കേരളം മുൾമുനയിലായിരുന്ന 37 മണിക്കൂറിനു ശേഷമാണ് തിരുവനന്തപുരം കഴക്കൂട്ടത്തുനിന്നു കാണാതായ അസം സ്വദേശിനിയായ പതിമൂന്നുകാരിയെ വിശാഖപട്ടണത്തുനിന്നു കണ്ടെത്തിയത്. കേരളത്തിലും തമിഴ്നാട്ടിലും കുട്ടിയെ പൊലീസ് തെരഞ്ഞുകൊണ്ടിരുന്ന ഓരോ നിമിഷവും മലയാളികൾ അവളെ കണ്ടുകിട്ടാനുള്ള പ്രാർഥനയിലായിരുന്നു. ഒടുവിൽ വിശാഖപട്ടണത്തെ മലയാളി അസോസിയേഷൻ പ്രവർത്തകരാണ് ഗുവഹാത്തിയിലേക്കു പോകുകയായിരുന്ന താംബരം എക്സ്പ്രസ് ട്രെയ്‌നിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. ബെർത്തിൽ ഉറങ്ങുകയായിരുന്ന അവൾ ഭക്ഷണം കഴിക്കാത്തതിനാൽ അവശയായിരുന്നെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് അറിഞ്ഞപ്പോൾ ആശ്വസിച്ചതു വീട്ടുകാർ മാത്രമല്ല, നാടു മുഴുവനാണ്. കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിൽ കേരളം കാണിച്ച ജാഗ്രത അഭിമാനകരമാണ്. കുട്ടിയുടെ രക്ഷിതാക്കൾ കേരളത്തോടു നന്ദി പറയുന്നതും അതുകൊണ്ടു തന്നെ.
ചൊവ്വാഴ്ച രാവിലെയാണ് കഴക്കൂട്ടത്തെ വീട്ടിൽ നിന്ന് മാതാപിതാക്കളോടു പിണങ്ങി തസ്മിദ് തംസും വീടുവിട്ടിറങ്ങുന്നത്. അനിയത്തിയുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചതായിരുന്നു കാരണമത്രേ. തിരുവനന്തപുരത്ത് ജോലിചെയ്യുന്ന അച്ഛനൊപ്പം താമസിക്കാൻ ഒരു മാസം മുൻപാണ് അമ്മയും മക്കളും കേരളത്തിൽ എത്തിയത്. കുട്ടിയെ കാണാതായതു മുതൽ പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു. ജനങ്ങളും മാധ്യമങ്ങളും ജാഗ്രതയോടെ പൊലീസിനൊപ്പം നിന്നു. അന്വേഷണം ഏതു വഴിയിൽ മുന്നേറണം എന്ന ആശയക്കുഴപ്പം തീർത്ത് കൃത്യമായ വഴി കാണിച്ചത് ബബിതയെന്ന വിദ്യാർഥിനിയാണ്. ചാനൽ വാർത്തകൾ കണ്ട് വിവരമറിഞ്ഞിരുന്ന ബബിത കന്യാകുമാരിക്കുള്ള ട്രെയ്‌നിൽ യാത്ര ചെയ്തിരുന്ന കുട്ടിയുടെ ചിത്രം പകർത്തി പൊലീസിന് അയച്ചുകൊടുക്കുകയായിരുന്നു. ട്രെയ്നിലിരുന്ന് തസ്മിദ് കരയുന്നതു കണ്ടപ്പോൾ സംശയം തോന്നി ചിത്രമെടുത്ത ബബിതയുടെ ജാഗ്രതയെ അഭിനന്ദിക്കേണ്ടതുണ്ട്. കുട്ടി ട്രെയ്നിൽ കന്യാകുമാരിക്കു പോയി എന്ന നിഗമനത്തിൽ കേരള, തമിഴ്നാട് പൊലീസും ആർപിഎഫും പിന്നീട് അന്വേഷണം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു. കന്യാകുമാരി റെയ്‌ൽവേ സ്റ്റേഷനിൽ കുട്ടി ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. അവിടെ നിന്ന് ചെന്നൈ എഗ്മോറിലേക്കുള്ള ട്രെയ്‌നിൽ കയറുന്ന ദൃശ്യങ്ങളും ലഭിച്ചതോടെ അന്വേഷണം വ്യാപിപ്പിച്ചു. മലയാളി അസോസിയേഷൻ അടക്കമുള്ളവരുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം.
