കേരള സർക്കാർ ഫയൽ പ്രതീകാത്മക ചിത്രം
Editorial

ജോലി സമയത്ത് ജോലി ചെയ്യുക

ഓരോ ഫയലും ഓരോ ജീവിതമാണെന്നു ധരിച്ചു നടപടികളെടുക്കാനാണ് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നത്

ജനങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാൻ വേണ്ടിയുള്ളതാണു സർക്കാർ ഓഫിസുകൾ. സർക്കാരുകൾ മാറിമാറി വരുമെങ്കിലും ഭരണമെന്ന തുടർ സംവിധാനം നടത്തിക്കൊണ്ടുപോകുന്നതു സർക്കാർ ജീവനക്കാരാണ്. ജനങ്ങൾക്കു വേണ്ടി അവർ എത്രമാത്രം ആത്മാർഥമായി പ്രവർത്തിക്കുന്നുവോ അത്രയും സർക്കാരിന്‍റെ കാര്യക്ഷമത വർധിക്കുകയും ചെയ്യും. ഓരോ ഓഫിസും ഏറ്റവും വേഗത്തിൽ, ഫലപ്രദമായി ഫയലുകൾ നീക്കുന്നതു കാണാനാണു ജനങ്ങൾ ഇഷ്ടപ്പെടുക. ഓരോ ഫയലും ഓരോ ജീവിതമാണെന്നു ധരിച്ചു നടപടികളെടുക്കാനാണ് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നത്. അങ്ങനെയൊരു ധാരണയുണ്ടായാൽ സാധാരണ ജനങ്ങൾക്ക് സർക്കാർ ഓഫിസുകളിൽ നിരവധി തവണ കയറിയിറങ്ങി നിരാശപ്പെടേണ്ടിവരില്ല. ജനങ്ങളുടെ പണം ശമ്പളമായി വാങ്ങുന്ന ഓരോ ജീവനക്കാരനും ഓഫിസ് സമയം ഒട്ടും പാഴാക്കാതെ ജനങ്ങൾക്കുവേണ്ടി ജോലി ചെയ്യുക എന്നതാണ് അനിവാര്യമായിട്ടുള്ളത്.

ഭരണനടപടികൾ അതിവേഗത്തിലാവുക, ജനങ്ങൾക്കു കാര്യങ്ങൾ പെട്ടെന്നു നടന്നു കിട്ടുക എന്നൊക്കെ പറയുന്നിടത്ത് സർക്കാർ ജീവനക്കാരുടെ കാര്യക്ഷമതയാണു നിർണായകമാവുന്നത്. ഓഫിസുകൾ സേവനോന്മുഖമാവുക എന്നതിനൊപ്പം പ്രധാനമാണ് അഴിമതിരഹിതമാവുന്നതും. സർക്കാർ ഓഫിസുകളുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ ജനങ്ങളുടെ മനസിലുണ്ട്. കെട്ടിക്കിടക്കുന്ന ഫയലുകൾ, കൈക്കൂലി, ചുവപ്പുനാട, പ്രൊഫഷണലിസത്തിന്‍റെ അഭാവം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നതാണ്. ഇതിനെല്ലാം ഒപ്പമുള്ളതാണ് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കേണ്ട സമയത്ത് ജീവനക്കാർ മറ്റു പരിപാടികളിൽ മുഴുകുന്നത്. ജീവനക്കാരുടെ കൂട്ടായതും വ്യക്തിപരവുമായ പരിപാടികളൊക്കെ കഴിയും വരെ ഓഫിസുകളിൽ കാത്തിരിക്കേണ്ടിവരുന്ന ജനങ്ങൾക്കു നഷ്ടമാകുന്നത് അവരുടെ വിലപ്പെട്ട സമയമാണ്. നീണ്ടുപോകുന്നത് അത്യാവശ്യമുള്ള കാര്യങ്ങളാണ്. ഒരു ജനാധിപത്യ ഭരണക്രമത്തിൽ ഒരിക്കലും അനുവദിക്കാൻ കഴിയാത്തതാണത്. പക്ഷേ, പല ഓഫിസുകളിലും ജീവനക്കാരുടെ പരിപാടികൾ സേവനം ആഗ്രഹിച്ചു വരുന്നവരുടെ സമയം അപഹരിക്കുന്നുണ്ടെന്നത് എല്ലാവർക്കും ബോധ്യമുള്ളതാണ്. ഓഫിസ് സമയത്ത് ഓഫിസ് കാര്യം മാത്രം എന്നു പലപ്പോഴും പലരും നിർദേശിച്ചിട്ടുണ്ടെങ്കിലും അതൊന്നും പല ഓഫിസുകളിലും പലരും കണക്കിലെടുക്കാറില്ല.

ഇതുമായി ബന്ധപ്പെട്ട് ഏറ്റവുമൊടുവിൽ സർക്കാർ നൽകിയിരിക്കുന്ന നിർദേശവും എത്രമാത്രം പ്രാവർത്തികമാവുമെന്നു വരും നാളുകളിലേ അറിയാനാവൂ. ഓഫിസ് സമയത്ത് സർക്കാർ ഓഫിസുകളിൽ ഉദ്യോഗസ്ഥരുടെ പല വിധത്തിലുള്ള കൂട്ടായ്മകൾ നടത്തരുതെന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്‍റെ പുതിയ ഉത്തരവ്. ഓഫിസുകളിൽ ഇത്തരം കൂട്ടായ്മകൾ വർധിച്ചുവരുന്ന പ്രവണതയുണ്ടെന്നു മനസിലാക്കിയാണ് ഈ ഉത്തരവ് ഇറക്കിയിരിക്കുന്നതും. ഓഫിസ് പ്രവർത്തനങ്ങൾക്കിടെ ഇത്തരം കൂട്ടായ്മകളുടെ യോഗം വിളിച്ചാൽ അതു മണിക്കൂറുകൾ വരെ നീണ്ടുപോകാറുണ്ട്. ഇടവേള സമയത്ത് തുടങ്ങുന്ന പരിപാടികൾ ഓഫിസ് സമയമായാലും അവസാനിക്കാറില്ല. അതുകൊണ്ടാണ് ഓഫിസ് സമയത്ത് സാംസ്‌കാരിക പരിപാടികൾക്ക് അടക്കം വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം സ്ഥാപനങ്ങളുടെ മേലധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾക്കും സർക്കാർ നിർദേശങ്ങൾക്കും അനുസൃതമല്ലാതെ ഓഫിസ് പ്രവർത്തനങ്ങൾക്കു തടസമുണ്ടാക്കുന്ന രീതിയിൽ ഓഫിസുകളിൽ കൾച്ചറൽ ഫോറങ്ങൾ നടക്കുന്നത് സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഓഫിസ് സമയം അല്ലാത്തപ്പോള്‍ മാത്രമേ ഇത്തരം പരിപാടികള്‍ നടത്താവൂ എന്നുമാണ് ഉത്തരവിൽ പറയുന്നത്. ഈ ഉത്തരവ് ലംഘിച്ചാല്‍ നടപടിയുണ്ടാകമെന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്. ഓഫിസ് സമയത്ത് സാംസ്‌കാരിക പരിപാടികള്‍ പാടില്ലെന്നു നേരത്തേ സര്‍വീസ് ചട്ടപ്രകാരം ഉത്തരവുണ്ടായിരുന്നതാണ്. എന്നാല്‍, സെക്രട്ടറിയേറ്റില്‍ അടക്കം ഓഫിസ് സമയത്ത് ഇത്തരം പരിപാടികള്‍ നടക്കുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നതിനാലാണ് ഇപ്പോഴത്തെ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.

ഈ ഉത്തരവ് മുഴുവൻ ഓഫിസുകളും ഉദ്യോഗസ്ഥരും പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാരിനു കഴിഞ്ഞാൽ അതു നല്ല കാര്യമാണ്. സാംസ്കാരിക പരിപാടികൾക്കു മാത്രമല്ല സർവീസ് സംഘടനകളുടെ പരിപാടികൾക്കും ഓഫിസ് സമയത്ത് നിയന്ത്രണം വേണ്ടതാണ്. ഓഫിസ് സമയം കഴിഞ്ഞ് ധാരാളം സമയം അതിനൊക്കെ ബാക്കിയുണ്ടല്ലോ. ജനങ്ങളെ അകറ്റി നിർത്തിയുള്ള കൂട്ടായ ചർച്ചകൾ അൽപ്പസമയമാണെങ്കിൽപോലും പല ജീവനക്കാർ അതിൽ പങ്കാളികളാവുമ്പോൾ അത്രയും സമയം ഓഫിസുകളുടെ പ്രവർത്തനം നിലയ്ക്കുകയാണ്. സർക്കാർ കാര്യത്തിനു കാലതാമസമുണ്ടാകുന്നതിൽ ഒരു കാരണം ഇത്തരത്തിലുള്ള സമയനഷ്ടമാണ്. ഓഫിസ് സമയത്ത് ആഘോഷങ്ങളോ മറ്റു കൂട്ടായ്മകളോ ഒന്നും വേണ്ട, അതെല്ലാം ജോലി കഴിഞ്ഞു മതി എന്ന് എല്ലാവരും തീരുമാനിച്ചാൽ ഫയൽ നീക്കം സംബന്ധിച്ചുള്ള പല പരാതികൾക്കും പരിഹാരമാവും. വിലക്കു ലംഘിച്ച് പരിപാടി സംഘടിപ്പിക്കുന്നവർക്കും അതിൽ പങ്കെടുക്കുന്നവർക്കുമെതിരേ കർശന നടപടിയെടുക്കാൻ ഉത്തരവാദപ്പെട്ടവർ മടികാണിക്കരുത്.

'അഹിന്ദുക്കളെല്ലാം വിആർഎസ് എടുക്കണം അല്ലെങ്കിൽ സ്ഥലം മാറിപ്പോകണം'; വിവാദ ഉത്തരവുമായി തിരുപ്പതി ക്ഷേത്രം

കാൻസിൽ തിളങ്ങി, പക്ഷേ ഒടിടി തിരിഞ്ഞു നോക്കുന്നില്ല; 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' പ്രതിസന്ധിയിൽ

പരാതി നൽകിയതിൽ കാലതാമസം; നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ഡൽഹി വായു ഗുണനിലവാരം 500ൽ എത്തി; 10, 12 ക്ലാസുകൾ ഉൾപ്പെടെ ഓണ്‍ലൈനാക്കി; വര്‍ക്ക് ഫ്രം ഹോം

വാട്സാപ്പ് സ്വകാര്യതാ നയങ്ങൾ ലംഘിക്കുന്നു; 'മെറ്റ'യ്ക്ക് 213.14 കോടി രൂപ പിഴയിട്ട് ഇന്ത്യ