Education

പ്ലസ് ടു കഴിഞ്ഞാൽ...

ഭാവിയിലെ തൊഴിൽ മേഖലകളിൽ മികച്ച കരിയർ സാധ്യതകൾ തുറന്നു തരുന്ന പ്രധാന കോഴ്സുകളെയും സ്ഥാപനങ്ങളെയും പരിചയപ്പെടാം

തയാറാക്കിയത്: എൻ. അജിത്കുമാർ

ഡിജിറ്റൽ ലോകത്തിന്‍റെ പുത്തൻ വെല്ലുവിളികൾ നേരിടാൻ പര്യാപ്തമാവാത്ത പരമ്പരാഗത വിഷയങ്ങളായ എന്‍ജിനീയറിങും മെഡിസിനും പുതു തലമുറയ്ക്കിന്ന് മടുത്തുതുടങ്ങിയിരിക്കുന്നു. ജീവിത വിജയവും മനസന്തോഷവും തരുന്ന മറ്റ് എത്രയോ മേഖലകള്‍ അവര്‍ക്കുമുന്നിലിന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ഡേറ്റ അനലറ്റിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, സൈബർ സെക്യൂരിറ്റി, എത്തിക്കൽ ഹാക്കിംഗ് എന്നുതുടങ്ങി ഭാവിയിലെ തൊഴിൽ മേഖലകളിൽ മികച്ച കരിയർ സാധ്യതകൾ തുറന്നു തരുന്ന പ്രധാന കോഴ്സുകളെയും സ്ഥാപനങ്ങളെയും പരിചയപ്പെടാം

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (TISS)

സാമൂഹിക ക്ഷേമ രംഗത്ത് വിദഗ്ധരായ അക്കാഡമിഷ്യന്മാരെ വളര്‍ത്തിയെടുക്കാന്‍ മികച്ച നിലവാരത്തിലുള്ള പരിശീലനം നല്‍കുന്ന സ്ഥാപനമാണ് മുംബൈയിലെ സര്‍ ദൊറാബ്ജി ടാറ്റാ ട്രസ്റ്റിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ്. ഐക്യ രാഷ്ട്രസംഘടനയുടെ വിവിധ ഏജന്‍സികളുടെയും കേന്ദ്രസംസ്ഥാന ഗവണ്‍മെന്‍റുകളുടെയും നഗര ഗ്രാമീണ പദ്ധതികളാണ് ടിസ് ഓരോ വര്‍ഷവും ഏറ്റെടുക്കുന്നത്. മുംബൈയ്ക്കു പുറമെ തുല്‍ജാപൂര്‍, ഹൈദരാബാദ്, ഹുവാഹതി എന്നിവിടങ്ങളില്‍ സെന്‍ററുകള്‍ ഉണ്ട്.

പുത്തന്‍ തലമുറയെ സൃഷ്ടിക്കാന്‍ - ടീച്ചിങ്

പ്രൈമറി സ്ക്കൂള്‍ അധ്യാപകരാകാനുള്ള പ്രൊഫഷണല്‍ യോഗ്യതയായ ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് പ്ലസ് ടൂ വിന് അമ്പതു ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. ഇരുനൂറോളം ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ഈ കോഴ്സ് നടത്തുന്നു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ നിഷ്ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് പ്രവേശനം. പ്ലസ് ടൂ പരീക്ഷ മൂന്ന് ചാന്‍സില്‍ കൂടുതല്‍ എഴുതി പാസായവരെ പരിഗണിക്കില്ല. പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ആകെ സീറ്റില്‍ 40 ശതമാനം വീതം സയന്‍സ്, ഹ്യൂമാനിറ്റീസ് എന്നിവയ്ക്കും 20 ശതമാനം കൊമേഴ്സിനും മാറ്റി വച്ചിരിക്കുന്നു.

