തെലങ്കാനയിൽ നാലു വയസുകാരന്റെ ജീവനെടുത്ത തെരുവു നായ്ക്കളുടെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആരെയും നടുക്കുന്നതാണ്. അച്ഛൻ സുരക്ഷാ ജീവനക്കാരനായി ജോലിചെയ്യുന്ന സ്ഥാപനത്തിന്റെ മുന്നിൽ കളിക്കുന്നതിനിടെയാണു കുട്ടിയെ നായകൾ ആക്രമിക്കുന്നത്. ഓടിരക്ഷപെടാനുള്ള കുട്ടിയുടെ ശ്രമം വിജയിക്കുന്നില്ല. ആക്രമണത്തിൽ കുട്ടി പല തവണ നിലത്തുവീഴുന്നതും നായകൾ കടിച്ചുകീറുന്നതും വലിച്ചിഴയ്ക്കുന്നതുമെല്ലാം എത്രയോ ഭീതിജനകമാണ്. തെരുവുനായകൾ എന്തുമാത്രം അപകടകാരികളാവാമെന്നു കാണിക്കുന്നുണ്ട് ഈ ദൃശ്യങ്ങൾ. ഗുജറാത്തിലെ സൂററ്റിനു സമീപം കറേലി ഗ്രാമത്തിൽ മറ്റൊരു നാലു വയസുകാരനെ തെരുവു നായകൾ കടിച്ചുകീറി കൊന്നത് രണ്ടാഴ്ച മുൻപാണ്. രണ്ടു വയസു മാത്രമുള്ള പെൺകുട്ടിയെ തെരുവു നായകൾ കടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച വാർത്ത രണ്ടു ദിവസം മുൻപ് റിപ്പോർട്ട് ചെയ്തതും സൂററ്റിൽ നിന്നാണ്.
ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ കേരളത്തിലുള്ളവരുടെ മനസിലും തീ പടരുകയാണ്. സമീപകാലത്ത് തെരുവുനായ ശല്യം ഏറ്റവും രൂക്ഷമായ വിധത്തിൽ അനുഭവിച്ചവരാണല്ലോ നമ്മളും. ഇപ്പോഴും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തെരുവുനായ ശല്യം സംബന്ധിച്ച റിപ്പോർട്ടുകൾ വരുന്നുണ്ട് എന്നത് അവഗണിച്ചു കൂടാത്തതാണ്. കേരളത്തിൽ സമീപകാലത്ത് തെരുവു നായകളുടെ കടിയേൽക്കുന്നവരുടെ എണ്ണം രണ്ടും മൂന്നും ഇരട്ടിയായി വർധിച്ചിരുന്നു. കഴിഞ്ഞ വർഷം ഇരുപതിലേറെ പേരാണു സംസ്ഥാനത്ത് തെരുവു നായകളുടെ കടിയേറ്റു മരിച്ചത്. 2021ൽ പതിനൊന്നും 2020ൽ അഞ്ചും 2019ൽ എട്ടും 2018ൽ ഒമ്പതും പേർ മരിച്ചുവെന്നും കണക്കുകളിലുണ്ട്.
തെരുവുകൾ കീഴടക്കിയ നായക്കൂട്ടങ്ങളുടെ കടിയേൽക്കുന്നവർ ആയിരക്കണക്കിനാണ്. കഴിഞ്ഞ വർഷം കേരളത്തിൽ പതിനായിരത്തിലേറെ പേർക്ക് നായകളുടെ ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. പ്രഭാത സവാരിക്ക് ഇറങ്ങുന്നവരെയും ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെയുമെല്ലാം തെരുവുനായ ആക്രമിക്കുന്ന സംഭവങ്ങൾ നിരവധിയായി റിപ്പോർട്ട് ചെയ്യപ്പെട്ടു. എറണാകുളം ജില്ലയിലെ കാലടി മറ്റൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽകയറി തെരുവുനായ കടിച്ചത് ഏതാനും ദിവസം മുൻപാണ്. രാവിലെ വീടിന്റെ സിറ്റൗട്ടിലേക്കു വരുമ്പോൾ നായ കുരച്ചു ചാടി ആക്രമിക്കുകയായിരുന്നുവത്രേ. ഭയന്ന് അകത്തുകയറിയ കുട്ടിക്കു പിന്നാലെ നായയും കയറി. കുട്ടിയുടെ കൈവിരലിനു സാരമായി പരുക്കേറ്റു. ഈ ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നു നാട്ടുകാർ പറയുന്നുണ്ട്. പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ശ്രദ്ധയിൽ ഇതു പെട്ടിട്ടുണ്ടാകുമെന്നു കരുതാം.
ഇടുക്കി കട്ടപ്പന മേഖലയിൽ അടുത്തകാലത്ത് നിരവധി പേരെ തെരുവുനായകൾ ആക്രമിക്കുകയുണ്ടായി. വീട്ടമ്മയെ അടുക്കളയിൽ കയറി ആക്രമിച്ചതും ഇതിലുൾപ്പെടുന്നുണ്ട്. കൊല്ലം ജില്ലയിലെ ചവറ ഭാഗത്തും നിരവധി പേർക്ക് അടുത്തിടെ തെരുവു നായകളുടെ കടിയേറ്റു. ആലപ്പുഴ ജില്ലയിലെ നൂറനാട്, തുറവൂർ ഭാഗങ്ങളിലും സമീപകാലത്തു നിരവധി പേർക്കു നായകളുടെ കടിയേറ്റ സംഭവങ്ങളുണ്ടായി. വളാഞ്ചേരി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലായി നിരവധി പേർക്കാണ് അടുത്തിടെ തെരുവു നായകളുടെ കടിയേറ്റത്. ഇങ്ങനെ ഓരോ സ്ഥലവും എടുത്തുനോക്കിയാൽ വലിയ തോതിലുള്ള ഭീഷണി കേരളത്തിൽ ഇപ്പോഴും നിലനിൽക്കുന്നതായി കാണാം.
നായ ശല്യം പരിഹരിക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു പ്രധാന പങ്കു വഹിക്കാനാവും. കഴിഞ്ഞ വർഷം നാടൊട്ടുക്കും ഭീതി ഉയർന്നപ്പോൾ സ്വീകരിച്ച പരിഹാര നടപടികൾ പലയിടത്തും പെട്ടെന്നു നിലച്ചുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് തെരുവു നായകളുടെ താവളങ്ങൾ സൃഷ്ടിക്കുന്നതിനു കാരണമാവുന്നു. അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ അവയുടെ സുഖജീവിതം ഉറപ്പിക്കുകയാണ്. പല തെരുവുകളും രാത്രികാലങ്ങളിൽ നായകളുടെ നിയന്ത്രണത്തിലാവുന്നു. ഇവയെ പേടിച്ച് രാത്രി നാട്ടുകാർക്കു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ടാവുന്നു. ഇരുചക്ര വാഹനങ്ങൾക്കു നേരേ ഇവ പാഞ്ഞടുക്കുന്നതു മൂലം അപകടങ്ങളും സംഭവിക്കുന്നു.
നായക്കൂട്ടങ്ങൾ ഉയർത്തുന്ന ഭീഷണി സംബന്ധിച്ച് അറിയിച്ചാലും തദ്ദേശ സ്ഥാപനങ്ങൾ അതു വേണ്ടത്ര ഗൗരവത്തിൽ എടുക്കുന്നില്ലെന്നു പരാതി ഉയരുന്നതു പതിവാണ്. തെരുവുനായ നിയന്ത്രണം ലക്ഷ്യത്തിലെത്താൻ എന്തൊക്കെയാണു ചെയ്യേണ്ടതെന്ന ആലോചനകൾ സർക്കാർ തലത്തിലും ഉണ്ടാകണം. തെരുവു നായ്ക്കളുടെ നാടായി കേരളം അറിയപ്പെടാതിരിക്കാനുള്ള നടപടികൾക്കു തുടർച്ച ആവശ്യമാണ്. നായകൾ ആരുടെയെങ്കിലും ജീവനെടുക്കുമ്പോൾ മാത്രം ചർച്ച ചെയ്യേണ്ടതല്ല ഈ വിഷയം.