വികസിത ഭാരതത്തിനുള്ള നാലു തൂണുകൾ | മുഖപ്രസംഗം 
Editorial

വികസിത ഭാരതത്തിനുള്ള നാലു തൂണുകൾ | മുഖപ്രസംഗം

പതിനെട്ടാം ലോക്സഭ നിലവിൽ വന്ന ശേഷം ആദ്യമായി പാർലമെന്‍റിനെ അഭിസംബോധന ചെയ്ത രാഷ്‌ട്രപതി ദ്രൗപദി മുർമു നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാരിന്‍റെ വികസന ലക്ഷ്യമാണ് വിശദമായ പ്രസംഗത്തിലൂടെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത്. മോദി സർക്കാർ വരുന്ന അഞ്ചുവർഷക്കാലം ചെയ്യാനിരിക്കുന്ന പ്രവർത്തനങ്ങൾ കഴിഞ്ഞ പത്തുവർഷത്തിന്‍റെ തുടർച്ചയാണെന്നു വ്യക്തമാണ്. മോദിയുടെ രണ്ടു മന്ത്രിസഭകളും എന്തൊക്കെ ചെയ്തുവെന്ന് ഓർമിപ്പിച്ചും നേട്ടങ്ങൾ വിലയിരുത്തിയുമാണല്ലോ രാഷ്‌ട്രപതി വരാനിരിക്കുന്ന പരിഷ്കാരങ്ങളെക്കുറിച്ചു പറയുന്നത്. വികസിത ഭാരതത്തിനുള്ള നാലു തൂണുകൾ പാവപ്പെട്ടവരും യുവാക്കളും കർഷകരും സ്ത്രീകളുമാണെന്ന് രാഷ്‌ട്രപതി വ്യക്തമാക്കുന്നുണ്ട്. ഈ നാലു വിഭാഗങ്ങൾക്കും വേണ്ടി ഇതുവരെ സർക്കാർ ചെയ്ത കാര്യങ്ങളും ഇനിയും ചെയ്യാനിരിക്കുന്ന കാര്യങ്ങളും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് അവർ അവതരിപ്പിക്കുന്നത്. ഈ നാലു വിഭാഗങ്ങളിൽ പ്രതീക്ഷ വളരുകയും പുരോഗതി കാണുകയും ചെയ്താൽ തീർച്ചയായും രാജ്യം വലിയ മുന്നേറ്റം കാഴ്ചവയ്ക്കും. മോദിയുടെ മൂന്നാം സർക്കാരിന് ഈ ലക്ഷ്യം പിഴയ്ക്കാതെ മുന്നോട്ടുകൊണ്ടുപോകാനാവുമെന്നു പ്രത്യാശിക്കാം.

ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തടസമില്ലാതെ തുടരുകയും അതിന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുകയും ചെയ്യുക എന്നതു ദൃഢനിശ്ചയമാണെന്ന് രാഷ്‌ട്രപതി പറയുന്നു. മോദിയുടെ മൂന്നാം സർക്കാർ അവതരിപ്പിക്കുന്ന ആദ്യ കേന്ദ്ര ബജറ്റ് ഇതു ലക്ഷ്യമിട്ടുള്ളതാവും എന്നാണ് അവർ വ്യക്തമാക്കുന്നത്. സാമ്പത്തികവും സാമൂഹികവുമായ സുപ്രധാന തീരുമാനങ്ങൾക്കൊപ്പം ചരിത്രപരമായ പല നടപടികളും ബജറ്റിൽ കാണാനാകുമെന്നു രാഷ്‌ട്രപതി അവകാശപ്പെടുന്നുണ്ട്. ദ്രൗപദി മുർമു എടുത്തുപറഞ്ഞു എന്നതുകൊണ്ടു തന്നെ പുതിയ സർക്കാരിന്‍റെ ആദ്യ ബജറ്റിന് ഏറെ പ്രാധാന്യം ലഭിക്കുകയാണ്. എന്തൊക്കെ പരിഷ്കാരങ്ങളാണു ബജറ്റിൽ ഉണ്ടാകാൻ പോകുന്നതെന്ന് സാമ്പത്തിക വിദഗ്ധരും സാധാരണക്കാരും ഉറ്റുനോക്കുന്നുണ്ട്. വികസിത ഭാരതം എന്ന ലക്ഷ്യത്തിൽ സാമ്പത്തിക പരിഷ്കാരങ്ങളുടെ വേഗം കൂടുമെന്നാണു കരുതേണ്ടത്. ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക വ്യവസ്ഥയായി ഇന്ത്യ മാറിയിട്ടുണ്ട്. ലോകത്തെ പ്രമുഖ സാമ്പത്തിക വ്യവസ്ഥകളിലൊന്നായി ഇന്ത്യ വളർന്നു. ഇതിനു സഹായിച്ച നയങ്ങളുടെ തുടർച്ച പുതിയ സർക്കാരിന്‍റെ കാലത്തും ഉണ്ടാവുമെന്ന് രാഷ്‌ട്രപതിയുടെ പ്രസംഗത്തിൽ വ്യക്തമാവുന്നുണ്ട്.