പബ്ലിക് റിലേഷന്‍സ്

ഒരു സ്ഥാപനവും അതിന്‍റെ ഇടപാടുകളും തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്തുകയാണ് പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ ജോലി. സ്ഥാപനത്തിനുവേണ്ടി പത്ര പ്രസ്താവനകള്‍ തയ്യാറാക്കുക, ടെലിവിഷന്‍, റേഡിയോ, പത്രം തുടങ്ങിയ മാധ്യമങ്ങളുമായി സ്ഥാപനത്തിനുവേണ്ടി സൗഹൃദബന്ധം സ്ഥാപിക്കുക. പൊതുജനങ്ങളുമായി ഉറ്റബന്ധം സ്ഥാപിക്കുന്നതിനാവശ്യമായ ഉപദേശങ്ങള്‍ സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റിന് നല്‍കുക. തുടങ്ങി പബ്ലിക് റിലേഷന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ ചുമതലകള്‍ ഏറെയാണ്. ജേര്‍ണലിസം, ലോ, ടീച്ചിംഗ്, മാര്‍ക്കററിംഗ്, അഡ്വര്‍ടൈസിംഗ്, പേഴ്സണല്‍ അഡ്മിനിസ്ട്രേഷന്‍, ബിസിനസ്സ് മാനേജ്മെന്‍റ് തുടങ്ങിയ മേഖലകളില്‍ പഠനവും പരിശീലനവും നേടിയതിനുശേഷം പബ്ലിക് റിലേഷന്‍സ് രംഗത്തേക്ക് കടന്നിട്ടുള്ളവര്‍ക്ക് കൂടുതല്‍ ശോഭിക്കാനാവും. നിയമം, മനശാസ്ത്രം, കലാബോധം, അച്ചടി, വ്യാപാരബന്ധങ്ങള്‍, ക്രയവിക്രയം, വാണിജ്യം, ബാങ്കിംഗ്, ദ്രശ്യശ്രവണമാധ്യമങ്ങളുടെ സാധ്യതകള്‍ എന്നിവയെക്കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടെങ്കില്‍ ഈ തൊഴില്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കാനാവും. പ്രിന്‍സിപ്പിള്‍സ് ഓഫ് പബ്ലിക് റിലേഷന്‍സ്, പബ്ലിക് റിലേഷന്‍സ് മീഡിയ, റൈറ്റിംഗ് ഫോര്‍ മീഡിയ, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് പ്രാക്ടീസ്, റൈറ്റിംഗ്, എഡിറ്റിംഗ് ആന്‍ഡ് പ്രൊഡക്ഷന്‍ ഓഫ് കോര്‍പ്പറേറ്റ് പബ്ലിക്കേഷന്‍സ്, അഡ്വര്‍ടൈസിംഗ്, ഡെവലപ്മെന്‍റ് ഓഫ് പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളടങ്ങിയ ബിരുദതല പബ്ലിക് റിലേഷന്‍സ് കോഴ്സുകള്‍ രാജ്യത്തെ പല സര്‍വ്വകലാശാലകളിലും നടത്തുന്നുണ്ട്.

ഇവന്‍റ് മാനെജ്മെന്‍റ്

ഒട്ടൊന്നും പഴയതല്ലാത്തൊരു കാലത്തെ നാട്ടിന്‍ പുറത്തിന്‍റെ കല്ല്യാണമേളകളെക്കുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ?. പന്തലിന്‍റെ കാല്‍ നാട്ട് മുതല്‍ സദ്യക്കായി വാങ്ങിയ ചെമ്പു പാത്രങ്ങളും മറ്റും തിരിച്ചെത്തിക്കും വരെ തോളത്തൊരു തോര്‍ത്തും ചാര്‍ത്തി, ഉറക്കമൊഴിച്ച് ഓടിനടന്ന് എല്ലാക്കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്ന നടത്തിപ്പുകാരനായ ഒരമ്മാവനെ ഇപ്പോഴത്തെ ചെറുപ്പക്കാര്‍ കാണണമെന്നുതന്നെയില്ല. എന്നാല്‍ എല്ലാവര്‍ക്കും എല്ലാമായ ആ ഒരാളെ നമ്മള്‍ സിനിമയില്‍ കണ്ടിട്ടുണ്ടാവും തീര്‍ച്ച. പുതിയ കാലം അത്തരക്കാരെ കോട്ടും സ്യൂട്ടുമിടീച്ച് ഇവന്‍റ് മാനേജേഴ്സ് എന്നു വിളിക്കുന്നു. മാത്രമോ അവരെ പ്രൊഫഷണലായി പരിശിലിപ്പിച്ചെടുക്കാന്‍ ഇന്ന് സ്ഥാപനങ്ങള്‍ പോലുമുണ്ട്. ഫാഷന്‍ ഷോകള്‍, സൗന്ദര്യ മത്സരങ്ങള്‍, അവാര്‍ഡ് ദാന ചടങ്ങുകള്‍, മ്യൂസിക് ഷോകള്‍ എന്നിങ്ങനെ ബിഗ് ഈവന്‍റ്സിന്‍റേതായ ഇക്കാലത്ത് പരിശീലനം ലഭിച്ച ഇവന്‍റ് മാനേജേഴ്സിന് അനന്തമായ സാധ്യതകളാണുള്ളത്.

എഴുത്തിന്‍റെ വഴിയില്‍: ടെക്നിക്കല്‍ റൈറ്റിങ്

ഒരു കമ്പിനിയുടെ ഉത്പന്നത്തിന്‍റെയോ സേവനത്തിന്‍റെയോ വിശദമായ വിവരങ്ങള്‍ ഉപേഭാക്താവിനുവേണ്ടി ലളിതമായ ഭാഷയില്‍ തയ്യാറാക്കുന്ന ജോലിയാണ് ടെക്നിക്കല്‍ റൈറ്റിങ്. ഒരു ടിവിയോ ഫ്രിഡ്ജോ മൊബൈല്‍ ഫോണോ വാങ്ങുമ്പോള്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ലഘുലേഖയോ ഹാന്‍റ് ബുക്കോ ലഭിക്കാറില്ലേ എളുപ്പം മനസ്സിലാകുന്ന വിധത്തില്‍ ഇവ തയ്യാറാക്കുന്നത് ടെക്നിക്കല്‍ റൈറ്റര്‍മാരാണ ഐ.ടി മേഖലയില്‍ സോഫ്റ്റ് വെയർ പാക്കേജ് / പ്രോഗ്രാം ഹെല്‍പ് മാന്വവല്‍ തുടങ്ങിയവ തയ്യാറാക്കുന്നതും ഇവരാണ്. ജേര്‍ണലിസം ആന്‍റ് കമ്മ്യൂണിക്കേഷനില്‍ മാസ്റ്റേഴ്സ് ബിരുദമുള്ളവരെയാണ് ഈ തസ്തികയിലേക്ക് കമ്പനികള്‍ പരിഗണിക്കുന്നത്. കേരളത്തില്‍ വിവധ സര്‍വ്വകലാശാലകളുടെ ജേര്‍ണലിസം ബിരുദാനന്തര കോഴ്സുകള്‍ ജയിച്ചവര്‍ക്ക് ഈ ജോലി ലഭിക്കും.

ആതിഥേയത്വത്തിന്‍റെ വഴി ഹോട്ടല്‍ മാനെജ്മെന്‍റ്

ഹോട്ടല്‍ മാനെജ്മെന്‍റ് ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്ന തൊഴില്‍ മേഖലയാണ്. അംഗീകരിക്കപ്പെട്ട യോഗ്യതയുള്ളവര്‍ക്ക് ഏറെ അവസരങ്ങളുണ്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനെജ്മെന്‍റ് കാറ്ററിംഗ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് ന്യൂട്രീഷന്‍ എന്ന സ്ഥാപനത്തില്‍ ഹോട്ടല്‍ മാനെജ്മെന്‍റ് ഡിപ്ലോമാ പ്രോഗ്രാം നടക്കുന്നുണ്ട്. ഓള്‍ ഇന്ത്യ തലത്തിലാണ് പരീക്ഷ. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍. ഇതിനു പുറമെ ഡിഗ്രി ഡിപ്ലോമ കോഴ്സുകളും നടക്കുന്നുണ്ട്.

സഞ്ചാരപാതയില്‍ വഴികാട്ടി ട്രാവല്‍ ആന്‍ഡ് ടൂറിസം

ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റ്, ട്രാവല്‍ ഏജന്‍സികള്‍, ടൂര്‍ ഓപ്പറേറ്റിങ് കമ്പനികള്‍, ഹോട്ടലുകള്‍, ബാങ്കുകള്‍, എയര്‍ലൈന്‍സുകള്‍, കോള്‍ സെന്‍ററുകള്‍.

ടൂറിസം മേഖലയിലെ തൊഴില്‍ദാതാക്കള്‍ക്ക് അവസാനമില്ല. ടൂറിസ്റ്റ് ഗൈഡ്, ഡ്രൈവര്‍, ട്രാവല്‍ ഓഫീസ് റിസപ്ഷനിസ്റ്റ് തുടങ്ങിയ പരമ്പരാഗത ജോലികള്‍ മുതല്‍ ഹോളിഡേ കണ്‍സള്‍ട്ടന്‍റ് പോലെ പുതുകരിയറുകള്‍ വരെ ഈ മേഖലയില്‍ വന്നു കഴിഞ്ഞു. ഈ രംഗത്ത് ഏറ്റവുമധികം തൊഴിലവസരങ്ങള്‍ ഒരുക്കുന്നത് ട്രാവല്‍ ഏജന്‍സികളാണ്. പോളിടെക്നിക്കുകളില്‍ നിന്നോ ട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്സുകള്‍ നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നോ ട്രാവല്‍ ആന്‍ഡ് ടിക്കറ്റിങ് ഡിപ്ലോമ നേടിയാല്‍ ഈ രംഗത്ത് ജോലി നേടാം.

