സ്‌കൂൾ കായികമേളയുടെ ഫലശ്രുതി|മുഖപ്രസംഗം 
Editorial

സ്‌കൂൾ കായികമേളയുടെ ഫലശ്രുതി|മുഖപ്രസംഗം

കേരളത്തിന്‍റെ ആവേശക്കുതിപ്പായ സംസ്ഥാന സ്‌കൂൾ കായികമേളയിൽ 1,935 പോയിന്‍റുമായി തിരുവനന്തപുരം ഓവറോൾ ചാംപ്യന്മാരായി

പുതിയ വേഗവും പുതിയ ഉയരവും കണ്ടെത്തിയ കൗമാര കേരളത്തിന്‍റെ ആവേശക്കുതിപ്പായ സംസ്ഥാന സ്‌കൂൾ കായികമേളയിൽ 1,935 പോയിന്‍റുമായി തിരുവനന്തപുരം ഓവറോൾ ചാംപ്യന്മാരായി. 848 പോയിന്‍റ് നേടി തൃശൂർ രണ്ടാം സ്‌ഥാനത്തും 824 പോയിന്‍റുമായി മലപ്പുറം മൂന്നാം സ്‌ഥാനത്തുമെത്തി. 227 സ്വർണവും 150 വെള്ളിയും 164 വെങ്കലവും നേടിയാണ് തിരുവനന്തപുരം ഓവറോൾ ചാംപ്യൻഷിപ്പ് നേടിയത്.

അത്‌ലറ്റിക്‌സിൽ 22 സ്വർണവും 32 വെള്ളിയും 24 വെങ്കലവും നേടി മലപ്പുറം കിരീടം ചൂടിയപ്പോൾ അത് പുതുചരിത്രമായി . ട്രാക്കിലും ഫീൽഡിലും ഒരുപോലെ ആധിപത്യമുറപ്പിച്ച് മലപ്പുറം കേരളത്തിന്‍റെ കൗമാര കായിക കിരീടം സ്വന്തമാക്കിയത് 247 പോയിന്‍റോടെയാണ്. തുടർച്ചയായ നാലാംകിരീടം ലക്ഷ്യമിട്ട്‌ എത്തിയ പാലക്കാട്‌ 25 സ്വർണവും 13 വെള്ളിയും 18 വെങ്കലവും അടക്കം 213 പോയിന്‍റ് നേടി രണ്ടാം സ്ഥാനത്തൊതുങ്ങേണ്ടിവന്നു. തുടർച്ചയായി മൂന്നാംതവണയും മികച്ച സ്‌കൂളിനുള്ള കിരീടം മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്‌എസ്‌എസ്‌ ചൂടി. 8 സ്വർണവും 11 വെള്ളിയും 7 വെങ്കലവുമടക്കം 80 പോയിന്‍റോടെയാണ്‌ ഐഡിയലിന്‍റെ നേട്ടം.

സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 3 പേരാണ് വ്യക്തിഗത ചാമ്പ്യന്മാരായത്. 2 മീറ്റ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയ മലപ്പുറം കെകെഎം എച്ച്എസ്എസ് ചീക്കോടിലെ എം.പി. മുഹമ്മദ് അമീന്‍, കാസര്‍കോട് കുട്ടമത്ത് ജിഎച്ച്എസ്എസിലെ കെ.സി. സര്‍വന്‍, സ്പ്രിന്‍റിൽ ഡബിള്‍ നേടിയ തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ മുഹമ്മദ് അഷ്‌ഫാഖ് എന്നിവരാണ് വ്യക്തിഗത ചാംപ്യന്മാര്‍. മൂന്നുപേരും 10 പോയിന്‍റ് നേടി തുല്യത പാലിച്ചപ്പോഴാണ് വ്യക്തിഗത ചാംപ്യൻ പട്ടത്തിന് മൂന്നുപേർ അർഹരായത്. വിട്ടുകൊടുക്കാതെ വീറോടെ പോരാടി മൂന്നുപേരും നേട്ടം സ്വന്തമാക്കുകയായിരുന്നു. ആ മികവ് ഇവരെക്കൊണ്ട് നിലനിർത്താനും പുതിയ നേട്ടങ്ങൾക്കായി അവരെ പ്രാപ്തരാക്കാനും കായിക കേരളത്തിന് സാധിക്കണം.

ഇത്തവണത്തെ സംസ്ഥാന സ്കൂൾ മീറ്റിൽ 9 റെക്കോർഡുകൾ പിറന്നു. ഓരോ മേളയിലും പുതിയ കുതിപ്പുകൾ റെക്കോർഡിന്‍റെ രൂപത്തിലെത്തുമ്പോൾ അത് മികവായി വിലയിരുത്തപ്പെടും. പ്രത്യേകിച്ചും സംസ്ഥാനം സംഭാവന ചെയ്‌ത പ്രമുഖ താരങ്ങളുടെയെല്ലാം നഴ്‌സറിയായിരുന്നു ആറര പതിറ്റാണ്ട് പിന്നിട്ട ഈ കായികമേള. അങ്ങനെ നോക്കുമ്പോൾ തീർച്ചയായും കൊച്ചിയിൽ കഴിഞ്ഞ ദിവസം സമാപിച്ച മേള വിജയമാണ്.

