A guide to higher education 
Education

ഉന്നത വിദ്യാഭ്യാസം: സ്വപ്നങ്ങള്‍ പൂവണിയാന്‍...

ഇന്നത്തെ കാലത്ത് വെറുമൊരു ജോലിയോ ശമ്പളം കിട്ടാനുള്ള മാര്‍ഗമോ മാത്രമല്ല ഓരോരുത്തരും ലക്ഷ്യമിടുന്നത്. മനസിനിണങ്ങിയ ജോലി ചെയ്ത് ആവശ്യമുള്ള വരുമാനവും സാമൂഹിക അംഗീകാരവും നേടുക എന്നതു കൂടിയാണ്

തയാറാക്കിയത്: എൻ. അജിത് കുമാർ

പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ഭൂരിഭാഗം വിദ്യാർഥികളുടെയും മനസില്‍ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ നിറയുകയായി. ഏത് കോഴ്‌സിന് ചേരണം, ഏത് കോഴ്‌സിനാണ് കൂടുതല്‍ ജോലി സാധ്യതയുളളത്, ഏത് സ്ഥാപനത്തിലാണ് പഠനം തുടരേണ്ടത് തുടങ്ങിയ ചിന്തകളെല്ലാമാണ് ആശങ്കയുളവാക്കുന്നത്. മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും ഇഷ്ടങ്ങളും സ്വപ്നങ്ങളും ഈ ആശങ്കയെ പെരുപ്പിക്കുകയും ചെയ്യുന്നു. പലരും ഉപരിപഠന മേഖല തെരഞ്ഞെടുക്കുന്നത് മറ്റുള്ളവരുടെ ഇഷ്ടങ്ങളുടെ അടിസ്ഥാനത്തിലാണ്. മാതാപിതാക്കളും ഗുരുക്കന്മാരും സമൂഹവും നിശ്ചയിക്കുന്ന പാതയിലൂടെ സഞ്ചരിക്കുന്നവരാണ് ഭൂരിപക്ഷം വിദ്യാർഥികളും.

പലരും ഉപരിപഠന മേഖല തെരഞ്ഞെടുക്കുന്നത് മറ്റുള്ളവരുടെ ഇഷ്ടങ്ങളുടെ അടിസ്ഥാനത്തിലാണ്. തന്‍റെ താത്പര്യങ്ങളോട് തീരെ യോജിക്കാത്ത തൊഴില്‍ മേഖലയില്‍ എത്തിച്ചേരാനായിരിക്കും ഇത്തരക്കാരുടെ വിധി. ഇന്നത്തെ കാലത്ത് വെറുമൊരു ജോലിയോ ശമ്പളം കിട്ടാനുള്ള മാര്‍ഗമോ മാത്രമല്ല ഓരോരുത്തരും ലക്ഷ്യമിടുന്നത്. മനസിനിണങ്ങിയ ജോലി ചെയ്ത് ആവശ്യമുള്ള വരുമാനവും സാമൂഹിക അംഗീകാരവും നേടുക എന്നതു കൂടിയാണ്. താത്പര്യമുള്ള മേഖലയില്‍ മനസറിഞ്ഞ് ജോലി ചെയ്ത് ഉയര്‍ച്ചയുടെ പടവുകള്‍ കയറാവുന്നതാണ്.

സന്തോഷത്തിലേക്കുള്ള വാതിൽ

ഓരോ വ്യക്തിക്കും തന്‍റെ ജീവിതത്തിലെ വലിയൊരു കാലവും ചെലവഴിക്കേണ്ടി വരിക തന്‍റെ തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടായിരിക്കും. അതുകൊണ്ടു തന്നെ ഇഷ്ടപ്പെട്ട തൊഴില്‍ തെരഞ്ഞെടുക്കുന്ന സന്തോഷത്തിലേക്കുള്ള ആദ്യ വാതില്‍ തുറക്കലായിരിക്കണം തന്‍റെ പഠനമേഖലയുടെ തെരഞ്ഞെടുക്കല്‍. നിങ്ങളുടെ അഭിരുചിക്കൊപ്പം തന്നെ പ്രാധാന്യം നല്‍കേണ്ട ഒന്നാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്ന വിഷയത്തിലെ നിലവിലുള്ളതും ആ മേഖലയില്‍ പുതുതായി ഉണ്ടാകാവുന്നതുമായ തൊഴില്‍ സാധ്യതകള്‍. നിങ്ങള്‍ തെരഞ്ഞെടുത്ത കോഴ്‌സ് പൂര്‍ത്തിയായി പഠിച്ചിറങ്ങുന്ന കാലം തൊട്ട് ഒരു ഇരുപത് വര്‍ഷക്കാലം വരെ വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ സാധ്യതയുള്ള മേഖലകൂടിയാണോ താന്‍ തെരഞ്ഞെടുക്കുന്നത് എന്ന സ്വയം വിലയിരുത്തുക. അല്ലെങ്കില്‍ വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായം തേടുക. പത്രങ്ങളില്‍ വരുന്ന തൊഴിലവസര പരസ്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചാല്‍ തൊഴില്‍ രംഗത്തെ പ്രവണതകളെക്കറിച്ച് ചില ധാരണകള്‍ രൂപപ്പെടുത്താന്‍ നിങ്ങള്‍ക്കാകും.

ബിരുദ തലത്തില്‍ ഒരു കോഴ്‌സ് തെരഞ്ഞെടുക്കുമ്പോള്‍ ആ വിഷയത്തില്‍ തുടര്‍ പഠനത്തിനുള്ള അവസരമുണ്ടോ എന്നതു കൂടി പരിശോധിക്കുന്നത് ഉചിതമാകും.

കോഴ്സിനെപ്പോലെ പ്രധാനം സ്ഥാപനവും

തെരഞ്ഞെടുക്കുന്ന വിഷയത്തെക്കാള്‍ പ്രാധാന്യമുണ്ട് ഇന്നത്തെക്കാലത്ത് തുടര്‍ പഠനത്തിനായി തെരഞ്ഞെടുക്കുന്ന സ്ഥാപനം എന്നതിന്. പഠിച്ച സ്ഥാപനത്തിന്‍റെ പേര് നിങ്ങളെക്കുറിച്ചുള്ള ആദ്യ അഭിപ്രായരൂപീകരണത്തിന് കാരണമാകുന്ന കാലമാണിത്. ഉദാഹരണത്തിന് ഐഐടി പ്രോഡക്ട്, ഐഐഎം പ്രോഡക്ട് എന്നിങ്ങനെയുള്ള മേഖലകള്‍ ഒരാളെ വിലയിരുത്തുന്ന പ്രധാന സവിശേഷതയായി മാറുന്നു. മാത്രമല്ല പ്രമുഖ കമ്പനികളെല്ലാം തന്നെ മികച്ച കോളേജുകളിലാണ് കാമ്പസ് റിക്രൂട്ടമെന്‍റിനായി എത്തുന്നത്.

കോളേജിന്‍റെ നിലവാരമനുസരിച്ച് റിക്രൂട്ട്‌മെന്‍റിനായി വരുന്ന കമ്പനികളുടെ നിലവാരത്തിലും മാറ്റമുണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിനുള്ള സ്ഥാപനം തെരഞ്ഞെടുക്കുമ്പോള്‍ മുന്‍ വര്‍ഷങ്ങളിലെ പ്ലെയിസ്‌മെന്‍റ് ചരിത്രം പരിശോധിക്കുന്നത് നല്ലതാണ്.

ഈ സ്ഥാപനത്തില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർഥികള്‍ ഇന്ന് ഏത് നിലയിലാണ് എന്നു പരിശോധിച്ചാല്‍ സ്ഥാപനത്തിന്‍റെ നിലവാരമറിയാംഇതിനൊക്കെ പുറമെ സ്ഥാപനത്തിന്‍റെ അംഗീകാരം, കോഴ്‌സുകളുടെ അംഗീകാരം, പഠനനിലവാരം, വ്യക്തിത്വ വികസനത്തിന് നല്‍കുന്ന പ്രാധാന്യം, ലാബ്-ലൈബ്രറി സൗകര്യങ്ങള്‍, ഹോസ്റ്റല്‍ സൗകര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം വിലയിരുത്തി വേണം കോളേജുകള്‍ തെരഞ്ഞെടുക്കാന്‍.

