കേരളത്തിലെ റോഡുകളിൽ ക്യാമറ നിരീക്ഷണം ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പിനു പിന്നാലെ പൊലീസും രംഗത്തിറങ്ങുകയാണെന്ന റിപ്പോർട്ട് പൊതുനിരത്തുകളിൽ സമാധാനം കാംക്ഷിക്കുന്ന എല്ലാവരും പ്രതീക്ഷയോടെയാണു നോക്കിക്കാണുക. 675 എഐ ക്യാമറകളും ട്രാഫിക് സിഗ്നല്‍ ലംഘനം, അനധികൃത പാര്‍ക്കിങ് എന്നിവ കണ്ടെത്താനുള്ള ക്യാമറകളുമടക്കം ആകെ 726 ക്യാമറകളാണ് ഗതാഗത വകുപ്പ് വിവിധ ജില്ലകളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിനു പുറമെയാണ് പൊലീസിന്റെ 866 ക്യാമറകൾ കൂടി വരുന്നുവെന്ന റിപ്പോർട്ട്. കുറ്റകൃത്യങ്ങളും ഗതാഗത നിയമ ലംഘനങ്ങളും കാര്യമായി കുറയ്ക്കാൻ ക്യാമറക്കണ്ണുകൾ വ്യാപിക്കുന്നതു സഹായിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. എന്നാൽ, ഈ പറയുന്നതൊക്കെ എത്രമാത്രം കാര്യക്ഷമമായി നടപ്പാക്കുമെന്നതിൽ സംശയമുണ്ടാവുകയും ചെയ്യും.
അങ്ങനെ സംശയിക്കാൻ കാരണം ഗതാഗത വകുപ്പ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന 726 അത്യാധുനിക ക്യാമറകളുടെ അവസ്ഥയാണ്. ഇരുനൂറു കോടിയിലേറെ രൂപ മുടക്കി ഏറെ കൊട്ടിഘോഷിച്ചാണ് ഒമ്പതു മാസം മുൻപ് ഈ ക്യാമറകൾ സ്ഥാപിച്ചത്. ആദ്യഘട്ടത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ എം പരിവാഹൻ ആപ്പുമായി ക്യാമറകൾ ബന്ധിപ്പിക്കുന്നതിനും അനുബന്ധ ജോലികൾ പൂർത്തിയാക്കുന്നതിനും കാലതാമസം നേരിട്ടു. അതു കഴിഞ്ഞപ്പോൾ ക്യാമറകൾ സ്ഥാപിക്കുന്നതിനു സഹായിച്ച കെൽട്രോണും ധനകാര്യ വകുപ്പും തമ്മിലുള്ള സാമ്പത്തിക തർക്കമായി. കെൽട്രോൺ ആവശ്യപ്പെട്ട തുക നൽകാൻ ധനവകുപ്പ് തയാറായില്ല. ധനവകുപ്പിന്റെ ഈ നീക്കത്തിനെതിരേ മോട്ടോർ വാഹന വകുപ്പ് അതൃപ്തി പ്രകടിപ്പിച്ചതായും പറയുന്നുണ്ട്. ഫലത്തിൽ പദ്ധതി മുടങ്ങിക്കിടക്കുകയാണ്. കോടികൾ മുടക്കിക്കഴിഞ്ഞ പദ്ധതിയാണു പ്രവർത്തനരഹിതമായി തുടരുന്നത്.
കോടികൾ മുടക്കിക്കഴിഞ്ഞ പദ്ധതി തർക്കങ്ങളുടെ പേരിൽ ക്യാമറകളിൽ കണ്ണടച്ചിരിക്കുന്നത് എത്ര ഗുരുതരമായ വിഷയമാണ്. പണം മുടക്കി ക്യാമറകൾ സ്ഥാപിക്കുന്നതോടെ ആ വിഷയം തീർന്നു, പിന്നെ പ്രവർത്തിച്ചാലും ഇല്ലെങ്കിലും ആർക്കു ചേതം എന്ന സമീപനം പൂർണമായും ഒഴിവാക്കേണ്ടതാണ്. പദ്ധതി പ്രവർത്തനരഹിതമായി കിടക്കുന്നതിലൂടെ സർക്കാരിനു നഷ്ടപ്പെടുന്നതും കോടിക്കണക്കിനു രൂപയാണ്. ചെലവാക്കിയതു പോയി, കിട്ടാനുള്ളതു കിട്ടുന്നുമില്ല എന്നതാണ് അവസ്ഥ.
സംസ്ഥാനത്തെ റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനു സഹായിക്കുന്നതിനായാണ് കെൽട്രോണിനോടു ക്യാമറകൾ നിർമിക്കാൻ സർക്കാർ ആവശ്യപ്പെട്ടത്. സാങ്കേതിക സംവിധാനങ്ങൾ എല്ലാം പരീക്ഷിച്ച് കെൽട്രോൺ വിജയം ഉറപ്പാക്കിയതാണ്. തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് ഭവനിൽ സ്റ്റേറ്റ് കൺട്രോൾ റൂമും തുറന്നു. പല ജില്ലകളിലും ജില്ലാ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്. അതിനു ശേഷമാണ് തർക്കങ്ങളിൽ പെട്ട് പദ്ധതി വൈകുന്നത് എന്നോർക്കണം.
നിയമലംഘനം കണ്ടെത്തിയാൽ രണ്ടാം ദിവസം വാഹന ഉടമയുടെ മൊബൈൽ ഫോണിലേക്ക് മെസേജായും പിന്നീട് തപാൽ വഴിയും പിഴ അടയ്ക്കാനുള്ള അറിയിപ്പ് എത്തുന്ന രീതിയിലാണു പദ്ധതി സജ്ജീകരിച്ചിരിക്കുന്നത്. ഹെൽമറ്റ് ധരിക്കാതെയുള്ള ഇരുചക്ര വാഹന യാത്രകളും സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള കാർ യാത്രകളും അനുവദനീയമായതിലും കൂടുതൽ ആളുകൾ ഒരു വാഹനത്തിൽ സഞ്ചരിക്കുന്നതും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും എല്ലാം കണ്ടെത്താൻ പുതിയ ക്യാമറകൾക്കു കഴിയുമെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ക്യാമറകൾ വഴി അതതു സമയം കൺട്രോൾ റൂമുകളിൽ എത്തുന്നതാണു സംവിധാനം. ജില്ലാ കൺട്രോൾ റൂമുകൾ വഴിയാണ് പിഴ ഈടാക്കുക എന്നും പറഞ്ഞിരുന്നു.
ഈ ക്യാമറകൾ മാത്രമല്ല, ഇതിനു മുൻപ് പ്രധാന റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന അമിത വേഗം കണ്ടെത്താനുള്ള ക്യാമറകളിൽ പലതും പലപ്പോഴും പ്രവർത്തന രഹിതമാണ് എന്നതും ഇതോടു ചേർത്തു കാണേണ്ടതാണ്. കേടായി കിടക്കുന്നവ നന്നാക്കാനും പ്രവർത്തനക്ഷമമല്ലാത്തവ മാറ്റിസ്ഥാപിക്കാനും നടപടിയെടുക്കുമെന്ന് ഏതാനും മാസം മുൻപ് സർക്കാർ പ്രഖ്യാപിച്ചിരുന്നതാണ്. ഇപ്പോഴും പലയിടത്തും അവ ചത്തു കിടക്കുകയാണ്. അമിത വേഗം അടക്കം ട്രാഫിക് നിയമലംഘനങ്ങൾ സംസ്ഥാനത്തെ പ്രധാന റോഡുകളിൽ നിത്യവും വലിയ തോതിലാണുണ്ടാവുന്നത് എന്നതിൽ ആർക്കും സംശയമുണ്ടാവാനിടയില്ല. ഹൈവേകളിലേക്ക് ഇറങ്ങുന്നവർക്ക് വളരെ വേഗത്തിൽ തന്നെ അതു മനസിലാകും. ക്യാമറകൾ പ്രവർത്തിക്കാതെ വരുമ്പോൾ അതു നിയമലംഘകർക്കു സഹായമായി മാറുകയാണ്. ഗതാഗത വകുപ്പിന്റെ അത്യാധുനിക ക്യാമറകൾക്കു പുറമേയാണ് അക്രമ സാധ്യതാ മേഖലകളിലും പ്രധാന ജംക്ഷനുകളിലുമായി പൊലീസിന്റെ 866 ക്യാമറകൾ സ്ഥാപിക്കുക എന്നാണു പറയുന്നത്. ഈ ക്യാമറകളുടെ കാര്യത്തിലും ആവശ്യമായിട്ടുള്ളത് അവ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കലാണ്.