സമീപകാലത്ത് കേരളത്തെ മുഴുവൻ അതീവ ദുഃഖത്തിലാക്കിയ സംഭവമായിരുന്നു പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണം. ക്യാംപസിൽ അതിക്രൂരമായ റാഗിങ്ങിനും ആൾക്കൂട്ട വിചാരണയ്ക്കും വിധേയനാവേണ്ടിവന്ന സിദ്ധാർഥനെ പിന്നീട് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തങ്ങളുടെ മകനെ തല്ലിക്കൊന്നതാണെന്ന ആരോപണം സിദ്ധാർഥന്‍റെ മാതാപിതാക്കൾ ഉന്നയിച്ചത് അടിമുടി ദുരൂഹത നിറഞ്ഞ സാഹചര്യത്തിലായിരുന്നു വിദ്യാർഥിയുടെ മരണം എന്നതു കൊണ്ടാണ്. കോളെജിലെ എസ്എഫ്ഐ നേതാക്കൾ ആരോപണ വിധേയരായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന പരാതി ആദ്യം ഉയർന്നതാണ്. ഇതിനെതിരേ ശക്തമായ പ്രതിഷേധമുണ്ടായതിനു ശേഷമാണ് പൊലീസ് നടപടികളിലേക്കു കടന്നത്. സംസ്ഥാന പൊലീസ് അന്വേഷണത്തിൽ നീതി ഉറപ്പില്ലെന്ന ആശങ്കയിലാവണം സിദ്ധാർഥന്‍റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും. സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഈ ആവശ്യം ഉന്നയിച്ചതിനു പിന്നാലെ സിബിഐ അന്വേഷണത്തിനു സർക്കാർ ഉത്തരവിടുകയും ചെയ്തു. തുടർന്നുള്ള നടപടികളെങ്കിലും വേഗത്തിലാവേണ്ടതായിരുന്നു.
ദുരൂഹ സാഹചര്യത്തിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർഥിയുടെ കുടുംബം ആഗ്രഹിക്കുന്ന അന്വേഷണം നടക്കണമെന്നത് നൂറു ശതമാനവും ന്യായമായ ആവശ്യമാണ്. കേസിലെ മുഴുവൻ പ്രതികളെയും കണ്ടെത്തുകയും അർഹിക്കുന്ന ശിക്ഷ അവർക്ക് ഉറപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനാണ് എത്രയും വേഗം സിബിഐ അന്വേഷണം ആരംഭിക്കേണ്ടത്. എന്നാൽ, ഈ അന്വേഷണം വച്ചുനീട്ടുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. പൊലീസ് അന്വേഷണത്തിൽ തുടക്കത്തിൽ ആരോപിക്കപ്പെട്ട വീഴ്ച സിബിഐ അന്വേഷണത്തിനുള്ള നടപടികൾ സ്വീകരിക്കുന്നതിലും ഉണ്ടാകുന്നു എന്നു പറയുമ്പോൾ സ്വാഭാവികമായും പ്രതികളെ രക്ഷിക്കാനുള്ള ശ്രമം സംശയിക്കും. അന്വേഷണം സിബിഐയ്ക്കു കൈമാറിക്കൊണ്ട് സർക്കാർ വിജ്ഞാപനം ഇറക്കി ഏറെ ദിവസങ്ങൾ കഴിഞ്ഞിട്ടും കേസിന്‍റെ നാൾവഴി ഉൾപ്പെടുന്ന പെർഫോമ റിപ്പോർട്ട് സിബിഐയ്ക്കു കൈമാറിയിട്ടില്ലത്രേ. ഈ റിപ്പോർട്ട് ലഭിച്ച ശേഷമേ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിബിഐ പരിഗണിക്കുകയുള്ളൂ. ഈ റിപ്പോർട്ട് തയാറാക്കുന്നതിൽ തന്നെ കാലതാമസമുണ്ടായി എന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന് ആരോപണം ഉയർന്ന ശേഷമാണ് പൊലീസ് തിടുക്കത്തിൽ റിപ്പോർട്ട് തയാറാക്കുന്നതത്രേ. പൊലീസ് അന്വേഷണം ഊർജിതമാവാൻ സിദ്ധാർഥന്‍റെ കുടുംബം രംഗത്തുവരേണ്ടിവന്നു. കേസ് അന്വേഷണം സിബിഐയ്ക്കു കൈമാറുന്നതിനും കുടുംബം പോരാടേണ്ടിവരികയാണ്. സിബിഐ വരുന്നതിനു മുൻപ് തെളിവുകൾ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിക്കുന്നുണ്ട്. ശ്രദ്ധയെല്ലാം പൊതുതെരഞ്ഞെടുപ്പിലേക്കു മാറിയപ്പോൾ കേസ് അട്ടിമറിക്കാനുള്ള ശ്രമവും തുടങ്ങിയെന്നാണു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നത്. ഇത്തരത്തിൽ ജനങ്ങളിൽ സംശയം ഉയർത്തുന്നതിന് നടപടികളിലെ അലംഭാവം കാരണമാവുന്നുണ്ടെങ്കിൽ അതിന് എത്രയും വേഗം പരിഹാരം കാണേണ്ടതാണ്.
കേസ് സിബിഐയ്ക്കു കൈമാറാനുള്ള നടപടികൾ വൈകിക്കുന്നു എന്ന ആരോപണത്തിനൊപ്പം തന്നെയാണ് ആരോപണ വിധേയരായ വിദ്യാർഥികളുടെ സസ്പെൻഷൻ നടപടി വൈസ് ചാൻസലർ റദ്ദാക്കി എന്ന വാർത്തയും പുറത്തുവന്നത്. വിസിയുടെ നടപടിക്കെതിരേ സിദ്ധാർഥന്‍റെ കുടുംബം ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകുകയും അദ്ദേഹം ഇടപെടുകയും ചെയ്തു. വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാനുള്ള വിസിയുടെ നടപടി ചാൻസലർ റദ്ദാക്കിയിരിക്കുകയാണിപ്പോൾ. വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് വൈസ് ചാൻസലർ രാജിവച്ചിട്ടുമുണ്ട്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തിട്ടില്ലാത്തവരുടെ സസ്പെൻഷനാണു പിൻവലിച്ചതെന്ന് വെറ്ററിനറി സർവകലാശാലയുടെ ഭാഗത്തുനിന്നു വിശദീകരണം ഉണ്ടാവുന്നുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട് മൊത്തത്തിലുള്ള വീഴ്ചകൾക്കൊപ്പം ഇതും ചേർക്കപ്പെടുകയാണ്.
കോളെജിൽ സിദ്ധാർഥൻ ഏൽക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ച് അന്വേഷിച്ച ആന്‍റി റാഗിങ് സ്ക്വാഡിന്‍റെ റിപ്പോർട്ട് ആരെയും ഭയപ്പെടുത്തുന്ന കൊടുംക്രൂരതയുടെ ചിത്രമാണു പുറത്തുകൊണ്ടുവന്നത്. നിസഹായനായ ഒരു യുവാവിനെ ഒരുസംഘം സഹപാഠികൾ പല സ്ഥലങ്ങളിൽ വച്ച് അതിക്രൂരമായി മർദിക്കുകയായിരുന്നു. വയറിലും മുതുകിലുമൊക്കെ പലതവണ ചവിട്ടുകയും ബെൽറ്റും ഗ്ലു ഗണ്ണും ചാർജറിന്‍റെ കേബിളും ഉപയോഗിച്ച് അടിക്കുകയും ചെയ്തു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഇടനാഴിയിൽ നടത്തിച്ചു. തറ തുടപ്പിക്കുക, സാങ്കൽപ്പിക കസേരയിലിരുത്തുക തുടങ്ങിയ റാഗിങ്ങുകാരുടെ പ്രാകൃത ശിക്ഷകളും നടപ്പാക്കി. നടുമുറ്റത്തു വച്ച് പരസ്യ വിചാരണ നടത്തി. ഹോസ്റ്റൽ മുറികളിൽ തട്ടിവിളിച്ച് ഉറങ്ങിക്കിടന്നവരെ പോലും വിളിച്ചുണർത്തി പരസ്യ വിചാരണയിൽ സാക്ഷികളാക്കി. ഭയന്ന് പലരും ഒന്നും മിണ്ടാതിരുന്നു എന്നു പറയുമ്പോൾ അത്രയും ക്രൂരൻമാരായിരിക്കണമല്ലോ അക്രമികൾ. ആ ക്രിമിനലുകളെ രക്ഷിക്കാൻ ഒരു ഭാഗത്തുനിന്നും ശ്രമങ്ങൾ ഉണ്ടാവാതിരിക്കണം.