രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനം ഇന്നു തുടങ്ങുകയാണ്. ബ്രിട്ടിഷ് കാലത്തു നിർമിച്ച, നൂറ്റാണ്ടിന്റെ പഴക്കമുള്ള പഴയ മന്ദിരത്തിൽ നിന്ന് ജനാധിപത്യത്തിന്റെ പുതിയ ശ്രീകോവിലിലേക്കുള്ള മാറ്റം ചരിത്രത്തിന്റെ തുടർച്ചയാണെങ്കിലും പുതിയൊരു തുടക്കം കൂടിയാണ്. അതു ശുഭകരമാവട്ടെ. വരാനിരിക്കുന്ന നാളുകളിൽ ഈ ജനാധിപത്യ രാജ്യത്തിന്റെ കെട്ടുറപ്പിനും പുരോഗതിക്കും വഴിതെളിക്കുന്ന നിയമ നിർമാണങ്ങൾ ഇവിടെയുണ്ടാകട്ടെ. ഓരോ ജനപ്രതിനിധിയും പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഉയർന്നു ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതു കാണാൻ ഈ മന്ദിരത്തിനു കഴിയട്ടെ. പുതിയ ഇന്ത്യയുടെ അഭിമാനസ്തംഭങ്ങളിലൊന്നായി പുതിയ മന്ദിരം തലയുയർത്തി നിൽക്കട്ടെ.
ഒപ്പം ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രൗഢി നിറഞ്ഞ മ്യൂസിയമായി മാറുന്ന പഴയ മന്ദിരവും നമുക്ക് അഭിമാനത്തോടെ കാത്തുസൂക്ഷിക്കാം. പഴയ മന്ദിരത്തിലെ അവസാനത്തെ സമ്മേളനമാണ് ഇന്നലെ നടന്നത്. ഈ മന്ദിരത്തിന്റെ പൈതൃകത്തോട് ആദരവ് അർപ്പിക്കുന്നതിന് അംഗങ്ങൾ ഇന്നു രാവിലെ മന്ദിരത്തിനു മുന്നിൽ യോഗം ചേരുന്നുണ്ട്. മന്ദിരത്തിനു മുന്നിൽ അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടൊയും എടുക്കും. ഈ യോഗത്തിനു ശേഷമാണു പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു പ്രവേശിക്കുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചിപ്പിച്ചതുപോലെ ഏറെ വൈകാരികതയോടെയാണു പഴയ മന്ദിരത്തോടു ജനപ്രതിനിധികൾ വിടപറയുന്നത്. ചരിത്രപരമായ നിരവധി ചർച്ചകൾക്കും വോട്ടെടുപ്പുകൾക്കും സുദീർഘമായ വാദപ്രതിവാദങ്ങൾക്കും എല്ലാം വേദിയായിട്ടുണ്ട് പഴയ പാർലമെന്റ് മന്ദിരം. സ്വതന്ത്ര ഇന്ത്യയുടെ പിറവിക്കു സാക്ഷ്യം വഹിച്ച മന്ദിരമാണത്. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷമുള്ള ഏഴര പതിറ്റാണ്ടു കാലത്തെ പാർലമെന്ററി ജനാധിപത്യത്തെ നിയന്ത്രിച്ച മന്ദിരം. ബ്രിട്ടിഷ് ഇന്ത്യയ്ക്കായി പുതിയ ഭരണ തലസ്ഥാന നഗരം നിർമിക്കാനുള്ള ഉത്തരവിന്റെ ഭാഗമായി രൂപകൽപ്പന ചെയ്ത് 1921ൽ നിർമാണം ആരംഭിച്ച ഈ മന്ദിരം 1927ൽ ഉദ്ഘാടനം ചെയ്യപ്പെട്ടതാണ്. അതിനു ശേഷമുള്ള ബ്രിട്ടിഷ് ഭരണ ചരിത്രത്തിലും വൃത്താകൃതിയിലുള്ള ഈ മന്ദിരത്തിനു സ്ഥാനമുണ്ട്.
