എത്രയൊക്കെ മുന്നറിയിപ്പുകൾ നൽകിയിട്ടും നടപടികൾ എടുത്തിട്ടും കുറയാതെ തുടരുകയാണ് വിവിധ തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ. ഓൺലൈൻ ആപ്പുകൾ വഴിയുള്ള വായ്പാ തട്ടിപ്പുകളും ജോലിയും ഉയർന്ന വരുമാനവും വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകളും ഒക്കെ ആവർത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഇതിന് ഉപകരണമായി മാറ്റിയ തട്ടിപ്പു സംഘങ്ങൾ നിരവധിയാണ്. എളുപ്പത്തിൽ പണം കിട്ടുമെന്നു പറഞ്ഞ് ആളുകളെ ആകർഷിക്കുകയും ഇങ്ങനെ കെണിയിൽ വീഴുന്നവരിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്നത് തടയാൻ സർക്കാരും പൊലീസും പലവിധ നടപടികൾ സ്വീകരിക്കുന്നുണ്ട്. പക്ഷേ, ഒന്നും തട്ടിപ്പുകാരെ ഒഴിവാക്കുന്നതിൽ ഫലപ്രദമായിട്ടില്ല. കേരള സർക്കാർ ഓൺലൈൻ ലോട്ടറി ആരംഭിച്ചെന്നും 40 രൂപ മുടക്കിയാൽ 12 കോടി രൂപ വരെ നേടാമെന്നുമുള്ള വ്യാജസന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരേ നടപടിയെടുക്കാൻ ഇപ്പോൾ സംസ്ഥാന പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. അതിനു ഫലമുണ്ടാവുമെന്നു പ്രതീക്ഷിക്കാം.
ഏതു വിധത്തിലുള്ള തട്ടിപ്പിനും തലവച്ചുകൊടുക്കാൻ ആളുകളെ കിട്ടും എന്ന ധാരണയാവാം ഓൺലൈൻ തട്ടിപ്പുകാർക്കുള്ളത്. അവരെ പരാജയപ്പെടുത്തേണ്ടത് പൊലീസ് സ്വീകരിക്കുന്ന നടപടികളിലൂടെ മാത്രമല്ല. ജനങ്ങളുടെ സഹകരണവും ഇതിന് ആവശ്യമാണ്. തട്ടിപ്പുകാരുടെ വലയിൽ വീണുപോകില്ല എന്ന ദൃഢനിശ്ചയം ഓരോരുത്തർക്കും ഉണ്ടാവണം. അപരിചിതർക്ക് ഓൺലൈനിലൂടെ പണം കൈമാറുമ്പോൾ അതിൽ വലിയ അപകടമുണ്ടെന്നു തിരിച്ചറിയണം. തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കണം. വഞ്ചിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്താനും പൊലീസിൽ പരാതി നൽകാനും പലരും മടിക്കുമ്പോൾ കുറ്റവാളികൾക്കു കൂടുതൽ അവസരങ്ങൾ ലഭിക്കുകയാണ്. തട്ടിപ്പുകാരുടെ ആപ്പുകൾ ഇൻസ്റ്റോൾ ചെയ്യുമ്പോൾ തന്നെ നമ്മുടെ ഫോണിലെ കോൺടാക്റ്റ് നമ്പരുകളും ചിത്രങ്ങളും വിഡിയോകളും എല്ലാം എടുക്കാൻ നാം അവർക്ക് അനുമതി നൽകുകയാണ് എന്നതും ഓർക്കേണ്ടതുണ്ട്. നമ്മുടെ ഫോണിൽ നിന്നു ശേഖരിച്ച വിവരങ്ങളും ചിത്രങ്ങളുമൊക്കെ അവർ പിന്നീട് ദുരുപയോഗിക്കും. ക്രിമിനലുകളുടെ ആപ്പുകൾ നമ്മുടെ ഫോണിൽ ഇൻസ്റ്റോൾ ആവുന്നതോടെ ഒടിപി അടക്കമുള്ള വിവരങ്ങൾ ചോർത്തപ്പെടുമെന്ന ബോധ്യം ഉണ്ടാവേണ്ടതുണ്ട്.
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരിൽ ഓൺലൈനിൽ വ്യാജ ലോട്ടറി വിൽപ്പന നടത്തുന്ന 60 വ്യാജ ആപ്പുകളാണ് പൊലീസിന്‍റെ സൈബർ പട്രോളിങ്ങിനെത്തുടർന്ന് കണ്ടെത്തിയിരിക്കുന്നതത്രേ. 25 വ്യാജ ഫേസ് ബുക്ക് പ്രൊഫൈലും 20 വെബ് സൈറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കുമെന്നാണു പൊലീസ് അറിയിച്ചിരിക്കുന്നത്. അതിനുള്ള നടപടികൾ എത്രയും പെട്ടെന്ന് ഉണ്ടായാൽ അത്രയും കുറച്ച് ആളുകളേ ഇവരിൽ തട്ടിപ്പിൽ വീണുപോകൂ. തട്ടിപ്പുകാരുടെ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനു പൊലീസ് നോട്ടീസ് നൽകിയിരിക്കുകയാണ്. ഇത്തരം ഓൺലൈൻ ലോട്ടറികളുടെ പരസ്യങ്ങൾ ഫേസ്ബുക്കിൽ നിന്ന് നീക്കാൻ മെറ്റയ്ക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ആളുകൾ വഞ്ചിക്കപ്പെടുന്നതിന്‍റെ ഗൗരവം തിരിച്ചറിഞ്ഞ് ഗൂഗിളും മെറ്റയും ഉചിതമായ നടപടികൾ സ്വീകരിക്കട്ടെ.
കേരള മെഗാമില്യൺ ലോട്ടറി, കേരള സമ്മർ സീസൺ ധമാക്ക എന്നീ പേരുകളിൽ സമൂഹമാധ്യമങ്ങൾ വഴി കേരള സംസ്ഥാന ലോട്ടറി ഓൺലൈൻ ആയി എടുക്കാം എന്ന വ്യാജപരസ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. കേരള സർക്കാർ ഓൺലൈൻ ലോട്ടറി ആരംഭിച്ചെന്നും 40 രൂപ മുടക്കിയാൽ 12 കോടി രൂപ വരെ നേടാമെന്നുമുള്ള സന്ദേശമാണു ലഭിക്കുക. സന്ദേശത്തിൽ പറയുന്ന നമ്പരിലേക്ക് 40 രൂപ അയച്ചാൽ വാട്സ്ആപ്പിലേക്ക് വ്യാജ ലോട്ടറി ടിക്കറ്റ് ചിത്രം അയച്ചുനൽകും. നറുക്കെടുപ്പിന്‍റെ സമയം കഴിയുമ്പോൾ കൃത്രിമമായി നിർമിച്ച നറുക്കെടുപ്പ് ഫലം തട്ടിപ്പുകാർ അയച്ചുനൽകുകയും ഫലം പരിശോധിക്കുമ്പോൾ കൈവശമുള്ള ടിക്കറ്റിന് അഞ്ചു ലക്ഷം രൂപ സമ്മാനം ലഭിച്ചതായി കാണിക്കുകയും ചെയ്യും. ഇതോടെയാണ് തട്ടിപ്പിന്‍റെ അടുത്തഘട്ടം ആരംഭിക്കുന്നത്. സർക്കാർ പ്രതിനിധിയെന്നു പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ ഫോണിൽ വിളിക്കുകയും സമ്മാനത്തുക ലഭിക്കാൻ ജിഎസ്ടി, സ്റ്റാംപ് ഡ്യൂട്ടി എന്നീ ആവശ്യത്തിനായി പണം ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും.
ഇങ്ങനെ പണം ട്രാൻസ്ഫർ ചെയ്തുകഴിയുമ്പോൾ റിസർവ് ബാങ്ക് സമ്മാനത്തുക പിടിച്ചുവച്ചിരിക്കുന്നതായും സമ്മാനം കൈമാറാനായി കൂടുതൽ പണം വേണമെന്നും പറയുന്നു. ഓരോ ചുവടും വിശ്വസനീയമായി തോന്നിക്കാനായി കൃത്രിമമായി നിർമിച്ച രേഖകളും വിഡിയോകളും ഇരകൾക്ക് നൽകുന്നുമുണ്ട്. ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച നിരവധി പരാതികൾ പൊലീസിനു ലഭിച്ചിട്ടുണ്ടത്രേ. ഇപ്പോൾ കണ്ടെത്തിയിട്ടുള്ള ആപ്പുകൾ തടയുന്നതു കൊണ്ടു മാത്രം പ്രശ്നപരിഹാരമാവില്ല. പുതിയ ആളുകൾ ഇനിയും തട്ടിപ്പുമായി രംഗത്തുവരാം. അവർ വിജയിക്കാതിരിക്കാൻ ജനങ്ങളുടെ ജാഗ്രത അനിവാര്യമാണ്. ഓൺലൈൻ ലോട്ടറി, സമ്മാന തട്ടിപ്പുകാരെ മാത്രമല്ല ഇൻവെസ്റ്റ്മെന്‍റ്- ട്രേഡിങ് തട്ടിപ്പ്, പാഴ്സലുകളിൽ നിയമവിരുദ്ധമായ സാധനങ്ങൾ കണ്ടെത്തിയെന്നു പറഞ്ഞുള്ള തട്ടിപ്പ്, വ്യാജ ഇ- കൊമേഴ്സ് സൈറ്റുകൾ ഉപയോഗിച്ചുള്ള തട്ടിപ്പ്, വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ നൽകിയുള്ള തട്ടിപ്പ്, ലോൺ ആപ്പുകൾ വഴിയുള്ള തട്ടിപ്പ് തുടങ്ങി പലവിധത്തിലുള്ള വഞ്ചനകൾ നടത്തുന്നവരെ സൂക്ഷിക്കേണ്ടതുണ്ട്.