#തയാറാക്കിയത്: എൻ. അജിത്കുമാർ
ശാസ്ത്ര ഗവേഷണത്തിന് ആദ്യ നോബല്‍ സമ്മാനം നേടിയ ഏഷ്യക്കാരനാണ് സി.വി.രാമന്. 1928 ഫെബ്രുവരി 28-നാണ് അദ്ദേഹം രാമന് പ്രഭാവം കണ്ടെത്തിയത്. ഈ കണ്ടെത്തലിന് 1930-ലെ ഊര്‍ജതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. വെറും 200 രൂപ വില വരുന്ന ഉപകരണങ്ങളും ഏറ്റവും പരിമിതമായ സൗകര്യങ്ങളും ഉപയോഗിച്ചാണ് അദ്ദേഹം ഈ വിശ്വോത്തര കണ്ടുപിടിത്തം നടത്തിയത്. രാമന് പ്രഭാവം കണ്ടെത്തിയ ഫെബ്രുവരി 28 ഭാരതം ദേശീയ ശാസ്ത്രദിനമായി ആചരിച്ചുവരുന്നു.
സി.വി. രാമനായ കഥ
1888 നവംബര്‍ ഏഴിന് തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളി (തൃശിനാപ്പള്ളി)യിലാണ് ചന്ദ്രശേഖര വെങ്കിട്ടരാമന് ജനിച്ചത്. ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ ലളിതമായ സാമഗ്രികള്‍ ഉപയോഗിച്ച് സ്വന്തമായി ഒരു ഡൈനാമോയുണ്ടാക്കി സഹപാഠികളെയും അധ്യാപകരെയും അദ്ദേഹം അത്ഭുതപ്പെടുത്തി. കോളജില്‍ പഠിക്കുന്ന കാലത്താണ് അദ്ദേഹം പ്രകാശത്തെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് തുടക്കമിടുന്നത്. ഒരു പ്രിസത്തിലൂടെ സൂര്യപ്രകാശം കടത്തിവിട്ട് പരീക്ഷണം നടത്തിക്കൊണ്ടിരുന്നപ്പോള്‍ ആരും അതുവരെ നിരീക്ഷിക്കാത്ത ഒരു പ്രതിഭാസം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. "രാമന് പ്രഭാവത്തിന്റെ' ആദ്യ വിത്ത് രാമന്റെ മനസ്സില്‍ വീഴുന്നത് അന്നാണ്. ഇതിനെക്കുറിച്ചെഴുതിയ പ്രബന്ധം ലോകപ്രശസ്ത ശാസ്ത്ര മാസികയായ "നേച്ചറി'ന് അദ്ദേഹം അയച്ചുകൊടുത്തു. (നോബല്‍ സമ്മാനിതമായ പല കണ്ടുപിടിത്തത്തെക്കുറിച്ചുള്ള പ്രബന്ധങ്ങളും ആദ്യം അച്ചടിച്ചുവരുന്നത് "നേച്ചര്‍' മാസികയിലാണ്) 1907-ല്‍ രാമന്റെ പതിനെട്ടാമത്തെ വയസ്സില്‍ ആ പ്രബന്ധം നേച്ചര്‍ മാസികയില്‍ അച്ചടിച്ചുവന്നു. സായിപ്പിന്റെ നാക്കിനു വഴങ്ങാത്ത ചന്ദ്രശേഖര വെങ്കട്ടരാമന് എന്ന പേര് ചുരുക്കി സി.വി.രാമന് എന്ന പേരിലാണ് പ്രബന്ധം അച്ചടിച്ചുവന്നത്. അതോടുകൂടി സി.വി.രാമന് എന്ന പ്രതിഭയെ ശാസ്ത്രലോകം ശ്രദ്ധിക്കാന്‍ തുടങ്ങി.
