മലയാള സിനിമയിലെ പൊന്നമ്മ file
Editorial

മലയാള സിനിമയിലെ പൊന്നമ്മ|മുഖപ്രസംഗം

ആറു ദശകക്കാലം നിറഞ്ഞു നിന്ന പൊന്നമ്മയുടെ സാന്നിധ്യം ഇല്ലാത്ത സിനിമകൾ ഒരു കാലഘട്ടത്തിന്‍റെ അവസാനത്തെ സൂചിപ്പിക്കുന്നതാവും

ലക്ഷക്കണക്കിനു സിനിമാ പ്രേമികളുടെ മനസിൽ ഇടംനേടിയ മലയാള സിനിമയിലെ പ്രിയപ്പെട്ട അമ്മ ഈ ലോകത്തു നിന്നു യാത്രയായിരിക്കുന്നു. കവിയൂർ പൊന്നമ്മയുടെ അമ്മ വേഷങ്ങളില്ലാത്ത സിനിമകളേ ഇനി നിർമിക്കപ്പെടൂ. ആറു ദശകക്കാലം നിറഞ്ഞു നിന്ന പൊന്നമ്മയുടെ സാന്നിധ്യം ഇല്ലാത്ത സിനിമകൾ ഒരു കാലഘട്ടത്തിന്‍റെ അവസാനത്തെ സൂചിപ്പിക്കുന്നതാവും. പഴയ തലമുറയിലെ നായകന്മാർക്കൊപ്പം അഭിനയിച്ചു തുടങ്ങിയ കവിയൂർ പൊന്നമ്മ ഏറ്റവും പുതിയ തലമുറയിലെ താരങ്ങൾക്കൊപ്പവും സ്നേഹനിധിയായ അമ്മയുടെയും മുത്തശ്ശിയുടെയും വേഷങ്ങളണിഞ്ഞു. സുദീർഘമായ കാലം സിനിമയിൽ നിറഞ്ഞുനിന്നപ്പോഴും ആവർത്തിച്ചുകാണുന്ന പൊന്നമ്മയുടെ അമ്മ വേഷത്തിൽ ആർക്കും മടുപ്പു തോന്നിയില്ല എന്നതാണ് അവരുടെ അഭിനയമികവിന്‍റെ സവിശേഷത.

എത്രയോ പ്രഗത്ഭരായ സംവിധായകർക്കൊപ്പം അവർ പ്രവർത്തിച്ചിരിക്കുന്നു. എത്രയോ അഭിനേതാക്കൾക്കൊപ്പം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അതേ, അവരുടെ വിയോഗം മലയാള സിനിമയ്ക്കു കനത്ത നഷ്ടം തന്നെയാണ്. ഇതുപോലൊരു അമ്മയെ സിനിമയ്ക്ക് ഇനി ലഭിക്കണമെന്നുമില്ല. പത്തൊമ്പതാം വയസിൽ ആദ്യ അമ്മ വേഷം ചെയ്തു തുടങ്ങിയതാണു പൊന്നമ്മ. ഇതുവരെ അവർക്ക് ഒരു പകരക്കാരിയെ കണ്ടെത്താൻ മലയാള സിനിമയ്ക്കു കഴിഞ്ഞിട്ടില്ല. കുട്ടിക്കാലം മുതലേ സംഗീതം പഠിച്ചിരുന്ന പൊന്നമ്മ കുട്ടിക്കാലത്തു തന്നെ നാടകങ്ങളിൽ ഗായികയും നടിയുമായി രംഗത്തുവന്നു. തോപ്പിൽ ഭാസിയുടെ നാടകങ്ങളിലൂടെ ശ്രദ്ധേയയായി. കെപിഎസിയുടെ മൂലധനം എന്ന നാടകത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു. അഭിനയത്തിൽ തന്‍റെ ഗുരു തോപ്പിൽ ഭാസിയാണെന്ന് കവിയൂർ പൊന്നമ്മ പറയുമായിരുന്നു. പ്രതിഭ ആർട്സ് ക്ലബ്, കാളിദാസ കലാകേന്ദ്രം തുടങ്ങിയ നാടക സമിതികളിലും പ്രവർത്തിച്ചു.

