മലയാള സിനിമകളുടെ പെരുമഴയ്ക്കാണ് ഇത്തവണത്തെ ജൂൺ സാക്ഷിയാകാനൊരുങ്ങുന്നത്. ചെറുതും വലുതുമായ പത്തു ചിത്രങ്ങളാണ് ജൂൺ അവസാനത്തോടെ തിയെറ്ററിലെത്തുക. 2024ന്‍റെ തുടക്കത്തിൽ കിട്ടിയ ഹിറ്റുകളുടെ തുടർച്ചയാകും ഈ ചിത്രങ്ങളെന്നാണ് പ്രതീക്ഷ. ജൂൺ 21 നു മാത്രം ആറു ചിത്രങ്ങൾ തിയെറ്ററുകളിലെത്തും. ഉർവശിയും പാർവതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഉള്ളൊഴുക്ക് ആണ് കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം.
ഉള്ളൊഴുക്ക്
ഉർവശിയും പാർവതിയും ഒരുമിക്കുന്നതിലൂടെയാണ് ഉള്ളൊഴുക്ക് ശ്രദ്ധേയമാകുന്നത്. കറി ആൻഡ് സയനൈഡ് എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയിലൂടെ ശ്രദ്ധേയനായ ക്രിസ്റ്റോ ടോമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്ളൊഴുക്ക്. പ്രളയ കാലത്ത് മരണപ്പെട്ട മകനെ കുടുംബക്കല്ലറയിൽ അടക്കാനായി കല്ലറയിൽ നിന്ന് വെള്ളമിറങ്ങും വരെ കാത്തിരിക്കുന്ന അമ്മയായാണ് ഉർവശി ചിത്രത്തിൽ എത്തുന്നത്. അർജുൻ രാധാകൃഷ്ണനും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുഷിൻ ശ്യാമാണ് സംഗീതം. ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും.
നടന്ന സംഭവം
ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒരുമിക്കുന്ന നടന്ന സംഭവമെന്ന ചിത്രം കോമഡി ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചേക്കും. സിനിമയുടെ ടീസറും ട്രെയിലറും ചിത്രം ഫാമിലി ജോണറിലുള്ള കോമഡി ചിത്രമാണെന്ന സൂചനകളാണ് നൽകുന്നത്. അയൽക്കാരായ ഉണ്ണിയും അജിത്തുമായാണ് ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും എത്തുന്നത്. വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലിജോ മോൾ, ശ്രുതി രാമചന്ദ്രൻ, ലാലു അലക്സ്, ജോണി ആന്‍റണി, സുധി കോപ്പ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും.
വിശേഷം
തമാശ എന്ന സിനിമയിലൂടെ ശ്രദ്ധേയയായി മാറിയ ചിന്നു ചാന്ദിനി പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് വിശേഷം. സംഗീത സംവിധായകനായ ആനന്ദ് മധുസൂദനനാണ് നായകനായി എത്തുന്നത്. ബൈജു ജോൺസൺ, അൽത്താഫ് സലി, ജോണി ആന്‍റണി, മാലാ പാർവതി തുടങ്ങിയ താരങ്ങളും സിനിമയിൽ അണി നിരക്കുന്നുണ്ട്. സൂരജ് ടോമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 21 ന് ചിത്രം റിലീസ് ചെയ്യും.
സ്വർഗത്തിലെ കട്ടുറുമ്പ്
മലയാളത്തിന്‍റെ യുവതാരം ധ്യാൻ ശ്രീനിവാസനും ഗായത്രി അശോകനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് സ്വർഗത്തിലെ കട്ടുറുമ്പ്. നാട്ടിൻപുറത്തെ കഥയാണ് ചിത്രത്തിലൂടെ ഇതൾ വിരിയുന്നത്. ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അപ്പാനി ശരത്, ശ്രീകാന്ത് മുരളി, ജോയ് മാത്യു, അംബിക മോഹൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
ഗഗനാചാരി
അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ ചിത്രമാണ് അനാർക്കസി മരിക്കാർ പ്രധാന കഥാപാത്രമായി എത്തുന്ന ഗഗനാചാരി. ‘ആര്‍ട്ട് ബ്ലോക്ക്‌സ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിൽ അടക്കം 9 അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലുകളിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. ഗോകുൽ സുരേഷ്, അജു വർഗീസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സയൻസ് ഫിക്ഷൻ വിഭാഗത്തിലാണ് ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.
ബിഗ് ബെൻ
ബിനോ അഗസ്റ്റിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബിഗ് ബെൻ. വിദേശത്ത് മലയാളി കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്. അതിഥി രി, അനു മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രം ജുൺ 28ന് റിലീസ് ചെയ്യും.
പട്ടാപ്പകൽ
സാജിർ സദഫ് സംവിധാനം ചെയ്യുന്ന പട്ടാപ്പകലും ജൂൺ 28ന് റിലീസ് ചെയ്യും. കൃഷ്ണശങ്കർ, സുധി കോപ്പ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
പാരഡൈസ്
ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതാനഗേയുടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് പാരഡൈസ്. മനുഷ്യമനസ്സിന്‍റെ സങ്കീർണതകളാണ് ചിത്രത്തിലൂടെ പറയുന്നത്. റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അഞ്ച് നെറ്റ്പാതക് പുരസ്കാരങ്ങൾ ഉൾപ്പെടെ മുപ്പതിലധികം രാജ്യാന്തര പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
അഭിലാഷം
സൈജു കുറുപ്പ് നായകനായി എത്തുന്ന അഭിലാഷം ജൂൺ 30ന് തിയെറ്ററുകളിലെത്തും. തൻവി റാമും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷംസു സൈബയാണ് സംവിധായകൻ.
ഇവയ്ക്കു പുറമേ വിക്രം നായകനായ തങ്കളാനും പ്രഭാസ് ചിത്രം
കൽക്കി 2898 എഡിയും ജൂണിൽ റിലീസിനൊരുങ്ങുന്നുണ്ട്.