ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ "സരസ്വതി സമ്മാൻ' ഒരു വ്യാഴവട്ടത്തിനു ശേഷം മലയാളത്തിലേക്കെത്തുന്നു എന്നത് കേരളീയർക്കെല്ലാം അഭിമാനിക്കാൻ വക നൽകുന്നതാണ്. കവി, ഗാനരചയിതാവ്, മാധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ പ്രഭാ വർമയുടെ "രൗദ്ര സാത്വികം' എന്ന കാവ്യാഖ്യായികയ്ക്കാണ് പഞ്ചലോഹ സരസ്വതി വിഗ്രഹവും 15 ലക്ഷം രൂപയുമടങ്ങിയ പുരസ്കാരം. അവാർഡ് നിർണയിച്ച സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് അർജുൻ കുമാർ സിക്രി അധ്യക്ഷനായ 13 അംഗ ജൂറിയിൽ മലയാളി അംഗങ്ങളാരുമില്ലായിരുന്നു എന്നത് എടുത്തുപറയണം. ബാലാമണിയമ്മയ്ക്കും ഡോ. കെ. അയ്യപ്പപ്പണിക്കർക്കും സുഗതകുമാരിക്കും ശേഷം സരസ്വതി സമ്മാൻ മലയാളത്തിലേക്ക് കൊണ്ടുവന്ന കവിയാണ് പ്രഭാ വർമ.
"വലിയ പുരസ്കാരം എനിക്ക് ലഭിച്ചു എന്നല്ല,മലയാള ഭാഷയ്ക്കും സാഹിത്യത്തിനും ലഭിച്ചു എന്നു പറയാനാണ് ആഗ്രഹിക്കുന്നതെ'ന്ന് പുരസ്കാര പ്രഖ്യാപനത്തിനു ശേഷം പ്രഭാവർമ മാധ്യമങ്ങളോട് പറയുകയുണ്ടായി. "നമ്മുടെ ഭാഷ ഒട്ടും പിന്നിലല്ല,മറ്റു പല ഭാഷകളെക്കാളും മുന്നിലാണ്; ഇംഗ്ലീഷിനെക്കാൾ ഒരുപിടി മുന്നിലാണ്. എന്നാൽ അർഹമായ അംഗീകാരം പലപ്പോഴും നമുക്ക് ലഭിക്കുന്നില്ല' എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുമ്പോൾ ഇംഗ്ലിഷിൽ ശ്രദ്ധേയമായ ഒരു നോവലുൾപ്പെടെ രചിച്ച ആളിന്‍റെ അഭിപ്രായമായി വിലയിരുത്തണം.
നീണ്ട ഇടവേളയ്ക്കു ശേഷമാണ് ചലച്ചിത്രഗാന രചനയ്ക്കുള്ള ദേശീയ അവാർഡും മലയാളത്തിന് പ്രഭാ വർമയിലൂടെ ലഭിച്ചത്. വയലാർ, ഒഎൻവി, യൂസഫലി കേച്ചേരി എന്നിവർക്കുശേഷം 2021ൽ ടി.കെ. രാജീവ് കുമാറിന്‍റെ "കോളാമ്പി' എന്ന ചിത്രത്തിലെ "ആരോടും പറയുക വയ്യ ആ രാവിൻ നിനവുകളെല്ലാം...' എന്ന ഗാനത്തിലൂടെ പ്രഭാ വർമ മലയാള സിനിമയ്ക്ക് അവാർഡ് നേടിക്കൊടുക്കുകയായിരുന്നു. ആർ. ശരത് സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ "സ്ഥിതി'യിലെ "ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ...' എന്ന നിത്യഹരിത പ്രണയഗാനത്തിന് ഈ പുരസ്കാരം അന്നേ കിട്ടേണ്ടതായിരുന്നു എന്ന് വിശ്വസിക്കുന്ന ഗാനാസ്വാദകർ ഏറെയാണ്.
