ശബരിമല: ഒരുക്കങ്ങളിൽ കുറവുണ്ടാവരുത്  
Editorial

ശബരിമല: ഒരുക്കങ്ങളിൽ കുറവുണ്ടാവരുത് | മുഖപ്രസംഗം

തിരക്കു കൂടുന്ന സമയത്ത് ശബരിമലയിലേക്കുള്ള റോഡുകളിൽ വലിയ തോതിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനു സാധ്യതയുണ്ട്

ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർഥാടനകാലം ആരംഭിക്കാൻ ഇനി രണ്ടാഴ്ച തികച്ചില്ല. നവംബർ 15നു വൈകിട്ട് ശബരിമല നട തുറക്കും. പിറ്റേന്ന്, വൃശ്ചികം ഒന്നു മുതൽ പുലർച്ചെ മൂന്നിനാണു നടതുറക്കുന്നത്. ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെയും ദർശനമുണ്ട്. ദിവസവും 18 മണിക്കൂർ ദർശന സമയം. ഡിസംബർ 26നു മണ്ഡലപൂജയും ജനുവരി 14നു മകരവിളക്കുമാണ്. ലക്ഷക്കണക്കിനാളുകൾക്കു സുഖദർശനം ഉറപ്പാക്കുക എന്നതാണു സർക്കാരിനും ദേവസ്വം ബോർഡിനും അതുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങൾക്കും ചെയ്യാനുള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന തീർഥാടക ലക്ഷങ്ങൾ സംതൃപ്തിയോടെ മടങ്ങുന്നുവെന്ന് ഉറപ്പിക്കാൻ നമുക്കു കഴിയണം. എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ടെന്നാണു സർക്കാർ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തിൽ അന്തിമ ഘട്ടം ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു. വിപുലമായ സൗകര്യങ്ങളും സേവനങ്ങളുമാണ് സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഒരുക്കുന്നതെന്നു ബന്ധപ്പെട്ടവർ അവകാശപ്പെടുന്നു. എന്തായാലും വനമേഖലയുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്യാൻ സർക്കാരിനു കഴിയുമെന്നു നമുക്കു പ്രതീക്ഷിക്കാം.

അയ്യപ്പഭക്തർക്ക് മതിയായ യാത്രാസൗകര്യം, വെള്ളം-ഭക്ഷണം, ചികിത്സാ സൗകര്യം, പൊലീസ്- അഗ്നിശമന സേന തുടങ്ങിയ കാര്യങ്ങളിൽ പോരായ്മകളും പാളിച്ചകളും സംഭവിക്കാതെ നോക്കേണ്ടതുണ്ട്. ശുചീകരണ- മാലിന്യ സംസ്കരണ പ്രവർത്തനങ്ങളും നൂറുശതമാനം കാര്യക്ഷമമാവണം. ഇതെല്ലാമായി ബന്ധപ്പെട്ട് ചെയ്തു തീർക്കേണ്ട ജോലികൾ പൂർത്തിയാക്കാൻ ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. അതിന്‍റെ ഗൗരവം ഇത്തരം ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഉണ്ടാകേണ്ടതുണ്ട്. അടിത്തട്ടിൽ വിശദമായ പരിശോധനകളും വിലയിരുത്തലുകളും നടക്കണം. പോരായ്മകൾ അവിടെ ചൂണ്ടിക്കാണിക്കപ്പെടുകയും ആവശ്യമായ തിരുത്തലുകൾ ഒട്ടും വൈകാതെ നടത്തുകയും വേണം. പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾ അടക്കം എല്ലാ പ്രവൃത്തികളും ഈ മാസം പത്തിനകം പൂർത്തീകരിക്കുമെന്നാണ് ദേവസ്വം മന്ത്രി വി.എന്‍. വാസവൻ കഴിഞ്ഞ ദിവസം അറിയിച്ചത്. അങ്ങനെയെങ്കിൽ അതു നല്ല കാര്യം തന്നെയാണ്.

തിരക്കു കൂടുന്ന സമയത്ത് ശബരിമലയിലേക്കുള്ള റോഡുകളിൽ വലിയ തോതിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനു സാധ്യതയുണ്ട്. മണിക്കൂറുകൾ റോഡിൽ കിടക്കേണ്ടിവരുന്ന അവസ്ഥ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കാൻ എന്തൊക്കെ ചെയ്യണമെന്ന് മുൻകൂട്ടി ആലോചിച്ചു തീരുമാനമെടുക്കണം. റോഡുകളും പാർക്കിങ് സൗകര്യവും എത്രയും മികച്ചതാവുന്നോ അത്രയും തീർഥാടനവും സുഗമമാവും. കഴിഞ്ഞ വർഷം തീർഥാടകരുടെ തിരക്കേറിയപ്പോൾ വിവിധ വകുപ്പുകളുടെ ആസൂത്രണത്തിലെ പാകപ്പിഴകളും വ്യക്തമായി. നിലയ്ക്കലിലെ പാർക്കിങ് മൈതാനം നിറയുകയും തീർഥാടകരെ ഇടത്താവളങ്ങളിൽ പൊലീസ് തടഞ്ഞുവയ്ക്കുകയും ചെയ്തു. കെഎസ്ആർടിസി അടക്കം വാഹനങ്ങൾ പലയിടത്തും മണിക്കൂറുകളോളം തടഞ്ഞിട്ടു. ഇങ്ങനെ കുടുങ്ങിപ്പോയ തീർഥാടകർക്കു ദാഹജലം പോലും ലഭിക്കാത്ത അവസ്ഥയുണ്ടായി. തിരക്കു നിയന്ത്രണാതീതമായതും തീർഥാടകർ വല്ലാതെ വലഞ്ഞതും വിവിധ സർക്കാർ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതു കൊണ്ടാണെന്നു പരക്കെ വിമർശനം ഉയർന്നതാണ്. തിരക്കു നിയന്ത്രിച്ച് തീർഥാടനം സുഗമമാക്കാനുള്ള കർശന നിർദേശങ്ങൾ ഹൈക്കോടതിയിൽ നിന്നുണ്ടായി. ഇതൊന്നും ഇത്തവണ മറന്നുകൂടാത്തതാണ്.