കടലിന്റെ നീലനിറത്തിനു കാരണം തേടി
രാമന്റെ പ്രതിഭ കണ്ടറിഞ്ഞ മാതാപിതാക്കള്‍ അദ്ദേഹത്തെ ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലേക്കയക്കാന്‍ തീരുമാനിച്ചു. അക്കാലത്ത് ശാസ്ത്ര ഗവേഷണത്തിനുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നില്ല. ഇംഗ്ലണ്ടിലേക്ക് കപ്പല്‍ കയറുന്നതിനുമുമ്പ് നടന്ന മെഡിക്കല്‍ പരിശോധനയില്‍ രാമന് പരാജയപ്പെട്ടു. ഇംഗ്ലണ്ടിലെ തണുപ്പ് താങ്ങാനുള്ള കരുത്ത് രാമനില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. പിന്നീട് കല്‍ക്കട്ടയില്‍ അസിസ്റ്റന്റ് അക്കൗണ്ടന്റ് ജനറലായി ജോലി നോക്കി. പകല്‍ സമയത്ത് നല്ലൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായും രാത്രിയില്‍ ഗവേഷണത്തില്‍ മുഴുകുന്ന ശാസ്ത്രജ്ഞനായും പത്തു വര്‍ഷത്തോളം രാമന് ജീവിതം നയിച്ചു.
കടലിന്റെ നീലനിറം
കടലിന്റെ നീലനിറത്തിനു കാരണം ആകാശനീലിമയുടെ പ്രതിഫലനമല്ലെന്ന് കണ്ടെത്തിയത് രാമനാണ്. 1921-ല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള യാത്രക്കിടയിലാണ് മെഡിറ്ററേനിയന്‍ കടലിന്റെ നീലനിറം അദ്ദേഹത്തിന്റെ മനം കവരുന്നത്. തന്റെ കൈയില്‍ ഉണ്ടായിരുന്ന ചില ഉപകരണങ്ങള്‍ ഉപയോഗിച്ച് രാമന് നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളില്‍നിന്ന് കടലിന്റെ നീലിമ അതുവരെ വിശ്വസിച്ചിരുന്ന ആകാശ പ്രതിഫലനമല്ലെന്നും പ്രകാശ രശ്മികള്‍ ജല തന്മാത്രകളില് തട്ടിച്ചിതറുന്ന വിസരണം (Scattering) എന്ന പ്രതിഭാസം മൂലമാണെന്നും അദ്ദേഹം കണ്ടെത്തി. പ്രകാശ വിസരണം സംബന്ധിച്ച് കൂടുതല്‍ പഠനം നടത്താന്‍ രാമനെ പ്രേരിപ്പിച്ചത് ഈ കണ്ടുപിടിത്തമാണ്.
രാമന് പ്രഭാവം
കടലിന്റെ നീലനിറത്തിനു കാരണം തേടിയുള്ള പരീക്ഷണങ്ങള്‍ സി.വി.രാമന് നോബല്‍ സമ്മാനം നേടിക്കൊടുത്ത രാമന് പ്രഭാവത്തിലാണ് അവസാനിച്ചത്. രാമനും ശിഷ്യനായ കെ.എസ്.കൃഷ്ണനും വിവിധ പദാര്‍ത്ഥങ്ങള്‍ പ്രകാശത്തെ എങ്ങനെ വിസരണം ചെയ്യുന്നു എന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു. ഏക വര്‍ണ കിരണങ്ങളെ സുതാര്യമായ പദാര്‍ത്ഥങ്ങളിലൂടെ കടത്തിവിട്ടാല്‍ വ്യത്യസ്ത നിറത്തോടുകൂടിയ കിരണങ്ങള്‍ പുറത്തുവരുന്നു എന്നദ്ദേഹം കണ്ടെത്തി. പ്രകാശരശ്മികള്‍ക്ക് ഉണ്ടാകുന്ന ഈ മാറ്റമാണ് 'രാമന് പ്രഭാവം' (Raman Effetc) എന്നറിയപ്പെടുന്നത്.
രാമന് വര്‍ണരാജിയും രാമന് രേഖകളും
ഏക വര്‍ണ പ്രകാശത്തിന്റെ വര്‍ണരാജി ഒരു തെളിഞ്ഞ രേഖയായിരിക്കും. ഇത് എല്ലായിപ്പോഴും കൃത്യസ്ഥാനത്തുതന്നെയാണ് വീഴുക. ഈ പ്രകാശത്തെ നേരിട്ടു പ്രിസത്തിലേക്ക് അയയ്ക്കാതെ, പ്രകാശം പുറപ്പെടുന്ന സ്ഥലത്തിനും പ്രിസത്തിനു മിടയ്ക്ക് സുതാര്യമായ എന്തെങ്കിലും പദാര്‍ത്ഥം വയ്ക്കുകയാണെങ്കില്‍ ഇപ്പോള്‍ കിട്ടുന്ന വര്‍ണരാജിയില്‍ ആദ്യത്തേതില്‍ ഇല്ലാതിരുന്ന പുതിയ ചില വരകള്‍ കാണാം. രാമന് പ്രഭാവം മൂലമുണ്ടാകുന്ന പുതിയ രശ്മികളാണ് ഈ വരയ്ക്ക് കാരണം. ഈ രണ്ടാമത്തെ വര്‍ണരാജിയെ (Raman psecrutm) രാമന് വര്‍ണരാജി എന്നും പുതിയ രേഖകളെ രാമന് രേഖകള്‍ (Raman linse) എന്നും വിളിക്കുന്നു.
രാമന് പ്രഭാവത്തിന്റെ പ്രയോജനം
ഊര്‍ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം, വൈദ്യശാസ്ത്രം, ആര്‍ക്കിയോളജി, ജിയോളജി, ഫോറന്‍സിക് സയന്‍സ്, ലേസര്‍ ടെക്നോളജി, ഒപ്ടിക്കല്‍ കമ്യൂണിക്കേഷന്‍ തുടങ്ങിയ ശാസ്ത്രശാഖകളിലെല്ലാം രാമന് പ്രഭാവം പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രകാശത്തിന്റെ കണികാ സ്വഭാവം വിശദീകരിക്കാനും രാമന് പ്രഭാവം പ്രയോജനപ്പെട്ടു.
രാമന് പറയുന്നു
ഇന്ത്യക്കാരന്റെ ബുദ്ധിശക്തി യൂറോപ്യനോ ജര്‍മ്മനോ തുടങ്ങി മറ്റേതൊരു വംശക്കാരന്റെയും ഒപ്പം തന്നെയാണ്. നമുക്കില്ലാത്തത് ധൈര്യം മാത്രമാണ്. എത്ര ഉയരത്തിലും എത്തിച്ചേരാനുള്ള ആവേശം മാത്രമാണ്. എനിക്കു തോന്നുന്നത് നമുക്കൊരു അപകര്ഷതാബോധമുണ്ടെന്നാണ്. ഞങ്ങളെ ഒന്നിനും കൊള്ളുകയില്ലെന്ന ബോധം. ഈ പരാജയബോധത്തെ നശിപ്പിക്കുകയാണിന്നാവശ്യം. വിജയിക്കാനുള്ള ആവേശം : ഈ സൂര്യനു കീഴില്‍ നമുക്കര്ഹിക്കുന്ന സ്ഥാനം നേടിയെടുക്കാനുള്ള ആവേശം. അഭിമാനകരമായ ഒരു സംസ്കാരത്തിന്റെ അനന്തരാവകാശികളായ നമ്മള്‍ക്ക് ഈ ഗ്രഹത്തില്‍ അര്‍ഹമായ സ്ഥാനത്തിനവകാശമുണ്ടെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ആവേശം. ആ അജയ്യമായ, അമര്‍ത്തിവയ്ക്കാന്‍ പറ്റാത്ത ആവേശമുണര്‍ന്നു കഴിഞ്ഞാല്‍ പിന്നെ അര്‍ഹമായ സ്ഥാനം നേടുന്നതില്‍നിന്ന് നമ്മെ ഒന്നിനും തടഞ്ഞുനിര്ത്താനാവുകയില്ല.
രാമന്റെ തമാശകള്‍
നര്‍മം കലര്‍ന്ന സംഭാഷണശൈലി രാമന്റെ പ്രത്യേകതയാണ്.
നോബല്‍ സമ്മാനം ലഭിച്ചു എന്നറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ഞാനൊറ്റയ്ക്കാണോ അതോ പങ്കുവയ്ക്കാന്‍ ഒരു സഹശയനക്കാരന് ഉണ്ടാകുമോ.
