trudo 
Editorial

ട്രൂഡോയുടെ ക്രൂരത | മുഖപ്രസംഗം

ഇന്ത്യ- ക്യാനഡ ബന്ധം വഷളാക്കിയ നേതാവ്

ഇന്ത്യയുമായുള്ള ക്യാനഡയുടെ ഉഭയകക്ഷി ബന്ധങ്ങൾ വഷളാക്കിയത് അവരുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ക്യാനഡയിലുള്ള ഖാലിസ്ഥാൻ അനുകൂലികളുടെ പിന്തുണ ലക്ഷ്യമാക്കിയുള്ള ട്രൂഡോയുടെ രാഷ്‌ട്രീയ നീക്കങ്ങളാണ് ഇപ്പോഴത്തെ അവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കിനു ശക്തമായ തെളിവുണ്ടെന്ന് അദ്ദേഹം ആവർത്തിച്ച് ആരോപിച്ചത് ഏതാനും ദിവസം മുൻപാണ്. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് ആറ് ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ ക്യാനഡ പുറത്താക്കുകയും ചെയ്തു.

ഇതേത്തുടർന്ന് ക്യാനഡയിലുള്ള ഇന്ത്യൻ ഹൈക്കമ്മിഷണർ അടക്കം നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച ഇന്ത്യ ക്യാനഡയുടെ ഹൈക്കമ്മിഷണർ അടക്കം ആറ് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇതുപോലെ ഇരുരാജ്യങ്ങളും ഉദ്യോഗസ്ഥരെ മടക്കിവിളിക്കുന്ന അവസ്ഥയുണ്ടായി. ആരോപണം ആവർത്തിച്ച് ഇപ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാക്കിയിരിക്കുകയാണു ട്രൂഡോ.

ക്യാനഡയുടെ ആരോപണങ്ങൾ ഇന്ത്യ പലതവണ തള്ളിക്കളഞ്ഞതാണ്. യാതൊരു തെളിവുമില്ലാതെ ആരോപണങ്ങൾ ഉയർത്തുകയാണ് ക്യാനഡ എന്ന ഇന്ത്യയുടെ വാദം ഇപ്പോൾ ട്രൂഡോ തന്നെ അംഗീകരിക്കുന്നുവെന്നതാണ് അവസാനം പുറത്തുവരുന്ന റിപ്പോർട്ടുകൾ കാണിക്കുന്നത്. നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന ആരോപണം ഉന്നയിച്ചത് അതിനുവേണ്ട തെളിവില്ലാതെയാണെന്ന് ട്രൂഡോ സമ്മതിച്ചതായാണു റിപ്പോർട്ടുകൾ. ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആരോപണം ഉന്നയിച്ചതത്രേ! അന്വേഷണത്തോടു സഹകരിക്കാനാണ് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നതെന്നും എന്നാൽ, ഇന്ത്യ നിരന്തരം തെളിവു ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ട്രൂഡോ പറയുന്നുണ്ട്.

ഫോറിൻ ഇന്‍റർഫിയറൻസ് കമ്മിഷനു മുൻപാകെയായിരുന്നു കനേഡിയൻ പ്രധാനമന്ത്രിയുടെ ഈ വെളിപ്പെടുത്തൽ. നിജ്ജർ വധവുമായി ബന്ധപ്പെട്ട് ഇന്ത്യക്കു വ്യക്തമായ തെളിവു കൈമാറിയിട്ടുണ്ടെന്നാണ് ട്രൂഡോ മുൻപ് അവകാശപ്പെട്ടിരുന്നത്. ഈ അവകാശവാദം നുണയായിരുന്നുവെന്ന് എല്ലാവർക്കും ഇപ്പോൾ വ്യക്തമാവേണ്ടതാണ്.

ഇന്ത്യയ്ക്കും ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും കൈമാറാൻ കഴിയാത്ത ട്രൂഡോ ഇനിയെങ്കിലും അടിസ്ഥാനരഹിതമായ ആരോപണം ആവർത്തിക്കാതിരിക്കട്ടെ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാവാതിരുന്നാൽ അതിന്‍റെ പ്രയോജനം ജനങ്ങൾക്കാണ്. വിദ്യാർഥികൾ അടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാരാണു ക്യാനഡയിലുള്ളത്. അവരിൽ നല്ലൊരു പങ്ക് മലയാളികളുമുണ്ട്. ഇവരുടെയെല്ലാം താത്പര്യം ഉഭയകക്ഷി ബന്ധങ്ങൾ സാധാരണ നിലയിലേക്ക് എത്തണമെന്നതാവും. അതിനു കനേഡിയൻ സർക്കാരിന്‍റെ ഭാഗത്തുനിന്നാണ് അനുകൂല നടപടികളുണ്ടാവേണ്ടത്.

