പഴയ തലമുറയിലെ പ്രഗത്ഭനായിരുന്ന ഒരു രാഷ്ട്രീയ നേതാവിനെക്കൂടി കേരളത്തിനു നഷ്ടമായിരിക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു പിന്നാലെ കരുത്തുറ്റ ഒരു നേതാവിനെക്കൂടി കോൺഗ്രസിനും നഷ്ടമായിരിക്കുന്നു. സുദീർഘമായ രാഷ്ട്രീയ പ്രവർത്തനത്തിന്റെയും ഭരണമികവിന്റെയും തിളക്കം ബാക്കിവച്ചാണ് വക്കം പുരുഷോത്തമൻ ഈ ലോകത്തുനിന്നു യാത്രയായിരിക്കുന്നത്. സംസ്ഥാന ഭരണത്തിലും രാഷ്ട്രീയ നീക്കങ്ങളിലും പല നിർണായക മുഹൂർത്തങ്ങളും കുറിക്കാൻ കഴിഞ്ഞ നേതാവാണ് അദ്ദേഹം. എടുത്തു പറയാവുന്ന സംഭാവനകൾ പലതുണ്ട്. രണ്ടു തവണയായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കറായിരുന്നു വക്കം പുരുഷോത്തമൻ. എംഎൽഎമാരെ അച്ചടക്കം പാലിക്കാൻ നിർബന്ധിതനാക്കിയ അദ്ദേഹം കർക്കശക്കാരനായ സ്പീക്കർ എന്ന നിലയിലാണ് ശ്രദ്ധേയനായത്. നിയമസഭാ പ്രവർത്തനങ്ങൾ നല്ല നിലയിൽ നടക്കുന്നുവെന്ന് ഉറപ്പാക്കാൻ അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നു. സഭാ നടപടികളിൽ സമയക്രമം പാലിക്കുന്നതിൽ പ്രത്യേക ഊന്നൽ നൽകിയിരുന്നു. ഭരണ- പ്രതിപക്ഷ, ജൂനിയർ- സീനിയർ വ്യത്യാസമില്ലാതെ അംഗങ്ങളെ നിയന്ത്രിക്കാൻ വക്കത്തിനു കഴിഞ്ഞു. അതിലൂടെ തന്നെ അദ്ദേഹം ജനശ്രദ്ധ നേടി. പിന്നീട് ലോക്സഭാംഗമായപ്പോഴും സഭാ നടപടികൾ നിയന്ത്രിക്കുന്ന ചെയർമാൻ പാനലിൽ അദ്ദേഹം അംഗമായിരുന്നു.
നിയമസഭയെ നിയന്ത്രിക്കുന്നതിൽ മാത്രമല്ല മന്ത്രിയായിരിക്കെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതിലും വക്കം പുരുഷോത്തമൻ വിജയിച്ചിരുന്നു. വകുപ്പുകളുടെ നിയന്ത്രണം കൈവിട്ടുപോകാതിരിക്കാൻ വക്കത്തിന്റെ ഭരണപാടവം സഹായിച്ചു. ഗവർണർ സ്ഥാനത്തിരിക്കുമ്പോഴും തന്റെ ജോലികൾ കൃത്യമായി ചെയ്യണമെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. തനിക്കു ശരിയെന്നു ബോധ്യമുള്ള നിലപാടുകളിൽ മുറുകെ പിടിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറഞ്ഞു. മികച്ച അഡ്മിനിസ്ട്രേറ്റർ എന്നു തന്നെ അദ്ദേഹത്തെ വിശേഷിപ്പിക്കണം. അധികാരം എങ്ങനെ ജനങ്ങൾക്കു വേണ്ടി ഫലപ്രദമായി വിനിയോഗിക്കണമെന്നു വക്കത്തിന് അറിയാമായിരുന്നു. അതുകൊണ്ടു തന്നെയാണ് വിവിധ സ്ഥാനങ്ങളിൽ അദ്ദേഹം ഒരുപോലെ ശോഭിച്ചത്.
