കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) പരീക്ഷാ കൺട്രോളറായി അപ്ലൈഡ് കെമിസ്ട്രി വിഭാഗം പ്രൊഫസറായ ഡോ.എൻ മനോജ് ചുമതലയേറ്റു. മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ റൂസ സ്കീമിന്‍റെ സർവകലാശാലാ കോർഡിനേറ്ററും സെന്‍റർ ഫോർ ഇന്‍റഗ്രേറ്റഡ് സ്റ്റഡീസിന്‍റെ കോർഡിനേറ്ററുമായി സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. മനോജ് 2006 മുതൽ കുസാറ്റ് അംഗമാണ്. 2006 ലാണ് അദ്ദേഹം അപ്ലൈഡ് കെമിസ്ട്രി ഡിപ്പാർട്ട്‌മെന്‍റിൽ റീഡറായി ജോലിയിൽ പ്രവേശിക്കുന്നത്.
കുസാറ്റിലെ വിദ്യാർഥികൾക്കും പൂർവവിദ്യാർഥികൾക്കും അധ്യാപകർക്കും ഇടയിൽ സംരംഭകത്വവും ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി 2013 ലെ കമ്പനീസ് ആക്ട് സെക്ഷൻ 8 പ്രകാരം രൂപീകരിച്ച കുസാടെക്ക് ഫൗണ്ടേഷന്‍റെ ഡയറക്ടറുമായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1999-ൽ തിരുവനന്തപുരത്തെ NIIST - CSIR-ൽ നിന്ന് പിഎച്ച്.ഡി കരസ്ഥമാക്കിയ അദ്ദേഹം സ്പെയിനിലെ പോളിടെക്നിക് യൂണിവേഴ്സിറ്റി ഓഫ് വലൻസിയയിലും 2000-2006 കാലത്ത് ജർമ്മനിയിലെ കാൾസ്റൂഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും പോസ്റ്റ്-ഡോക്ടറൽ ഫെലോ ആയിരുന്നു. ബ്രസീലിലെ സാവോപോളോ സർവകലാശാലയിലും ജപ്പാനിലെ ഹോക്കൈഡോ സർവകലാശാലയിലും അദ്ദേഹം വിസിറ്റിംഗ് ഫെല്ലോ ആയിരുന്നു.
അദ്ദേഹത്തിനു കീഴിൽ നാല് വിദ്യാർത്ഥികൾ പിഎച്ച്ഡിയും 12 വിദ്യാർഥികൾ എംഫിലും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ജേണലുകളിൽ 30-ലധികം ലേഖനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുജിസി, ഐസിഎംആർ, ഡിഎസ്ടി എന്നിവയുടെ ധനസഹായത്തോടെ ഗവേഷണ പ്രോജക്ടുകളുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അപ്ലൈഡ് കെമിസ്ട്രിയിലെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, സയൻസ് ഫാക്കൽറ്റി, അക്കാദമിക് കൗൺസിൽ അംഗം, യൂണിവേഴ്സിറ്റി സെനറ്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിക്കുന്ന അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എന്നിവയുടെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ്.
കാലടി ശ്രീ ശങ്കര കോളേജിലെ ഫിസിക്സ് വിഭാഗം മേധാവി ഡോ മഞ്ജു ടി. ആണ് ഭാര്യ. മകൻ ഉണ്ണികൃഷ്ണൻ മുംബൈ ഐഐടി യിൽ ബിടെക് അവസാനവർഷ വിദ്യാർത്ഥി. മകൾ ഉമ രാജഗിരി പബ്ലിക്ക് സ്കൂളിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി.