Entertainment

അജു വർഗീസ് അൽപ്പം സീരിയസാണ് | Interview

അജു വർഗീസ് ‌‌| പി.ജി.എസ്. സൂരജ്

അജു വര്‍ഗീസ്‌ മലയാള സിനിമയിലെത്തിയിട്ട് 13 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി എല്ലാ സിനിമയിലും ഓടി നടന്ന് അഭിനയിക്കുക എന്ന പതിവ് രീതിയില്‍ നിന്ന് മാറി, തനിക്കു കൂടുതല്‍ ഇണങ്ങുന്ന മികച്ച വേഷങ്ങളിലേയ്ക്ക് ചുവട് മാറുന്ന അജുവിനെ കാണാം. കാണുന്ന ആര്‍ക്കും ഒന്ന് പൊട്ടിക്കാന്‍ തോന്നുന്ന ഹെലനിലെ പൊലീസുകാരനും, മേപ്പടിയാനിലെ തടത്തില്‍ സേവ്യറുമെല്ലാം അജുവിലെ മികച്ച പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പ്രേക്ഷകന് കാണിച്ച് തരുന്നുണ്ട്. അത്തരം മികച്ച വേഷങ്ങളിലേയ്ക്കുള്ള അജുവിന്‍റെ ചുവട് മാറ്റമാണ് കേരള ക്രൈം ഫയല്‍സ് എന്ന വെബ് സീരീസിലെ എസ്ഐ മനോജ്‌ എന്ന കഥാപാത്രത്തിനും പിന്നിലുള്ളത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ആദ്യ മലയാളം വെബ് സീരീസായ കേരള ക്രൈം ഫയൽസ് ജൂൺ 23 മുതൽ സ്ട്രീം ചെയ്യുന്ന പശ്ചാത്തലത്തിൽ അജു വര്‍ഗീസ് മെട്രൊ വാര്‍ത്തയോടു മനസ് തുറക്കുന്നു.

  • കേരള ക്രൈം ഫയല്‍സിൽ നിന്നു തന്നെ തുടങ്ങിയാലോ?

പൂര്‍ണമായും ഇതൊരു ക്രൈം ത്രില്ലറാണ്. നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് തിരക്കഥ. വെറും ആറു ദിവസം കൊണ്ട് കേരള പൊലീസ് അന്വേച്ച ഒരു കേസാണിത്. ആരോരുമില്ലാത്ത ഒരു ലൈംഗികത്തൊഴിലാളിയുടെ കൊലപാതകത്തെക്കുറിച്ചാണ് അന്വേഷണം. ഉറ്റവർ ആരുമില്ലാത്തതുകൊണ്ട് തന്നെ ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥര്‍ വളരെ ആത്മാര്‍ഥമായി തന്നെ ആ കൊലപാതകിയെ കണ്ട്പിടിക്കാനായി മുന്നിട്ടിറങ്ങുന്നു. കൊലപാതകത്തിനിരയായ ലൈംഗികത്തൊഴിലാളിയുടെ പശ്ചാത്തലം, കുടുംബം എന്നിവയോടൊപ്പം തന്നെ കൊലപാതകി ആര് അയാളുടെ പശ്ചാത്തലം എന്നീ രണ്ട് ട്രാക്കുകളിലൂടെയാണ് ഈ സീരീസ് കടന്നു പോകുന്നത്.

  • ഹെലനും മിന്നല്‍ മുരളിക്കും ശേഷം വീണ്ടുമൊരു പൊലീസ് വേഷത്തിലേക്കു വരുമ്പോൾ എന്തു തോന്നുന്നു’?

ഹെലനിലെ എസ്ഐ യുടെ പെരുമാറ്റം കണ്ടാല്‍ ആര്‍ക്കും ഒന്ന് പൊട്ടിക്കാൻ തോന്നും. അത്രയ്ക്ക് വില്ലന്‍ ഇമേജുള്ള ഒരു കഥാപാത്രമായിരുന്നു അത്. ഒരുപാടു പേര്‍ അഭിനന്ദിച്ച ഒരു വേഷംകൂടിയായിരുന്നു. മിന്നല്‍ മുരളിയിലെ കോണ്‍സ്റ്റബിള്‍ സിബി പോത്തനും നെഗറ്റീവായ ഒരു വേഷമായിരുന്നു. എന്നാല്‍, ഇത് തീര്‍ത്തും ഗൗരവ സ്വഭാവത്തിലുള്ള വേഷമാണ്. ഈ കേസന്വേഷിക്കുന്ന പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്‍മാരില്‍ ഒരാളാണ് എസ്ഐ മനോജ്‌.

  • സിനിമയിലെത്തിയിട്ട് ഇപ്പോള്‍ 13വര്‍ഷമാകുന്നു? ഒന്നു രണ്ടു വര്‍ഷമായി എവിടെയോക്കെയോ ഒരു ഉള്‍വലിയല്‍പോലെ തോന്നിയിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലൊക്കെ ഒരു വര്‍ഷം ഇറങ്ങുന്ന ഭൂരിഭാഗം സിനിമയിലും അജു ഉണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെ കാണുന്നില്ലല്ലോ?

അറിഞ്ഞുകൊണ്ട് ഒരു ഉള്‍വലിയല്‍ ഞാന്‍ നടത്തിയിട്ടില്ല. എന്നാല്‍, സ്ഥിരം ചെയ്ത വേഷങ്ങള്‍ വീണ്ടും വരുമ്പോള്‍ താത്പര്യമില്ലെന്നു പറഞ്ഞിട്ടുണ്ട്. പണ്ട് അങ്ങനെ ആയിരുന്നില്ല. എനിക്ക് ലഭിക്കുന്ന എല്ലാ വേഷവും അഭിനയിക്കുക എന്നതായിരുന്നു എന്‍റെ ജോലി. ഞാന്‍ അഭിനയിച്ച ചില സിനിമകള്‍ ഇനിയും റിലീസാവാനുണ്ട്. മിക്കവയും ചെറിയ സിനിമകളാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ടാണ് റിലീസ് വൈകുന്നത്. ചെറിയ വേഷമാണെങ്കില്‍ക്കൂടി എനിക്ക് എന്തെങ്കിലും ചെയ്യാനുള്ള വേഷങ്ങളാണ് ഇപ്പോള്‍ തെരെഞ്ഞെടുക്കാറുള്ളത്.

  • ഗൗരവ സ്വഭാവത്തിലുള്ള ഒരു പൊലീസ് വേഷം തെരഞ്ഞെടുത്തതിനു പിന്നില്‍?

കേരള ക്രൈം ഫയല്‍സ് ഞാന്‍ തെരഞ്ഞെടുത്തു എന്നതിനെക്കാള്‍ അവര്‍ എന്നെ തെരഞ്ഞെടുത്തു എന്നു പറയുന്നതാവും ശരി. ജൂണ്‍, മധുരം എന്നീ മികച്ച ചിത്രങ്ങള്‍ക്കു ശേഷം അഹമദ് കബീര്‍ എന്ന സംവിധായകനാണ് ഈ സീരീസ് ഒരുക്കുന്നത്. അതുകൊണ്ടു തന്നെ എനിക്ക് ഈ പ്രോജക്റ്റിനെക്കുറിച്ച് മറ്റ് സംശയങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇതിന്‍റെ ലൈന്‍ പ്രൊഡ്യൂസര്‍ രാഹുല്‍ റജി നായരാണ്. മികച്ച സിനിമയ്ക്കുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള ആളാണ് രാഹുല്‍. ഈ രണ്ടുപേരുകള്‍ മാത്രമായിരുന്നു ഞാന്‍ പ്രോജകറ്റ് തെരഞ്ഞെടുക്കാന്‍ കാരണം.

  • ഹാസ്യത്തില്‍ നിന്നുള്ള ചുവട് മാറ്റമായി ഇതിനെ കാണാമോ?

ഹാസ്യത്തില്‍ നിന്ന് ബോധപൂര്‍വമായ ഒരു ചുവട് മാറ്റം ഞാന്‍ നടത്തിയിട്ടില്ല. ഹാസ്യം വിട്ടുള്ള അത്തരം കഥാപാത്രങ്ങളൊന്നും അധികമായി ഞാന്‍ ചെയ്തിട്ടുമില്ല. നേരത്തെ ഹാസ്യ കഥാപാത്രങ്ങള്‍ വന്നപ്പോള്‍ അത് ചെയ്തു. ഇപ്പോള്‍ ക്യാരക്റ്റര്‍ റോളുകള്‍ വന്നപ്പോള്‍ അത് ചെയ്യുന്നു. ആത്യന്തികമായി മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ പ്രാപ്തിയുള്ള ഒരു നടനാവുക എന്നതാണ് എന്‍റെ പ്രഥമ പരിഗണന. അതിലേയ്ക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നു തന്നെയാണ് വിശ്വാസം.

  • അജുവിന്‍റെ തനത് അഭിനയ ശൈലിയില്‍ എന്തെങ്കിലും മാറ്റം കൊണ്ട് വരണ‌മെന്നു തോന്നിയിട്ടുണ്ടോ? അതിന് വേണ്ടി ഏതെങ്കിലും ആക്റ്റിങ് വർക്ക്‌ഷോപ്പ് പോലെ എന്തെങ്കിലും തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടോ?

ആക്റ്റിങ് വര്‍ക്ക്‌ഷോപ്പുകളില്‍ ഇതുവരെ പോയിട്ടില്ല. അങ്ങനെ പോകണമെന്ന് ആഗ്രഹിച്ചിട്ടുമില്ല. ഞാന്‍ അഭിനയിക്കുന്ന സിനിമയിലെ സംവിധായകനും തിരക്കഥാകൃത്തും ഉള്‍പ്പെടെ എല്ലാ ടെക്നീഷ്യന്മാരും എന്‍റെ അഭിനയത്തില്‍ സ്വാധീനിക്കാറുണ്ട്. എന്നാല്‍, അഭിനത്തിന്‍റെ ചില സങ്കേതങ്ങളൊക്കെ പഠിക്കണം എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത്തരം ചില സംശയങ്ങളൊക്കെ നമ്മുടെ സീനിയര്‍ നടന്മാരോട് ഒഴിവ് സമയങ്ങളില്‍ ചോദിച്ച് മനസിലാക്കാറുണ്ട്. വിജയരാഘവന്‍ ചേട്ടന്‍, സിദ്ധിഖ് ഇക്ക, മണ്മറഞ്ഞു പോയ നെടുമുടി വേണു സര്‍ തുടങ്ങിയവരോടൊക്കെ അഭിനയത്തെക്കുറിച്ചുള്ള എന്‍റെ സംശയങ്ങള്‍ ഞാന്‍ ചോദിക്കുമായിരുന്നു. എന്‍റെ സംശയങ്ങള്‍ക്ക് കൂടുതലും മറുപടി നല്‍കിയിട്ടുള്ളത് അതത് സിനിമകളുടെ സംവിധായകരും എഴുത്തുകാരുമാണ്. അവര്‍ക്കാണല്ലോ അത് കൃത്യമായി പറഞ്ഞു തരാന്‍ കഴിയുക.

  • സൗത്ത് ഇന്ത്യയില്‍ അധികം വെബ് സീരീസുകള്‍ വന്ന് കണ്ടിട്ടില്ല. മലയാളത്തിലും സൗത്ത് ഇന്ത്യയിലും വെബ് സീരീസുകളുടെ ഭാവി എങ്ങനെ ആയിരിക്കും?

ഒരു വെബ് സീരീസില്‍ അഭിനയിച്ച അനുഭവം വച്ച് ഇതിനെക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല. എന്നിരുന്നാലും ഈ സീരീസില്‍ ഒരുപാട് കഴിവുള്ള പുതിയ അഭിനേതാക്കളുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയൊക്കെ കഴിവ് തെളിയിക്കുന്ന അനവധി പുതുമുഖങ്ങളുണ്ട്. അവര്‍ക്കെല്ലാം തങ്ങളുടെ കഴിവുകളെ പുറം ലോകത്തെത്തിക്കാന്‍ സഹായിക്കുന്ന ഒരു സിനിമാറ്റിക് ഫോര്‍മാറ്റ്‌ ആണ് വെബ് സീരീസുകള്‍. അമ്മ സംഘടനയിലൊക്കെ അംഗങ്ങളായുള്ള ഒരുപാടുപേര്‍ക്ക് ഇപ്പോള്‍ ജോലിയില്ലാത്ത അവസ്ഥയുണ്ട്. വെബ് സീരീസുകള്‍ വ്യാപകമായി വന്നാല്‍ അവര്‍ക്കെല്ലാം തൊഴില്‍ ലഭിക്കും എന്നതാണ് സത്യം.

  • കൊവിഡ് കാലം നല്‍കിയ തിരിച്ചറിവുകള്‍ എന്തൊക്കെയായിരുന്നു?

ഒരു പ്ലാനും പദ്ധതിയുമൊന്നുമില്ലാതെ മുന്നോട്ട് പോവുക എന്നതാണ് കൊവിഡ് കാലം നല്‍കിയ ഏറ്റവും വലിയ തിരിച്ചറിവ്. ജീവിതത്തില്‍ മിതത്വം പാലിക്കുക. എങ്ങോട്ടെന്നില്ലാത്ത ഈ ഓട്ടപ്പാച്ചില്‍ അവസാനിപ്പിച്ച് വേഗം കുറച്ച് ജീവിതത്തിലെ ശരിക്കുള്ള മൂല്യങ്ങളില്‍ നിന്ന് ജീവിക്കുക.

വരുന്ന എല്ലാ കഥാപാത്രങ്ങളും സ്വീകരിക്കില്ല എന്ന തീരുമാനവും എന്‍റെ അത്തരം തിരിച്ചറിവുകളില്‍ നിന്നുണ്ടായിട്ടുള്ളതാണ്. പൊതുവേ ഇപ്പോള്‍ ഹാസ്യാഭിനയത്തിന്‍റെ ശൈലികള്‍ ഒരുപാട് മാറിയിട്ടുണ്ട്. ഞാന്‍ ഭാഗഭാക്കായ ഹിറ്റ് സിനിമകളൊന്നും ഇന്ന് ചിലപ്പോള്‍ ഓടണം എന്നില്ല. അതുകൊണ്ടു തന്നെ‍യാണ് ഒന്ന് ചുവട് മാറ്റി നോക്കാമെന്ന് വിചാരിച്ചത്. ആ ചുവട് മാറ്റം വിജയമായോ എന്ന് തീരുമാനിക്കാന്‍ ഇനിയും സമയമായിട്ടില്ല.

  • അജുവിലെ നിര്‍മാതാവിനെ എങ്ങനെയാണ് സ്വയം വിലയിരുത്തുന്നത്?

ലവ് ആക്ഷന്‍ ഡ്രാമ, സാജന്‍ ബേക്കറി, പ്രകാശന്‍ പറക്കട്ടെ എന്നിങ്ങനെ മൂന്ന് സിനിമകള്‍ മാത്രമേ ഞാന്‍ നിര്‍മിച്ചിട്ടുള്ളൂ. അതുകൊണ്ടു തന്നെ എന്നിലെ നിര്‍മാതാവിനെ വിലയിരുത്താനൊന്നും ഞാന്‍ ആയിട്ടില്ല. നിര്‍മാതാവിനെക്കാള്‍ എന്തുകൊണ്ടും ഞാന്‍ ആസ്വദിക്കുന്ന ജോലി അഭിനയം തന്നെയാണ്. ഞാന്‍ ഇപ്പോള്‍ പൂര്‍ണമായും ഫോക്കസ് ചെയ്യുന്നത് മികച്ച വേഷങ്ങള്‍ അഭിനയിക്കാന്‍ കഴിവുള്ള ഒരു നടനാവുക എന്നതിലാണ്. എന്നാല്‍, ഒരു സിനിമ നിര്‍മിക്കാന്‍ വേണ്ട സാഹചര്യം ഒത്തു വന്നാല്‍ ചിലപ്പോള്‍ ചെയ്യും, അത്രയേ ഉള്ളൂ. അല്ലാതെ തുടര്‍ച്ചയായി സിനിമ നിര്‍മിക്കാനുള്ള പദ്ധതിയില്ല.

  • ഓരോ വെള്ളിയാഴ്ചയും ഇറങ്ങുന്ന സിനിമകളുടെ എണ്ണം കൂടുകയാണ്. എന്നാൽ, ഭൂരിഭാഗവും പരാജയപ്പെടുന്നു. എന്തായിരിക്കാം ഇതിനുള്ള കാരണം?

നിര്‍മാതാക്കളുടെ സംഘടന പുറത്തു വിട്ട കണക്കുകള്‍ ഞാനും കണ്ടിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ എന്താണ് ഇതിനു പിന്നില്‍ സംഭവിക്കുന്നത് എന്ന് എനിക്കറിയില്ല. ജാനേമന്‍, അജഗജാന്തരം, ഹൃദയം, ഭീഷ്മപര്‍വ്വം, ജനഗണമന, തല്ലുമാല, എന്നാ താന്‍ കേസുകൊട്, കടുവ, ജയ ജയജയ ഹേ, മുകുന്ദനുണ്ണി അസ്സോസിയേറ്റ്സ്, മാളികപ്പുറം, രോമാഞ്ചം, 2018 ഈ ഒന്നര വര്‍ഷം കൊണ്ട് ഇത്രയും സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഇവിടെ സംഭവിച്ചിട്ടുണ്ട്. എങ്ങനെയാണ് അസോസിയേഷന്‍ പറഞ്ഞ കണക്കുകളുമായി വിശകലനം നടത്തേണ്ടത് എന്ന് അറിയില്ല. പ്രേക്ഷകനെ തിയെറ്ററിലേക്ക് വരാന്‍ പ്രേരിപ്പിക്കുന്ന എല്ലാ സിനിമയും ഇവിടെ വിജയിച്ചിട്ടുണ്ട്. നമുക്കൊന്നും അറിയാത്ത എന്തോ ഒരു മാജിക് ഓരോ സിനിമയിലും ഉണ്ട്. ആ മാജിക് പ്രേക്ഷകര്‍ക്കും കൂടി ബോധ്യമാകുമ്പോള്‍ സിനിമ കാണാന്‍ അവര്‍ തെയെറ്ററിലെത്തും.

ഏത് വ്യവസായത്തിലാണെങ്കിലും ലഹരി ഉപയോഗം നല്ല പ്രവണതയല്ല
  • നിവിന്‍-അജു-സിജു വിത്സണ്‍-സൈജു കുറുപ്പ് കോംബോയില്‍ വന്ന, ഏറെ പ്രതീക്ഷയുണ്ടായിരുന്ന സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിന്‍റെ പരാജയ കാരണം വിലയിരുത്തിയിട്ടുണ്ടോ?

പരാജയത്തിന്‍റെ കൃത്യമായ കാരണമൊന്നും ഞാന്‍ വിലയിരുത്താന്‍ പോയിട്ടില്ല. പ്രേക്ഷകര്‍ക്ക് ആ സിനിമ അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല എന്ന് അവരുടെ അഭിപ്രായങ്ങളില്‍ നിന്നു മനസിലായി. അതില്‍ ഒരുതരത്തിലുള്ള നിരാശയും തോന്നിയില്ല. ഒരു പരാജയം വരുമ്പോഴാണല്ലോ ഉള്ളിലെ പല തെറ്റായ ധാരണകളും തിരുത്താന്‍ കഴിയുന്നത്. അഭിനയിച്ച സിനിമകള്‍ വിജയിക്കുമ്പോള്‍ അതില്‍ അഭിരമിക്കുന്ന ആളുമല്ല ഞാന്‍. നമ്മളെ ഏല്‍പ്പിച്ച ഉത്തരവാദിത്വം വിജയിച്ചല്ലോ എന്നു മാത്രമേ തോന്നാറുള്ളൂ. എന്നാല്‍, സാറ്റര്‍ഡേ നൈറ്റ് വലിയ പ്രതീക്ഷയുള്ള ചിത്രമായിരുന്നു എന്നത് സത്യമാണ്.

  • സിനിമയിലെ ലഹരി ഉപയോഗത്തിന്‍റെ പ്രശ്നങ്ങളെക്കുറിച്ച് സിനിമക്കാര്‍ തന്നെ പരാതി പറയുന്നതിനെക്കുറിച്ച്?

അതേ, പത്രമാധ്യമങ്ങളിലൂടെയാണ് ഞാനും അതറിയുന്നത്. വളരെ ആധികാരിമായി അതിനെക്കുറിച്ച് പറയുമ്പോള്‍ അതിനുള്ള ഉത്തരവും അവര്‍ തന്നെയാണ് പറയേണ്ടത്. ഞാന്‍ കാണാത്ത ഒരു കാര്യത്തെക്കുറിച്ച് പറയാന്‍ എനിക്കു താത്പര്യമില്ല. ഏത് വ്യവസായത്തിലാണെങ്കിലും ലഹരി ഉപയോഗം നല്ല പ്രവണതയല്ല.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി