വേഗമേറട്ടെ, തെരച്ചിൽ നടപടികൾക്ക് | മുഖപ്രസംഗം 
Editorial

വേഗമേറട്ടെ, തെരച്ചിൽ നടപടികൾക്ക് | മുഖപ്രസംഗം

വയനാട്ടിലെ പ്രകൃതി രമണീയമായ ഭൂപ്രദേശങ്ങൾ മുണ്ടക്കൈയും ചൂരൽമലയും ഉരുൾപൊട്ടി കുത്തിയൊലിച്ചു ശ്മശാനഭൂമിയായി മാറിയിട്ട് മൂന്നു ദിവസം പിന്നിട്ടു. കണ്ടെടുത്ത മൃതദേഹങ്ങൾ മുന്നൂറിനടുത്താണ്. പക്ഷേ, രക്ഷാപ്രവർത്തനങ്ങൾ ഒന്നുമായിട്ടില്ല എന്നതാണു വാസ്തവം. കേന്ദ്ര സേനകളും സന്നദ്ധ പ്രവർത്തകരും അടക്കം നിരവധിയാളുകൾ അവരാൽ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കിലും ദുരന്തവ്യാപ്തി വളരെ വലുതാണ് എന്നതിനാൽ ഇനിയും എത്തിപ്പെടാനുള്ള മേഖലകൾ തന്നെ ബാക്കിയുണ്ട്. കനത്ത മഴയും പുഴയിലെ കുത്തൊഴുക്കും ഇപ്പോഴും വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇന്നലെ വൈകിട്ടോടെ ബെയ്‌ലി പാലത്തിന്‍റെ നിർമാണം പൂർത്തിയായി എന്നതാണ് അൽപ്പം ആശ്വസിക്കാവുന്ന കാര്യം. ഈ പാലത്തിലൂടെ ഭാരമേറിയ യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും എത്തിച്ചുവേണം തെരച്ചിൽ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുന്നതിന്. വാഹനങ്ങൾക്കു ചൂരൽമലയിൽ നിന്ന് പുഴ താണ്ടി മുണ്ടക്കൈയിൽ എത്തുന്നതിനും ബെയ്‌ലി പാലം ഉപയോഗിക്കണം. വരുംദിവസങ്ങളിൽ തെരച്ചിൽ കൂടുതൽ വേഗത്തിലാവും എന്നു പ്രതീക്ഷിക്കാം.

കാണാതായവരുടെ ബന്ധുക്കളെ ദുരന്തസ്ഥലത്തേക്ക് എത്തിച്ച് സ്ഥലങ്ങൾ കൃത്യമായി സ്പോട്ട് ചെയ്ത് യന്ത്രങ്ങളുടെ സഹായത്തോടെ ‍അതിവേഗത്തിൽ തെരച്ചിൽ നടത്താൻ പാലം വന്നതോടെ സാധ്യമാവുകയാണ്. ആംബുലൻസുകൾക്ക് സ്പോട്ടിൽ എത്താനും വഴിയായിരിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ ഇങ്ങനെയൊരു പാലം പൂർത്തിയാക്കിയ സൈനികർ നാടിന്‍റെ മുഴുവൻ അഭിനന്ദനങ്ങളും അർഹിക്കുന്നവരാണ്. രക്ഷാപ്രവർത്തനം പൂർത്തിയായാലും പാലം പൊളിക്കില്ലെന്നു സൈന്യം അറിയിച്ചിട്ടുണ്ട്. തകർന്നു പോയതിനു പകരം സ്ഥിരമായ പാലം സർക്കാർ ഇവിടെ നിർമിക്കുന്നതു വരെ നാട്ടുകാർക്ക് ഈ പാലം ഉപയോഗിക്കാമെന്നാണ് രക്ഷാപ്രവർത്തനത്തിന്‍റെ ചുമതലയുള്ള മേജർ ജനറൽ വി.ടി. മാത്യു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. ബുധനാഴ്ച രാവിലെ ഏഴിനു തുടങ്ങിയ 190 അടി നീളമുള്ള താത്കാലിക ഉരുക്കു പാലത്തിന്‍റെ നിർമാണം ഇന്നലെ വൈകിട്ട് പൂർത്തിയായത് റെക്കോഡ് വേഗത്തിലാണ്. നാടിനോടുള്ള സൈനികരുടെ അർപ്പണ മനോഭാവത്തിന്‍റെ മറ്റൊരു ഉദാഹരണമാണിത്. പാലം വന്നതോടെ ആരംഭിക്കുന്ന രണ്ടാംഘട്ട രക്ഷാപ്രവർത്തനങ്ങൾ ദിവസങ്ങൾ നീണ്ടേക്കാം. ദുരന്തഭൂമിയിൽ ജീവനോടെയുള്ള മുഴുവൻ ആളുകളെയും രക്ഷിച്ചുകഴിഞ്ഞെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. എന്നാൽ, മണ്ണിനടിയിലുള്ള മുഴുവൻ ആളുകളെയും കണ്ടെത്തിക്കഴിയുമ്പോഴേ ദുരന്തത്തിന്‍റെ വ്യാപ്തി എത്രമാത്രം വലുതാണെന്ന് കണക്കുകളിലൂടെ നമുക്കു വ്യക്തമാവുകയുള്ളൂ. ദുരന്തസ്ഥലത്തുനിന്ന് ചാലിയാർ പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും കിലോമീറ്ററുകൾ അകലെ മലപ്പുറം ജില്ലയിൽ നിന്ന് ഇപ്പോഴും കണ്ടെടുത്തുകൊണ്ടിരിക്കുന്നു എന്നതും ഓർക്കേണ്ടതുണ്ട്.

വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് ദിവസം ചെല്ലുന്തോറും ശക്തി കൂടുകയാണ്. ഇന്നലെ ദുരന്തസ്ഥലത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഈ വിഷയം ഉന്നയിക്കുകയുണ്ടായി. സംസ്ഥാനത്തുനിന്നുള്ള എംപിമാരും ജനപ്രതിനിധികളും എല്ലാം ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. അതേസമയം, ഒരു പ്രകൃതി ദുരന്തത്തെയും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ഓരോ ദുരന്തത്തെയും അതിന്‍റെ സ്വഭാവമനുസരിച്ചു പരിഗണിക്കുകയാണു ചെയ്യുന്നതെന്നും സർക്കാർ വിശദീകരിക്കുന്നുണ്ട്. എന്തായാലും ഗുരുതര സ്വഭാവമുള്ള ദുരന്തമായി തന്നെ കേന്ദ്ര സർക്കാർ ഇതിനെ കാണേണ്ടതാണ്. അതിനനുസരിച്ചുള്ള സഹായങ്ങളും കേരളത്തിനു ലഭ്യമാക്കണം. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി വലിയ തോതിലുള്ള സഹായങ്ങൾ ഇപ്പോൾ തന്നെ വയനാടിനു വേണ്ടി പ്രഖ്യാപിക്കപ്പെടുന്നുണ്ട് എന്നത് എടുത്തുപറയേണ്ടതാണ്. എന്നാൽ, കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്ന് നേരിടുന്നതിന് ഇതൊന്നും മതിയാവില്ല. ഈ അവസരത്തിൽ രാജ്യം ഒറ്റക്കെട്ടായി വയനാടിനൊപ്പമുണ്ടാവുമെന്നു നമുക്കു പ്രതീക്ഷിക്കാം.

‌ദുരിതാശ്വാസ ക്യാംപുകൾ കുറച്ചുനാൾ കൂടി തുടരുമെന്നും എല്ലാവരെയും മികച്ച രീതിയിൽ പുനരധിവസിപ്പിക്കുമെന്നും ഇന്നലെ വയനാട് കലക്റ്ററേറ്റിൽ ചേർന്ന സർവകക്ഷി യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിക്കുകയുണ്ടായി. ഇപ്പോൾ ക്യാംപുകളിലുള്ള നൂറുകണക്കിനാളുകൾ സർവതും നഷ്ടപ്പെട്ട അവസ്ഥയിലുള്ളവരാണ്. മുന്നോട്ടുള്ള ജീവിതം എങ്ങനെയെന്ന് ആലോചിക്കാൻപോലും ശേഷിയില്ലാത്തവരാണ്. അവരെ എത്ര നല്ല രീതിയിൽ സഹായിച്ചാലും അധികമാവില്ല. അവരുടെ പുനരധിവാസം സർക്കാർ നിർവഹിക്കേണ്ട വലിയ ദൗത്യമാണ്. കുട്ടികൾ എവിടെയാണോ ഉള്ളത് അവിടെ തന്നെ അവർക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനവും പാലിക്കപ്പെടട്ടെ. വലിയ തോതിലുള്ള മാനസികാഘാതം ഉണ്ടായിട്ടുള്ള നിരവധി പേർ ക്യാംപുകളിലുണ്ടാവും. അവർക്കെല്ലാം ആവശ്യമായ കൗൺസലിങ് നൽകുന്നത് ഒഴിവാക്കാനാവാത്തതാണ്. ദുരന്തബാധിത മേഖലയിൽ പകർച്ചവ്യാധികൾ തടയാനുള്ള നടപടികളിലും ഉദാസീനതയുണ്ടാവരുത്.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...