വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുകയും അതു മനുഷ്യ ജീവനു ഭീഷണിയാവുകയും ചെയ്യുന്നതിനു ശാശ്വത പരിഹാരം കണ്ടെത്തേണ്ടതിന്റെ ആവശ്യകത വർഷങ്ങളായി കേരളം ചർച്ച ചെയ്യുന്നതാണ്. ഈ ദിവസങ്ങളിൽ അതുതന്നെ ആവർത്തിക്കുകയാണ് ഒറ്റയാന് അരിക്കൊമ്പന്റെ വിഷയത്തിലൂടെ. ഇടുക്കിയിലെ ചിന്നക്കനാല്‍ മേഖലയിൽ അരിക്കൊമ്പന്റെ ഭീഷണി ശക്തമായതോടെയാണ് അതിനെ മയക്കുവെടി വച്ച് പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചത്. അതിനുള്ള തയാറെടുപ്പുകളും അവർ നടത്തിയിരുന്നു. അതിനെതിരേ മൃഗസംരക്ഷണ സംഘടന കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മയക്കുവെടി വയ്ക്കുന്നത് തത്കാലത്തേക്കു നിര്‍ത്തിവയ്ക്കാന്‍ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരിക്കുകയാണ്.
അരിക്കൊമ്പനെ റേഡിയോ കോളര്‍ ധരിപ്പിച്ച് ഉള്‍വനത്തിലേക്കു മാറ്റിക്കൂടേ എന്നാണു കോടതി ചോദിക്കുന്നത്. ""അരിക്കൊമ്പനെ വെടിവച്ചതു കൊണ്ട് ഒരു പ്രയോജനവുമില്ല. ഒരു ആനയെ തടവിലാക്കിയതു കൊണ്ട് എന്താണു കാര്യം. ഒരു അരിക്കൊമ്പന് പോയാല്‍ മറ്റൊരു കൊമ്പന് വരും. അതിനാല്‍ വിഷയത്തില്‍ ശാശ്വത പരിഹാരമാണു വേണ്ടത്''- കോടതി ചൂണ്ടിക്കാണിക്കുന്നു. വിഷയത്തില്‍ ശാശ്വത പരിഹാരം കാണാൻ അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ച്, ആ സമിതിയുടെ റിപ്പോര്ട്ടിന്മേല് തുടര്‍നടപടി സ്വീകരിക്കാമെന്നും കോടതി നിർദേശിച്ചിരിക്കുകയാണ്. ഈ വിദഗ്ധ സമിതിയോട് സർക്കാർ പൂർണമായും സഹകരിച്ച് എത്രയും വേഗം ഫലപ്രദമായ പരിഹാരത്തിൽ എത്തേണ്ടിയിരിക്കുന്നു.
വിഷയത്തിൽ കോടതി ഉന്നയിക്കുന്ന പ്രസക്തമായൊരു ചോദ്യമുണ്ട്. ആനയുടെ ആവാസ മേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചു എന്നതാണത്. അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ശാശ്വത പരിഹാരമെന്നു കോടതി നിരീക്ഷിക്കുന്നുണ്ട്. വന്യമൃഗങ്ങളുടെ ആവാസ മേഖലയിലേക്കുള്ള കടന്നുകയറ്റങ്ങൾ നിയന്ത്രിക്കുക എന്നത് അവയുടെ ശല്യം തടയാനുള്ള ശാശ്വത പരിഹാര നിർദേശങ്ങളിൽ നിർണായകമായി കാണേണ്ടതാണ്. അതേസമയം, ഈ മേഖലയിലെ ജനങ്ങളുടെ ഇപ്പോഴത്തെ ആശങ്കയും കണക്കിലെടുക്കാതെ വയ്യ. ആന ജനവാസ മേഖലയിൽ തന്നെ കറങ്ങുകയാണ്. അതിനെ പിടികൂടണമെന്നാവശ്യപ്പെട്ട് ജനങ്ങൾ പ്രക്ഷോഭത്തിലുമാണ്. ഈ സാഹചര്യത്തിൽ അടിയന്തരമായി താത്കാലിക പരിഹാരവും കാണേണ്ടിയിരിക്കുന്നു. അത് എങ്ങനെ എന്നതാണു സർക്കാരിനു മുന്നിലുള്ള പ്രശ്നം. കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ഉറച്ച തീരുമാനം വൈകാതെ ഉണ്ടാവുകയും വേണം.
ഹൈക്കോടതിയിൽ വനം വകുപ്പ് നൽകിയ സത്യവാങ്മൂലം അനുസരിച്ച് 2005നു ശേഷം ചിന്നക്കനാൽ- ശാന്തൻപാറ ഭാഗത്ത് 34 പേർ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ ഏഴു പേരെ കൊന്നത് അരിക്കൊമ്പനാണ്. നിരവധി വീടുകളും മറ്റു കെട്ടിടങ്ങളും ആനകൾ തകർത്തിട്ടുണ്ട്. അതായത് പരിഹാരമില്ലാതെ തുടരുന്ന വിഷയമായി ആനശല്യം നിലനിൽക്കുകയാണ്. കോടതി ചൂണ്ടിക്കാണിക്കുന്നതും അതു തന്നെയാണല്ലോ. ഒരു കൊമ്പനല്ലെങ്കിൽ മറ്റൊരു കൊമ്പൻ വന്നുകൊണ്ടേയിരിക്കുന്നു. ജീവനും സ്വത്തും നശിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ആനത്താരകൾ പുനഃസ്ഥാപിക്കുക എന്നത് ഇതിനുള്ള പരിഹാരമാണ്. കൊടും വേനലിൽ ഉൾക്കാടുകളിൽ വെള്ളം കിട്ടാനുള്ള മാർഗമുണ്ടാക്കുക, അശാസ്ത്രീയമായ രീതിയിലുള്ള വനവത്കരണം അവസാനിപ്പിച്ച് സ്വാഭാവിക വനം വളരാൻ അനുവദിക്കുക തുടങ്ങി വിദഗ്ധർ നിർദേശിക്കുന്ന ശാശ്വത പരിഹാര മാർഗങ്ങൾ പലതുണ്ട്. മയക്കുവെടിവച്ച് പിടികൂടുക എന്ന എളുപ്പവഴിയിൽ എപ്പോഴും "ക്രിയ' ചെയ്തിട്ടു കാര്യമില്ല.
രണ്ടു മാസം മുൻപാണ് പാലക്കാട് ധോണിയിലെ ജനവാസ മേഖലകളിൽ നിരന്തരം ഭീതി പരത്തിക്കൊണ്ടിരുന്ന കാട്ടുകൊമ്പൻ പാലക്കാട് ടസ്കർ 7 എന്ന പിടി 7നെ വനം വകുപ്പ് ഉദ്യോഗസ്ഥർ മയക്കു വെടിവച്ചു പിടികൂടിയത്. കഴിഞ്ഞ വർഷം ജൂലൈയിൽ പ്രദേശവാസി ശിവരാമനെ കൊലപ്പെടുത്തിയതോടെ ഇവൻ ജനങ്ങൾക്കു പേടിസ്വപ്നമായി. തുടർന്നുള്ള മാസങ്ങളിലും ജനവാസ കേന്ദ്രങ്ങളിലിറങ്ങി തുടർച്ചയായി ശല്യം ചെയ്തുവരുകയായിരുന്നു. ഒടുവിൽ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചാണ് വനം വകുപ്പ് ആനയെ പിടികൂടിയത്. ഇപ്പോൾ പിടി 7നെ തുറന്നുവിടണമെന്ന് ആവശ്യം ഉയർന്നിട്ടുള്ളത് ധോണി നിവാസികളെയും ആശങ്കയിലാക്കിയിട്ടുണ്ട്.
ഇതിനിടെ കഴിഞ്ഞ ദിവസവും അട്ടപ്പാടി വെള്ളമാരി ഊരിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത് ജനങ്ങളെ ഭീതിയിലാക്കിയിരുന്നു. സുൽത്താൻബത്തേരിയിൽ കാട്ടാന വഴിയാത്രക്കാരനെ ആക്രമിക്കുകയും വീടുകൾ തകർക്കുകയും ചെയ്തത് അടുത്തിടെയാണ്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വനത്തിലേക്കു തുരത്തിയോടിച്ച കാട്ടാനയെ പിന്നീടുള്ള ദിവസങ്ങളിൽ കഠിന പരിശ്രമം നടത്തിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ മയക്കുവെടിവച്ച് വീഴ്ത്തി മുത്തങ്ങയിലെ ആനപ്പന്തിയിൽ എത്തിച്ചത്. ആനകൾ മാത്രമല്ല മറ്റു വന്യമൃഗങ്ങളും ജനവാസ മേഖലകളിൽ ഇറങ്ങുന്നത് ഭീഷണിയായി തുടരുന്നുണ്ട്. വയനാട് പുതുശേരി വെള്ളാരംകുന്നിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചിട്ട് ഏറെയായിട്ടില്ല. ദിവസങ്ങൾക്കു ശേഷം ഈ കടുവയെ വനപാലകർ മയക്കുവെടിവച്ച് പിടികൂടി. വയനാട്ടിലും പാലക്കാടും ഇടുക്കിയിലും മാത്രമല്ല വനത്തോടു ചേർന്നു കിടക്കുന്ന പല മേഖലകളിലും വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു പതിവായിരിക്കുന്നു. താത്കാലിക പരിഹാരങ്ങളിൽ സർക്കാർ നടപടികൾ ഒതുങ്ങിയതുകൊണ്ടായില്ലെന്ന് ഇതു തെളിയിക്കുകയാണ്.