1962ൽ ശ്രീരാമ പട്ടാഭിഷേകം എന്ന ചിത്രത്തിൽ മണ്ഡോദരിയുടെ വേഷത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച കവിയൂർ പൊന്നമ്മ പിന്നീട് പല തലമുറകളിലെ അഭിനേതാക്കൾക്കൊപ്പം തുടരുകയായിരുന്നു. 1964ൽ കുടുംബിനി എന്ന ചിത്രത്തിൽ അമ്മ വേഷത്തിൽ അഭിനയിച്ചു. 1965ൽ ആണ് തൊമ്മന്‍റെ മക്കൾ എന്ന സിനിമയിൽ സത്യന്‍റെയും മധുവിന്‍റെയും അമ്മയായി അഭിനയിക്കുന്നത്. തന്നെക്കാൾ മുതിർന്ന താരങ്ങളുടെ അമ്മയായി അഭിനയിച്ച കവിയൂർ പൊന്നമ്മ സിനിമാ ആസ്വാദകരെ അമ്പരപ്പിക്കുന്ന പ്രകടനമാണു കാഴ്ചവച്ചത്. ഇതിനൊപ്പം ചില നായിക വേഷങ്ങളിലും അവർ അഭിനയിക്കുകയുണ്ടായി. ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ സത്യന്‍റെ നായികയായി. റോസിയിൽ പ്രേംനസീറിനൊപ്പമായിരുന്നു അഭിനയം. മറ്റു ചില കഥാപാത്രങ്ങളും അവർക്കു ലഭിച്ചു. അതൊന്നും മോശമായില്ല. പിന്നീട് അമ്മ കഥാപാത്രങ്ങളിൽ ഉറയ്ക്കുകയായിരുന്നു അവരുടെ സിനിമാ ജീവിതം. മോഹൻലാലിന്‍റെ അമ്മയായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അവയൊക്കെ മലയാളികളുടെ മനസിൽ പ്രത്യേക സ്ഥാനം നേടുകയും ചെയ്തു. കിരീടം, തേന്മാവിൻ കൊമ്പത്ത് തുടങ്ങിയ ചിത്രങ്ങളിലെ അമ്മ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഉണ്ണിയെ കാത്തിരിക്കുന്ന മാനസിക പ്രശ്നമുള്ള അമ്മത്തമ്പുരാട്ടിയെയും മലയാളികൾ മറക്കില്ല. തനിയാവർത്തനത്തിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിനു വിഷം കലർത്തിയ ചോറ് വാരിനൽകുന്ന രംഗം കവിയൂർ പൊന്നമ്മയുടെ മികച്ച പ്രകടനങ്ങളിൽ ഒന്നാണ്.

നന്മയുടെ നിറകുടമായ അമ്മയെയാണു തേടുന്നതെങ്കിൽ കവിയൂർ പൊന്നമ്മയ്ക്കു തന്നെ അവസരം നൽകാൻ സംവിധായകർ ആലോചിക്കുമായിരുന്നു. ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം നാലു തവണയാണ് കവിയൂർ പൊന്നമ്മയെ തേടിയെത്തിയത്. 1971, 72, 73, 94 വർഷങ്ങളിലായിരുന്നു ഇത്. 2021ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ഏതാനും ചില സിനിമകളിൽ പാടിയിട്ടുമുണ്ട്. ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു. സുകുമാരിക്കും കെപിഎസി ലളിതയ്ക്കും പിന്നാലെ കവിയൂർ പൊന്നമ്മയും യാത്രപറയുമ്പോൾ മലയാള സിനിമയിലെ അമ്മമാരുടെ ഒരു തലമുറയുടെ അവസാനം തന്നെയാണത്.

ശബരിമല ഉൾപ്പെടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്

ഇപിയെ പൂർണമായി വിശ്വസിക്കുന്നു, പാർട്ടി അന്വേഷണം നടത്തുന്നില്ല; ആത്മകഥാ വിവാദത്തിൽ ഇപിയെ പിന്തുണച്ച് എം.വി. ഗോവിന്ദൻ

എറണാകുളത്തെ 10 വീടുകളിൽ കുറുവ സംഘത്തിന്‍റെ മോഷണശ്രമം

ഭാര്യയാണെങ്കിലും 18 വയസിനു മുൻപുള്ള ലൈംഗികബന്ധം ബലാത്സംഗം തന്നെ: കോടതി

ഒറ്റ ഇന്നിങ്സിൽ കേരളത്തിന്‍റെ 10 വിക്കറ്റും വീഴ്ത്തി ഹരിയാന ബൗളർ | Video