സംഗീത ലോകത്തെ പ്രഗത്ഭ ഗായകരെയെല്ലാം ആലാപനത്താൽ ഞെട്ടിച്ച് ഹിന്ദി സംഗീത റിയാലിറ്റി ഷോ ആയ 'സൂപ്പർ സ്റ്റാർ സിംഗർ-3'യിൽ ജേതാവായി ഇടുക്കി രാമക്കല്‍മേട് സ്വദേശി എസ്. ആവിര്‍ഭാവ്. 10 ലക്ഷം രൂപ സമ്മാനത്തുകയുള്ള ഷോയിലാണ് ഈ ഏഴു വയസുകാരന്‍റെ നേട്ടം.
7 മുതല്‍ 15 വയസു വരെയുള്ള 15 ഗായകരോടൊപ്പം മുംബൈയില്‍ പോയി പാടിയാണ് രണ്ടാം ക്ലാസുകാരന്‍ ജേതാവായത്. പ്രിയപ്പെട്ടവർക്ക് ബാബുക്കുട്ടനാണ് ആവിർഭവ്. ഏഴു മാസം നീണ്ട മത്സരത്തില്‍ വിധികര്‍ത്താക്കളെ അമ്പരപ്പിച്ച പ്രകടനമാണ് കാഴ്ചവച്ചത്. 'ഗായകരിലെ ഷാരൂഖ് ഖാന്‍' എന്നാണ് ഈ കുട്ടിയെ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍ വിശേഷിപ്പിച്ചത്. ആവിർഭവിനൊപ്പം ഝാർഖണ്ഡ് സ്വദേശിയായ അഥർവ് ബക്ഷിയും ഒന്നാം സ്ഥാനം പങ്കിട്ടു.
ഓഡിഷൻ മുതലിങ്ങോട്ട് ജഡ്ജസിനെ അമ്പരപ്പിച്ച പ്രകടനം പുറത്തെടുത്ത ആവിർഭവ്, ഹിന്ദിയിലെ ഇതിഹാസ സൂപ്പർസ്റ്റാറായ രാജേഷ് ഖന്നയുടെ സിനിമകളിലെ നിത്യഹരിത ഗാനങ്ങൾ ആലപിച്ച് അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്ന എപ്പിസോഡിലാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്. പ്രതിഭാധനരായ ഒട്ടേറെ യുവ മത്സരാർഥികൾക്കിടയിൽ ഹിന്ദി തീരെ അറിയാതെ മത്സരം തുടങ്ങിയ മലയാളി കുട്ടി ഇപ്പോൾ നന്നായി ഹിന്ദിയും സംസാരിക്കും.
''ചാംഹുംഗാ മേ തുഝേ...'', ''ഓ സാഥീ രേ...'', ''ചിട്ഠി ആയി ഹേ...'' തുടങ്ങിയ നിത്യഹരിത ഗാനങ്ങൾ ആവിർഭവിന്‍റെ ശബ്ദത്തിലൂടെ ആസ്വാദകർക്ക് പുതിയ അനുഭൂതികൾ പകർന്നു. ആലാപന മികവുകൊണ്ട് രാജ്യമെമ്പാടും ആരാധകവൃന്ദത്തെ സൃഷ്ടിക്കാനും കഴിഞ്ഞു. രാജേഷ് ഖന്ന സ്‌പെഷ്യല്‍ എപ്പിസോഡില്‍ ''ഖോരാ കാഗസ്...'', ''മേരി സപ്നോം കി റാണി...'' തുടങ്ങിയ ഗാനങ്ങള്‍ പാടി വിധികര്‍ത്താക്കളുടെ മനസില്‍ ഇടം നേടി.
നിരവധി യുവ ഗായകര്‍ പങ്കെടുത്ത റിയാലിറ്റി ഷോയായ ഫ്ലവേഴ്‌സ് ടോപ് സിംഗറിലും ആവിർഭവ് മത്സരിച്ചിരുന്നു. സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ ഇടയ്ക്കു വച്ച് മടങ്ങിപ്പോരേണ്ടി വന്നു.
ഒന്നര വയസുള്ളപ്പോള്‍ സഹോദരി അനര്‍വിന്യയോടൊപ്പം ഹൈദരാബാദിലെ ഒരു സ്‌റ്റേജില്‍ തെലുങ്കിലെ സരിഗമ ഷോയില്‍ പാടിയായിരുന്നു തുടക്കം. ബെസ്റ്റ് എന്‍റർടെയിനര്‍ അവാര്‍ഡ് നേടി. അര്‍ജിത് സിങിനെ പോലെ ഒരു ഗായകനാകാനാണ് ആവിർഭവിന്‍റെ ആഗ്രഹം. കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി തുടങ്ങിയവ പഠിപ്പിക്കാനാണ് മാതാപിതാക്കൾ ഉദ്ദേശിക്കുന്നത്.
ഇടുക്കി രാമക്കല്‍മേട് കപ്പിത്താന്‍പറമ്പില്‍ സജിമോന്‍ - സന്ധ്യ ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയവനാണ് ആവിർഭവ്. സഹോദരി അനര്‍വിന്യയും റിയാലിറ്റി ഷോ താരമാണ്. ഇരുവര്‍ക്കും ഒരുമിച്ച് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും ആരാധകരെ കൈയിലെടുക്കുന്നു. പത്ത് ലക്ഷത്തോളം പേരാണ് ഇവരുടെ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളത്.
അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആവിർഭവ്. കോഴിക്കോട് സ്വദേശി ആനന്ദ് കാവുംവട്ടത്തിന്‍റെ ശിക്ഷണത്തിലാണ് സംഗീതം പഠിക്കുന്നത്. അനര്‍വിന്യ പ്ലസ് ടു വിദ്യാര്‍ഥിനിയും. ആവിർഭവിന്‍റെ കുടുംബം അങ്കമാലിയിലാണ് ഇപ്പോൾ താമസം.