ഇന്ത്യയും അമെരിക്കയും തമ്മിലുള്ള ബന്ധങ്ങൾക്കു കൂടുതൽ ഊർജവും കരുത്തും പകരുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം. മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ നടന്ന ഉഭയകക്ഷി ചർച്ചകൾ വളരെയേറെ ഫലപ്രദമായിരുന്നുവെന്ന് ഇരു രാജ്യങ്ങളുടെയും പ്രതികരണങ്ങളിൽ നിന്നു വ്യക്തമാണ്. ഭീകരപ്രവർത്തനം അടക്കം ആഗോള സമൂഹം നേരിടുന്ന വെല്ലുവിളികൾ ഇരു നേതാക്കളും ചർച്ച ചെയ്തു. പരസ്പര സഹകരണത്തിലൂടെ ഇന്ത്യയും യുഎസും വളരാനുള്ള സാധ്യതകൾ ചർച്ചാ വിഷയമായി. പ്രതിരോധ മേഖലയിൽ തന്ത്രപ്രധാനമായ ധാരണകളും ഉണ്ടായിട്ടുണ്ട്. വൈറ്റ് ഹൗസിൽ മോദിക്കു ലഭിച്ച സ്വീകരണം അതിഗംഭീരമായിരുന്നു. രണ്ടാം തവണയും അമെരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറുകയും ചെയ്തു. പുതിയ കാലത്ത് ഇന്ത്യയ്ക്ക് യുഎസ് എന്തുമാത്രം പ്രാധാന്യം നൽകുന്നുണ്ടെന്ന് ഇതിൽ നിന്നു വ്യക്തമാണ്.
യുഎസ് പാർലമെന്റ് അംഗങ്ങളോടു സംസാരിക്കുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ പ്രസക്തിയാണു മോദി ഉയർത്തിപ്പിടിച്ചത്. ലോകത്തെ പ്രമുഖ ശക്തിയായി വളരുന്ന ഇന്ത്യയുടെ മുന്നേറ്റത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഭീകരപ്രവർത്തനത്തിനെതിരായ പോരാട്ടത്തിന്റെ അനിവാര്യത ഇവിടെയും ഇന്ത്യൻ പ്രധാനമന്ത്രി എടുത്തുകാണിച്ചു. ഭീകര പ്രവർത്തനത്തെ സ്പോൺസർ ചെയ്യുന്നവരും പിന്തുണയ്ക്കുന്നവരും സമൂഹത്തിന്റെ സുരക്ഷയ്ക്കു ഭീഷണി ഉയർത്തുന്നതായി മോദി പറഞ്ഞു. ഇത്തരക്കാരെ ശക്തമായി നേരിടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. യുഎസ് കോൺഗ്രസ് അംഗങ്ങൾ മോദിയുടെ വാക്കുകൾ അതീവ താത്പര്യത്തോടെയാണു സ്വീകരിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സൗഹൃദത്തിന്റെ പുതിയൊരു ഘട്ടമാണ് മോദിയുടെ ഈ "സ്റ്റേറ്റ് വിസിറ്റി'ലൂടെ ആരംഭിക്കുന്നതെന്നു നിസംശയം പറയാം. പ്രധാനമന്ത്രിയായ ശേഷം പലതവണ അമെരിക്ക സന്ദർശിച്ചിട്ടുണ്ട് മോദി. അന്നൊക്കെ ഗംഭീര സ്വീകരണവും ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇക്കുറി പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം. അതിനാൽ "സ്റ്റേറ്റ് വിസിറ്റ്' എന്ന് ഇത് അറിയപ്പെടുന്നു. ആധുനിക സാങ്കേതിക വിദ്യകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മോദി-ബൈഡൻ കൂടിക്കാഴ്ചയിൽ വിഷയമായി. പ്രതിരോധവും ബഹിരാകാശവും ഊർജവും അടക്കമുള്ള മേഖലകളിൽ സാങ്കേതിക വിദ്യാ സഹകരണം വർധിപ്പിക്കുകയാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. സാങ്കേതിക വിദ്യാ കൈമാറ്റം, സേവനം, ഒന്നിച്ചുള്ള ഗവേഷണം തുടങ്ങിയവ വ്യാപിപ്പിക്കും. 5ജി, 6ജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കംപ്യൂട്ടിങ്, ബഹിരാകാശ ഗവേഷണം, ബയോടെക്നോളജി, മൈക്രോചിപ്പ് തുടങ്ങിയവയിൽ സഹകരണമുണ്ടാവും.
