മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് താനൂർ ഒട്ടുംപുറത്തുണ്ടായ ബോട്ട് അപകടം. മനുഷ്യ ജീവനു വില കൽപ്പിക്കാത്ത സംവിധാനങ്ങൾ വരുത്തിവച്ച ദുരന്തമായി വേണം ഇതിനെ കാണാൻ. യാതൊരു സുരക്ഷയും ഒരുക്കാതെ, ചട്ടങ്ങൾ കാറ്റിൽപ്പറത്തി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ നടന്നുവന്ന ടൂറിസം ബോട്ട് സർവീസ് അറിയേണ്ടവർ എല്ലാമറിഞ്ഞിട്ടും തടയപ്പെട്ടില്ല എന്നതാണ് അതീവ ഗൗരവമർഹിക്കുന്നത്. ഈ നാട്ടിൽ അനധികൃതമായി എന്തും നടക്കുമെന്നതിന് പ്രത്യക്ഷ ഉദാഹരണമാണ് ബന്ധപ്പെട്ട വകുപ്പുകളും അധികൃതരും എല്ലാം കണ്ണടച്ചിരിക്കെ ഈ വിനോദയാത്രാ ബോട്ട് ആളുകളെ കുത്തിനിറച്ച് സർവീസ് നടത്തിക്കൊണ്ടിരുന്നു എന്നത്. ബോട്ടുടമ മാത്രമല്ല ഈ ദുരന്തത്തിന് ഉത്തരവാദി. വിനോദ സഞ്ചാരത്തിന്റെ പേരും പറഞ്ഞ് നടത്തിവന്ന സർവീസ് കണ്ടില്ലെന്നു നടിച്ച മുഴുവൻ അധികാരികളുമാണ്. നരഹത്യയ്ക്കു ബോട്ടൊരുക്കിയ അവരെല്ലാം ഈ നാടിനോടു ചെയ്തത് പൊറുക്കാനാവാത്ത അപരാധം. സുരക്ഷയില്ലെന്ന പരാതിയെത്തുടർന്ന് നിർത്തിവയ്പ്പിച്ച സർവീസ് പിറ്റേന്നു തന്നെ വീണ്ടും ആരംഭിക്കാൻ ഉടമയ്ക്കു കഴിഞ്ഞെന്ന് നാട്ടുകാർ പറയുന്നുണ്ട്. എന്തു സുരക്ഷ, ഏതു സുരക്ഷ എന്നു ബന്ധപ്പെട്ട ആരെങ്കിലുമൊക്കെ കരുതിയതുകൊണ്ടാവുമല്ലോ അയാൾക്ക് ഒരു കൂസലുമില്ലാതെ ഇങ്ങനെ സർവീസ് നടത്താനായത്.
അടിമുടി ക്രമക്കേടുകളാണ് ഈ ബോട്ട് സർവീസുമായി ബന്ധപ്പെട്ടു നടന്നിരിക്കുന്നതെന്നാണ് നാട്ടുകാരിൽ നിന്നു ലഭിക്കുന്ന വിവരം. മത്സ്യബന്ധന ബോട്ട് രൂപമാറ്റം നടത്തിയാണ് വിനോദയാത്രയ്ക്ക് ആളുകളെ കയറ്റുന്നതിന് ഉപയോഗിച്ചിരുന്നത്. അതുതന്നെ അനുവദനീയമല്ലാത്തതാണ്. ഈ ബോട്ട് വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്നത് അപകടകരമാണെന്നു പലരും ചൂണ്ടിക്കാണിച്ചിരുന്നു. വിനോദ സഞ്ചാരത്തിനുള്ള ബോട്ടായി ഉപയോഗിക്കാൻ ഇതിന് ലൈസൻസ് കിട്ടിയതിലും ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്. ബോട്ടിന്റെ വശങ്ങളിൽ ആളുകൾക്കു നിൽക്കാൻ സൗകര്യമുണ്ടാക്കിയതും അപകടസാധ്യത വർധിപ്പിച്ചിരുന്നു. കൂടുതൽ ആളുകൾ കയറിയാൽ മറിയാൻ സാധ്യതയുള്ളതാണ് ബോട്ടിന്റെ ഘടനയെന്ന് അറിഞ്ഞിട്ടും അതു തടയേണ്ടവർ ഗൗനിച്ചില്ല. സർവീസ് നടത്താനായി അഴിമുഖത്ത് അനധികൃതമായി ആഴം കൂട്ടിയെന്നും ചിലർ പറയുന്നുണ്ട്. ആവശ്യത്തിനു ലൈഫ് ജാക്കറ്റുകൾ അടക്കം സുരക്ഷാ സംവിധാനങ്ങൾ ബോട്ടിൽ ഇല്ലായിരുന്നു.
ജനങ്ങളുടെ നിരന്തരമായ പരാതികൾ അവഗണിച്ചുകൊണ്ടാണ് അപകടകരമായ വിധത്തിൽ ഇവിടെ സർവീസ് നടത്തിക്കൊണ്ടിരുന്നതെന്നാണു പറയുന്നത്. ഡിടിപിസി അടക്കം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ നാട്ടുകാർ ഇക്കാര്യം കൊണ്ടുവന്നതാണ്. എന്നാൽ, സർവീസ് നടത്തുന്നവരുടെ സ്വാധീനത്തിനു വഴങ്ങിയ അധികൃതർ പരാതികൾക്കു പുല്ലുവില കൽപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാർ വിവരിക്കുന്നുണ്ട്. നേരം ഇരുട്ടിയ സമയത്തും ആളുകളെ കുത്തിനിറച്ച് ചാഞ്ഞും ചെരിഞ്ഞും ബോട്ട് പോകുമ്പോൾ പോലും അപകടമെന്ന് സർവീസ് നടത്തിയിരുന്നവർക്കു തോന്നിയില്ല. അപകടമുണ്ടായിക്കഴിയുമ്പോൾ ഉണർന്നു പ്രവർത്തിക്കുന്ന സർക്കാർ സംവിധാനങ്ങൾ അതിനു മുൻപേ ജാഗ്രത കാണിച്ചിരുന്നെങ്കിൽ ഒഴിവാകുമായിരുന്ന ദുരന്തങ്ങളുടെ പട്ടികയിൽ അവസാനമായി ചേർക്കപ്പെടുകയാണ് താനൂർ ബോട്ട് അപകടവും.
ഈ ദുരന്തത്തിനു പിന്നാലെയും ഒരു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക വിഷയങ്ങളടക്കം കമ്മിഷൻ പരിശോധിക്കുമെന്നാണു സർക്കാർ അവകാശപ്പെടുന്നത്. സാങ്കേതിക വിദഗ്ധർ കൂടി ഉൾപ്പെട്ട ജുഡീഷ്യൽ കമ്മിഷനും പതിവുപോലെ കുറെ നിർദേശങ്ങൾ നൽകും എന്നുറപ്പാണ്. അതോടെ ആ കഥയും തീരും. ഇതിനു മുൻപും ഇത്തരത്തിൽ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ എന്തൊക്കെ ചെയ്യണമെന്ന് അവർ നിർദേശിച്ചിട്ടുണ്ട്. പക്ഷേ, അവരുടെ ശുപാർശകൾ നടപ്പായിട്ടില്ല. അപകടസാധ്യത മുൻപത്തേതുപോലെ നിലനിൽക്കുന്നു. 2002ൽ കുമരകത്തുണ്ടായ ബോട്ട് ദുരന്തത്തിനു കാരണം ബോട്ടിന്റെ പഴക്കത്തിനൊപ്പം കൂടുതൽ ആളുകൾ കയറിയതുമായിരുന്നു. പിന്നീട് തട്ടേക്കാട്, തേക്കടി ബോട്ട് ദുരന്തങ്ങൾക്കും കാരണമായത് അമിതമായി യാത്രക്കാരെ കയറ്റിയതാണ്.
ഈ ദുരന്തങ്ങളിലെല്ലാം അന്വേഷണം നടത്തിയവർ ചൂണ്ടിക്കാണിച്ച വീഴ്ചകൾ അധികൃതർ പരിഹരിച്ചിട്ടില്ല എന്നതാണ് ഓർക്കേണ്ടത്. ബോട്ടുകളിൽ ജീവൻരക്ഷാ ഉപാധികൾ കരുതുക, കാലപ്പഴക്കം ചെന്ന ബോട്ടുകൾക്ക് അനുമതി നൽകാതിരിക്കുക, സമയത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങി എളുപ്പം പാലിക്കാവുന്ന നിർദേശങ്ങൾ പോലും നടപ്പാവുന്നില്ല. പലവിധ സ്വാധീനങ്ങളാൽ ലംഘിക്കാവുന്നതാണ് ഏതു ചട്ടവുമെന്ന് നിസഹായതയോടെ തിരിച്ചറിയാനേ സാധാരണക്കാർക്കു കഴിയുന്നുള്ളൂ.