രാജ്യം സ്വതന്ത്രമായതിനു ശേഷം 1950 വരെ ഭരണഘടനാ അസംബ്ലിയുടെ ആസ്ഥാനമായും ഈ മന്ദിരം പ്രവർത്തിച്ചു. 1951-52ലെ ആദ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പു മുതൽ ഇന്നലെ വരെയുള്ള ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രം ഇവിടെയാണുള്ളത്. രാജ്യത്തെ ഇന്നത്തെ നിലയിൽ എത്തിക്കുന്നതിനു സഹായിച്ച എത്രയെത്ര നിയമ നിർമാണങ്ങൾക്ക് ഈ മന്ദിരം വേദിയായി. 2006ൽ പാർലമെന്റ് മ്യൂസിയം തുറന്നതടക്കമുള്ള നവീകരണ പ്രവർത്തനങ്ങൾ ഈ മന്ദിരത്തിൽ നടന്നിട്ടുണ്ടെങ്കിലും നൂറ്റാണ്ടിന്റെ പഴക്കമുള്ള കെട്ടിടം മാറ്റേണ്ടതിന്റെ ആവശ്യകത മുൻനിർത്തിയാണു പുതിയ കാലത്തിന് അനുസൃതമായ സൗകര്യങ്ങൾ കൂടി ഉൾപ്പെടുത്തിയും ഭാവിയിൽ ആവശ്യമായി വരുന്ന സൗകര്യങ്ങൾ മുൻകൂട്ടി കണ്ടും നരേന്ദ്ര മോദി സർക്കാർ ഇപ്പോഴത്തെ പാർലമെന്റ് മന്ദിരം നിർമിച്ചത്.
പഴയ മന്ദിരത്തിനു സമീപത്തായി ത്രികോണാകൃതിയിൽ നിർമിക്കപ്പെട്ടിരിക്കുന്ന പുതിയ മന്ദിരത്തിൽ 888 അംഗങ്ങളെ വരെ ഉൾക്കൊള്ളാൻ കഴിയുന്ന ലോക്സഭാ ഹാളാണുള്ളത്. 384 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന രാജ്യസഭാ ഹാൾ. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ 1272 അംഗങ്ങൾക്കു വരെ ഇരിപ്പിടം. ഏറ്റവും പുതിയ സാങ്കേതിത വിദ്യകളും സുരക്ഷാ സംവിധാനങ്ങളും എല്ലാമുള്ള പുതിയ മന്ദിരത്തിൽ രാജ്യത്തിന്റെ ഭാവിയും വികസനവുമാണു ചർച്ച ചെയ്യപ്പെടേണ്ടത്. പുതിയ ഇന്ത്യയുടെ കുതിപ്പിന് ആവശ്യമായ നിയമങ്ങളുടെ നിർമാണമാണു നടക്കേണ്ടത്. 140 കോടി ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള സുപ്രധാന ചുവടുകൾ ചർച്ച ചെയ്ത് അംഗീകരിക്കേണ്ട വേദിയിൽ അതിന്റെ പൂർണ ഉത്തരവാദിത്വം ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ഓരോ ജനപ്രതിനിധിക്കും കഴിയട്ടെ.
ബഹളത്തിൽ മുങ്ങി നടപടികൾ തടസപ്പെടുന്ന പാർലമെന്റ് സമ്മേളനങ്ങൾ ആവർത്തിക്കുന്നത് കുറച്ചുകാലമായി പലപ്പോഴും കണ്ടുവരുന്നുണ്ട്. വേണ്ടത്ര ചർച്ചകൾ നടക്കാതെയുള്ള നിയമ നിർമാണം ഇതിന്റെ ഭാഗമായി ഉണ്ടാവുന്നതാണ്. സഭാ സമ്മേളനങ്ങൾ ബഹളത്തിൽ മുങ്ങി പിരിയുകയും ഇതിനിടയിൽ അപ്പം ചുട്ടെടുക്കുന്നതുപോലെ ബില്ലുകൾ പാസാക്കുകയും ചെയ്യുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഓരോ തവണ സമ്മേളനം തടസപ്പെടുമ്പോഴും കോടിക്കണക്കിനു രൂപയാണ് ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നു നഷ്ടമാവുന്നത്. പാർലമെന്റിന്റെ വിലപ്പെട്ട മണിക്കൂറുകൾ ബഹളം വച്ച് പാഴാക്കുന്നതിനൊരു മാറ്റമുണ്ടാക്കാൻ പുതിയ മന്ദിരത്തിലേക്കു പ്രവേശിക്കുമ്പോൾ ജനപ്രതിനിധികൾക്കും രാഷ്ട്രീയ കക്ഷികൾക്കും കഴിയുകയാണെങ്കിൽ അതാവും ഏറ്റവും വലിയ കാര്യം. ഭരണപക്ഷവും പ്രതിപക്ഷവും സഭയിലെത്തുന്നതു ജനങ്ങൾക്കു വേണ്ടിയാണ്. അത് ഉൾക്കൊള്ളാൻ ഇരുപക്ഷത്തിനും സാധിക്കട്ടെ.