അസാധാരണ ദുരന്തങ്ങളിൽ നടുങ്ങുന്ന നാട്| മുഖപ്രസംഗം 
Editorial

അസാധാരണ ദുരന്തങ്ങളിൽ നടുങ്ങുന്ന നാട്| മുഖപ്രസംഗം

ഈ മഴക്കാലത്ത് നടുക്കുന്ന ദുരന്തങ്ങളാണ് ഒന്നിനു പിന്നാലെ ഒന്നായി മലയാളികളെ തേടിയെത്തുന്നത്. സംസ്ഥാനത്തു പലയിടത്തും കാലവർഷ ദുരന്തങ്ങൾക്കു സാക്ഷ്യം വഹിക്കുന്നതിനിടെയാണ് തിരുവനന്തപുരത്ത് മാലിന്യം നിറഞ്ഞ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളി ജോയിയെ ഒഴുക്കിൽപെട്ട് കാണാതാവുന്നത്. അസാധാരണമായ രക്ഷാപ്രവർത്തനമാണ് ആ ദിവസങ്ങളിൽ നാം നടത്തിയത്. കേരളം മുഴുവൻ ജോയിക്കായി പ്രാർഥനയോടെ കാത്തിരുന്ന മണിക്കൂറുകൾ. മാലിന്യം തിങ്ങിനിറഞ്ഞതിനാൽ തോട്ടിലെ ടണലിലേക്ക് ഇറങ്ങാൻ പോലും ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തകർ നന്നേ വിഷമിച്ചു. നഗരമധ്യത്തിലെ അഴുക്കുചാലിൽ അതീവ ദുഷ്കരമായി മുന്നോട്ടുനീങ്ങിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ മൂന്നാം ദിനമാണ് ജോയിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തുന്നത്.

ജോയി ഒരു വിങ്ങലായി മലയാളികളുടെ മനസിൽ തുടരുമ്പോൾ തന്നെയാണ് കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടിയുള്ള തെരച്ചിൽ ആരംഭിക്കുന്നത്. സാധ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തുന്നുവെന്ന് കർണാടക സർക്കാർ അവകാശപ്പെടുമ്പോഴും അർജുൻ എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ 13 ദിവസം കടന്നുപോയിക്കഴിഞ്ഞു. ഇന്നു കണ്ടെത്തും, നാളെ ഉറപ്പായും കണ്ടെത്തും എന്ന പ്രതീക്ഷയിൽ കേരളമാകെ അർജുനായി കാത്തിരുന്ന നാളുകളാണിത്. അതിനിടയിൽ ഡൽഹിയിൽ നിന്ന് മറ്റൊരു അസാധാരണ ദുരന്തവാർത്ത കൂടി മലയാളികൾ കേൾക്കേണ്ടിവന്നിരിക്കുകയാണ്. സിവിൽ സർവീസ് കോച്ചിങ് സെന്‍ററിന്‍റെ ബേസ്മെന്‍റിൽ വെള്ളം ഇരച്ചു കയറി ഒരു മലയാളിയടക്കം മൂന്നു വിദ്യാർഥികൾ മരിച്ച സംഭവമുണ്ടായത് ശനിയാഴ്ച. കനത്ത മഴയെത്തുടർന്ന് രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് സ്റ്റഡി സെന്‍ററിലേക്ക് ഓട നിറഞ്ഞ് ഇരച്ചുകയറിയ വെള്ളം ബേസ്മെന്‍റിലെ ലൈബ്രറി മുക്കുകയായിരുന്നു. ആ സമയത്ത് നിരവധി കുട്ടികൾ ലൈബ്രറിയിൽ ഉണ്ടായിരുന്നു എന്നാണു പറയുന്നത്. മൂന്നു പേരൊഴികെ ബാക്കി വിദ്യാർഥികൾ ഓടി രക്ഷപെട്ടു. ജെഎൻയുവിലെ ഗവേഷക വിദ്യാർഥിയായ മലയാളി നെവിൻ ഡാൽവിൻ, തെലങ്കാന സ്വദേശി ടാനിയ സോണി, ഉത്തർപ്രദേശ് സ്വദേശി ശ്രേയ യാദവ് എന്നിവരാണു മരിച്ചത്.

രാജ്യതലസ്ഥാന നഗരിയിലെ ഒരു ഐഎഎസ് കോച്ചിങ് സെന്‍ററിന്‍റെ സുരക്ഷിതത്വം ഇത്രയേ ഉള്ളൂ എന്നത് വളരെ ഗൗരവമായി പരിശോധിക്കപ്പെടേണ്ട വിഷയമാണ്. ഉന്നത വിദ്യാഭ്യാസം വലിയ ബിസിനസായി മാറിയപ്പോൾ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിരവധി കോച്ചിങ് സെന്‍ററുകളും ഉയർന്നു വന്നിട്ടുണ്ട്. അവയെല്ലാം വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന സംവിധാനങ്ങളുള്ളതാണെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരുകളും ഉറപ്പുവരുത്തേണ്ടതു തന്നെയാണ്. 150 വിദ്യാർഥികൾക്ക് ഇരിക്കാൻ കഴിയുന്ന ലൈബ്രറിയാണ് ഈ വിധം വെള്ളം കയറി മുങ്ങിപ്പോയത്!

സുരക്ഷിതമല്ലാത്ത നിർമാണ പ്രവർത്തനങ്ങളും സ്ഥാപനങ്ങളുടെ നിരുത്തരവാദിത്വവും നഗരാസൂത്രണത്തിലെ പാളിച്ചകളും ഇത്തരം ദുരന്തങ്ങൾക്കു കാരണമാവുന്നുവെന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ വീഴ്ചകളാണ് ദുരന്തത്തിനു കാരണമെന്ന് ബിജെപി കുറ്റപ്പെടുത്തുന്നുണ്ട്. ആം ആദ്മി പാർട്ടി അധികാരത്തിലെത്തുന്നതിനു മുൻപ് ഡൽഹിയിലെ തദ്ദേശ ഭരണം കൈയാളിയിരുന്ന ബിജെപിയാണ് ദുരന്തത്തിനു കാരണമെന്ന് എഎപിയും കുറ്റപ്പെടുത്തുന്നു. പരസ്പരമുള്ള ഈ കുറ്റപ്പെടുത്തലുകൾക്കപ്പുറം കോച്ചിങ് സെന്‍ററുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ എന്തെങ്കിലുമുണ്ടാവുമോയെന്നു കണ്ടറിയണം.

ലാഭം മാത്രം ലക്ഷ്യമാക്കി, ചട്ടങ്ങൾ ലംഘിച്ചു പ്രവർത്തിക്കുന്ന കോച്ചിങ് സെന്‍ററുകൾ കണ്ടെത്തി എത്രയും പെട്ടെന്ന് ആവശ്യമായ നടപടികൾ എടുക്കേണ്ടതുണ്ടെന്ന് ഈ ദുരന്തം എല്ലാവരെയും ഓർമിപ്പിക്കുന്നുണ്ട്. ഡ്രൈനേജ് സംവിധാനങ്ങളുടെ തകരാറുകൾക്ക് എന്തായാലും നഗരാസൂത്രണവുമായി ബന്ധപ്പെട്ടവർ ഉത്തരവാദികളാണ്.

ഷിരൂരിൽ അർജുൻ അടക്കം മൂന്നു പേരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ദയനീയമായി പരാജയപ്പെടുന്നത്. രക്ഷാപ്രവർത്തനം തുടക്കത്തിൽ വേണ്ടത്ര കാര്യക്ഷമമായിരുന്നില്ല എന്ന പരാതി വ്യാപകമായുണ്ട്. കേരളത്തിൽ ശക്തമായ പ്രതിഷേധവും ഇതിലുണ്ടായി. എംപിയും എംഎൽഎമാരും മന്ത്രിമാരും വിഷയത്തിൽ ഇടപെട്ടു. കർണാടക സർക്കാരിൽ കേരളം ചെലുത്തിയ സമ്മർദം തെരച്ചിൽ ഊർജിതമാക്കാൻ സഹായിച്ചു എന്നു പറയേണ്ടിവരും. കരയിലും ഗംഗാവലി പുഴയിലും നടത്തിയ തെരച്ചിലിന്‍റെ ഓരോ ദൃശ്യങ്ങളും കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ ജനങ്ങളിൽ എത്തിച്ചു. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി അവിടെയുണ്ടായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയും കർണാടക മന്ത്രിമാരും ദുരന്തസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനം വിലയിരുത്തി. കരസേനയും നാവിക സേനയും എൻഡിആർഎഫും മത്സ്യത്തൊഴിലാളികളും എല്ലാം സംഘങ്ങളായി തെരച്ചിലിനെത്തി.

പക്ഷേ, പ്രതികൂലമായ കാലാവസ്ഥയും പുഴയുടെ കുത്തൊഴുക്കും പ്രതിബന്ധങ്ങളായി. ഏറ്റവും അവസാനം മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ സ്വന്തം റിസ്കിൽ മണ്ണും ചെളിയും നിറഞ്ഞ നദിയുടെ ആഴത്തിൽ പരിശോധന നടത്തിയിട്ടും അർജുനെയോ അദ്ദേഹം ഓടിച്ചിരുന്ന ലോറിയോ കണ്ടെത്താനായില്ല. അർജനെ കണ്ടുകിട്ടാതെ തെരച്ചിൽ അവസാനിപ്പിക്കുന്നത് കേരളത്തിന് ഉൾക്കൊള്ളാനാവുന്നതല്ല. മല റോഡിലേക്കും പുഴയിലേക്കും ‍ഇടിഞ്ഞുവീണാണ് അർജുൻ ഉൾപ്പെടെയുള്ളവർ അതിനടിയിൽ പെടുകയോ കാണാതാവുകയോ ചെയ്ത ദുരന്തമുണ്ടായത്. കേരളത്തിലും മലകൾ വെട്ടിമുറിച്ചുള്ള റോഡുകൾ നിർമിക്കപ്പെടുന്നുണ്ട്. ഇത്തരം റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ടെന്ന് ഷിരൂർ ദുരന്തം ഓർമപ്പെടുത്തുന്നുണ്ട്.

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പും മീനെണ്ണയും!

ഫുഡ് ഡെലിവറി ചെയ്യാൻ വൈകി; ഉപഭോക്താവ് ചീത്ത പറഞ്ഞതിനെ തുടർന്ന് 19-കാരൻ ജീവനൊടുക്കി

സ്‌ഫോടന പരമ്പരയെ തുടർന്ന് ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ പേജറുകളും വാക്കി-ടോക്കികളും ലബനൻ നിരോധിച്ചു