സ്‌കൂള്‍ തലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയ താരങ്ങള്‍ കായിക രംഗത്തു തന്നെ അപ്രത്യക്ഷമായതായി മുഖ്യമന്ത്രി പിണറാ‍യി വിജയൻ സംസ്ഥാന കായിക മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ ചൂണ്ടിക്കാട്ടി. കായിക രംഗത്തെ പ്രകടനങ്ങള്‍ പലര്‍ക്കും മാര്‍ക്കും ഗ്രേസ് മാര്‍ക്കും നേടാനുള്ള ഉപാധിയായി മാറി. ഇതെല്ലാം നമ്മുടെ കായിക മുന്നേറ്റത്തിന് തടസമായി. കേരളത്തിന് നഷ്ടപ്പെട്ട ആ കായിക പ്രൗഢി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. സ്‌പോര്‍ട്‌സും സ്‌കൂള്‍ സിലബസും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാനായി എസ്‌സിആര്‍ടിയുടെ നേതൃത്വത്തില്‍ കേരള സ്‌പോര്‍ട്‌സ് സ്‌കൂള്‍ പാഠ്യപദ്ധതി രൂപീകരണ പ്രവര്‍ത്തനങ്ങള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

ഒളിംപിക്സ് മാതൃകയിൽ കായിക മേള സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അവകാശപ്പെട്ടു. കായിക താരങ്ങളുടെ എണ്ണം വെച്ച് നോക്കുമ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ കായിക മേളയായി ഇതിനെ പരിഗണിക്കാം. ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കാനുള്ള കേരളത്തിന്‍റെ ശ്രമത്തിന് ഇൻക്ലൂസീവ്സ് സ്പോർട്സ് കരുത്താവും. കേരളത്തിന് നഷ്ടപ്പെട്ട കായിക പ്രൗഡി തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.

ഓവറോൾ ജേതാക്കൾക്കുള്ള മുഖ്യമന്ത്രിയുടെ എവർറോളിങ്‌ ട്രോഫി പിണറായി വിജയൻ സമ്മാനിച്ചു. സമാപനച്ചടങ്ങിൽ മികച്ച സ്‌കൂൾ പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി സ്‌പോർട്‌സ്‌ സ്‌കൂളിനെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധമുയർന്നതോടെ മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ട സ്കൂൾ കായിക മേളയുടെ സമാപനം അവതാളത്തിൽ അവസാനിച്ചു. അതിനു ചുക്കാൻ പിടിച്ചവർ ആരൊക്കെയായാലും മാപ്പർഹിക്കുന്നില്ല. സ്കൂളുകൾക്ക് പോയിന്‍റ് ഇടുന്നതും സമ്മാനം നൽകുന്നത‌ും എങ്ങനെയെന്ന് മുൻകൂട്ടി തീരുമാനിച്ച് മേള തുടങ്ങുംമുമ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നു. അവസാന നിമിഷം കുളം കലക്കലല്ല വേണ്ടത്. ഒളിംപിക്സ് മാതൃക ഇതല്ലെന്ന് അധികൃതർ ഓർക്കണം.

പോയിന്‍റ് നിലയിൽ മുന്നിലെത്തി‍യ സ്കൂൾ അധ്യാപകരുടെയും ഭാഗത്തു നിന്ന് മാതൃകാരപരമായ പെരുമാറ്റമല്ല ഉണ്ടായതെന്ന് ഖേദപൂർവം ഓർമിപ്പിക്കട്ടെ. പരാതികൾ പരിശോധിക്കാമെന്നു പറഞ്ഞിട്ടും പ്രശ്നംസൃഷ്ടിച്ചുവെന്നാണ് മന്ത്രി വി. ശിവൻകുട്ടി ഇന്നലെയും കുറ്റപ്പെടുത്തിയത്. ഒരു പ്രശ്നമുണ്ടായാൽ അത് സമചിത്തതയോടെ അധികൃതരുടെ മുന്നിൽ അവതരിപ്പിക്കുകയാണ് അധ്യാപകർ ചെയ്യേണ്ടത്. അതിനു പകരം വിദ്യാർഥികളായ കായിക കാരങ്ങളെ ഇളക്കിവിട്ട അധ്യാപകരുടെ ചെയ്തികൾ അപലപനീയമാണ്. തെറ്റ് സംഭവിച്ചാൽ അത് ചോദ്യം ചെയ്യാൻ വ്യവസ്ഥാപിത മാർഗങ്ങളുള്ളപ്പോൾ അതാണ് ഉപയോഗിക്കേണ്ടത്.

കാൽലക്ഷത്തോളം താരങ്ങളിൽ വിജയം വരിച്ച എല്ലാവർക്കും അനുമോദനം. തോറ്റവർ നിരാശരാവാതെ അടുത്ത മത്സരത്തിന് ഇപ്പോഴേ തയ്യാറെടുക്കുക. അതാണ് യഥാർഥ സ്പോർട്സ്മാൻ സ്പിരിറ്റ്. ഇല്ലായ്മകളോട് പടവെട്ടി സ്വർണത്തിൽ മുത്തമിട്ട താരങ്ങൾ ഈ കായിക മേളയിൽ ഏറെയുണ്ട്. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഈ മേളയിലെ മികച്ച പ്രകടനങ്ങൾ കായിക മേഖലയിൽ നിന്ന് അപ്രത്യക്ഷമാവാതിരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണം. അത് ഉറപ്പുവരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാവണം. അതാകട്ടെ ഈ മേളയുടെ ഫലശ്രുതി.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും