മൂന്നു പതിറ്റാണ്ടു മുൻപ് പുറത്തിറങ്ങിയ "വരവേൽപ്പ്' എന്ന ചലച്ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഗൾഫിൽ ജോലി ചെയ്ത ശേഷം നാട്ടിൽ തിരിച്ചെത്തിയ നായക കഥാപാത്രം സ്വന്തമായി ബിസിനസ് തുടങ്ങാൻ തീരുമാനിക്കുകയാണ്. അയാൾ ഒരു ബസ് വാങ്ങുന്നു. തൊഴിലാളി യൂണിയനുകളും അവരുടെ സമരങ്ങളും എല്ലാം ചേർന്ന് ബസ് ഉടമയെ കുത്തുപാളയെടുപ്പിക്കുന്നതാണു സിനിമയുടെ പ്രമേയം. നാട്ടിലെ സാമൂഹിക- രാഷ്ട്രീയ ചുറ്റുപാടുകൾ അയാളിലെ ബിസിനസ് മോഹത്തെ ചുറ്റിവരിഞ്ഞു തകർത്തുകളയുന്നു. മോഹൻലാൽ അവതരിപ്പിച്ച മുരളി എന്ന ഈ കഥാപാത്രവും ഈ സിനിമ നൽകുന്ന സന്ദേശവും കേരളത്തിലെ യഥാർഥ അവസ്ഥയാണു കാണിക്കുന്നതെന്ന് അന്നു മുതൽ പറയുന്നവരുണ്ട്. ഏതെങ്കിലും സംരംഭത്തിന് ഇറങ്ങുന്നവരെ നശിപ്പിച്ചു കുട്ടിച്ചോറാക്കാൻ എന്താണു വഴിയെന്നു നോക്കിയിരിക്കുന്നവർ ആവശ്യത്തിലേറെയുണ്ട് ഈ സംസ്ഥാനത്ത് എന്നതിന് അനുഭവസാക്ഷ്യങ്ങൾ എത്രയാണ്.
"വരവേൽപ്പി'നു ശേഷം വെള്ളം ഏറെ ഒഴുകിയിട്ടും അതിന്റെ സന്ദേശം ഇപ്പോഴും ഓർമിപ്പിക്കുകയാണ് കോട്ടയം തിരുവാർപ്പിൽ നടന്നതുപോലുള്ള സംഭവങ്ങൾ. അവിടെ ഒരു ബസ് "മുതലാളി'യെ സിഐടിയു പ്രവർത്തകർ നന്നായി "കൈകാര്യം' ചെയ്തിരിക്കുന്നു! ബസിനു മുന്നിൽ കൊടികുത്തിക്കൊണ്ടു തുടങ്ങിയ സമരം പൊലീസ് നോക്കിനിൽക്കെ ബസ് ഉടമയെ മർദിക്കുന്നതിൽ അവസാനിച്ചില്ല. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ വളഞ്ഞിട്ടു മർദിക്കുന്നതിലേക്കും അതു നീണ്ടു. സമരം ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ലേബർ കമ്മിഷണർ വിളിച്ച ചർച്ചാ യോഗത്തിൽ നിന്ന് ഇന്നലെ ബസ് ഉടമ രാജ്മോഹൻ കൈമൾ ഇറങ്ങിപ്പോയത് തന്നെ മർദിച്ച സിഐടിയു നേതാവിനെ മുൻനിരയിൽ ഇരുത്തിയുള്ള ചർച്ച അപമാനകരം എന്നു വിശേഷിപ്പിച്ചാണ്. ലജ്ജിച്ച് തലതാഴ്ത്തേണ്ട അവസ്ഥയാണു നാട്ടിലെന്ന് അദ്ദേഹം പറയുന്നു. സൈനിക സേവനം നടത്തിയതിന് സൈന്യ സേവാ മെഡലും സ്പെഷ്യൽ സർവീസ് മെഡലും നേടിയ വ്യക്തിയാണു താനെന്നും അദ്ദേഹം ഓർമിപ്പിക്കുന്നുണ്ട്. സൈന്യത്തിൽ നിന്നു പിരിഞ്ഞ ശേഷം ഗൾഫിൽ പോയി ജോലിചെയ്ത് നാട്ടിൽ തിരിച്ചെത്തിയപ്പോഴാണു ബസുകൾ വാങ്ങിയത്.
ശമ്പളത്തർക്കത്തെ തുടർന്നാണ് രാജ്മോഹൻ കൈമളിന്റെ ബസിനു മുന്നിൽ സിഐടിയു പ്രവർത്തകർ കൊടികുത്തുന്നത്. ബിജെപിയുടെ കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ രാജ്മോഹൻ ബസിനു മുന്നിൽ ലോട്ടറി കച്ചവടം തുടങ്ങി പൊതുജനങ്ങളുടെ ശ്രദ്ധയാകർഷിക്കുകയായിരുന്നു. ബസ് സർവീസ് നടത്തുന്നതിനു പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദേശിക്കുകയുണ്ടായി. ഇതു പ്രകാരം ബസ് എടുക്കാനെത്തിയ ഉടമയെ പൊലീസിനു മുന്നിലിട്ട് മർദിക്കുകയായിരുന്നു. സമരക്കാരുടെ കൊടിതോരണങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ ചോദ്യം ചെയ്യുകയാണുണ്ടായതെന്നാണ് സിഐടിയു നേതാക്കൾ അവകാശപ്പെട്ടത്. എന്നാൽ, രാജ്മോഹനെ മർദിക്കുന്ന ദൃശ്യങ്ങൾ വ്യക്തമായി പുറത്തുവന്നിരുന്നു.
രാജ്മോഹനും ബിജെപി പ്രവർത്തകരും കുമരകം പൊലീസ് സ്റ്റേഷനു മുന്നിൽ സമരം ആരംഭിച്ചപ്പോഴാണ് മർദിച്ച നേതാവ് പൊലീസ് സ്റ്റേഷനിൽ എത്തിയതും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചതും. കോടതി ഉത്തരവുണ്ടായിട്ടും അതനുസരിച്ച് ബസ് സർവീസ് നടത്തുന്നത് കൈക്കരുത്തിലൂടെ തടയുകയായിരുന്നു എന്നതാണു വ്യക്തമാവുന്നത്. രാഷ്ട്രീയ സ്വാധീനമുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന് വന്നാൽ അതു പ്രോത്സാഹിപ്പിക്കാവുന്നതല്ല. ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകനു മർദ്ദനമേറ്റത്. ബസ് ഉടമയെ അനുകൂലിച്ച് വാർത്ത നൽകുമോ എന്നു ചോദിച്ചായിരുന്നു ആക്രമണമത്രേ!
കോടതി പറഞ്ഞാലും ഞങ്ങളുടെ ധാർഷ്ട്യം അവസാനിപ്പിക്കില്ല എന്നു ചിലർ തീർച്ചപ്പെടുത്തിയാൽ അവരെ പിന്തുണയ്ക്കുന്നത് അപകടകരമാണ്. അത്തരക്കാർക്ക് ഒരുവിധത്തിലുള്ള പിന്തുണയും പാർട്ടിയോ സർക്കാരോ നൽകരുത്. തർക്കങ്ങൾ ചർച്ച ചെയ്തു പരിഹാരമുണ്ടാക്കാൻ അവസരമുണ്ട്. അതിനുള്ള സാധ്യതകളെല്ലാം ഉപയോഗിക്കാം. അതല്ലാതെ നാലാൾക്കു ജോലി നൽകാൻ സന്നദ്ധരായി വരുന്നവരെ സംഘടിതമായി ആക്രമിച്ചു തകർക്കുന്നതു തടഞ്ഞേ തീരൂ. "വരവേൽപ്പു'കൾ ആവർത്തിക്കപ്പെടാതിരിക്കുക തന്നെ വേണം.