മലയാളത്തിലെ മികച്ച എഴുത്തുകാരിൽ പലർക്കും സരസ്വതിസമ്മാൻ ഇതിനകം ലഭിക്കേണ്ടതായിരുന്നു എന്ന് അവരുടെ സാഹിത്യ സംഭാവനകൾ വിലയിരുത്തുമ്പോൾ വിശ്വസിച്ചുപോവും. അതുപോലെ, മലയാളത്തിലെ ഒന്നാം നിര ഗാനരചയിതാക്കളിൽ പലർക്കും ഇതുവരെയും ദേശീയ അവാർഡ് ലഭിക്കാത്തത് അവരുടെ മികച്ച ഗാനങ്ങൾ ഇല്ലാത്തതു കൊണ്ടല്ല. ഏറ്റവും മികച്ച പ്രതിഭകളിൽ ചിലർക്കെങ്കിലും മലയാളത്തിൽ എഴുതുന്നു എന്നതിന്‍റെ പേരിൽ അവഗണനയോ നിരാസമോ നേരിടേണ്ടിവരുന്നു എന്നത് യാഥാർഥ്യമാണ്. സാഹിത്യത്തിലുൾപ്പെടെയുള്ള അക്ഷരപൂജകളിൽ എക്കാലവും മിഴിവും മികവും പുലർത്തിയ മലയാളം അവഗണിക്കപ്പെടാൻ പാടില്ല. അങ്ങനെയുള്ള അവസരങ്ങളിൽ പ്രതിഭാവിലാസത്തിലൂടെ അംഗീകാരങ്ങൾ പിടിച്ചുപറ്റാൻ സാധിക്കണം. മലയാളി അംഗങ്ങളില്ലാതിരുന്ന ഒരു ജൂറിക്ക് നിരസിക്കാനാവാത്ത വിധം മികവ് തെളിയിച്ചു എന്നതാണ് ഇത്തവണ സരസ്വതി സമ്മാനം ലഭിച്ച പ്രഭാവർമയുടെ നേട്ടം.
ഈ പുരസ്കാരം ലഭിച്ച കാവ്യാഖ്യായികയുടെ പേര് "രൗദ്ര സാത്വികം'. രൗദ്രത്തിന്‍റെ വിരുദ്ധ പദമാണല്ലോ സാത്വികം. ജീവിതത്തിന്‍റെ വേറിട്ട കാലയളവുകളിൽ അനുഭവിക്കേണ്ടിവരുന്ന ഋതുമാറ്റങ്ങളെ ഹൃദ്യമായി ആവിഷ്കരിച്ച കൃതിയാണിത്. വ്യവസ്ഥിതിക്കെതിരായ അനിവാര്യ പോരാട്ടത്തിൽ മനുഷ്യത്വം ഉള്ളിലൂറിയപ്പോൾ ഒരുതെറ്റും ചെയ്യാത്ത ശിശുവിന്‍റെ പിടഞ്ഞുവീഴുന്ന ശരീരം കവിയായ വിപ്ലവകാരിക്ക് ആലോചിക്കാൻ പോലുമാവുന്നില്ല. നിഷ്കളങ്ക ശിശു അധികാരത്തിന്‍റെ സർവ ദുഷിപ്പിന്‍റെയും മടിത്തട്ടിലാണിരിക്കുന്നതെങ്കിലും ആ നിർമലതയെ കെടുത്തിക്കളയാൻ അയാൾക്കാവുന്നില്ല. മുള്‍പ്പിടര്‍പ്പില്‍ ബോംബുമായി ഒളിച്ചിരുന്ന കവി വണ്ടിയില്‍ വരുന്ന ചക്രവര്‍ത്തിക്കു നേരെ ബോംബെറിയാന്‍ കൈയുയര്‍ത്തിയെങ്കിലും ചക്രവര്‍ത്തിയുടെ മടിയില്‍ പുഞ്ചിരിയോടെ ഇരിക്കുന്ന കുഞ്ഞിനെക്കണ്ട് ആ ഘോരകൃത്യത്തില്‍ നിന്ന് പിന്തിരിയുന്നു. അതോടെ, അയാൾ അതുവരെ ഒപ്പമുണ്ടായിരുന്നവരുടെയും എതിരാളികളുടെയും വേട്ടയാടലിന് വിധേയമാവുകയാണ്. ധർമം എന്തെന്നറിഞ്ഞിട്ടും അത് ജീവിതത്തിൽ ആചരിക്കാൻ കഴിയാതെ പോവുന്നതിന്‍റെയും അധർമം വ്യക്തമായിട്ടും അതിൽനിന്ന് നിവൃത്തിയാകാൻ കഴിയാതിരിക്കുന്നതിന്‍റെയും ധർമസങ്കടം കടഞ്ഞുണ്ടാക്കിയ കൃതിയാണ് രൗദ്ര സാത്വികം. അത്തരമൊരു കൃതി ദേശീയതലത്തിൽ അംഗീകരിക്കപ്പെടുമ്പോൾ കാവ്യാസ്വാദകർക്ക് ആഹ്ലാദിക്കാം.