മെന്‍ററുണ്ടോ എന്നറിയണം

നാഷണല്‍ അക്രിഡിറ്റേഷന്‍ ആന്‍റ് അഫിലിയേഷന്‍ കൗണ്‍സലിന്‍റെ മാനദണ്ഡമനുസരിച്ച് എല്ലാ കോളേജുകളിലും മെന്‍ററിങ് നടപ്പിലാക്കേണ്ടതുണ്ട്. ഇതു പ്രകാരം ഒരു ടീച്ചര്‍ക്കായിരിക്കും കുറച്ചു വിദ്യാർഥികളുടെ ചുമതല. ഈ വിദ്യാർഥികളുടെ എല്ലാ പ്രശ്‌നങ്ങളും ഈ ടീച്ചര്‍ അറിയണം. അധ്യാപക - വിദ്യാർഥി ബന്ധം ദൃഢമാകാനും അവരുടെ കാര്യത്തില്‍ ഇടപെടാനും വിദഗ്ധ ഉപദേശം നല്‍കാനും ഈ സംവിധാനം സഹായിക്കുന്നു.

കോളേജുകള്‍ ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അക്കാഡമിക് കാര്യങ്ങള്‍ മാത്രമല്ല സ്ഥാപനത്തിലെ അച്ചടക്കം, കുട്ടികളുടെ സുരക്ഷ, ആന്‍റി റാഗിംഗ്‌സെല്ലിന്‍റെ പ്രവര്‍ത്തനം, കൗണ്‍സിലിനുള്ള സൗകര്യങ്ങള്‍ എന്നിവ കൂടി പരിഗണിക്കേണ്ടതുണ്ട്.

ഇതര സംസ്ഥാനങ്ങളിലേക്കു പോകുമ്പോൾ

കേരളത്തില്‍ നിന്ന് വളരെയേറെ കുട്ടികള്‍ ബിരുദതല പഠനത്തിനായി ഇതര സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട് .സ്ഥാപനത്തിന്‍റെ അംഗീകാരം. കോഴ്‌സിന്‍റെ അംഗീകാരം. ഡോണേഷന്‍ ഉണ്ടോ.

ഫീസ് എത്രയാണ്, കോളേജ് ഏതു സര്‍വ്വകലാശാലയുടെ കീഴിലാണ്, കോളേജിന്‍റെ അഫിലിയേഷന്‍, പ്രവര്‍ത്തന മികവ് തുടങ്ങിയ കാര്യങ്ങളൊക്കെ കോളേജുമായി നേരിട്ട് ബന്ധപ്പെട്ട് മനസിലാക്കണം. ഏജന്‍റ് മുഖേന ഫീസും ഡോണേഷനും നല്‍കുന്നവര്‍ പലവിധത്തിലും കബളിക്കപ്പെടുന്നത് ഇക്കാലത്ത് കൂടിവരുകയാണ്. കൂടാതെ ഭാഷാ പ്രശ്‌നം, ഭക്ഷണകാര്യത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, കാലാവസ്ഥയുടെ പ്രത്യേകതകള്‍, വീട്ടില്‍ നിന്നും മാറി നില്‍ക്കുന്നതിലെ പ്രശ്‌നങ്ങള്‍ എന്നീ കാര്യങ്ങളെല്ലാം പരിശോധിച്ചു വേണം ഇത്തരം സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടാന്‍.ഏജന്‍റ് മുഖേന ഫീസും ഡോണേഷനുംനല്‍കുന്നവര്‍ പലവിധത്തിലും കബളിക്കപ്പെടുന്നത് ഇക്കാലത്ത് കൂടിവരികയാണ്.ബന്ധുക്കളോ കുടുബസുഹൃത്തുക്കളോ മറ്റു വിശ്വസിക്കാവുന്ന പരിചയക്കാരോ ഉള്ളയിടങ്ങളില്‍ ആണെങ്കില്‍ അവരില്‍ നിന്ന് ഇത്തരം കാര്യങ്ങളെല്ലാം മുന്‍കൂട്ടി മനസിലാക്കണം.

സ്വയം സാക്ഷ്യപ്പെടുത്താം

സര്‍വകലാശാലകളില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. സര്‍ട്ടിഫിക്കറ്റുകള്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തണം എന്ന നിബന്ധന ഗ്രാമ പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു എന്നതിന്‍റെ വെളിച്ചത്തിലാണ് ഈ തീരുമാനം. പുതിയ നിർദേശം അനുസരിച്ച് വിദ്യാര്‍ഥികള്‍പ്രവേശനത്തിന്‍റെ അവസാനഘട്ടത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മതിയാകും.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