യുദ്ധഭീതി വ്യാപിക്കുന്ന പശ്ചിമേഷ്യ | മുഖപ്രസംഗം 
Editorial

യുദ്ധഭീതി വ്യാപിക്കുന്ന പശ്ചിമേഷ്യ | മുഖപ്രസംഗം

ലെബനൻ മറ്റൊരു ഗാസയായി മാറുമോ എന്ന ആശങ്ക പരക്കെയുണ്ട്.

പശ്ചിമേഷ്യയിലെ യുദ്ധഭീതി വ്യാപിക്കുകയാണ്. ഗാസയിലെ ആക്രമണങ്ങൾക്ക് അവസാനമാവും മുൻപു തന്നെ ലെബനനിലെ തങ്ങളുടെ എതിരാളികൾക്കെതിരേയും ഇസ്രയേൽ കനത്ത യുദ്ധത്തിന് ഇറങ്ങിയിരിക്കുന്നു. ഗാസയിലെ യുദ്ധം അവസാന ഘട്ടത്തിലാണെന്നും ഇനി ശ്രദ്ധ ലെബനനിലാണെന്നും ഏതാനും ദിവസം മുൻപാണ് ഇസ്രയേൽ വെളിപ്പെടുത്തിയത്. അതു വെറുതേ പറഞ്ഞതല്ലെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ ലെബനനിൽ ഇസ്രയേൽ വ്യാപകമായി നടത്തിയ വ്യോമാക്രമണത്തിൽ 500ലേറെ പേരാണു കൊല്ലപ്പെട്ടിരിക്കുന്നത്. 1,800ലേറെ പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ജനവാസ കേന്ദ്രങ്ങളിലാണ് ഇസ്രയേൽ വ്യോമാക്രമണം നടത്തിയതെന്നും കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും കുട്ടികളും ഉണ്ടെന്നും ലെബനീസ് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഇറാൻ പിന്തുണയുള്ള സായുധ സംഘമായ ഹിസ്ബുള്ളയും ഇസ്രയേലും തമ്മിലുള്ള പോരാട്ടം ലെബനനിലെ ജനങ്ങളുടെ ജീവനും സ്വത്തും അപകടത്തിലാക്കുകയാണ്. ലെബനൻ മറ്റൊരു ഗാസയായി മാറുമോ എന്ന ആശങ്ക പരക്കെയുണ്ട്. ഏതൊക്കെ തരത്തിലാണ് ഈ യുദ്ധം പശ്ചിമേഷ്യയെ ബാധിക്കാൻ പോകുന്നതെന്ന് കണ്ടറിയേണ്ടതുമുണ്ട്.

ഹിസ്ബുള്ളയുടെ കേന്ദ്രങ്ങൾ തകർക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. ലെബനീസ് ജനതയോടല്ല, ഹിസ്ബുള്ളയോടാണു യുദ്ധമെന്നാണ് അവർ പറയുന്നത്. സാധാരണ ജനങ്ങളെ മനുഷ്യകവചങ്ങളായി ഹിസ്ബുള്ള ഉപയോഗിക്കുകയാണെന്നാണ് ഇസ്രയേലിന്‍റെ വാദം. ഇസ്രയേലിനെ ആക്രമിക്കാനുള്ള മിസൈലുകളും റോക്കറ്റുകളുമൊക്കെ ഹിസ്ബുള്ള ഒളിപ്പിക്കുന്നത് സാധാരണ ജനങ്ങളുടെ വീടുകളിലാണെന്നാണ് അവർ കുറ്റപ്പെടുത്തുന്നത്. ഹിസ്ബുള്ളയ്ക്ക് "മനുഷ്യ കവചം' ആകാതെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറാൻ ആക്രമണ കേന്ദ്രങ്ങളിലെ ജനങ്ങളോട് ഇസ്രയേൽ ആവശ്യപ്പെടുന്നുണ്ട്. തെക്കൻ ലെബനനിൽ നിന്ന് ആയിരക്കണക്കിനാളുകളുടെ കൂട്ടപ്പലായനമാണ് ഇപ്പോൾ നടക്കുന്നത്. മനുഷ്യജീവന് ഒരു സുരക്ഷയുമില്ലാത്ത അവസ്ഥയായിരിക്കുകയാണ് ഈ മേഖലയിൽ.

പേജർ, വോക്കിടോക്കി, സോളാർ പാനൽ സ്ഫോടനങ്ങളിലൂടെ ലെബനനിൽ ഹിസ്ബുള്ളയുടെ കമ്യൂണിക്കേഷൻ സംവിധാനങ്ങളെല്ലാം തകർത്ത ശേഷമാണ് ഇസ്രയേൽ വ്യോമാക്രമണം ആരംഭിച്ചിരിക്കുന്നത് എന്നതാണു ശ്രദ്ധേയമായിട്ടുള്ളത്. 37 പേർ മരിക്കുകയും 3,000ത്തിലേറെ പേർക്കു പരുക്കേൽക്കുകയും ചെയ്ത പേജർ, വോക്കിടോക്കി സ്ഫോടനങ്ങൾ ഹിസ്ബുള്ളയെ നടക്കുന്നതായിരുന്നു. ഈ സ്ഫോടനങ്ങളെ തുടർന്ന് ലെബനനിലെ പേജറുകൾ അടക്കം ടെലികോം ഉപകരണങ്ങൾ സൈന്യം ഏറ്റെടുത്തു നശിപ്പിച്ചിരുന്നു. ഇതോടെ ആശയവിനിമയം തടസപ്പെട്ട ഹിസ്ബുള്ളയെ കൂടുതൽ തളർത്തിക്കൊണ്ടാണ് അതിശക്തമായ വ്യോമാക്രമണം ഇസ്രയേൽ ആരംഭിച്ചത്. ഹിസ്ബുള്ളയുടെ ഭാഗത്തുനിന്നുള്ള തിരിച്ചടികളും ഇതിനൊപ്പം ഉണ്ടാവുന്നുണ്ട്. ഇസ്രയേലിലേക്ക് അവർ റോക്കറ്റാക്രമണങ്ങൾ നടത്തിവരുന്നു. ശക്തമായ തിരിച്ചടി നൽകുമെന്നു തന്നെയാണ് ഹിസ്ബുള്ള ആവർത്തിച്ച് അവകാശപ്പെട്ടുകൊണ്ടിരിക്കുന്നതും. ആക്രമണ സാധ്യത മുൻനിർത്തി ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധഭീതി ഇസ്രയേലിലെ ജനങ്ങളെയും ബാധിച്ചിരിക്കുന്നു.

പശ്ചിമേഷ്യയെ ഒന്നാകെ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കുകയാണ് ഇസ്രയേലിന്‍റെ പദ്ധതിയെന്നാണ് ഇറാൻ കുറ്റപ്പെടുത്തുന്നത്. യുദ്ധം വ്യാപിച്ചാൽ അതിന്‍റെ പ്രത്യാഘാതം വളരെ വലുതാവുമെന്നും ഇറാൻ മുന്നറിയിപ്പു നൽകുന്നുണ്ട്. ഇസ്രയേൽ- ഹിസ്ബുള്ള പോരാട്ടത്തിൽ ഇറാനും നേരിട്ടു ഭാഗമായാൽ അതു സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും. ഗാസയിൽ ഹമാസിനെതിരായ ഇസ്രയേലിന്‍റെ യുദ്ധം തുടങ്ങിയിട്ട് 11 മാസമായി. കഴിഞ്ഞവർഷം ഒക്റ്റോബറിൽ ഹമാസിന്‍റെ ഇസ്രയേൽ ആക്രമണത്തെത്തുടർന്നാണു യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഹമാസിനെ തകർത്തിട്ടേ അടങ്ങൂ എന്നതാണ് ഇസ്രയേൽ നയം. 11 മാസത്തിനിടെ ഗാസയിൽ 41,431 പലസ്തീനികൾ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 95,818 പേർക്കു പരുക്കേറ്റു എന്നാണു കണക്ക്. സമീപദിവസങ്ങളിലും അഭയാർഥി ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കു നേരേയടക്കം വ്യോമാക്രമണമുണ്ടായി. ഹിസ്ബുള്ളയെപ്പോലെ ഹമാസും സാധാരണ ജനങ്ങളെ കവചമാക്കുന്നുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ഹമാസിന്‍റെ സംവിധാനങ്ങൾ തകർക്കാനാണ് ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നതത്രേ. ജനവാസ മേഖലകളിൽ ചോരയൊഴുക്കുന്ന ഗാസയിലെ യുദ്ധം എത്രയും വേഗം അവസാനിക്കണമെന്ന് അ‍ന്താരാഷ്‌ട്ര സമൂഹം ആഗ്രഹിക്കുമ്പോഴാണ് ലെബനനും യുദ്ധക്കളമായി മാറുന്നത്.

യെമനിലെ ഹൂതി വിമതരും ഹിസ്ബുള്ളയ്ക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാനും ദിവസം മുൻപ് ഹൂതി വിമതർ ഇസ്രയേലിനു നേരേ ഹൈപ്പർ സോണിക് മിസൈൽ ആക്രമണം നടത്തിയിരുന്നു. അതിർത്തികടന്നുവന്ന മിസൈൽ ഇസ്രയേലിൽ പരിഭ്രാന്തി സൃഷ്ടിക്കുകയുണ്ടായി. ഈ ആക്രമണത്തിനു ഹൂതികൾ കനത്ത വില നൽകേണ്ടിവരുമെന്നാണ് ഇസ്രയേൽ പ്രതികരിച്ചിട്ടുള്ളത്. എതിരാളികൾക്കെതിരായ ഇസ്രയേലിന്‍റെ ആക്രമണങ്ങൾ ഇനിയെത്ര നിരപരാധികളുടെ ജീവനുകൾ കവരുമെന്നു ലോകം ആശങ്കപ്പെടുന്നുണ്ട്.

പ്രവചനാതീതം പാലക്കാട്

റേഷൻ കടകൾ അടഞ്ഞുകിടക്കും; വ്യാപാരികളുമായി ഉടൻ ചർച്ച

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും

മോദി ജി20 യോഗത്തിന് ബ്രസീലിൽ; ബൈഡനുമായി ചർച്ച നടത്തി

വഖഫ് ഭൂമി തർക്കം: റീസർവേയെച്ചൊല്ലി മന്ത്രിമാർ തമ്മിൽ ഭിന്നത