70 വയസിനു മുകളിലുള്ള എല്ലാ വയോജനങ്ങൾക്കും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ കീഴിൽ സൗജന്യ ചികിത്സയുടെ ആനുകൂല്യം ലഭിക്കുമെന്ന പ്രസംഗത്തിലെ പ്രഖ്യാപനം ശ്രദ്ധേയമാണ്. തെരുവു കച്ചവടക്കാർക്കുള്ള വായ്പാ പദ്ധതി വ്യാപിപ്പിക്കുന്നതും സ്വാഗതാർഹം തന്നെ. മത്സര പരീക്ഷകളുടെയും സർക്കാർ റിക്രൂട്ട്മെന്‍റുകളുടെയും സുതാര്യതയും സത്യസന്ധതയും ഉറപ്പാക്കുന്നത് സർക്കാർ ലക്ഷ്യമായി രാഷ്‌ട്രപതി കാണുന്നുണ്ട്. നീറ്റും നെറ്റും പോലെ ദേശീയ ടെസ്റ്റിങ് ഏജൻസി നടത്തിയ പരീക്ഷകളിൽ ചോദ്യപേപ്പർ ചോർച്ചയുണ്ടായെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ നീതിയുക്തമായ അന്വേഷണവും കുറ്റവാളികൾക്കു കർശന ശിക്ഷയും രാഷ്‌ട്രപതി ഉറപ്പുനൽകുന്നുണ്ട്. ഏതൊക്കെ തരത്തിലാണ് എന്‍ടിഎ പരീക്ഷകളുടെ വിശ്വാസ്യത നൂറു ശതമാനവും സർക്കാർ ഉറപ്പാക്കുകയെന്ന് രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണ്. പുതിയ വിദ്യാഭ്യാസ നയം, യുവാക്കളുടെ കർമശേഷി മെച്ചപ്പെടുത്താനുള്ള നടപടികൾ എന്നിവയും പ്രസംഗത്തിലെ പ്രധാന ഭാഗമാണ്.

കാർഷിക, വ്യവസായ, ഗതാഗത മേഖലകളിൽ രാജ്യം കൈവരിച്ച പുരോഗതി രാഷ്‌ട്രപതി പ്രസംഗത്തിൽ എടുത്തു പറയുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വികസനം ത്വരിതപ്പെടുത്തിയതുപോലുള്ള നടപടികളുമുണ്ട്. സ്ത്രീശാക്തീകരണത്തിന്‍റെ പുതുയുഗത്തിനു തുടക്കമിട്ടതു സംബന്ധിച്ച അവകാശവാദങ്ങളുണ്ട്. 10 കോടി സ്ത്രീകളെ സ്വയംസഹായ സംഘങ്ങളുടെ ഭാഗമാക്കിയതടക്കം പ്രവർത്തനങ്ങൾ ഇതുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതി ഓർമിപ്പിക്കുന്നു. പുതിയ സർക്കാരിന്‍റെ തുടക്കത്തിൽ തന്നെ മൂന്നുകോടി പുതിയ വീടുകൾ നിർമിക്കാൻ അനുമതി നൽകിയതിനെക്കുറിച്ചും അവർ പറയുന്നു. വീടുകളുടെ മേൽക്കൂരയിൽ സൗരോർജ പാനലുകൾ സ്ഥാപിക്കുന്ന പദ്ധതിയും നിർണായക മാറ്റമായി രാഷ്‌ട്രപതി കാണുകയാണ്. ഇതിനെല്ലാം ഒപ്പം രാഷ്‌ട്രപതി ‍ഉയർത്തുന്ന ചില ആശങ്കകൾ പരിഹാരം കാണേണ്ടതായിട്ടുണ്ട്. ജനാധിപത്യത്തെ ദുർബലപ്പെടുത്താനും സമൂഹത്തിൽ വിള്ളലുകൾ സൃഷ്ടിക്കാനും വിഘടനവാദ ശക്തികൾ നടത്തുന്ന ഗൂഢാലോചനയാണ് ഇതിലൊന്ന്. മനുഷ്യരാശിക്കെതിരായ സാങ്കേതിക വിദ്യയുടെ ദുരുപയോഗം മറ്റൊന്ന്. ഈ ദുഷ് പ്രവണതകൾ അവസാനിപ്പിക്കുകയും വെല്ലുവിളികൾ നേരിടാൻ പുതു മാർഗങ്ങളും ഉപാധികളും തേടുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തം തന്നെയാണ്.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്