ഇന്ത്യയും ക്യാനഡയും തമ്മിലുള്ള വാണിജ്യപരമായ ബന്ധങ്ങൾ മെച്ചപ്പെടുന്നതും ര‍ണ്ടു രാജ്യങ്ങൾക്കും ഗുണകരമാവുന്നതാണ്. ക്യാനഡയിൽ പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ വിഘടനവാദികൾക്ക് യാതൊരു തരത്തിലുള്ള പ്രോത്സാഹനവും അവിടുത്തെ സർക്കാർ നൽകാതിരിക്കുകയാണു യഥാർഥത്തിൽ ആവശ്യമുള്ളത്. മുൻപ് ഖാലിസ്ഥാൻ വിഘടനവാദികൾ ക്യാനഡയിൽ ഇന്ദിര ഗാന്ധിയുടെ വധം ആഘോഷിച്ച സംഭവമുണ്ടായപ്പോഴും ഇന്ത്യയിൽ നിരോധിക്കപ്പെട്ട സിഖ്സ് ഫോർ ജസ്റ്റിസ് എന്ന സംഘടന ക്യാനഡയിൽ ഖാലിസ്ഥാൻ ഹിതപരിശോധന നടത്തിയപ്പോഴും അതിനെതിരേ കർശനമായ നടപടിയെടുക്കാൻ ട്രൂഡോ തയാറായിരുന്നില്ല. ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾ ഖാലിസ്ഥാൻ വാദികളിൽ നിന്നു ഭീഷണി നേരിടുന്ന സാഹചര്യവും അവിടെ ഉണ്ടായിട്ടുണ്ട്.

ഭീകരരുടെ പട്ടികയിൽ ഇന്ത്യ ഉൾപ്പെടുത്തിയിരുന്ന ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ കഴിഞ്ഞ വർഷം ജൂണിലാണു ക്യാനഡയിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. പഞ്ചാബിൽ ഭീകരവാദം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന ഇയാളെക്കുറിച്ചു വിവരം നൽകുന്നവർക്ക് എന്‍ഐഎ പത്തുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. നിജ്ജറിനെതിരേ നടപടിയെടുക്കണമെന്ന് ഇന്ത്യ കനേഡിയൻ അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിലെ അംഗങ്ങൾക്കു പരിശീലനവും ധനസഹായവും നൽകുന്നവരിൽ പ്രധാനിയായിരുന്നു ഇയാളെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നതാണ്.

വിദേശത്തിരുന്നുകൊണ്ട് ഇന്ത്യക്കെതിരേ പ്രവർത്തിക്കുന്നവരാണ് ഖാലിസ്ഥാൻ വിഘടനവാദികൾ. അവർക്ക് ഒരു രാജ്യം ഏതെങ്കിലും തരത്തിൽ പിന്തുണ നൽകുന്നുവെങ്കിൽ അത് ഇന്ത്യാവിരുദ്ധ നീക്കമായേ കാണാൻ കഴിയൂ. ക്യാനഡയിൽ സമീപകാലത്തു നടന്ന അഭിപ്രായ സർവെകളിലെല്ലാം ട്രൂഡോയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞെന്ന സൂചനയുണ്ടായിട്ടുണ്ട്. ഈ സാഹചര്യം മറികടക്കാൻ വിഘടന വാദികളെ കൂട്ടുപിടിക്കുന്ന നയം അദ്ദേഹം ഇനിയെങ്കിലും ഉപേക്ഷിക്കുമെന്നു പ്രതീക്ഷിക്കാം. തന്‍റെ രാഷ്‌ട്രീയ ഭാവി സുരക്ഷിതമാക്കുക എന്ന സ്വാർഥ ലക്ഷ്യം മാത്രമാണ് ട്രൂഡോയുടെ ഇന്ത്യാവിരുദ്ധ നിലപാടിനു പിന്നിലെന്നു ക്യാനഡയിലെ പ്രതിപക്ഷം തിരിച്ചറിയുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. അത് അത്രയും നല്ലതാണ്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?