Union Budget 2024-25: Kerala should not be neglected 
Editorial

കേന്ദ്ര സഹായം: കേരളം തഴയപ്പെടരുത്| മുഖപ്രസംഗം

കോൺഗ്രസ്, യുപിഎ സർക്കാരുകൾ ഭരിക്കുമ്പോഴും രാജ്യത്തിന്‍റെ തെക്കെയറ്റത്തു കിടക്കുന്ന ഈ കൊച്ചുസംസ്ഥാനം അവഗണിക്കപ്പെട്ട ചരിത്രമുണ്ട്

കേരളം ഉൾപ്പെടെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ തീർത്തും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റ് എന്ന ആരോപണം വിശദമായ പരിശോധന ആവശ്യപ്പെടുന്നതാണ്. ഫെഡറലിസത്തിനു യോജിക്കാത്ത തരത്തിലുള്ള ബജറ്റ് പ്രഖ്യാപനങ്ങളെ ഇന്ത്യ മുന്നണി കക്ഷികളുടെ നേതാക്കൾ ഏകകണ്ഠമായാണ് എതിർക്കുന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങളോടും കേന്ദ്ര സർക്കാർ വിവേചനം കാണിച്ചുവെന്ന് അവർ പറയുന്നുണ്ട്. ഇതിനെതിരേ പാർലമെന്‍റിനകത്തും പുറത്തും പ്രതിപക്ഷ കക്ഷികൾ പ്രതിഷേധിക്കുകയുമാണ്. എന്നാൽ, എല്ലാ സംസ്ഥാനങ്ങളുടെയും പേരെടുത്തു പറയാനാവില്ലെന്നും, അതിനർഥം അവഗണന എന്നല്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ അവകാശപ്പെടുന്നുണ്ട്.

പൊതുപദ്ധതികൾ രാജ്യത്തിനു മൊത്തത്തിലുള്ളതാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ആ അർഥത്തിൽ ബജറ്റ് എല്ലാവർക്കും വേണ്ടിയുള്ളതുമാണ്. എന്നാൽ, പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ട പ്രത്യേക പദ്ധതികൾ ബജറ്റിൽ പരാമർശിക്കുക പോലും ചെയ്തിട്ടില്ലെന്നാണ് അവർ ആരോപിക്കുന്നത്. ബജറ്റ് പ്രസംഗത്തിൽ ബിഹാറിന്‍റെയും ആന്ധ്രയുടെയും പേര് പല തവണ പല പദ്ധതികളിലായി പ്രഖ്യാപിക്കപ്പെട്ടു എന്ന യാഥാർഥ്യം ഇതിനൊപ്പമുണ്ടു താനും. മറ്റു സംസ്ഥാനങ്ങളുടെയും ആവശ്യങ്ങൾ എത്രമാത്രം പ്രസക്തമാണെന്ന് കേന്ദ്ര സർക്കാർ ആലോചിക്കേണ്ടതുണ്ട്. പ്രത്യേകിച്ചു കേരളത്തിന്‍റെ കാര്യത്തിൽ അടിയന്തരമായ പരിശോധന വേണം.

കേന്ദ്ര പദ്ധതി വിഹിതങ്ങളിലെ വെട്ടിക്കുറവ് വലിയ തോതിൽ കേരളത്തെ ബാധിക്കുന്നതാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണു കേരളം. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വായ്പാ നിയന്ത്രണവും കേന്ദ്ര വിഹിതത്തിലെ വെട്ടിക്കുറവും പ്രതിസന്ധിക്കു കാരണമായിട്ടുണ്ടെന്നു സംസ്ഥാന സർക്കാർ പലവട്ടം ചൂണ്ടിക്കാണിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് പ്രീ- ബജറ്റ് ചര്‍ച്ചയില്‍ സംസ്ഥാന സർക്കാർ 24,000 കോടി രൂപയുടെ സാമ്പത്തിക പാക്കെജ് ആവശ്യപ്പെട്ടത്. ധന ഉത്തരവാദിത്ത നിയമപ്രകാരം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കാന്‍ അനുവദിക്കാതിരുന്നതുമായ തുകയാണ് പ്രത്യേക സാമ്പത്തിക പാക്കെജായി കേരളം ആവശ്യപ്പെട്ടതെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിശദീകരിക്കുന്നുണ്ട്. വികസന ആവശ്യങ്ങൾക്ക് ആന്ധ്രയ്ക്കും ബിഹാറിനും അധിക സഹായം നൽകിയ കേന്ദ്ര സർക്കാർ കേരളത്തിനര്‍ഹതപ്പെട്ട വായ്പ നിഷേധിക്കപ്പെട്ടതു മൂലം വന്ന നഷ്ടം നികത്തുന്നതിനുള്ള സഹായമാണ് കണ്ണടച്ചു നിഷേധിച്ചത്.