രാഷ്ട്രീയ ജീവിതത്തിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടിരുന്ന വക്കം പഞ്ചായത്ത് അംഗമായാണ് പാർലമെന്ററി ജീവിതം തുടങ്ങുന്നത്. 1952ലെ ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആർഎസ്പി സ്ഥാനാർഥിയായി വക്കം പഞ്ചായത്തിലേക്കു മത്സരിച്ചു ജയിച്ചു. 1967ലും 1969ലും നിയമസഭയിലേക്കു മത്സരിച്ചു പരാജയപ്പെട്ട ശേഷം 1970ൽ ആദ്യമായി ആറ്റിങ്ങലിൽനിന്ന് നിയമസഭയിലെത്തി. ഇതടക്കം അഞ്ചു തവണയാണ് വക്കം നിയമസഭയിൽ ആറ്റിങ്ങലിനെ പ്രതിനിധീകരിച്ചത്. മൂന്നു തവണ സംസ്ഥാന മന്ത്രിസഭയിൽ അംഗമായി. തൊഴിൽ, കൃഷി, നിയമം, ആരോഗ്യം, ടൂറിസം, ധനകാര്യം, എക്സൈസ്, ലോട്ടറി തുടങ്ങിയ വകുപ്പുകളുടെ ചുമതല മന്ത്രിയെന്ന നിലയിൽ അദ്ദേഹം വഹിച്ചിട്ടുണ്ട്. തൊഴിൽ, കൃഷി വകുപ്പുകളുടെ മന്ത്രിയായിരുന്നപ്പോഴാണ് കർഷകത്തൊഴിലാളി നിയമത്തിനും ചുമട്ടു തൊഴിലാളി നിയമത്തിനും രൂപം നൽകിയത്. കർഷകർക്കും കർഷകത്തൊഴിലാളികൾക്കും സംരക്ഷണം നൽകുന്ന നിയമം രാജ്യത്ത് ആദ്യമായി കൊണ്ടുവന്നത് കേരളത്തിലായിരുന്നു.
ആലപ്പുഴയിൽ തരിശു കിടന്ന പാടത്ത് തൊഴിലാളികളെ സംഘടിപ്പിച്ചു സർക്കാർ കൃഷിയിറക്കിയതുപോലുള്ള വിപ്ലവകരമായ നടപടികളും വക്കം എന്ന കൃഷി മന്ത്രിയുടെ കാലത്തുണ്ടായി. സർക്കാർ ആശുപത്രികളിൽ റഫറൽ സമ്പ്രദായം കൊണ്ടുവന്നത്, സർക്കാരിന്റെ ഓണാഘോഷ പരിപാടികൾക്കു തുടക്കം കുറിച്ചത്, ഡൽഹിയിൽ കേരള ഹൗസും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സർക്കാർ ഗസ്റ്റ് ഹൗസുകളും നിർമിച്ചത് തുടങ്ങി വക്കം പേരിൽ കുറിച്ചുവച്ചിരിക്കുന്ന നേട്ടങ്ങൾ പലതാണ്. 1980ലെ ഇ.കെ. നായനാർ മന്ത്രിസഭയിലാണ് അദ്ദേഹം ആരോഗ്യം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായത്. 2004ലെ ഉമ്മൻ ചാണ്ടി സർക്കാരിൽ ധനകാര്യവും എക്സൈസും ലോട്ടറിയും കൈകാര്യം ചെയ്തു.
1982-84, 2001-2004 കാലഘട്ടങ്ങളിൽ നിയമസഭാ സ്പീക്കറായിരുന്ന വക്കം 1984ൽ നിയമസഭാ സ്പീക്കർ സ്ഥാനം രാജിവച്ചാണ് ആലപ്പുഴയിൽ നിന്നു ലോക്സഭയിലേക്കു മത്സരിച്ചു വിജയിച്ചത്. പിന്നീട് 1989ലും അദ്ദേഹം അവിടെ നിന്ന് ലോക്സഭയിലെത്തി. എംപിയായിരിക്കെ പബ്ലിക് അണ്ടർടേക്കിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തും വക്കം ഇരുന്നിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ ലഫ്. ഗവർണർ, മിസോറം ഗവർണർ സ്ഥാനങ്ങളിലിരുന്ന അദ്ദേഹം ത്രിപുര ഗവർണറുടെ ചുമതലയും വഹിച്ചു. കാൽ നൂറ്റാണ്ടോളം എഐസിസി അംഗമായി പ്രവർത്തിച്ചു. കെപിസിസി വൈസ് പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായിട്ടുണ്ട്. സംസ്ഥാനം കണ്ട മികച്ച സ്പീക്കറും കഴിവുറ്റ ഭരണാധികാരിയും എന്ന നിലയിൽ വക്കം ജനമനസുകളിൽ ഉണ്ടാകും.