തിരുവനന്തപുരം:വിദേശത്തുനിന്നുള്ള വിദ്യാർഥികൾക്ക് ആകർഷകമായ ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി കേരളത്തെ മാറ്റുന്നതിലെ പ്രധാന നടപടിയായി 'സ്റ്റഡി ഇൻ കേരള' പദ്ധതിയ്ക്ക് തുടക്കം കുറിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു .
ഉന്നതവിദ്യാഭ്യാസത്തിന്‍റെ അന്തർദേശീയവത്ക്കരണത്തിലൂടെ കേരളത്തെ സംസ്ഥാനത്തിനു പുറത്തും വിദേശത്തുനിന്നും ഉള്ള വിദ്യാർഥികൾക്ക് ആകർഷകമായ ഉന്നതവിദ്യാഭ്യാസ പഠനകേന്ദ്രമാക്കി മാറ്റുന്നതിനാണ് സ്റ്റഡി ഇൻ കേരള പ്രോഗ്രാം പദ്ധതി. ഉന്നതവിദ്യാഭ്യാസ പാഠ്യപദ്ധതി അന്താരാഷ്ട്രനിലവാരത്തിൽ പരിഷ്‌കരിക്കുക, വിദേശ വിദ്യാർത്ഥികൾക്ക് കൂടി ആകർഷകമാവുന്ന ഘടകങ്ങൾ ഉൾച്ചേർക്കുക, വിദേശവിദ്യാർഥികൾക്ക് ഗുണമേന്മയുള്ള പാർപ്പിട സൗകര്യങ്ങൾ സ്വകാര്യമേഖലയുടെ കൂടി സഹകരണത്തോടെ ഒരുക്കുക, അനുകൂലമായ ജീവിതസാഹചര്യങ്ങളും പഠന അന്തരീക്ഷവും ഉറപ്പാക്കുക, രാജ്യത്തിനകത്തും പുറത്തും നമ്മുടെ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ ബ്രാൻഡ് വാല്യൂ വർദ്ധിപ്പിക്കാൻ ഉതകുന്നവിധം മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നമ്മുടെ സ്ഥാപനങ്ങളുടെ ക്യാംപസുകൾ സ്ഥാപിക്കാൻ നടപടികളെടുക്കുക, അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ഗവേഷണസഹകരണം വർധിപ്പിക്കാൻ പദ്ധതികൾ ആരംഭിക്കുക, നമ്മുടെ വിദ്യാർഥികളിൽ ആഗോള അവബോധവും പരസ്പര ബന്ധവും ഉണ്ടാക്കിയെടുക്കുക എന്നിവ വഴി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്താരാഷ്ട്രവൽക്കരണം എന്ന ലക്ഷ്യം കൈവരിക്കാനാണീ പദ്ധതി.
അന്തർദേശീയ വിദ്യാർത്ഥികൾക്കായി സംസ്ഥാനത്തെ പ്രധാനകലകൾ, പാരമ്പര്യ അറിവുകൾ, കേരള സമൂഹത്തിന്‍റെസവിശേഷതകൾ, വിനോദസഞ്ചാര സാധ്യതകൾ, ഭക്ഷണവൈവിധ്യങ്ങൾ, തുടങ്ങിയവയെപ്പറ്റി ആഗോള ധാരണ സൃഷ്ടിക്കാൻ ഹ്രസ്വകാല നോൺ-ഡിഗ്രി കോഴ്സുകൾ പദ്ധതിയിൽ ലഭ്യമാക്കും. ഡിമാന്റുള്ള കോഴ്സുകൾക്ക് കൂടുതൽ പ്രചാരണം നൽകും. മൂന്നാംലോക രാജ്യങ്ങളിലെ വിദ്യാർഥികളെ കേരളത്തിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതികൾ ഇതിലുണ്ടാകും. സംസ്ഥാനത്തു നിലവിൽ വിദ്യാർഥികൾ താൽപര്യം പ്രകടിപ്പിക്കാത്ത ബിരുദ, ബിരുദാനന്തര കോഴ്സുകൾ പുനക്രമീകരിച്ച്, കൂടുതൽ ജോബ് ഓറിയന്റഡ് ആയ ന്യൂ ജനറേഷൻ കോഴ്സുകളാക്കി അവ മാറ്റാനും, ബിരുദ വിദ്യാർഥികളുടെ പ്രൊഫഷണൽ കോംപീറ്റൻസി വർദ്ധിപ്പിക്കാനുമുള്ള നടപടികൾ ഏറ്റെടുക്കും.
സ്റ്റഡി ഇൻ കേരള പദ്ധതിയുടെ ഭാഗമായി ഒരു അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് സംസ്ഥാനത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, സംസ്ഥാനത്തെ വിവിധ സർവ്വകലാശാലകൾ, കോളെജ് വിദ്യഭ്യാസ ഡയറക്റ്ററേറ്റ്, സാങ്കേതികവിദ്യാഭ്യാസ ഡയറക്റ്ററേറ്റ് എന്നിവയുടെ സഹകരണത്തോടെയാവും കോൺക്ലേവ്. കോൺക്ലേവിന് അനുബന്ധമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സെമിനാറുകൾ, വിദ്യാഭ്യാസ പ്രദർശനങ്ങൾ, ബുക്ക് ഫെസ്റ്റിവൽ, ശാസ്ത്രപ്രദർശനങ്ങൾ, ടെക്നിക്കൽ ഫെസ്റ്റിവൽ എന്നിങ്ങനെ വിവിധ ഘടകങ്ങൾ ഉൾച്ചേർത്ത് അതിവിപുലമായിട്ടാവും ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ മികവും നേട്ടങ്ങളും സാധ്യതകളും വ്യക്തമാക്കുന്ന പ്രദർശനങ്ങളും ചർച്ചകളും ഇതിന്‍റെ ഭാഗമായി സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു