Editorial

ക്രിമിനൽ താവളങ്ങളോ, നമ്മുടെ ക്യാംപസുകൾ| മുഖപ്രസംഗം

പൂക്കോട് വെറ്ററിനറി കോളെജിലെ വിദ്യാർഥിയായിരുന്ന ജെ.എസ്. സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന ക്യാംപസിലെ രാക്ഷസീയമായ പീഡനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കേരളത്തിലെ മുഴുവൻ മാതാപിതാക്കളെയും ഞെട്ടിക്കുന്നതാണ്. ഏതൊക്കെ കലാലയങ്ങളിൽ ഇതുപോലുള്ള ഭീകരസംഘങ്ങൾ കുട്ടികളുടെ മേൽ അധിശത്വം സ്ഥാപിച്ച് അഴിഞ്ഞാടിക്കൊണ്ടിരിക്കുന്നുവെന്നു പരിശോധിക്കാതെ വയ്യ. പൂക്കോട് ക്യാംപസിലെ സ്ഥിതിയാണ് ഉള്ളതെങ്കിൽ കുട്ടികൾ സുരക്ഷിതരാണെന്ന് എങ്ങനെയാണ് ഉറപ്പാക്കുക. അവരെ കലാലയങ്ങളിലേക്ക് അയയ്ക്കുമ്പോൾ എന്തു ഗ്യാരന്‍റിയാണുള്ളത്. തങ്ങളുടെ കുട്ടികൾ പഠിക്കുന്ന കലാലയങ്ങളെക്കുറിച്ച് ഓരോ മാതാപിതാക്കളും അതുകൊണ്ടു തന്നെ വിശദമായി അന്വേഷിക്കേണ്ടിയിരിക്കുന്നു. മർദകരും പീഡകരും ഗൂണ്ടകളും ലഹരിക്കടത്തുകാരും ഇടം പിടിച്ച ക്യാംപസുകളെ എത്രയും വേഗം തിരുത്തിയില്ലെങ്കിൽ അധഃപതനത്തിലേക്കാവും ഭാവിതലമുറയുടെ പോക്ക്. ക്യാംപസുകളിലെ ഇടിമുറികളിൽ നിന്ന് "ഇടിയൻ'മാരെ പുറത്താക്കിയില്ലെങ്കിൽ കുട്ടികൾ ഇനിയും ഇടികൊള്ളേണ്ടിവരും. അതുണ്ടാവില്ലെന്ന് നമുക്ക് ഉറപ്പാക്കിയേ തീരൂ.

ഉന്നത വിദ്യാഭ്യാസത്തിൽ കേരളം പഠിക്കേണ്ട ആദ്യ പാഠം ഇപ്പോൾ ഇതാണ്: പൂക്കോട് എന്നല്ല കേരളത്തിൽ എവിടെയും ഇനി ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇതുപോലെ പ്രവർത്തിക്കരുത്. ഏതെങ്കിലും ഒരു വിദ്യാർഥി സംഘടനയല്ല, അത് എസ്എഫ്ഐ ആയാലും കെഎസ് യു ആയാലും എബിവിപി ആയാലും മറ്റേതെങ്കിലും സംഘടനയായാലും, കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കേണ്ടത്. ആരെ രക്ഷിക്കണം, ആരെ ശിക്ഷിക്കണം എന്ന് അവരല്ല തീരുമാനിക്കേണ്ടത്. വിദ്യാർഥി സംഘടനയോട് ഒട്ടിനിൽക്കുകയല്ല അധ്യാപകരുടെ ചുമതല. അതിനല്ല അവർക്കു കേരളത്തിന്‍റെ നികുതിപ്പണം കൊടുത്തു തീറ്റിപ്പോറ്റുന്നത്. രാഷ്ട്രീയം കളിക്കാനാണ‌ു താത്പര്യമെങ്കിൽ പുതിയ തലമുറയെ വാർത്തെടുക്കുന്ന ഭാരിച്ച ഉത്തരവാദിത്വം വേണ്ടെന്നു വച്ച് അവർ രാജിവച്ചു പുറത്തുനിൽക്കട്ടെ. ക്യാംപസിനകത്ത് രാഷ്ട്രീയം കളിക്കുകയും അധ്യാപകനെന്നു പേരും പറഞ്ഞ് പൊതുഖജനാവിലെ ലക്ഷങ്ങൾ കീശയിലാക്കുകയും ചെയ്യുന്ന രീതി ഇനിയും അനുവദിക്കരുത്. അധ്യാപകൻ വിവേചനം കാണിക്കുന്നവനാകരുത്. എല്ലാ കുട്ടികളെയും ഒരുപോലെ കാണാൻ കഴിയാത്തവരെ പുതുതലമുറയെ വളർത്തിയെടുക്കുന്നതിൽ പങ്കാളിയാവാൻ അനുവദിക്കാനാവില്ല.

കലാലയങ്ങളിലെ അക്രമ രാഷ്ട്രീയത്തിനെതിരേ ഇനിയും അതികർശനമായ നടപടികൾ എടുക്കുന്നില്ലെങ്കിൽ നമ്മുടെ തലമുറകളുടെ പഠനാന്തരീക്ഷമാണു താറുമാറാവുന്നത്. മനുഷ്യത്വം മരിച്ച മൃഗതുല്യർ സഹപാഠിയെ പല ദിവസം അതിഭീകരമാം വിധം ഉപദ്രവിച്ചിട്ടും, നഗ്നനാക്കി പരസ്യ വിചാരണ ചെയ്തിട്ടും, ഉറങ്ങിക്കിടന്നവരെ വരെ വിളിച്ചുണർത്തി അതിനു സാക്ഷികളാക്കി നിർത്തിയിട്ടും, ഭീഷണിപ്പെടുത്തി മർദിപ്പിച്ചിട്ടും ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലെ നൂറിലേറെ യുവാക്കൾ പേടിച്ചരണ്ടു മിണ്ടാതെ നിന്നു എന്നത് ഈ നാടിനാകെ ലജ്ജാകരമാണ്. എന്തു താന്തോന്നിത്തം കണ്ടാലും പ്രതികരണ ശേഷിയില്ലാത്തൊരു തലമുറയാണ് ഈ നാട്ടിൽ വളർന്നുവരുന്നതെങ്കിൽ, ഏതാനും ക്രിമിനലുകളെ പേടിച്ചാണു കഴിയുന്നതെങ്കിൽ, എവിടേക്കാണു കേരളം പോകുന്നത്?

ഏതെങ്കിലും ഒരു സംഘടനയുടെ, അതു വിദ്യാർഥികളുടേതായാലും യുവാക്കളുടേതായാലും തൊഴിലാളികളുടേതായാലും, ആജ്ഞാശക്തിക്കു മുന്നിൽ മറ്റുള്ളവരെല്ലാം പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നിൽക്കണമെന്നു പറഞ്ഞാൽ, അതു കേൾക്കാനേയുള്ളൂ ഈ നാടെന്നു വന്നാൽ പിന്നെ നമ്മൾ ജനാധിപത്യത്തെക്കുറിച്ചു സംസാരിക്കരുത്. വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ജയിക്കുക, എഴുതാത്ത പരീക്ഷയ്ക്കും മാർക്ക് കിട്ടുക, പിഎസ് സി പരീക്ഷയ്ക്കു കോപ്പിയടിച്ച് ഉയർന്ന റാങ്ക് നേടുക, ആൾമാറാട്ടം നടത്തി പരീക്ഷയെഴുതുക തുടങ്ങി സകലവിധ വേലത്തരങ്ങളും കണ്ടുകൊണ്ടിരിക്കുകയാണ് ഈ സംസ്ഥാനം. അതിനു പുറമെയാണു ക്യാംപസുകൾ അടക്കിഭരിക്കുന്ന ചില ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടങ്ങളും.

ക്യാംപസുകളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചു പലയിടത്തുനിന്നും പരാതി ഉയരാറുണ്ട്. ലഹരി മാഫിയകൾക്ക് അകത്തു നിന്നു തന്നെ സഹായം ചെയ്തു കൊടുക്കുന്നതായുള്ള പരാതിയും കേൾക്കാറുള്ളതാണ്. ലഹരിക്കെതിരേ മഹായുദ്ധമാണു നടത്തുന്നതെന്നൊക്കെ വാതോരാതെ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നവർ ഇത്തരം സംഘങ്ങളെ കാണുന്നതുപോലുമില്ല. റാഗിങ് തടയാനുള്ള സമിതിയിലെ അംഗങ്ങൾ തന്നെ കണ്ണിൽച്ചോരയില്ലാത്തവിധം കുട്ടികളെ റാഗ് ചെയ്യുന്നതുപോലെയാണോ ലഹരിക്കെതിരേ പ്രവർത്തിക്കേണ്ടവരുടെ പ്രവർത്തനം എന്നുപോലും പരിശോധിക്കേണ്ടിയിരിക്കുന്നു.

പഠിക്കാനാഗ്രഹിക്കുന്ന കുട്ടികൾ വല്ല സാധ്യതയുമുണ്ടെങ്കിൽ കേരളം വിട്ടുപോകാൻ ആഗ്രഹിക്കുന്നതിന് അവരെ കുറ്റംപറയാനാവില്ലെന്നു ക്യാംപസുകളിൽ നിന്നു പുറത്തുവരുന്ന ഓരോരോ സംഭവങ്ങളും തെളിയിക്കുകയാണ്. ""ഉന്നത വിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര ഹബ്ബാ''ക്കി കേരളത്തെ മാറ്റാനും ""രാജ്യത്തിനാകെ മാതൃക''യാവാനുമൊക്കെ ഇനിയും ഒരുപാട് ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു. ക്യാംപസുകളിൽ അച്ചടക്കവും ജനാധിപത്യവും അന്തസും മര്യാദയും സർവോപരി പഠനവും ഉറപ്പാക്കിയാലേ നല്ല മാതൃകകൾ സൃഷ്ടിക്കാനാവൂ. അതല്ലാതെ ചില ക്രിമിനൽ സംഘങ്ങൾക്ക് അ‍ഴിഞ്ഞാടാനുള്ള വേദികളായി നമ്മുടെ ക്യാംപസുകൾ മാറരുത്; ദയവായി മാറ്റരുത്.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി