റെയ്‌ൽവേ ട്രാക്കിൽ സാമൂഹിക വിരുദ്ധർ തടസങ്ങളുണ്ടാക്കുന്നതു സംബന്ധിച്ച വാർത്തകൾ അടുത്തകാലത്തായി ഏറിവരികയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരം വാർത്തകൾ വരുന്നുണ്ട്. വളരെയേറെ ആശങ്ക ഉയർത്തുന്നതാണ് ഇത്തരം റിപ്പോർട്ടുകൾ. ട്രെയ്‌ൻ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമം ദേശവിരുദ്ധ ശക്തികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ടോയെന്ന് റെയ്‌ൽവേ മന്ത്രാലയം ഗൗരവമായ പരിശോധന നടത്തുമെന്നു കരുതാം. ട്രെയ്‌ൻ അട്ടിമറി ശ്രമങ്ങളെ സംബന്ധിച്ച് റെയ്‌ൽവേ അധികൃതർ ജാഗ്രത പുലർത്തുന്നുണ്ടെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം അറിയിച്ചത്. അട്ടിമറി ശ്രമങ്ങൾ തടയാൻ വിവിധ സംസ്ഥാനങ്ങളിലെ പൊലീസുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. റെയ്‌ൽവേ സംരക്ഷണ സേനയും ലോക്കൽ പൊലീസും യോജിച്ചുള്ള പ്രവർത്തനം അട്ടിമറിക്കാരെ നേരിടുന്നതിന് ആവശ്യമാണ് എന്നതിൽ തർക്കമൊന്നുമില്ല. വിവിധ സംസ്ഥാനങ്ങളിൽ റെയ്‌ൽ പാളങ്ങളിലുണ്ടായിട്ടുള്ള അട്ടിമറി ശ്രമങ്ങളെക്കുറിച്ച് എന്‍ഐഎയും അന്വേഷിക്കുന്നുണ്ടത്രേ.
എന്തായാലും റെയ്‌ൽ പാളത്തിൽ തടസങ്ങളുണ്ടാക്കുന്നതിനെ ലാഘവത്തോടെ കാണാനാവില്ല. അട്ടിമറിക്കുള്ള ശ്രമം ആരു നടത്തിയാലും അവർക്കെതിരേ കർശന നടപടികൾ എടുക്കേണ്ടിയിരിക്കുന്നു. ശരാശരി 24 ദശലക്ഷം യാത്രക്കാർ ഇന്ത്യയിലെ ട്രെയ്‌നുകളിൽ യാത്ര ചെയ്യുന്നുണ്ട് എന്നാണു കണക്ക്. ലോകത്തെ തന്നെ ഏറ്റവും വലിയ റെയ്‌ൽ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യയിലേത്. രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനവും ഇതാണ്. ചരക്കുനീക്കത്തിന്‍റെ മുഖ്യപങ്ക് വഹിക്കുന്നതും റെയ്‌ൽവേ തന്നെയാണ്. ഈ സംവിധാനത്തിന്‍റെ ഒരുഭാഗത്തും സുരക്ഷാഭീഷണിയില്ലാതെ നോക്കേണ്ടതുണ്ട്. ഇത്രയേറെ യാത്രക്കാരുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് റെയ്‌ൽവേ തന്നെയാണ്. സംസ്ഥാനങ്ങൾ അതിനോടു പൂർണമായി സഹകരിക്കുകയും വേണം.
മൂന്നു ദിവസം മുൻപ് ഗുജറാത്തിലെ ബോട്ടാട് ജില്ലയിൽ കുണ്ട്‌ലി സ്റ്റേഷനു സമീപമാണ് ഏറ്റവും അവസാനത്തെ അട്ടിമറി ശ്രമമുണ്ടായത്. നാലടി നീളമുള്ള പഴയ ട്രാക്കിന്‍റെ കഷണം പാളത്തിനു നടുവിൽ കുത്തിനിർത്തിയാണ് പുലർച്ചെ 2.58ന് ഓഖ-ഭാവ്നഗർ എക്സ്പ്രസ് അപകടത്തിൽ പെടുത്താനുള്ള ശ്രമമുണ്ടായത്. എന്‍ജിനിൽ എന്തോ ഇടിച്ചെന്നു സംശയം തോന്നിയ ലോക്കോ പൈലറ്റ് ട്രെയ്‌ൻ നിർത്തുകയായിരുന്നു. സിസിടിവി പോലുള്ള സൗകര്യങ്ങളൊന്നുമില്ലാത്ത ഗ്രാമീണ മേഖലയിലാണ് അട്ടിമറി ശ്രമം നടന്നത്. പുലർച്ചെ രണ്ടു മണിയോടെ ട്രാക്കിലൂടെ കടന്നുപോയ ഗുഡ്സ് ട്രെയ്‌നിന് തകരാറൊന്നും സംഭവിച്ചില്ലെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏതാനും ദിവസം മുൻപാണ് ഗുജറാത്തിൽ തന്നെ സൂററ്റിനു സമീപം പാളത്തിലെ ഫിഷ് പ്ലേറ്റുകൾ അടക്കം നീക്കം ചെയ്ത് ട്രെയ്‌ൻ അട്ടിമറിക്കാനുള്ള ശ്രമമുണ്ടായെന്നു റിപ്പോർട്ടുവന്നത്. ഈ കേസിലെ അന്വേഷണം എത്തിയത് മൂന്നു റെയ്‌ൽവേ ജീവനക്കാരിൽ തന്നെയാണ്. പുലർച്ചെ അഞ്ചരയോടെ ട്രാക്ക് പരിശോധിക്കുമ്പോൾ അട്ടിമറി നീക്കം കണ്ടെത്തിയതായി ഇവർ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. എന്നാൽ, പ്രശസ്തിക്കും പാരിതോഷികത്തിനും വേണ്ടി നടത്തിയ നീക്കമായിരുന്നു ഇതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
പഞ്ചാബിലെ ബത്തിൻഡയിൽ ട്രാക്കിൽ നിന്ന് ഒമ്പത് ഇരുമ്പു ദണ്ഡുകൾ കണ്ടെടുത്തത് കഴിഞ്ഞ ഞായറാഴ്ചയാണ്. ഇതു സംബന്ധിച്ചുള്ള അന്വേഷണം നടന്നുവരുന്നു. സെപ്റ്റംബർ പതിനെട്ടിന് ഉത്തരഖണ്ഡിൽ ബിലാസ്പുർ റോഡിനും രുദ്രാപുർ സിറ്റിക്കും ഇടയിലുള്ള റെയ്‌ൽവേ ട്രാക്കിൽ ആറു മീറ്റർ നീളമുള്ള ഇരുമ്പു ദണ്ഡ് കണ്ടെത്തി. അപകടം തിരിച്ചറിഞ്ഞ് ലോക്കോ പൈലറ്റ് ട്രെയ്‌ൻ നിർത്തിയതുകൊണ്ട് ഒരു ട്രെയ്‌ൻ ദുരന്തം ഒഴിവായി. ഈ മാസം ആദ്യം രാജസ്ഥാനിലെ അജ്മീറിലും ഇതുപോലൊരു സംഭവമുണ്ടായി. ട്രാക്കിൽ രണ്ടു വലിയ സിമന്‍റ് കട്ടകൾ വച്ചിരുന്നത് ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടു. ഉത്തർപ്രദേശിൽ കാൺപുർ ജില്ലയിലെ പ്രേംപുർ സ്റ്റേഷനു സമീപം ട്രാക്കിൽ ഒഴിഞ്ഞ എൽപിജി സിലിണ്ടർ വച്ച് ട്രെയ്‌ൻ അട്ടിമറിക്കാനുള്ള ശ്രമമുണ്ടായതും അടുത്തിടെയാണ്. ഗുഡ്സ് ട്രെയ്നിന്‍റെ ലോക്കോ പൈലറ്റ് സമയോചിതമായി ഇടപെട്ടതു മൂലമാണ് അപകടം ഒഴിവായത്. പുലർച്ചെ 5.50നാണ് ഈ സംഭവം ഉണ്ടാവുന്നത്.
അതിനു മുൻപ് സെപ്റ്റംബർ എട്ടിന് കാൺപുരിൽ തന്നെ കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമം നടന്നതാണ്. എൽപിജി നിറച്ച ഗ്യാസ് സിലിണ്ടർ പാളത്തിൽ വച്ചിരിക്കുകയായിരുന്നു. സമീപദിവസങ്ങളിലായി അര ഡസൻ ട്രെയ്‌ൻ അട്ടിമറി ശ്രമങ്ങളെങ്കിലും ഉത്തർപ്രദേശിൽ ഉണ്ടായിട്ടുണ്ട്. സെപ്റ്റംബർ പതിനാറിന് ഗാസിപ്പുരിൽ ട്രാക്കിൽ മരത്തടിയിട്ട് ട്രെയ്‌ൻ അട്ടിമറിക്കാൻ നടന്ന ശ്രമം ഉൾപ്പെടെയാണിത്. മധ്യപ്രദേശിൽ കേരളത്തിലേക്കു സൈനികരെയും കൊണ്ടുവരുകയായിരുന്ന പ്രത്യേക ട്രെയ്‌ൻ കടന്നുപോയ പാതയിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ ഒരു റെയ്‌ൽവേ ജീവനക്കാരൻ കസ്റ്റഡിയിലായിരുന്നു. ട്രെയ്‌ൻ യാത്രക്കാരുടെ സുരക്ഷയിൽ റെയ്‌ൽവേ അധികൃതർ അതീവ ശ്രദ്ധ നൽകേണ്ടതാണെന്ന് ഈ സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നുണ്ട്.