ഇന്‍റീരിയര്‍ ഡിസൈനിംഗ്

ശാസ്ത്രീയ സമീപനവും സൗന്ദര്യബോധവും ഒത്തുചേരുമ്പോള്‍ ഒരു നല്ല ഇന്‍റീരിയര്‍ ഡിസൈനര്‍ പിറവിയെടുക്കുന്നു. വ്യക്തിഗത വീടുകള്‍, പൊതു മന്ദിരങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, കടകള്‍, തിയെറ്ററുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍,വിനോദ കേന്ദ്രങ്ങള്‍,ഔഷധ ശാലകള്‍ തുടങ്ങിയവയുടെയെല്ലാം അന്തര്‍ഭാഗങ്ങളില്‍ സ്ഥല ക്രമീകരണം ഫര്‍ണിച്ചര്‍ ക്രമീകരണം തുടങ്ങിയവയെ സംബന്ധിച്ച് യുക്തമായ തീരുമാനങ്ങള്‍ എടുക്കുന്നത് ഇന്‍റീരിയര്‍ ഡിസൈനര്‍മാരാണ്.ഉചിതമായ അധിക ക്രമീകരണങ്ങള്‍, മാറ്റങ്ങള്‍, പുതുമകള്‍ എന്നിവയെല്ലാം ആസൂത്രണം ചെയ്യുന്നതും അവര്‍ തന്നെ.കക്ഷികളുടെ അഭിരുചികള്‍, ആവശ്യങ്ങള്‍, പ്രവര്‍ത്തനരീതികള്‍, ഉപയുക്തത, ബജറ്റ് തുടങ്ങിവയ്ക്കനുസൃതമായി കെട്ടിടങ്ങളുടെ അകവശങ്ങള്‍ക്ക് രൂപകല്പന നടത്തുകയും അവയോട് അനുബന്ധമായ ഫര്‍ണിഷിങ്, ലൈറ്റിങ്, വെന്‍റിലേഷന്‍ എന്നിവയ്ക്കുവേണ്ടി ചിത്രങ്ങള്‍ വരച്ചു തയ്യാറാക്കുകയും ചെയ്യുകയെന്നത് ഇന്‍റീരിയര്‍ ഡിസൈനറുടെ ജോലിയാണ്. ഈ ജോലിയിലെല്ലാം തെളിഞ്ഞു കാണേണ്ടത് അവരുടെ സൗന്ദര്യബോധവും കാര്യക്ഷമതയുമായിരിക്കണമെന്നതാണ് പ്രധാനം. അത്യധികം വിപുലമായ ഒരു പ്രവര്‍ത്തന മേഖലയാണ് ഇന്‍റീരിയര്‍ ഡിസൈനിംഗ് എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. മനുഷ്യനിര്‍മ്മിത ചുറ്റുപാടുകള്‍ക്ക് രൂപം നല്‍കുന്ന വിവിധ ഘടകങ്ങളെ പറ്റി ബോധ്യമുള്ള വ്യക്തികള്‍ക്ക് അനുയോജ്യമായ ഒരു മേഖലയാണിത് ഇന്‍റീരിയര്‍ ഡിസൈന്‍ എന്നാല്‍ ചുറ്റുപാടുകള്‍ രൂപ കല്‍പന ചെയ്യല്‍ എന്നാണര്‍ത്ഥം.

ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിലെ അവസരങ്ങള്‍

നമ്മുടെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത സ്ഥാനമാണ് ദൃശ്യശ്രാവ്യ മാധ്യമങ്ങള്‍ക്കിന്നുള്ളത്. ആകര്‍ഷകമായ വ്യക്തിത്വം മികച്ച ആശയവിനിമയശേഷി എന്നി കഴിവുകള്‍ ഉള്ളവര്‍ക്ക് ശോഭിക്കാന്‍ കഴിയുമെന്ന് നവമേഖലയാണിത്. നിരവധി എഫ്.എം. റേഡിയോ സ്റ്റേഷനുകളും ലെിവിഷന്‍ ചാനലുകളും ഉള്ള നമ്മുടെ നാട്ടില്‍ റേഡിയോ ജോക്ക, വീഡിയോ ന്യൂസ് റീഡര്‍, പ്രോഗ്രാം പ്രൊഡ്യൂസര്‍ തുടങ്ങിയ നിരവധി അവസരങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട BA Viusal Communication, BA Audiography & Digital Editing തുടങ്ങിയ കോഴ്സുകള്‍ st.Joseph College of Communication (Media Village), Changanassery യില്‍ ലഭ്യമാണ്.

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്

പരമ്പരാഗത മാര്‍ക്കറ്റിങ് ശൈലികളില്‍ നിന്നും മാറി ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉല്‍പന്നങ്ങളെ ഉപഭോക്താക്കളില്‍ എത്തിക്കുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. ലോക റീട്ടെയില്‍ വിപണി കീഴടക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഓര്‍ഡര്‍ ചെയ്യുന്നതിനടുത്ത ദിവസം തന്നെ സാധനം ഉപഭോക്താവിന്‍റെ കൈയിലെത്തിക്കാന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ ലഭിക്കും. ഏത് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാണ് എന്നതെല്ലാം ഉപഭോക്താക്കളെയും ഉപഭോക്താവിന്‍റെ സ്തൃപ്തി അപ്പോള്‍ തന്നെ അറിയാമെന്നത് കമ്പനികളെയും ഈ മേഖലയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നു.മിനിമം ബിരുദവും പരിശീലനവുമുണ്ടെങ്കില്‍ ആര്‍ക്കും ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മേഖലയില്‍ ഒരു ജോലി സമ്പാദിക്കാം. ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവും കമ്പ്യൂട്ടറിലുള്ള അറിവുമാണ് ഇതില്‍ പ്രധാനം. www.aima.in, www.nitimperia.com, www.ibootslutions.com എന്നീ സൈറ്റുകളില്‍ ഈ കോഴ്സുകളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

