പോളിങ് ഇടിഞ്ഞ വയനാട് | മുഖപ്രസംഗം 
Editorial

പോളിങ് ഇടിഞ്ഞ വയനാട് | മുഖപ്രസംഗം

ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ കരുത്ത് ജനങ്ങളാണ്. അവർ തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണല്ലോ നാടു ഭരിക്കുന്നത്. ജനപ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ എത്രയും കൂടുതൽ വോട്ടർമാർ പങ്കാളികളാകുന്നോ അത്രയും ജനാധിപത്യവും കരുത്താർജിക്കുകയാണ്. രാജ്യത്ത് പോളിങ് ശതമാനം ഉയർത്തിക്കൊണ്ടുവരുന്നതിൽ തെരഞ്ഞെടുപ്പു കമ്മിഷൻ നടത്തുന്ന പ്രവർത്തനങ്ങൾ നല്ല തോതിൽ വിജയിച്ചിട്ടുള്ളത് സമീപകാലത്തു പലയിടത്തും കണ്ടിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടമായി കഴിഞ്ഞ ദിവസം വോട്ടെടുപ്പു നടന്ന ഝാർഖണ്ഡിലെ 43 മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പു കമ്മിഷന്‍റെ ആദ്യ കണക്കുകൾ പ്രകാരം 65 ശതമാനത്തിനടുത്താണ് പോളിങ്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് 64 ശതമാനത്തിൽ താഴെയായിരുന്നു. പോളിങ് ശതമാനം അൽപ്പമെങ്കിലും മെച്ചപ്പെടുത്തൻ ഇത്തവണ കഴിഞ്ഞിട്ടുണ്ടെന്നതിൽ കമ്മിഷന് ആശ്വസിക്കാവുന്നതാണ്. മാവോയിസ്റ്റ് ബാധിത മേഖലകളിൽ അവർ ഉയർത്തിയ ഭീഷണിയും ബഹിഷ്കരണാഹ്വാനവും ജനങ്ങൾ തള്ളിക്കളയുകയായിരുന്നു. വലിയ ആവേശത്തോടെ തന്നെ ജനങ്ങൾ പോളിങ് ബൂത്തുകളിൽ എത്തി. മുൻപ് മാവോയിസ്റ്റുകളുടെ കേന്ദ്രമായി കരുതിയിരുന്ന ഭാഗങ്ങളിൽ വോട്ടർമാരുടെ നീണ്ട ക്യൂവായിരുന്നു. വോട്ടെടുപ്പിലെ ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള തെരഞ്ഞെടുപ്പു കമ്മിഷന്‍റെ ആഹ്വാനം വെറുതെയായില്ല. ആദിവാസി വിഭാഗങ്ങളിലെ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കാൻ കൂടുതലായി രംഗത്തുവന്നു. ഇതൊക്കെ സന്തോഷകരമാണ്.

എന്നാൽ, ഇതിനൊപ്പം ഉപതെരഞ്ഞെടുപ്പു നടന്ന കേരളത്തിലെ മണ്ഡലങ്ങളിൽ പോളിങ് ശതമാനം കുറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ്. രാഹുൽ ഗാന്ധി ഒഴിഞ്ഞ് പ്രിയങ്ക ഗാന്ധി വാധ്ര മത്സരിച്ച വയനാട് ലോക്സഭാ മണ്ഡലത്തിൽ വോട്ടർമാരിൽ നിന്ന് തണുത്ത പ്രതികരണമാണുണ്ടായത്. ആദ്യ കണക്കുകൾ പ്രകാരം 65 ശതമാനത്തിന് അടുത്താണ് അവിടുത്തെ പോളിങ്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇതു നിരാശാജനകമാണ്. ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ മത്സരമാണ് വയനാട്ടിൽ നടന്നത്. ഇതാദ്യമായി പ്രിയങ്ക സ്ഥാനാർഥിയായി രംഗത്തിറങ്ങിയ തെരഞ്ഞെടുപ്പ് എന്ന പ്രാധാന്യം ഇതിനുണ്ട്. അതുപോലും വോട്ടർമാരെ സ്വാധീനിച്ചു എന്നു പറയാനാവില്ല. രാഹുൽ ഗാന്ധി ആദ്യം വയനാട്ടിൽ മത്സരിച്ച 2019ൽ 80 ശതമാനത്തിലേറെ പോളിങ് ഉണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ മത്സരിച്ചപ്പോൾ 73 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. അഞ്ചു ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പ്രിയങ്കയെ ജയിപ്പിക്കുമെന്ന് അവകാശപ്പെട്ട് കോൺഗ്രസ് വലിയ ആവേശത്തോടെ പ്രചാരണം നടത്തിയിട്ടും വോട്ടർമാർ ഇളകിയില്ല എന്നു വേണമല്ലോ ആദ്യ കണക്കിൽ പുറത്തുവന്ന പോളിങ് ശതമാനത്തിൽ നിന്ന് ഊഹിക്കാൻ. വയനാടിന്‍റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് ആറു മാസത്തിനിടെ വീണ്ടും ഉപതെരഞ്ഞെടുപ്പു വന്നത് വോട്ടർമാരുടെ പ്രതികരണം തണുപ്പിച്ചുവെന്നു കരുതണം. മത്സരം ഏകപക്ഷീയമെന്ന ധാരണയും ബാധിച്ചിട്ടുണ്ടോയെന്ന് അറിയാനിരിക്കുകയാണ്.

എന്തായാലും പ്രിയങ്കയുടെ ഭൂരിപക്ഷം കുറയില്ലെന്ന അവകാശവാദമാണ് കോൺഗ്രസ് പുറമേയ്ക്ക് ഉന്നയിക്കുന്നത്. എൽഡിഎഫ്, എന്‍ഡിഎ ക്യാംപുകളിലെ ആവേശക്കുറവാണ് പോളിങ് കുറച്ചതെന്ന് അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, യുഡിഎഫ് കേന്ദ്രങ്ങളിലെ വോട്ടാണു കുറഞ്ഞതെന്ന് സിപിഎമ്മും ബിജെപിയും പറയുന്നു. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുൻപ് രാഷ്ട്രീയ പാർട്ടികൾ ഇത്തരത്തിൽ അവകാശവാദങ്ങൾ ഉന്നയിക്കുന്നതു സ്വാഭാവികമാണ്. കാരണമെന്തായാലും നിരവധിയാളുകൾ വോട്ടു ചെയ്യാതിരുന്നിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ ഇതു സംബന്ധിച്ച് കൃത്യമായ വിശകലനം നടത്തേണ്ടതായിട്ടുമുണ്ട്. പോളിങ് ശതമാനം കുറഞ്ഞതിനുള്ള കാരണങ്ങൾ പാർട്ടിയും യുഡിഎഫും പരിശോധിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറയുകയുണ്ടായി. സത്യസന്ധമായ രീതിയിൽ ഈ പരിശോധന നടത്തുന്നത് നല്ലതാണ്. ജനങ്ങൾ എന്തുകൊണ്ട് അകന്നുനിൽക്കുന്നുവെന്ന് അതിലൂടെ അറിയാനാവും.

ആലത്തൂരിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും ഒഴിഞ്ഞതുകൊണ്ടാണല്ലോ ചേലക്കരയിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പു നടന്നത്. അവിടെയും ആദ്യ കണക്കുകൾ പ്രകാരം പോളിങ് അൽപ്പം കുറവാണ്- 73 ശതമാനത്തിൽ താഴെ. കഴിഞ്ഞ തവണ ചേലക്കരയിൽ രേഖപ്പെടുത്തിയത് 77 ശതമാനത്തിനു മുകളിലായിരുന്നു. അന്തിമ കണക്കിലുണ്ടാകാവുന്ന മാറ്റങ്ങൾ കണക്കിലെടുത്താൽ പോലും കഴിഞ്ഞ തവണത്തെക്കാൾ മികച്ച പോളിങ്ങാവില്ല ഇക്കുറി. ഈ ഉപതെരഞ്ഞെടുപ്പുകളിൽ മാത്രമല്ല ഏതാനും മാസം മുൻപ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും സംസ്ഥാനത്ത് പോളിങ് ശതമാനം കുത്തനെ കുറഞ്ഞിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 77 ശതമാനത്തിലേറെ പോളിങ് ഉണ്ടായിരുന്നത് ഇത്തവണ 72 ശതമാനത്തിൽ താഴെയായി. ഇതിനു പലവിധ കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുകയും ചെയ്തിരുന്നു. ഇനി ഈ മാസം ഇരുപതിനാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. അവിടെ എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ വടകരയിൽ നിന്നു ലോക്സഭയിലേക്കു മത്സരിച്ചു ജയിച്ചതോടെയാണ് പാലക്കാട് ഒഴിവുവന്നത്. വലിയ തോതിലുള്ള പ്രചാരണമൊക്കെ നടക്കുന്നത് അവിടുത്തെ പോളിങ് ശതമാനം മെച്ചപ്പെടുത്തുമെന്നു പ്രതീക്ഷിക്കാം.

കൊച്ചിയിൽ എയർ ഇന്ത‍്യ വിമാനത്തിൽ നിന്നും ഭീഷണി സന്ദേശം കണ്ടെടുത്തു

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 2 ദിവസം അവധി

പാലക്കാട് കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി | Video