മാലിന്യമുക്ത സംസ്ഥാനം: ഒന്നിച്ചുനീങ്ങണം ലക്ഷ്യത്തിലേക്ക് | മുഖപ്രസംഗം 
Editorial

മാലിന്യമുക്ത സംസ്ഥാനം: ഒന്നിച്ചുനീങ്ങണം ലക്ഷ്യത്തിലേക്ക് | മുഖപ്രസംഗം

സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങളിലാണു കേരള‌ സർക്കാർ ഇപ്പോഴുള്ളത്. 2025 മാർച്ച് 30ന് സമ്പൂർണ ശുചിത്വ കേരള പ്രഖ്യാപനം നടത്തുക ലക്ഷ്യമാക്കി ഈ മാസം രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച മാലിന്യമുക്തം നവകേരളം ക്യാംപെയ്‌ൻ എല്ലാവരുടെയും പരിപൂർണ സഹകരണത്തോടെ മുന്നോട്ടു നീങ്ങേണ്ടതാണ്. ഹരിത കേരള മിഷൻ മുഖേന മാലിന്യ നിർമാർജനത്തിനായി തുടക്കം കുറിച്ചിട്ടുള്ള ജനകീയ ക്യാംപെയ്‌ൻ വിജയിക്കണമെങ്കിൽ അതിനു ജനപങ്കാളിത്തം ഉറപ്പാക്കുകയാണു പ്രധാനം. സകല ജനവിഭാഗങ്ങളെയും അണിനിരത്തി, ചിട്ടയോടെയും കൃത്യമായ ആസൂത്രണത്തോടെയും മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം സമയബന്ധിതമായി നേടിയെടുക്കാൻ കഴിയുമെന്ന പ്രതീക്ഷ സർക്കാർ പ്രകടിപ്പിക്കുന്നുണ്ട്. അത് ക്യാംപെയ്‌ൻ തുടങ്ങുമ്പോൾ കാണുന്ന ആവേശം മാത്രമായി മാറാതിരിക്കട്ടെ.

മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ നടക്കുകയുണ്ടായി എന്നത് വിസ്മരിക്കുന്നില്ല. ഒരു തുടർ പ്രക്രിയ എന്ന നിലയിൽ ഇതിനെ കണ്ടുകൊണ്ടാണു സർക്കാർ നടപടികൾ സ്വീകരിക്കുന്നത്. എന്നാൽ, അതു പൂർണ വിജയത്തിലെത്തി രാജ്യത്തിനു മറ്റൊരു മാതൃകയായി മാറണമെങ്കിൽ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. അടുത്ത മാർച്ച് 30നു മുൻപ് അയൽപക്കങ്ങൾ, ഗ്രാമങ്ങൾ, നഗരങ്ങൾ, സർക്കാർ- പൊതുമേഖലാ ഓഫിസുകൾ, സ്‌കൂളുകൾ, കോളെജുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഹരിതാഭമാക്കണമെന്നാണു സർക്കാർ ലക്ഷ്യമായി പറയുന്നത്. മാലിന്യം കുറയ്ക്കൽ, ശരിയായ രീതിയിൽ തരംതിരിക്കൽ, ജൈവമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഉറവിടത്തിൽ തന്നെ സംസ്കരിക്കൽ, അജൈവ മാലിന്യങ്ങൾ ഹരിത കർമസേന വഴി കൈമാറ്റം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മാലിന്യ സംസ്കരണത്തിന് ആവശ്യമായ പ്ലാന്‍റുകൾ സ്ഥാപിക്കണം. ജലസ്രോതസുകളും ഓടകളും വൃത്തിയാക്കണം. ഇതെല്ലാം ചിട്ടയായ പ്രവർത്തനത്തിലൂടെ മാത്രം കഴിയുന്നതാണ്. ശുചിത്വം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികളുടെ പരിശോധനകൾ കാര്യക്ഷമമാക്കുന്നതും ഇതിന്‍റെ ഭാഗമാവും.

പൊതുസ്ഥലത്തു മാലിന്യം തള്ളുന്നവർക്കെതിരേ കർശന നടപടിയെടുക്കാൻ സർക്കാർ സംവിധാനങ്ങൾക്കു കഴിയണം. നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകളും മറ്റ് ഉത്പന്നങ്ങളും ഉപയോഗിക്കുന്നതു തടയുന്നതിലും വീഴ്ച സംഭവിച്ചുകൂടാ. പൊതുസ്ഥലങ്ങൾ മലിനമാക്കുന്നതിൽ പ്രധാന പങ്കാണു പ്ലാസ്റ്റിക്കിനുള്ളത്. പുനരുപയോഗം സാധ്യമല്ലാത്ത, പരിസ്ഥിതിക്കു ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കു ‌നിരോധനമുള്ളതാണ്. ഈ നിരോധിത ഉത്പന്നങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇങ്ങോട്ട് ഒഴുകുന്നത് പൂർണമായി തടയേണ്ടിയിരിക്കുന്നു. ഇതിനായി അതിർത്തികളിലും ചെക്ക് പോസ്റ്റുകളിലും കർശന പരിശോധന നടത്തുമെന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്. കടകളിലും വ്യാപാര സ്ഥാപനങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുമെന്നും പറയുന്നു. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾ, മൊത്തക്കച്ചവടക്കാർ, സ്റ്റോക്കിസ്റ്റുകൾ എന്നിവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കുന്നത് ഉറച്ച മനസോടെയാവണം. പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നത് അടക്കം നടപടികളെക്കുറിച്ചു സർക്കാർ നേരത്തേ പറയുകയുണ്ടായി. അതൊക്കെ പേരിനു മാത്രം നടപ്പായാൽ പോരാ. ബന്ധപ്പെട്ടവരുടെ നിശ്ചയദാർഢ്യം ഇക്കാര്യത്തിൽ പ്രധാനമാണ്. മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മാലിന്യപ്രശ്നത്തിനു സ്ഥിരം പരിഹാരം ഉറപ്പു വരുത്തേണ്ടതാണ്. അതിന് സർക്കാർ എല്ലാവിധ പിന്തുണയും നൽകണം. രാഷ്‌ട്രീയം മാറ്റിവച്ചുള്ള പ്രവർത്തനമാണ് ജനനേതാക്കളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്.

പാതയോരങ്ങളിലും നദികളിലും മറ്റു പൊതുസ്ഥലങ്ങളിലും മാലിന്യം നിക്ഷേപിച്ചതിനും മലിനജലം തുറന്നു വിട്ടതിനുമൊക്കെ പിഴ ചുമത്തിയ വാർത്തകൾ ആവർത്തിച്ചു നാം വായിക്കുന്നുണ്ട്. പക്ഷേ, ഇത്തരത്തിൽ പൊതുസ്ഥലം മലിനമാക്കുന്നത് എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ ഇനിയും തയാറല്ലാത്ത ചിലയാളുകളുണ്ട് എന്നതു വിസ്മരിക്കാനാവില്ല. ഇത്തരക്കാരിൽ സാമൂഹിക ശുചിത്വത്തെക്കുറിച്ച് അവബോധം വളർത്തേണ്ടിയിരിക്കുന്നു. സാമൂഹിക പുരോഗതിയുടെ അടിസ്ഥാനമാണ് സാമൂഹിക ശുചിത്വമെന്ന് ഇവർക്കു മനസിലാവേണ്ടതുണ്ട്. രോഗങ്ങൾ പടരുന്നതു തടയുന്നതിലും സമൂഹത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും സാമൂഹിക ശുചിത്വത്തിനു പ്രമുഖ സ്ഥാനമുണ്ട്. ചെറുപ്പത്തിൽ തന്നെ കുട്ടികളെ ഇതു പഠിപ്പിക്കേണ്ടതാണ്.

പരിസര ശുചിത്വം പാലിക്കുമ്പോഴാണ് ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കപ്പെടുന്നത്. കോളറയും ഡെങ്കിയും എച്ച്1 എന്‍ വണും എലിപ്പനിയും മഞ്ഞപ്പിത്തവും പോലുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്ന നാടായി കേരളത്തെ കാണാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ മാലിന്യ നിർമാർജനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഉറപ്പിക്കണം. നമ്മുടെ വീട്ടിലെ മാലിന്യം മറ്റുള്ളവർക്കു പ്രശ്നമാവുന്നതു വിഷയമല്ലെന്ന് ഓരോരുത്തരും ചിന്തിച്ചാൽ എന്താവും സമൂഹത്തിന്‍റെ അവസ്ഥ. കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണു മാലിന്യ നിർമാർജനത്തിലെ പോരായ്മകളെന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. അപ്പോഴാണ് ഇത്തരമൊരു ക്യാംപെയ്‌ൻ വിജയത്തിലെത്തുക. മാലിന്യ നിർമാർജനത്തിന് സമഗ്രവും സുസ്ഥിരവുമായ സംവിധാനം രൂപപ്പെടുത്തിയെടുക്കുക സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്. മാലിന്യ സംസ്കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇതിലുൾപ്പെടും. അതിനൊപ്പം പ്രധാനമാണ് ജനങ്ങളുടെ മനോഭാവവും ശീലവും ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് അനുയോജ്യമാക്കുന്നത്.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്