കേന്ദ്ര- കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ആശാൻ പ്രൈസ്, വയലാർ അവാർഡ്, വള്ളത്തോൾ അവാർഡ്, ഉള്ളൂർ അവാർഡ് , പത്മപ്രഭാ പുരസ്ക്കാരം തുടങ്ങി പ്രമുഖ പുരസ്കാരങ്ങളെല്ലാം ലഭിച്ച പ്രഭാ വർമ അർക്കപൂർണിമ, ശ്യാമമാധവം, കനൽച്ചിലമ്പ് എന്നിവയടക്കം 15ലേറെ കൃതികളുടെ കർത്താവാണ്. ഇപ്പോൾ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്. കേന്ദ്ര സാഹിത്യ അക്കാദമി എക്സി്സിക്യൂട്ടീവ് കമ്മറ്റിയംഗം. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്‍റ്, ദേശാഭിമാനി റസിഡന്‍റ് എഡിറ്റർ, കൈരളി- പീപ്പിൾ ടിവി ന്യൂസ് ഡയറക്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1996-2001ൽ ഇ.കെ. നായനാർ ഭരിച്ചപ്പോഴും ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായിരുന്നു.
പ്രഭാ വർമ എക്കാലവും "മെട്രൊ വാർത്ത'യുടെ ഉറ്റബന്ധുവാണ്. ഞങ്ങളുടെ വാർഷികപ്പതിപ്പുകളിൽ അദ്ദേഹത്തിന്‍റെ മികച്ച കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടൊരാളിന് ലഭിച്ച ഈ പുരസ്കാരമെന്ന നിലയിൽകൂടി ഇത്തവണത്തെ സരസ്വതി സമ്മാന് മധുരം കൂടുതലാണ്.
"ഒറ്റിക്കൊടുത്താലും എന്നെ എൻ സ്നേഹമേ' എന്ന ജനുവരിയിൽ പ്രസിദ്ധീകരിച്ച പ്രഭാ വർമയുടെ കവിതാ സമാഹാരം പ്രകാശിപ്പിച്ചത് കനിമൊഴി കരുണാനിധിയാണ്. ചിലപ്പതികാരത്തിലെ കണ്ണകിയെപ്പോലെ ഈ കാലഘട്ടത്തില്‍ സാമ്രാജ്യങ്ങളെ വീഴ്ത്താനുള്ള ശേഷി സാഹിത്യത്തിനുണ്ടെന്ന് ജനുവരിയിൽ നടന്ന ചടങ്ങിൽ കനിമൊഴി മലയാളികളെ ഓർമിപ്പിച്ചു. അക്ഷരം കോട്ട കെട്ടി സാഹിത്യവും സംസ്കാരവും ചേർന്നുനിന്ന് പടനയിച്ച് അധികാരം പിടിച്ചത് ഈ നാടിന് അന്യമല്ല. അതൊക്കെ മറന്ന്, മികവ് കാണാനാവാത്ത അന്ധ ധൃതരാഷ്‌ട്രർമാർ വത്സല പുരസ്കാര വിധികർത്താക്കളാവുമ്പോൾ കാലത്തിന് ചിലത് കരുതിവയ്ക്കാതിരിക്കാനാവില്ല. അവിടെ, നിരാസത്തിന്‍റെ നാളുകളിൽ തുണയാകേണ്ടത് സർഗസൗന്ദര്യത്തിന്‍റെ തിളക്കമാണ്.
"ഇത്രമേല്‍ തേജസ്സോടെ, ഇത്രയാനന്ദത്തോടെ
അസ്തമിച്ചിട്ടില്ലേതു സൂര്യനുമിന്നേവരെ...
ഇത്ര ശാന്തിയോടിത്രസൗന്ദര്യപൂരത്തോടെ
അസ്തമിക്കയില്ലേതു സൂര്യനുമൊരിക്കലും!'
ഈ വരികളെഴുതിയ പ്രതിഭയ്ക്ക് സരസ്വതീ പ്രസാദമായി സരസ്വതി സമ്മാൻ എത്തിയതിൽ സന്തോഷം. മലയാളിക്കഭിമാനമായ പ്രഭാ വർമയ്ക്ക് അനുമോദനം.