താൻ അസമിലേക്കു പോവുകയായിരുന്നുവെന്നും അവിടെയെത്തി മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും കൂടെനിന്ന് പഠനം തുടരണമെന്നാണ് ആഗ്രഹമെന്നും തസ്മിദ് വിശാഖപട്ടണത്ത് മലയാളി അസോസിയേഷൻ പ്രവർത്തകരോടു പറയുകയുണ്ടായി. വീട്ടിൽ ഉപദ്രവം തുടർന്നതിനാലാണു വീടുവിട്ടിറങ്ങിയതെന്നും കുട്ടി പറയുന്നുണ്ട്. അതേസമയം കുട്ടിയെ മർദിച്ചിട്ടില്ലെന്ന് അമ്മയും പറയുന്നു. കുട്ടിയെ മാതാപിതാക്കൾക്കു വിട്ടുകൊടുക്കും മുൻപ് എന്താണു സംഭവിച്ചതെന്ന് പൊലീസ് അറിയേണ്ടതുണ്ട്. പഠിക്കാനുള്ള അവളുടെ താത്പര്യം ഏതു സാഹചര്യത്തിലായാലും തല്ലിക്കെടുത്താൻ പാടില്ലാത്തതാണ്. തസ്മിദിന്‍റെ കാര്യത്തിൽ മാത്രമല്ല ഇതു ബാധകമായിട്ടുള്ളത്. ഇതര സംസ്ഥാനക്കാരായ ആയിരക്കണക്കിനാളുകൾ കേരളത്തിൽ തൊഴിലെടുക്കുന്നുണ്ട്. അവരിൽ പലരുടെയും കുടുംബങ്ങളും കേരളത്തിലുണ്ട്. അവരുടെ കുട്ടികൾ എങ്ങനെ കഴിയുന്നുവെന്ന് അന്വേഷിക്കേണ്ടത് കേരളത്തിന്‍റെ ഉത്തരവാദിത്വമായി കാണണം. മുഴുവൻ കുട്ടികൾക്കും പഠിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കേണ്ടതുണ്ട്.
മോശപ്പെട്ട കുടുംബാന്തരീക്ഷം കുട്ടികളിൽ വലിയ തോതിലുള്ള മാനസിക സംഘർഷത്തിന് ഇടയാക്കിയേക്കാം. അങ്ങനെ വരുമ്പോൾ അത് അവരുടെ വളർച്ചയെയും ബാധിക്കും. പഠിക്കാൻ അവസരമില്ലാതെ വീട്ടുജോലികളും മറ്റും ചെയ്ത് ഭാവി നശിപ്പിക്കാൻ കുട്ടികൾ നിർബന്ധിക്കപ്പെടുന്ന സാഹചര്യം കേരളത്തിൽ എവിടെയുണ്ടെങ്കിലും അതു കണ്ടെത്തി തടയേണ്ടിയിരിക്കുന്നു. ഇതര സംസ്ഥാനക്കാർ കുടുംബമായി താമസിക്കുന്ന മുഴുവൻ സ്ഥലങ്ങളിലും ഇതു സംബന്ധിച്ച പരിശോധന ആവശ്യമാണ്. കേരളത്തിലുള്ള മുഴുവൻ കുട്ടികളുടെയും സുരക്ഷയിൽ പ്രത്യേക ജാഗ്രത നമുക്ക് ആവശ്യമാണ്. ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന വീടുകൾ സുരക്ഷിതമാണോ എന്നതടക്കം വിഷയങ്ങളുണ്ട്. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പരിധിയിലുള്ള കുടുംബങ്ങളുടെ കാര്യം അതതു സ്ഥാപനങ്ങൾ പരിശോധിക്കേണ്ടതാണ്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഏറി വരുന്ന കാലമാണിത്. തട്ടിക്കൊണ്ടുപോകാൻ അവസരം നോക്കിയിരിക്കുന്ന മാഫിയകളുടെ പിടിയിലും അവർ അകപ്പെടാതെ നോക്കേണ്ടതുണ്ട്. തസ്മിദിനെ സുരക്ഷിതയായി തിരിച്ചെത്തിക്കുന്നതിൽ ആശ്വസിക്കുമ്പോൾ തന്നെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുള്ള കരുതലും ഉണ്ടാവണം.