മോദിയുടെ സന്ദർശനത്തിനിടെ, പ്രതിരോധ മേഖലയിലെ സഹകരണം സംബന്ധിച്ചുണ്ടായ ധാരണകൾ പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ ശേഷി വർധിപ്പിക്കാൻ ഉതകുന്നതാണ്. അതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം എത്രമാത്രം വളർന്നു എന്നും ഇതു കാണിക്കുന്നുണ്ട്. ഇന്ത്യൻ വ്യോമസേനയ്ക്കു വേണ്ടി ഫൈറ്റർ ജെറ്റ് എന്ജിനുകൾ സംയുക്തമായി ഇന്ത്യയിൽ നിർമിക്കാൻ യുഎസ് ഭീമൻമാരായ ജനറൽ ഇലക്ട്രിക് എയ്റോസ്പെയ്സും (ജിഇ) ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) തമ്മിലുണ്ടാക്കിയ ധാരണാപത്രമാണ് ഇതിലൊന്ന്. ഇന്ത്യൻ പ്രതിരോധ മേഖലയിലെ നാഴികക്കല്ലായാണ് ഈ ധാരണാപത്രത്തെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്.
ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങൾക്കാണ് ഈ ഫൈറ്റർ ജെറ്റ് എന്ജിനുകൾ ഉപയോഗിക്കുക. ജെറ്റ് എന്ജിൻ നിർമാണ സാങ്കേതിക വിദ്യ ഇന്ത്യയ്ക്കു കൈമാറാൻ ജിഇ തയാറാവുകയാണ്. ജെറ്റ് എന്ജിൻ സാങ്കേതിക വിദ്യയിൽ സ്വാശ്രയത്വം കൈവരിക്കാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്ക് ഇതു വലിയ തോതിൽ ആവേശം പകരും. ഇന്ത്യൻ നാവിക സേനയ്ക്കും വ്യോമസേനയ്ക്കും കരസേനയ്ക്കുമായി 31 യുഎസ് നിർമിത സായുധ ഡ്രോണുകൾ വാങ്ങാനുള്ള ധാരണയാണ് മറ്റൊരു നിർണായക ചുവട്. മൂന്നു ബില്യൺ ഡോളറിന്റെ ഇടപാടാണിത്. അതിർത്തി നിരീക്ഷണത്തിൽ ഇതു സുപ്രധാന മുന്നേറ്റത്തിനു വഴിയൊരുക്കും.
കംപ്യൂട്ടർ സ്റ്റോറെജ് ചിപ്മേക്കർമാരായ മൈക്രോൺ ഗുജറാത്തിൽ സെമികണ്ടക്റ്റർ പ്ലാന്റ് തുടങ്ങുന്നതിനുള്ള പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിനിടെയാണുണ്ടായത്. സെമി കണ്ടക്റ്റർ ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് ഇത് ഊർജം പകരും. 825 മില്യൺ ഡോളറാണ് ഗുജറാത്തിൽ അവർ നിക്ഷേപിക്കുന്നത്. സെമികണ്ടക്റ്റർ മേഖലയിലുള്ള യുഎസ് കമ്പനികളായ അപ്ലൈഡ് മെറ്റീരിയൽസ്, ലാം റിസർച്ച് തുടങ്ങിയവയും ഇന്ത്യയിൽ വൻ തോതിൽ മുതൽമുടക്കാൻ സന്നദ്ധരാവുകയാണ്. ഈ കമ്പനികളുടെ ഇന്ത്യയിലെ നിക്ഷേപം 80,000 പുതിയ തൊഴിലവസരങ്ങളുണ്ടാക്കുമെന്നാണു സർക്കാർ അവകാശപ്പെടുന്നത്. സെമികണ്ടക്റ്റർ വ്യവസായ മേഖലയിൽ രാജ്യത്തിന്റെ നിർണായക കുതിപ്പിന് മോദിയുടെ യുഎസ് സന്ദർശനം വഴിയൊരുക്കുമെന്നു കരുതാം.