രാജ്യത്തിന് എത്രമാത്രം പ്രസക്തമാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയെന്നു പ്രത്യേകം പറയേണ്ടതില്ല. ഇതിന്‍റെ തുടര്‍വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 5,000 കോടി രൂപയുടെ പ്രത്യേക പാക്കെജ് കേരളം ആവശ്യപ്പെട്ടിരുന്നു. എയിംസ് എന്ന സ്വപ്ന പദ്ധതി ഇത്തവണയെങ്കിലും യാഥാർഥ്യമാവുമെന്നും പ്രതീക്ഷിച്ചിരുന്നു. ഒന്നും നടന്നില്ല. റെയ്‌ൽവേ വികസനവുമായി ബന്ധപ്പെട്ടും കേരളത്തിനു പ്രത്യേക പദ്ധതികളൊന്നുമില്ല. ടൂറിസം പദ്ധതികളിലും കേരളത്തിന്‍റെ പേര് പറഞ്ഞുകേട്ടില്ല. ആകെ ചെലവിന്‍റെ 21 ശതമാനം മാത്രമാണ് കേരളത്തിനു കേന്ദ്ര വിഹിതങ്ങളിൽ നിന്നു ലഭ്യമാവുന്നതെന്ന് ബാലഗോപാൽ കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിക്കുകയുണ്ടായി.‌ ബിഹാറിന് 71 ശതമാനവും ഉത്തര്‍പ്രദേശിന് 47 ശതമാനവും കേന്ദ്രവിഹിതമായി ലഭിക്കുമ്പോഴാണിതെന്നും അദ്ദേഹം പറയുന്നു. സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന കേന്ദ്ര സഹായത്തിന്‍റെ ദേശീയ ശരാശരി 48 ശതമാനമാണ്.

കേരളത്തിന്‍റെ കേന്ദ്ര വിഹിതം മാത്രം ഇത്രയും കുറഞ്ഞുനിൽക്കുന്നതിന് ഒരു പരിഹാരം ബജറ്റിൽ പ്രത്യേക സഹായം അനുവദിക്കുക എന്നതാണ്. പക്ഷേ, അതിലും അവഗണനയാണു കാണുന്നത്. ബജറ്റുകളിൽ കേരളം അവഗണിക്കപ്പെടുന്നത് ഇതാദ്യമായൊന്നുമല്ല. കോൺഗ്രസ്, യുപിഎ സർക്കാരുകൾ ഭരിക്കുമ്പോഴും രാജ്യത്തിന്‍റെ തെക്കെയറ്റത്തു കിടക്കുന്ന ഈ കൊച്ചുസംസ്ഥാനം അവഗണിക്കപ്പെട്ട ചരിത്രമുണ്ട്. റെയ്‌ൽവേ വികസനത്തിന്‍റെ കാര്യത്തിൽ തന്നെ എത്ര ശബ്ദമുയർത്തിയാണു പല പദ്ധതികളും സംസ്ഥാനം നേടിയെടുത്തത്. സംസ്ഥാനത്തു നിന്നുള്ള രണ്ടു കേന്ദ്രമന്ത്രിമാരും മുഴുവൻ എംപിമാരും സംസ്ഥാന സർക്കാരും രാഷ്‌ട്രീയ നേതൃത്വങ്ങളും ചേർന്ന് ഒറ്റക്കെട്ടായ പ്രവർത്തനങ്ങളിലൂടെ വേണം കേരളത്തിലേക്കു പദ്ധതികൾ കൊണ്ടുവരുന്നതിന്. വികസനത്തിന് രാഷ്‌ട്രീയം ഒരു തടസമായി മാറിക്കൂടാ. കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാഗ്ദാനം എത്രയും പെട്ടെന്നു യാഥാർഥ്യമാവട്ടെ.

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ

''പാൽ സൊസൈറ്റി മുതൽ പാർലമെന്‍റ് വരെ മത്സരിക്കാൻ കൃഷ്ണകുമാർ മാത്രം'', ആഞ്ഞടിച്ച് സന്ദീപ് വാര്യർ

തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നും അപ്രത്യക്ഷം; ചേലക്കരയിൽ ഏശാതെ അൻവർ തരംഗം