ലക്ഷ്വറി ബ്രാൻഡ് മാനെജ്മെന്‍റ്

അടുത്ത കാലത്ത് പ്രശസ്തിയാര്‍ജിച്ച സൂപ്പര്‍ സ്പെഷ്യലൈസേഷന്‍ കോഴ്സാണ് ലക്ഷ്വറി ബ്രാൻഡ് മാനേജ്മെന്‍റ്. അറ്റവും വിലയുള്ള ആഡംബര ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന സെലിബ്രിറ്റികളാണ് ഈ മേഖലയിലെ ഉപഭോക്താക്കള്‍. പെർഫ്യൂം, ലക്ഷങ്ങള്‍ വിലയുള്ള ഷൂ, കോട്ടുകള്‍,പേന, വാച്ചുകള്‍ എന്നു വേണ്ട അടിവസ്ത്രം പോലും അന്വേഷിച്ച് പാരീസിലും ദുബൈയിലും പോകുന്ന ആഡംബരപ്രേമികള്‍ വര്‍ദ്ധിച്ചു വരുന്ന കാലമാണിത്.ഇന്ത്യയാകട്ടെ ഇന്ന് ലക്ഷ്വറി ബ്രാന്‍റുകളുടെ ഏററവും വലിയ വിപണികളിലൊന്നാണ്. ഡിസൈന്‍ മാനേജര്‍, ലക്ഷ്വറി മര്‍ച്ചന്‍റൈസിങ് മാനേജര്‍, മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ മാനേജര്‍, ഹോസ്പിറ്റാലിറ്റി ആന്‍ഡ് അഡ്വര്‍ടൈസിങ് മാനേജര്‍, ഇവന്‍റ് മാനോജര്‍, ഫിനാന്‍സ് ബ്രാഞ്ച് മാനേജര്‍, സ്റ്റോര്‍ ജനറല്‍ മാനേജര്‍, ഇന്‍റര്‍ നാഷണല്‍ മാര്‍ക്കറ്റിങ് മാനേജര്‍ എന്നീ വിഭാഗങ്ങളിലെല്ലാം നിയമനം ലഭിക്കുന്ന കോഴ്സാണിത്. ന്യൂഡല്‍ഹിക്കടുത്ത ഗുഡ്ഗാവിലെ ലക്ഷ്വറി കണക്റ്റ് ബിസിനസ് സ്ക്കൂള്‍ ആണ് ഇന്ത്യയിലാദ്യമായി ഈ കോഴ്സ് ആരംഭിച്ച സ്ഥാപനം. ഗുഡ്സ് ആന്‍ഡ് സര്‍വീസ് മാനേജ്മെന്‍റ്, റീട്ടെയില്‍ മാനേജ്മെന്‍റ്, ഇവന്‍റ്സ് ആന്‍ഡ് ഹോസ്പിറ്റാലിറ്റി

മാനേജ്മെന്‍റ് എന്നിവയിലേതെങ്കിലും ഐച്ഛീകമായി തിരഞ്ഞെടുത്ത് പഠിക്കാം.16 മാസമാണ് കോഴ്സിന്‍റെ കാലാവധി. ഇതില്‍ 6 മാസ പരിശീലനം ഇറ്റലിയിലോ, ഫ്രാന്‍സിലോ ആകും. ഫീസ് 20ലക്ഷവും. ലോകത്തെ ഏത് കോണിലും ഇവിടുത്തെ സര്‍ട്ടിഫിക്കറ്റുകൊണ്ട് ജോലി സ്വന്തമാക്കാം. ലക്ഷ്വറി ലൈഫ്സ്റ്റൈല്‍, ലക്ഷ്വറി ഹെറിറ്റേജ്, ഫ്യൂച്ചര്‍ ലക്ഷ്വറി, ലക്ഷ്വറി ക്രാഫ്റ്റ്മാന്‍ഷിപ്പ്, ലക്ഷ്വറി ഓപ്പറേഷന്‍സ്, ഫിനാന്‍സ് റീട്ടെയില്‍, ബ്രാന്‍ഡ് മാനേജ്മെന്‍റ്, ലക്ഷ്വറി കമ്മ്യൂണിക്കേഷന്‍, ലക്ഷ്വറി സ്റ്റൈലിങ്, ഫീല്‍ഡ് ട്രിപ്സ്, സെമിനാര്‍ ആന്‍ഡ് ഇന്‍റേണ്‍ഷിപ്പ് എന്നിവയാണ് ഈ കോഴ്സിലെ പഠനവിഷയങ്ങള്‍. പേള്‍ അക്കാഡി മുംബൈയിലും ഈ കോഴ്സിനു ചേരാം.

മണ്ണിനെ സ്നേഹിക്കുന്നവര്‍ക്ക്

ഐ.ടി മേഖലയിലെ വമ്പന്‍ സാലറിയുള്ള ജോലി ഉപേക്ഷിച്ച്മണ്ണിലേക്കിറങ്ങുന്ന യുവതലമുറയുടെ കാലമാണിത്. മണ്ണിനെ സ്നേഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ കരിയര്‍ മേഖലയാണ് കൃഷിശാസ്ത്രപഠനം. പ്ലസ്ടൂ കഴിഞ്ഞ്പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തമായ ഒരു വഴിയാണ് കാര്‍ഷിക ശാസ്ത്രവും അനുബന്ധ മേഖലകളും. കേരളത്തില്‍ കാര്‍ഷിക ശാസ്ത്രത്തിലും അനുബന്ധ വിദ്യാഭ്യാസ ഗവേഷണ പ്രവര്‍ത്തനങ്ങളിലും അവസരം ഒരുക്കുന്ന ഏക സ്ഥാപനമാണ് കേരള കാര്‍ഷിക സര്‍വകലാശാല. അക്കാഡമിക് നിലവാരത്തില്‍ ഇന്ത്യയില്‍ ഒന്നാം നിരയിലാണ് കേരള കാര്‍ഷിക സര്‍വകലാശാലയുടെ സ്ഥാനം. കാര്‍ഷിക ശാസ്ത്രം, കാര്‍ഷിക എഞ്ചിനിയറിങ്, വനശാസ്ത്രം, വെറ്റിനറി സയന്‍സ്, ഡയറി സയന്‍സ്, ഫിഷറീസ്, ഫുഡ് എൻജിനീയറിങ് എന്നീ മേഖലകളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും സ്വന്തമാക്കാനുള്ള അവസരം ഇവിടെയുണ്ട്. കൂടാതെ ബയോടെക്നോളജിയിലും കാലാവസ്ഥ വ്യതിയാന പഠനത്തിലുമുള്ള പഞ്ചവത്സര ഇന്‍റഗ്രേറ്റഡ് എം.എസ്.സി കോഴ്സുകള്‍, കോ ഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ് ബി.എസ്.സി (ഓണേഴ്സ്) ബിരുദം, ഖരമാലിന്യസംസ്ക്കരണത്തില്‍ പി.ജി ഡിപ്ലോമ, ജൈവകൃഷിയിലും കാര്‍ഷിക ശാസ്ത്രത്തിലുമുള്ള ഡിപ്ലോമ കോഴ്സുകള്‍, കാര്‍ഷികാധിഷ്ഠിത സംരംഭകത്വത്തില്‍ എം.ബി.എ എന്നിവയും കേരള കാര്‍ഷിക സര്‍വകലാശാലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്നു. തിരുവനന്തപുരം ജില്ലയിലെ വെള്ളായണി, തൃശ്ശൂര്‍ ജില്ലയിലെ വെള്ളാനിക്കര, മലപ്പുറം ജില്ലയിലെ തവനൂര്‍, കാസര്‍കോട് ജില്ലയിലെ പടന്നക്കാട് എന്നിവിടങ്ങളിലാണ് കേരള കാര്‍ഷിക സര്‍വകലാശാലയുടെ കോളേജുകള്‍ സ്ഥിതിചെയ്യുന്നത്. പട്ടാമ്പിയില്‍ മേഖല ഗവേഷണ കേന്ദ്രമുണ്ട്.ഇവിടെ കാര്‍ഷിക ഡിപ്ലോമ കോഴ്സുകള്‍ നടക്കുന്നു.

ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നി വിഷയങ്ങളെടുത്ത് 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടൂ വിജയിച്ചവര്‍ക്ക് ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍ (4 വര്‍ഷം) പ്രൊഫഷണല്‍ കോഴ്സിന് അപേക്ഷിക്കാം. സംസ്ഥാന മെഡിക്കല്‍ ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ എന്‍ട്രന്‍സ് പരീക്ഷയിലൂടെയാണ് ബി.എസ്.സി ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നടത്തുന്നത്. കാര്‍ഷിക രംഗത്തെ ബിരുദാനന്തര ബിരുദമാണ് എം.എസ്.സി അഗ്രിക്കള്‍ച്ചറല്‍ കോഴ്സുകള്‍. അഗ്രോണമി, അഗ്രിക്കള്‍ച്ചറല്‍ എന്‍ഡമോളജി, അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍, പ്ലാന്‍റ് ബ്രീഡിങ് ആന്‍ഡ് ജെനറ്റിക്സ്, പ്ലാന്‍റ് പത്തോളജി, സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ കെമിസ്ട്രി, മെറ്റിയറോളജി, പ്ലാന്‍റ് ഫിസിയോളജി, അഗ്രിക്കള്‍ച്ചറല്‍, സ്റ്റാറ്റിസ്റ്റിക്സ്,ഹോര്‍ട്ടികള്‍ച്ചര്‍, ഹോംസയന്‍സ് എന്നീ വിഭാഗങ്ങളാണ് ബിരുദാനന്തര ബിരുദ പഠനവിഷയങ്ങള്‍. സര്‍വകലാശാലനടത്തുന്ന പ്രവേശനപരീക്ഷയുടെയും അക്കാഡമിക് മെറിറ്റിന്‍റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അഗ്രിക്കള്‍ച്ചറല്‍ ഫോറസ്ട്രി, ഹോര്‍ട്ടി കള്‍ച്ചര്‍, ബി.വി.എസ്.സി എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള വിജയമാണ് ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കുള്ള യോഗ്യത.

അഗ്രി ബിസിനസ് മാനെജ്മെന്‍റ്

കാര്‍ഷിക സര്‍വകലാശാലയാണ് അഗ്രി ബിസിനസ് മാനേജ്മെന്‍റില്‍ എം.ബി.എ കോഴ്സ് നടത്തുന്നത്. കാര്‍ഷിക മേഖലയിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ഒട്ടേറെ തൊഴില്‍ നല്‍കുന്ന കോഴ്സാണിത്. കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങള്‍, അഗ്രി ബിസിനസ് കമ്പനികള്‍, അഗ്രോ ഇന്‍ഡസ്ട്രീസ് സംസ്ഥാനതല കാര്‍ഷിക വകുപ്പുകള്‍ തുടങ്ങിയവയിലെല്ലാം ജോലി സാധ്യതയുള്ള കോഴ്സാണിത്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അക്കാഡമിക് തലത്തില്‍ അദ്ധ്യാപകരാകാം.

അഗ്രിക്കള്‍ച്ചറല്‍ മെറ്റിയോറോളജി

കാലാവസ്ഥയും കൃഷിയും തമ്മിലുള്ള ബന്ധം പഠിക്കുന്ന ശാസ്ത്രശാഖയാണ് അഗ്രിക്കള്‍ച്ചറല്‍ മെറ്റിയോറോളജി. കാര്‍ഷിക സര്‍വകലാശാല നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയിലൂടെ പ്രവേശനം നേടാം. 5 വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് എം.എസ്.സി കോഴ്സാണിത്.

സമുദ്രത്തെ അറിഞ്ഞ് ജോലി നേടാന്‍ കുഫോസ്

ഫിഷറീസ് - സമുദ്രപഠനത്തിനായി അവസരമൊരുക്കുന്ന രാജ്യത്തെ ശ്രദ്ധേയമായ സ്ഥാപനമാണ് കൊച്ചിയിലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്. ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിലവസരങ്ങളാണ് കുഫോസിലെ കോഴ്സുകള്‍ക്കുള്ളത്. നിലവില്‍ 34 ഓളം കോഴ്സുകള്‍ ഇവിടെയുണ്ട്. ബിരുദം, ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ, ഡിപ്ലോമ എന്നി വിഭാഗങ്ങളിലാണ് ഈ കോഴ്സുകള്‍. ബാച്ച്ലര്‍ ഓഫ്ഫിഷറീസ് സയന്‍സ് ആണ് ബിരുദ കോഴ്സ്. കേരളത്തില്‍ ഇവിടെ മാത്രമാണ് ഈ കോഴ്സുള്ളത്. ദേശീയകാര്‍ഷിക ഗവേഷണ കേന്ദ്രവും (ICAR) സംസ്ഥാന ഗവണ്‍മെന്‍റും നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് ഈ കോഴ്സിലേക്കുളള പ്രവേശനം. ഐ.സി.എ.ആര്‍ നടത്തുന്ന അഖിലേന്ത്യ പ്രവേശനപരീക്ഷയിലൂടെയോ കേരള എന്‍ട്രല്‍സില്‍ ലഭിക്കുന്ന റാങ്ക് പ്രകാരമോ ബി.എഫ്.എസ്. സി കോഴ്സില്‍ പ്രവേശനം നേടം. എം.എഫ്.എസ്.സി, എം.എസ്.സി, എം.ബി.എ, എല്‍.എല്‍.എം, എം.ടെക് എന്നിവയാണ് ബിരുദാനന്തര ബിരുദകോഴ്സുകള്‍. ഫുഡ് സയന്‍സ്, കാലാവസ്ഥ വ്യതിയാനം, മറൈന്‍ മൈക്രോബയോളജി, അക്വാകള്‍ച്ചര്‍, ഫിഷ് പ്രൊസസിങ്, ഫിഷറീസ് എഞ്ചിനീയറിങ്, മറൈന്‍ കെമിസ്ട്രി, സ്റ്റാറ്റിക്സ്, ബയോടെക്നോളജി, റിമോട്ട് സെന്‍സിങ്, കടല്‍ നിയമങ്ങള്‍, ജിയോസയന്‍സ്, കടലില്‍ നിന്നുള്ള ഔഷധനിര്‍മ്മാണം, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ ഇവിടെ എം.എസ്.സി കോഴ്സുകളുണ്ട്. പഠനത്തിന്‍റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കുന്ന വിവിധ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ പ്രത്യേക ബ്രാന്‍റില്‍ വില്‍പ്പന നടത്താനും കഴിയും. മത്സ്യകൃഷി, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യസംസ്ക്കരണം തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍തഥികളെ സംരംഭകരാക്കാനുള്ള പരിശീലനവും പഠനത്തോടൊപ്പം ഇവിടെ നിന്നും ലഭിക്കും. വെബ്സൈറ്റ് www.kufos.ac.in