നിലയ്ക്കലിൽ പാർക്കിങ് സൗകര്യം വർധിപ്പിക്കുന്നത് ആശ്വാസകരമാണ്. കഴിഞ്ഞ തവണ 7,500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാക്കിയിട്ടും പ്രതിസന്ധി ഉടലെടുത്തിരുന്നു. ഇത്തവണ 10,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കുമെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്. എരുമേലിയിൽ ഹൗസിങ് ബോർഡിന്‍റെ കൈവശമുള്ള ആറരയേക്കർ സ്ഥലം പാർക്കിങ്ങിനായി വിനിയോഗിക്കുന്നതും തീർഥാടകർക്കു സഹായകരമാവും. നിലയ്ക്കലിലെ പാർക്കിങ് സ്ലോട്ടുകളിൽ പരമാവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഓരോ സ്ലോട്ടിലും പ്രത്യേകം സെക്യൂരിറ്റി ഉദ്യോഗസ്ഥനെ നിയോഗിക്കാൻ കഴിഞ്ഞ തവണ ഹൈക്കോടതിയുടെ നിർദേശം ഉണ്ടായതാണ്. ഇക്കാര്യത്തിൽ വീഴ്ചയുണ്ടാവാതെ നോക്കേണ്ടതുണ്ട്. ഷട്ടിൽ സർവീസിനായി ആവശ്യത്തിനു കെഎസ്ആർടിസി ബസുകളുണ്ടെന്നും ഉറപ്പാക്കണം. ഇടത്താവളങ്ങളിലെ പാർക്കിങ് സൗകര്യം മെച്ചപ്പെടുത്തേണ്ടതും അനിവാര്യമാണ്.

തീർഥാടകർ എത്തുന്ന എല്ലാ പ്രധാന സ്ഥലങ്ങളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുക, നല്ല ഭക്ഷണം ഉറപ്പുവരുത്തുക എന്നിവയിൽ പ്രത്യേക ശ്രദ്ധയുണ്ടാവണം. ജല അഥോറിറ്റിയും ഭക്ഷ്യസുരക്ഷാ വകുപ്പും ലീഗൽ മെട്രോളജി വകുപ്പും ഇതിനായി ഉണർന്നു പ്രവർത്തിക്കേണ്ടിവരും. അപ്പം, അരവണ വിതരണത്തിലും പ്രശ്നങ്ങളില്ലാതെ നോക്കേണ്ടതുണ്ട്. പൊലീസ് ഒരുക്കുന്ന സുരക്ഷാ സംവിധാനത്തിൽ ശബരിമലയിൽ ജോലി ചെയ്തു പരിചയമുള്ള ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിക്കേണ്ടതുണ്ട്. തീർഥാടനവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെ ആശുപത്രികളിൽ മരുന്നും മറ്റു സൗകര്യങ്ങളും ആവശ്യത്തിനുണ്ടെന്ന് ഉറപ്പാക്കേണ്ടതും അനിവാര്യം. ഇത്രയേറെ ആളുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നത് അധികൃതരെ സംബന്ധിച്ചിടത്തോളം വലിയ ഉത്തരവാദിത്വം തന്നെയാണ്. എന്നാൽ, ആ ഉത്തരവാദിത്വം വേണ്ടവിധം നിറവേറ്റിയില്ലെങ്കിൽ വലിയ ദുരിതമാണു തീർഥാടകർ നേരിടേണ്ടിവരുക. അതിന് ഇടവരുത്തരുത്.

3 ബാറ്റർമാർക്ക് പരുക്ക്; ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആശങ്ക ഏറുന്നു

ഡെപ്യൂട്ടി കലക്റ്റർക്കെതിരേ ബലാത്സംഗ‌ത്തിനു കേസ്

മാർഗനിർദേശം പാലിച്ച് തൃശൂർ പൂരം നടത്താനാവില്ലെന്ന് ദേവസ്വം

അർജന്‍റീനയ്ക്ക് തോൽവി, ബ്രസീലിനു സമനില

വായു മലിനീകരണം രൂക്ഷമായ ലോക നഗരങ്ങളിൽ ഡൽഹി രണ്ടാമത്; സ്കൂൾ ക്ലാസുകൾ ഓൺലൈനാക്കി | Video