്കറിൽ 300 കോടി രൂപ ചെലവിൽ ആരംഭിക്കുന്ന അന്താരാഷ്‌ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഈ രംഗത്ത് കേരളത്തിന്‍റെ കുതിപ്പിന് വഴിയൊരുക്കും.ആയുർവേദത്തെ തെളിവധിഷ്ഠിതവും ശാസ്ത്രീയവുമായി വ്യാപിപ്പിക്കുന്നതിനും മരുന്നുകൾ സ്റ്റാൻഡേർഡൈസ് ചെയ്യുന്നതിനും ബയോടെക്‌നോളജിയും ആയുർവേദവും ബന്ധപ്പെടുത്തിയുള്ള ഗവേഷണങ്ങൾക്കും വേണ്ടിയാണ് ആയുർവേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്.
നാഷണൽ റിസർച്ച് ഇൻസ്റ്റ്യൂട്ട് -2, സെൻട്രൽ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് -9, റീജ്യണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് -17, റീജ്യണൽ റിസർച്ച് സെന്‍റർ -2 എന്നിവയാണ് ഇന്ത്യയിൽ ആയുർവേദ ഗവേഷണത്തിന് ചുക്കാൻ പിടിക്കുന്നതെങ്കിൽ സംസ്ഥാനത്ത് ആരോഗ്യ സർവകലാശാലയുടെ സ്കൂൾ ഒഫ് ഫണ്ടമെന്‍റൽ റിസർച് ഇൻ ആയുർവേദയാണ് പതാകവാഹകർ. വിവിധ സർവകലാശാലകൾ, ആയുർവേദ കോളെജുകൾ എന്നിവയിൽ നടക്കുന്ന ഗവേഷണങ്ങൾ ഇതിനുപുറമെയാണ്. ആയുർവേദ മെഡിക്കൽ അസോസിയേഷൻ പോലെയുള്ള സംഘടനകളുടെ നേതൃത്വത്തിലും ഗവേഷണം സജീവമാണ്. പൊതുജനാരോഗ്യ മേഖലയിൽ നാഷണൽ ആയുഷ് മിഷൻ നടത്തുന്ന ഗവേഷണങ്ങൾ ചികിത്സാ മേഖലയിൽ വലിയ മാറ്റം ഉണ്ടാക്കുമെന്നുതന്നെ പ്രതീക്ഷിക്കാം.
കെനിയയുടെ മുന്‍ പ്രധാനമന്ത്രി റെയിലാ ഒഡിംഗയുടെ മകള്‍ റോസ്മേരിയുടെ അനുഭവം പരാമർശിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത ചികിത്സകൾ നടത്തി പരാജയപ്പെട്ട ശേഷമാണ് അവർ കൂത്താട്ടുകുളം "ശ്രീധരീയം' നേത്ര ചികിത്സാ കേന്ദ്രത്തിൽ ആയുര്‍വേദ ചികിത്സ തേടിയത്. ട്യൂമര്‍ ശസ്ത്രക്രിയക്കിടെ റോസ്മേരിയുടെ കാഴ്ച നഷ്ടമാവുകയായിരുന്നു. ആയുര്‍വേദ ചികിത്സയിലൂടെ അവര്‍ കാഴ്ച വീണ്ടെടുത്ത് മടങ്ങിപ്പോകുമ്പോള്‍ ഒഡിംഗ ഡൽഹിയിലെത്തി തന്നെ സന്ദര്‍ശിച്ച് ആയുർവേദ ചികിത്സ ലോകമെങ്ങും പ്രചരിപ്പിക്കണമെന്നാവശ്യപ്പെട്ടത് ആയുഷ് ആഗോള നിക്ഷേപക- ഗവേഷക സംഗമം ഉദ്ഘാടനം ചെയ്യവേയാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.
ആധുനിക ശാസ്ത്ര സാധ്യതകളും ഗവേഷണങ്ങളുടെ ഫലസിദ്ധിയും ഏകോപിച്ചാൽ രോഗീസൗഖ്യം അത്ഭുകരമായി മുന്നോട്ടു കൊണ്ടുപോകാൻ ആയുർവേദത്തിന് കഴിയും. അക്കാര്യത്തിൽ രാഷ്‌ട്രീയ സമ്മർദം ചെലുത്തത്തക്ക വിധത്തിലുള്ള സൗഖ്യം രോഗികളിൽ നിന്നുണ്ടായാൽ സ്വാഭാവികമായും അത്തരം ചികിത്സ വ്യാപകമാകേണ്ട ഇടപെടലിന് അധികൃതർ നിർബന്ധിതമാവും. അപ്പോൾ, കേന്ദ്ര ആയുഷ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് അതിനായി മുന്നിട്ടിറങ്ങേണ്ടി വരും. അതിനായുള്ള ശ്രമങ്ങൾ ഊർജിതമാവട്ടെ.