ഫുട്‌വെയര്‍ ടെക്നോളജി

പ്ലസ്ടൂ കഴിഞ്ഞവര്‍ക്ക് ചേരാവുന്ന ഡിപ്ലോമ കോഴ്സാണ് ഫുട് വെയര്‍ ടെക്നോളജിയും മാനേജ്മെന്‍റും. ഡിസൈന്‍ സൂപ്പര്‍ വിഷന്‍, മാനുഫാക്ചറിങ് ടെക്നോളജി, മാര്‍ക്കറ്റിങ് ആന്‍ഡ് മാനേജ്മെന്‍റ് എന്നിവ ചേര്‍ന്നുള്ളതാണ് ഡിപ്ലോമ കോഴ്സ്. കൂടാതെ ഈ മേഖലയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമും ഉണ്ട്. പി.ജി.ഡി.എം പ്രോഗ്രാമിന് ഏതെങ്കിലും സാങ്കേതിക വിഷയത്തിലെ ബിരുദം ആവശ്യമാണ്. ഈ രണ്ടു കോഴ്സുകളിലും പ്രവേശനം ലഭിക്കണമെങ്കില്‍ അഖിലേന്ത്യ തലത്തിലുള്ള അഭിരുചി പരീക്ഷയെ മറികടക്കണം. ബിരുദ - ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് ചേരുന്നവര്‍ക്കുള്ള എന്‍ട്രന്‍സ് പരീക്ഷയ്ക്ക് എല്ലാ വര്‍ഷവും ഫെബ്രുവരി - മാര്‍ച്ച് മാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കമ്പ്യൂട്ടറൈസിഡ് എന്‍ട്രന്‍സ് പരീക്ഷ നടക്കുന്ന ഒരു കേന്ദ്രം കേരളത്തിലെ കൊച്ചിയാണ്. കേന്ദ്രഗവണ്‍മെന്‍റിന്‍റെ വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയസ്ഥാപനമാണ് ഫുട് വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്പ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് (FDDI) ധാരാളം വിദേസകമ്പനികളില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന സ്ഥാപനമാണ് FDDI. ഫുട്വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷനില്‍ B.Des, ലെതര്‍ ഗുഡ്സ് ആന്‍ഡ് ആക്സസറി ഡിസൈനില്‍ ആ.ഉലെ, ഫുട് വെയര്‍ ഫാഷന്‍ഡിസൈനില്‍ B.Dse,ഫാഷന്‍ മര്‍ച്ചന്‍റൈസ് ആന്‍റ് റീട്ടെയില്‍ മാര്‍ക്കറ്റിങ്ങില്‍, B.Des എന്നിവയാണ് FDDI യിലെ പ്രധാന കോഴ്സുകള്‍. website: www.fddiindia.com

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്

മനുഷ്യ ചിന്തകളെ അപ്രസക്തമാക്കുന്ന എ.ഐ (Al) യുടെ അനന്തസാധ്യതകൾ ഇന്ന് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. നിർമിത ബുദ്ധിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ചാറ്റ് ജി പിടി പോലുള്ള സാങ്കേതിക വിദ്യ തൊഴിൽ മേഖലയിൽ ഉൾപ്പെടെ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഈ സാധ്യത തിരിച്ചറിഞ്ഞ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്പെഷ്യലൈസേഷൻ കോഴ്സുകൾ ഇന്ന് പഠനത്തിന്‍റെ ഭാഗമാണ്. ഹെൽത്ത്, ടൂറിസം, തുടങ്ങിയ മേഖലകളിൽ എ.ഐ ഫലപ്രദമായി ഉപയോഗിക്കാനാകും.

ഡേറ്റ സയൻസ്

വിവര സാങ്കേതിക വിദ്യാരംഗത്ത് വലിയ സാധ്യതകൾ തുറക്കുന്ന മേഖലയായി മാറിക്കഴിഞ്ഞു ഡേറ്റാ സയൻസ് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, പ്രോഗ്രാമിങ് എന്നിവ ഡേറ്റാ സയൻസിന്‍റെ വിവിധ ഘടകങ്ങളാണ്. ബിഗ് ഡേറ്റാ അനലിറ്റിക്സ്, വെബ് ബിസിനസ്. അനലിസ്റ്റിക്സ് തുടങ്ങിയവയിൽ ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളുണ്ട്. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ ഐ ടി യും ഐഐഎമ്മും ഭാവി സാധ്യതകൾ മുന്നിൽ കണ്ട് ഈ മേഖലയിൽ കോഴ്സുകൾ തുടങ്ങിക്കഴിഞ്ഞു.

സൈബർ സെക്യൂരിറ്റി

ബി.എസ്.സി, ബി.ടെക്', ബി.സി. എ. തലങ്ങളിൽ സൈബർ സെക്യൂരിറ്റി, സൈബർ ഫോറൻസിക് കോഴ്‌സുകൾ നടക്കുന്നുണ്ട്. സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്, സെക്യൂരിറ്റി എൻജിനീയർ, സെക്യൂരിറ്റി അഡ്മിനിസ്റ്റേറ്റർ, ക്രിപ്റ്റോ ഗ്രാഫർ, സെക്യൂരിറ്റി ആർക്കിടെക്ട്, കംപ്യൂട്ടർ ഫോറൻസിക് സയന്‍റിസ്റ്റ്, സോഴ്സ് കോഡ് ഓഡിറ്റർ, എത്തിക്കൽ ഹാക്കർ തുടങ്ങി തൊഴിൽ സാധ്യതകൾ നിരവധിയുണ്ട്.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും