പ്രതീകാത്മക ചിത്രം Freepik
Education

4 വര്‍ഷ ബിരുദം പ്രതിസന്ധിയിൽ: പരീക്ഷ മാറ്റിയേക്കും

75 അക്കാഡമിക് ദിനങ്ങൾ എന്ന നിബന്ധനയിൽ വീഴ്ച; അധ്യാപകരുടെ പ്രശ്നം എന്ന വിമർശനവും പരിശോധിക്കും

തിരുവനന്തപുരം: നാലു വര്‍ഷ ബിരുദ പ്രോഗ്രാമിന്‍റെ ആദ്യ സെമസ്റ്റര്‍ പരീക്ഷ നീട്ടി വയ്ക്കാൻ സാധ്യത. എഴുപത്തഞ്ച് അക്കാഡമിക് ദിനങ്ങളെന്ന നിബന്ധനയിൽ വീഴ്ചയുണ്ടായതോടെ പദ്ധതി പ്രതിസന്ധിയിലായതിനെത്തുടർന്ന് മന്ത്രി ആര്‍. ബിന്ദുവിന്‍റെ അധ്യക്ഷതയില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരും പരീക്ഷാ കണ്‍ട്രോളര്‍മാരും പങ്കെടുക്കുന്ന ‍യോഗം വിളിച്ചിട്ടുണ്ട്. മുന്‍നിശ്ചയിച്ച പ്രകാരം അടുത്ത മാസം അഞ്ചിനു സെമസ്റ്റര്‍ പരീക്ഷ തുടങ്ങാനാകുമോ എന്നാണു യോഗം പരിശോധിക്കുന്നത്.

ക്ലാസ് ദിനങ്ങളിൽ കുറവു വരാനുണ്ടായ സാഹചര്യം വിലയിരുത്താനും നടപടി സ്വീകരിക്കാനും ചേരുന്ന യോഗം അക്കാഡമിക് ചുമതലകള്‍ നിറവേറ്റുന്നതില്‍ അധ്യാപകര്‍ക്കു വീഴ്ചയുണ്ടായെന്ന വിമര്‍ശനവും ചർച്ച ചെയ്യും. സെമസ്റ്ററിന് 75 അധ്യയനദിവസങ്ങള്‍ വേണമെന്നിരിക്കെ, സാങ്കേതികമായിപ്പോലും ആ അക്കത്തിലെത്തിയിട്ടില്ലെന്നു വിദ്യാർഥികൾ പറയുന്നു. വൈകി പ്രവേശനം നേടിയ കുട്ടികള്‍ക്കു പകുതി പോലും അധ്യയന ദിവസങ്ങള്‍ കിട്ടിയിട്ടില്ല. വിദ്യാര്‍ഥികള്‍ക്കു മതിയായ ക്ലാസുകള്‍ ലഭിക്കാതിരിക്കാനും ഇതു വഴിവച്ചു.

അക്കാഡമിക് കലണ്ടര്‍ പ്രകാരം നവംബർ അഞ്ചിനു പരീക്ഷ തുടങ്ങണം. 22 വരെ തുടരുന്ന പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഡിസംബര്‍ 22 നുള്ളില്‍ ഫലപ്രഖ്യാപനം നടത്തണം. ഇതിനുള്ള തയാറെടുപ്പുകളും നടത്തിയിരുന്നു.

മതിയായ പഠനദിനങ്ങള്‍ ഉറപ്പാക്കാതെ നവംബര്‍ 22നുള്ളില്‍ പരീക്ഷ പൂര്‍ത്തീകരിക്കാന്‍ ശ്രമിച്ചാല്‍ നാലുവര്‍ഷ ബിരുദം മുന്നോട്ടുവയ്ക്കുന്ന ഗുണപരമായ പഠനം ഉറപ്പാക്കാനാവില്ലെന്ന് ഭരണപക്ഷ അധ്യാപക സംഘടനകള്‍ തന്നെ വിമര്‍ശനമുയര്‍ത്തി. സിപിഎം അനുകൂല അധ്യാപക സംഘടനായ എകെപിസിടിഎ മന്ത്രി ആർ. ബിന്ദുവിന് നിവേദനം നല്‍കുകയും ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരീക്ഷ തുടങ്ങുന്നത് രണ്ടാഴ്ചയെങ്കിലും നീട്ടിവയ്ക്കണമെന്നാണ് അവരുടെ ആവശ്യം. മൂല്യനിര്‍ണയത്തെയും ഫലപ്രഖ്യാപനത്തെയും ബാധിക്കാത്തവിധത്തില്‍ പരീക്ഷ പുനഃക്രമീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരിക്കുകയാണ്.

പ്രവേശന നടപടികള്‍ പൂര്‍ത്തിയാകാന്‍ കാലതാമസമെടുത്തതാണ് അക്കാഡമിക ദിനങ്ങള്‍ കുറയാന്‍ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കൂടാതെ, അക്കാഡമിക് ചുമതലകള്‍ നിറവേറ്റുന്നതിലും അധ്യാപകര്‍ക്കു വീഴ്ച സംഭവിച്ചതായും വിമര്‍ശമുയര്‍ന്നിട്ടുണ്ട്.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