സ്റ്റോക്ഹോമില് സ്വീഡീഷ് രാജാവില്‍നിന്ന് നോബല്‍ സമ്മാനം സ്വീകരിച്ചശേഷം രാജാവ് രാമന് ഇഫക്ട് നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. രാമന് അതു പ്രദര്‍ശിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. ആല്ക്കഹോളിലുള്ള രാമന് ഇഫക്ടാണ് രാമന് അവിടെ പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് രാജാവിനൊപ്പം രാമനെ ഭക്ഷണത്തിനു ക്ഷണിച്ചു. സല്‍ക്കാരത്തില്‍ മദ്യം വിളമ്പിയതോടെ രാജാവ് ഒരു താമാശ പറഞ്ഞു. ഇതുവരെ നാം ആല്ക്കഹോളിലുള്ള രാമന് ഇഫക്ട് കാണുകയായിരുന്നു. ഇനി നമുക്ക് രാമനിലുള്ള ആല്‍ക്കഹോള്‍ ഇഫക്ട് കാണാം. ആയുസു മുഴുവന്‍ മദ്യവിരോധിയായി ജീവിച്ച അദ്ദേഹം തനിക്കുനീട്ടിയ മദ്യം നിരസിച്ചുകൊണ്ട് പറഞ്ഞു. മദ്യത്തിന്മേലുള്ള രാമന് പ്രഭാവമല്ലാതെ രാമന്റെ മേലുള്ള മദ്യത്തിന്റെ പ്രഭാവം നിങ്ങള്‍ക്ക് കാണാന്‍ പറ്റില്ല.
ഒരു കുടുംബത്തിലേക്ക് രണ്ട് നോബല്‍
ഒരേ കുടുംബത്തില്‍നിന്ന് ഊര്‍ജതന്ത്രത്തിനുള്ള രണ്ടു പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞരാണ് സര് സി.വി. രാമനും അദ്ദേഹത്തിന്റെ പിതൃ സഹോദരപുത്രനായ പ്രൊഫ. എസ്. ചന്ദ്രശേഖറും.
ഇന്ത്യയിലാണ് ചന്ദ്രശേഖര്‍ ജനിച്ചതെങ്കിലും പരീക്ഷണ ഗവേഷണങ്ങളെല്ലാം അമേരിക്കയിലായിരുന്നു. നക്ഷത്ര പരിണാമത്തെക്കുറിച്ചുള്ള പഠനങ്ങളാണ് അദ്ദേഹത്തെ പ്രശസ്തിയിലെത്തിച്ചത്. 1935-ല്‍ തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ നടത്തിയ 'ചന്ദ്രശേഖര്‍ സീമ' എന്ന കണ്ടെത്തലിന് അര നൂറ്റാണ്ടിനുശേഷം 1983-ല്‍ അദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിച്ചു.
ഭാരതരത്നം
ഭാരതത്തില്‍ ഒരു സിവിലിയന്‍ ലഭിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണ് ഭാരതരത്ന. ഈ ബഹുമതി ആദ്യം ലഭിച്ചത് സി.വി.രാമനാണ്. ഭാരത രത്ന ഏര്‍പ്പെടുത്തിയ ആദ്യ വര്‍ഷം(1954) തന്നെ അത് അദ്ദേഹത്തിന് ലഭിച്ചു.
"രാമാ, നീ സമാനാ എവരോ '
രാമന് സംഗീത പ്രിയനായിരുന്നു. ഒരു ദിവസം രാമന് സംഗീത കച്ചേരി കേള്‍ക്കാന്‍ ബന്ധുഗൃഹത്തില്‍ പോയി. ഒരു പതിമൂന്നുകാരിയായ ലോക സുന്ദരി അപ്പോള്‍ അവിടെ ഒരു കീര്‍ത്തനം ആലപിച്ചു കൊണ്ടിരിക്കുകയായിരുന്നു "രാമാ, നീ സമാനാ ഏവരോ' (രാമാ ... നിന് സമാനമാരുണ്ടാവാന് ) എന്ന കീര്‍ത്തനം . ആ പാട്ടും പാട്ടു പാടിയ ലോക സുന്ദരിയെയും രാമന് വല്ലാതെ ഇഷ്ടമായി. രാമന് വിവാഹം കഴിച്ചത് ലോക സുന്ദരിയെയാണ്. പിന്നീട് സംഗീതോപകരണങ്ങളുടെ നാദവിജ്ഞാന (acoustics) ത്തെക്കുറിച്ചും അദ്ദേഹം ഗവേഷണം നടത്തുകയുണ്ടായി , Theory of transverse vibration of bowed strings എന്ന ഒരു സിദ്ധാന്തവും രാമന് ആവിഷ്കരിക്കുകയുണ്ടായി. ഇന്ത്യന്‍ വാദ്യോപകരണങ്ങളായ തബല, മൃദംഗം എന്നിവയുടെ സ്വരത്തിന്റെ ഏകതാന പ്രകൃതത്തെക്കുറിച്ച്(Harmonic nature) ആദ്യമായി ഒരു ശാസ്ത്രീയ പഠനത്തിന് മുതിര്‍ന്നതും സി.വി രാമനാണ്.
സംഗീത ഉപകരണങ്ങളുടെ ഒരു നീണ്ടനിര തന്നെ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ടായിരുന്നു. 1907 മുതല്‍ 1919 വരെ അദ്ദേഹത്തിന്റെ പഠനങ്ങള്‍ ഇന്ത്യന്‍ സംഗീത ഉപകരണങ്ങളെക്കുറിച്ചായിരുന്നു. ഇതുമായി ബന്ധപ്പെട്ട ധാരാളം പ്രബന്ധങ്ങള്‍ ഇക്കാലയളവില്‍ രാജ്യാന്തര നിലവാരമുള്ള പല ശാസ്ത്ര ജേര്‍ണലുകളിലും അദ്ദേഹം പ്രസിദ്ധീകരിച്ചു. "എനിക്കിനിയും ഒരുപാടുകാലം ജീവിക്കണം. കാരണം എനിക്കു കേള്‍ക്കേണ്ട സംഗീതം മുഴുവന്‍ ഇനിയും കേട്ടിട്ടില്ല' എന്ന് ഒരിക്കല്‍ അദ്ദേഹം പറയുകയുണ്ടായി.
ജീവിതരേഖ
മുഴുവന്‍ പേര് - ചന്ദ്രശേഖര വെങ്കിട്ടരാമന്
ജനനം : തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ 1888 നവംബര്‍ ഏഴിന്
പിതാവ് - ആര്. ചന്ദ്രശേഖര അയ്യര്‍
മാതാവ് - പാര്‍വതി അമ്മാള്‍
വിദ്യാഭ്യാസം - വിശാഖപട്ടണത്തെ ഹിന്ദു കോളജ് ഹൈസ്കൂള്‍, മദ്രാസ് പ്രസിഡന്‍സി കോളജ്.
ജോലി - പതിനെട്ടാം വയസ്സില്‍ കൊല്‍ക്കത്തയില്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായി. അതേ സമയം തന്നെ ഇന്ത്യന്‍ അസോസിയേഷന് ഫോര്‍ കള്ട്ടിവേഷന് ഓഫ് സയന്‍സ് എന്ന സ്ഥാപനത്തില്‍ ചേര്‍ന്ന് ഗവേഷണമാരംഭിച്ചു.
1917 - ല്‍ കല്‍ക്കട്ട സര്‍വകലാശാലയില്‍ ഫിസിക്സ് പ്രൊഫസറായി.
1921 - ല്‍ ആദ്യത്തെ വിദേശയാത്ര, പ്രകാശ വിസരണം സംബന്ധിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
1928 - ഫെബ്രുവരി 28ന് രാമന് പ്രഭാവത്തിന്റെ കണ്ടുപിടിത്തം.
1928 - മാര്‍ച്ച് 16 - ബാംഗ്ലൂരിലെ ദക്ഷിണേന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ ശാസ്ത്രലോകത്തിനു മുന്നില്‍ രാമന് തന്റെ പരീക്ഷണം ആവര്‍ത്തിച്ചു.
1930 - ഊര്‍ജതന്ത്രത്തിനുള്ള നോബല്‍ സമ്മാനം 'രാമന് പ്രഭാവത്തിന്'
1933 - ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ആദ്യ ഇന്ത്യക്കാരനായ ഡയറക്ടറായി ചുമതലയേറ്റെടുത്തു.
1948 - ബാംഗ്ലൂരില്‍ 'രാമന് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്' സ്ഥാപിച്ചു.
1954 - ഇന്ത്യാ ഗവണ്മെന്റിന്റെ ഏറ്റവും വലിയ ബഹുമതിയായ ഭാരത രത്ന നല്കി ആദരിച്ചു.
1970 - നവംബര്‍ 21 - ഈ ലോകത്തോട് വിടപറഞ്ഞു.