സംസ്ഥാന സ്കൂൾ കായികമേള - ഫയൽ ചിത്രം 
Education

തണുത്തുപോകരുത്, സ്കൂൾ അത്‌ലറ്റിക്സ്|മുഖപ്രസംഗം

സ്കൂൾ അത്‌ലറ്റിക്സിൽ പാലക്കാട് ജില്ലയുടെ ആധിപത്യം ഒരിക്കൽക്കൂടി ഉറപ്പിച്ചുകൊണ്ടാണ് അറുപത്തഞ്ചാമത് സംസ്ഥാന സ്കൂൾ കായികോത്സവം കുന്നംകുളത്ത് അവസാനിച്ചത്. തുടർച്ചയായി മൂന്നാം വട്ടവും കായിക കിരീടത്തിൽ മുത്തമിട്ട പാലക്കാടിനു വെല്ലുവിളി ഉയർത്താൻ കഴിയുന്ന എതിരാളികൾ മേളയിൽ ഇല്ലായിരുന്നു എന്നു തന്നെ പറയാം. 266 പോയിന്‍റാണ് ചാംപ്യൻ ജില്ലയുടെ പേരിൽ കുറിക്കപ്പെട്ടത്. 28 സ്വർണവും 27 വെള്ളിയും 12 വെങ്കലവും. കഴിഞ്ഞ തവണത്തേതുപോലെ രണ്ടാം സ്ഥാനത്തു വന്ന മലപ്പുറത്തിനു ലഭിച്ചത് 168 പോയിന്‍റാണ്. 13 സ്വർണം, 22 വെള്ളി, 20 വെങ്കലം. കോഴിക്കോട് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് 95 പോയിന്‍റോടെ. എറണാകുളം 88, തിരുവനന്തപുരം 59, കണ്ണൂർ 48, കാസർഗോഡ് 46, കോട്ടയം 42, ആലപ്പുഴ 42, തൃശൂർ 25, ഇടുക്കി 25, കൊല്ലം 23, വയനാട് 20, പത്തനംതിട്ട ഏഴ് എന്നിങ്ങനെയാണ് ബാക്കിയുള്ള ജില്ലകളുടെ പോയിന്‍റ് നില.

ജില്ലകൾ തമ്മിലുള്ള ഈ അന്തരം കൃത്യമായൊരു ചിത്രം കാണിക്കുന്നുണ്ട്. സംസ്ഥാനത്തെ ബഹുഭൂരിഭാഗം ജില്ലകളിലും സ്കൂൾ അത്‌ലറ്റിക്സ് എന്തുമാത്രം തണുത്തുറഞ്ഞിരിക്കുന്നു എന്നതാണത്. ഈ തണുപ്പ് മാറ്റിയെടുക്കാനായില്ലെങ്കിൽ ട്രാക്കിലും ഫീൽഡിലും കേരളത്തിനുണ്ടായിരുന്ന പഴയ കരുത്ത് തിരിച്ചെടുക്കുന്നതും എളുപ്പമാവില്ല. മറ്റു ജില്ലകൾ എന്തുകൊണ്ടാണ് ഇത്രയേറെ പുറകിൽ പോകുന്നതെന്നു പരിശോധിക്കേണ്ടതുണ്ട്. പോയിന്‍റ് നിലയിൽ മുന്നിലെത്തിയ ജില്ലകളുടെ മികവു തന്നെ ഏതാനും ചില സ്കൂളുകളുടെ പ്രകടനത്തിന്‍റെ പിൻബലത്തിലാണ്. കടുത്ത മത്സരത്തിനു സാധ്യതകൾ സൃഷ്ടിക്കുന്നതാണ് കുട്ടികളുടെ പ്രകടനത്തിന്‍റെ നിലവാരം ഉയർത്തുക. മലപ്പുറത്തെ കടകശേരി ഐഡിയൽ സ്കൂളും പാലക്കാടിന്‍റെ കുമരംപുത്തൂരും പറളിയും എറണാകുളം കോതമംഗലത്തെ മാർ ബേസിലും തുടങ്ങി വിരലിലെണ്ണാവുന്ന സ്കൂളുകൾ മാത്രം ചാംപ്യൻമാരെ സൃഷ്ടിക്കുന്നതിൽ മത്സരിച്ചാൽ പോരാ. സ്കൂൾ സ്പോർട്സിന്‍റെ നിലവാരം ഉയർത്തുന്നതിനുള്ള ഗൗരവമായ നീക്കങ്ങൾ ഇനിയെങ്കിലും ആരംഭിക്കേണ്ടതാണ്.

കഴിഞ്ഞ തവണത്തേതുപോലെ ആറു റെക്കോഡ് മാത്രമാണ് ഈ മീറ്റിലും കുറിക്കപ്പെട്ടത്. ഒട്ടും ആശ്വാസം നൽകുന്നതല്ല ഇത്. കാസർഗോഡ് കുട്ടമത്ത് ജിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിയായ കെ.സി. സർവന്‍റെ പേരിലാണ് ഇതിൽ രണ്ടു റെക്കോഡുകൾ. സീനിയർ വിഭാഗം ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലുമാണ് സർവന്‍റെ പുതിയ റെക്കോഡുകൾ. കഴിഞ്ഞ തവണ ജൂനിയർ ഡിസ്കസിൽ സർവൻ റെക്കോഡ് സ്വന്തമാക്കിയിരുന്നു. തുടർച്ചയായ പ്രകടനമികവ് ചെറുവത്തൂർ കെസി ത്രോസ് അക്കാദമിയിലെ പരിശീലനത്തിലൂടെ സർവൻ നേടുന്നുണ്ട്. ദേശീയ തലത്തിൽ കേരളത്തിന്‍റെ അഭിമാനതാരമായി സർവൻ വളരട്ടെ.

സീനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ കാസർഗോഡ് ഉദിനൂർ സ്കൂളിലെ വി.എസ്. അനുപ്രിയ റെക്കോഡ് നേട്ടം ആവർത്തിച്ചു എന്നതും എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ തവണ ജൂനിയർ വിഭാഗത്തിലായിരുന്നു അനുപ്രിയയുടെ റെക്കോഡ്. കെസി ത്രോസ് അക്കാദമിയിലെ പരിശീലനമാണ് അനുപ്രിയയെയും വളർത്തിക്കൊണ്ടുവരുന്നത്. ത്രോ ഇനങ്ങളിൽ മികച്ച താരങ്ങളെ വാർത്തെടുക്കാൻ കെസി ത്രോസ് അക്കാദമിക്കു കഴിയുന്നുണ്ട്. അതിന് അവരെ അഭിനന്ദിക്കേണ്ടതുമാണ്.

ട്രാക്കിലെ മൂന്നു റെക്കോഡും നേടിയത് പാലക്കാട് ജില്ലക്കാരാണ് എന്നതും ശ്രദ്ധേയം.110 മീറ്റർ ഹർഡിൽസിൽ കെ. കിരൺ, 800 മീറ്ററിൽ ജെ. ബിജോയി, 400 മീറ്ററിൽ പി. അഭിറാം എന്നിവർ. ജൂനിയർ വിഭാഗത്തിൽ ദേശീയ റെക്കോഡിനെയും മറികടക്കുന്ന പ്രകടനമായിരുന്നു കിരണിന്‍റേത്. ട്രാക്കിൽ പാലക്കാടിന്‍റെ കരുത്തിനു ശക്തമായ വെല്ലുവിളി ഉയർത്താൻ താരങ്ങൾ ഉണ്ടാവുമ്പോഴാണ് മത്സരത്തിന്‍റെ വീറും വാശിയും കൂടുക.

തുടർച്ചയായി രണ്ടാം വർഷവും ഏറ്റവും മികച്ച സ്കൂളായി തലയുയർത്തി നിന്ന കടകശേരി ഐഡിയൽ ഇഎച്ച്എസ്എസിന് കൗമാര കേരളത്തിനു മികച്ച താരങ്ങളെ സംഭാവന ചെയ്യാൻ കഴിയുമെന്നു പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം അപ്രതീക്ഷിതമായി ചാംപ്യൻ സ്കൂൾ എന്ന നിലയിലേക്ക് ഉയർന്നുവന്ന ഐഡിയൽ ഇക്കുറി തുടക്കം മുതൽ അവരുടെ മുൻതൂക്കം നിലനിർത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ തവണ അഞ്ചാം സ്ഥാനത്തേക്കു തള്ളപ്പെട്ട പഴയ ചാംപ്യൻ സ്കൂൾ മാർ ബേസിൽ രണ്ടാം സ്ഥാനത്തേക്കു തിരിച്ചെത്തിയതും ശ്രദ്ധേയം. കുന്നംകുളത്ത് മെഡലുകൾ നേടിയ മുഴുവൻ താരങ്ങളെയും ശ്രദ്ധിക്കാൻ നമുക്കു കഴിയണം. അവരുടെ കായിക മികവ് വളർത്തിയെടുക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. കായിക മേള കഴിയുന്നതോടെ അവഗണിക്കപ്പെടേണ്ടവരല്ല താരങ്ങൾ. നാളത്തെ ദേശീയ, അന്തർ ദേശീയ താരങ്ങളാവേണ്ട കുട്ടികൾക്കു ചിട്ടയായ ശാസ്ത്രീയ പരിശീലനം ഉറപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. അത് ബന്ധപ്പെട്ടവർ മറക്കാതിരിക്കണം.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി