ബീന ആർ. ചന്ദ്രൻ 
Entertainment

അവാർഡ് മോഹിക്കാൻ ഭയന്നു, കിട്ടിയപ്പോൾ അദ്ഭുതം: ബീന ആർ. ചന്ദ്രൻ

സംസ്ഥാന സിനിമാ പുരസ്കാരങ്ങളിൽ മികച്ച നടിയായി ഉർവശിക്കൊപ്പം തെരഞ്ഞെടുക്കപ്പെട്ട ബീന ആർ. ചന്ദ്രൻ മെട്രൊ വാർത്തയോടു സംസാരിക്കുന്നു

VK SANJU

ഹണി വി.ജി.

സംസ്ഥാന അവാർഡ് പ്രഖ്യാപനം വന്നപ്പോൾ ഉർവശി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടതിൽ ആർക്കും അദ്ഭുതമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, ഉർവശിയുമൊത്ത് ആ പുരസ്കാരം പങ്കുവച്ചയാൾ അദ്ഭുതത്തിലാണ്. മികച്ച നടിക്കുള്ള പുരസ്കാരം ഇത്തവണ രണ്ടു പേർക്കാണ്- ഉർവശിക്കും ബീന ആർ. ചന്ദ്രനും. 'തടവ്' എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമാണ് നാടക പ്രവർത്തകയായ ബീനയെ ഈ പുരസ്കാരത്തിന് അർഹയാക്കിയത്. പുരസ്കാരനിറവിൽ ബീന മെട്രൊ വാർത്തയുമായി സംസാരിക്കുന്നു.

ഈ പുരസ്കാരം പ്രതീക്ഷിച്ചിരുന്നോ?

ഐഎഫ്എഫ്കെ കഴിഞ്ഞപ്പോൾ സിനിമ കണ്ട പലരും അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. അവാർഡ് കിട്ടുമെന്നൊക്കെ പലരും മോഹിപ്പിച്ചിരുന്നു. ഫെസ്റ്റിവലുകളിലൊക്കെ പോകുമ്പോഴും പലരും അവാർഡ് പ്രതീക്ഷ പങ്കുവച്ചിരുന്നു. ഈ വാക്കുകൾ തന്നെയാണ് ഏറ്റവും വലി‍യ അവാർഡ് എന്നാണ് അവരോടൊക്കെ പറഞ്ഞത്. അതിനപ്പുറം അവാർഡ് മോഹിക്കാൻ എനിക്കു പേടിയാണ് തോന്നിയത്. പിന്നീട് വിഷമമായാലോ എന്നായിരുന്നു ചിന്ത.

ഈയടുത്ത് പരിചയമില്ലാത്ത പലരും ഫോണിൽ വിളിക്കുകയും, തടവിലെ നായിക മനസിനെ ഹോണ്ട് ചെയ്തുകൊണ്ടിരിക്കുന്നു എന്നെല്ലാം ഫെയ്സ്ബുക്ക് പോസ്റ്റുകൾ ഇടുകയും മറ്റും ചെയ്തിരുന്നു. അപ്പോഴൊക്കെ ഞാൻ അദ്ഭുതപ്പെടുകയായിരുന്നു. ഇനി അതെങ്ങാനും സംഭവിക്കുമോ എന്നൊക്കെ ആലോചിച്ചു. അങ്ങനെയിരിക്കെ, ഇന്ന് സ്കൂളിൽ ക്ലാസെടുത്തുകൊണ്ടിരിക്കെയാണ് അവാർഡ് പ്രഖ്യാപനം വന്നത്. വലിയ അദ്ഭുതമായി. കുട്ടികളൊക്കെ ആഘോഷത്തിലാണ്.

സിനിമയിലേക്കു വരുന്നത് നാടകത്തിലൂടെയല്ലേ?

നാടകമാണ് എന്‍റെ മേഖല, പിന്നെ അധ്യാപനവും. തിയേറ്റർ ആർട്ടിസ്റ്റാണ്. മരുതൂർ സിയുപി സ്കൂളിൽ അധ്യാപികയുമാണ്. ഞാൻ പഠിച്ചതും ഇതേ സ്കൂളിലാണ്. ഇവിടെ ഒരു നാടക ഗ്രൂപ്പൊക്കെയുണ്ട്. എന്‍റെ ഹൈസ്കൂളിൽ ഇന്നു കൂടി ഒരു നാടകം ഏറ്റിരുന്നു. അതും ഒഴിവാക്കിയിട്ടില്ല. കുട്ടിക്കാലം മുതൽ നാടകത്തിലുണ്ട്. 30-35 വർഷമായി അമേച്വർ നാടകസംഘത്തിൽ സജീവമാണ്.

സിനിമയിൽ കൂടുതൽ സജീവമാകാനാണോ ഉദ്ദേശിക്കുന്നത്?

നാടകം തന്നെയാണ് എന്‍റെ മേഖല. പക്ഷേ, സിനിമയിൽ നല്ല ക്യാരക്റ്ററുകൾ കിട്ടിയാൽ ഇനിയും ചെയ്യും. മരുതൂർ ഗ്രാമത്തിന്‍റെ തന്നെ കഥയായിരുന്നു 'തടവ്'.

ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചു

ഇടത് സ്വതന്ത്ര സ്ഥാനാർഥി പി. സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്

നടൻ ക്രിസ് വേണുഗോപാലും സീരിയൽ നടി ദിവ്യയും വിവാഹിതരായി; രൂക്ഷമായ സൈബർ ആക്രമണം

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എഐവൈഎഫ് നേതാവിന്‍റെ ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

ഇത്രയും തറയായ പ്രതിപക്ഷനേതാവിനെ കേരളം കണ്ടിട്ടില്ല: വെള്ളാപ്പള്ളി നടേശൻ