വിജയകാന്ത് 
Entertainment

ക്യാപ്റ്റൻ മടങ്ങുന്നു, കണ്ണീർ വാർത്ത് തമിഴകം| Video

വെള്ളിത്തിരയിൽ വിജയകാന്ത് അനീതികൾക്കെതിരേ പട വെട്ടുമ്പോൾ അതിന്‍റെ ആവേശം മുഴുവൻ തമിഴകവും നെഞ്ചേറ്റിയിരുന്നു... ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങൾ, ഇപ്പോഴും ചുണ്ടിൽ തത്തിക്കളിക്കുന്ന പാട്ടുകൾ, മനോഹരമായ പ്രണയമുഹൂർത്തങ്ങൾ അങ്ങനെ വിജയകാന്ത് എന്ന പേരിനൊപ്പം ഓർമകളുടെ ഒരു കൂട്ടവും നെഞ്ചിലേക്കിറങ്ങി വരും... സിനിമയിലും രാഷ്ട്രീയത്തിലും ഒരു പോലെ നായകനായി തിളങ്ങിയ താരത്തിന്‍റെ വിയോഗത്തിൽ കണ്ണീർ വാർക്കുകയാണ് തമിഴകം.

സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുമ്പോഴാണ് വിജയകാന്ത് രാഷ്ട്രീയത്തിലേക്ക് ചുവടു വയ്ക്കുന്നത്. അവിടെയും വിജയകാന്തിനെ കാത്തിരുന്നിരുന്നത് വിജയങ്ങൾ തന്നെയായിരുന്നു. സിനിമാ നടൻ, രാഷ്ട്രീയപ്രവർത്തകൻ എന്ന പേരിലെല്ലാം തിളങ്ങിയ വിജയകാന്തിന്‍റെ തുടക്കകാലത്തെക്കുറിച്ച് ഇപ്പോഴും അധികമാർക്കും അറിയില്ല. സിനിമയുടെ വിതരണക്കാരനായാണ് വിജയകാന്ത് സിനിമാ ലോകത്തേക്കെത്തുന്നത്. പിന്നീട് വില്ലനായും നായകനായും സിനിമയിൽ തിളങ്ങി.

പൊലീസ് ഓഫിസർ ആയി പന്ത്രണ്ടിലധികം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിരിക്കുന്നത്. അക്കാലത്ത് തമിഴിൽ അഭിനയിച്ചിരുന്ന മറ്റൊരു നായകന്മാർക്കും അത്രയേറെ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിച്ചിരുന്നില്ല. അതു മാത്രമല്ല പ്രതിഫലത്തെക്കുറിച്ച് ആശങ്കപ്പെടാതെ ജോലി ചെയ്യുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു വിജയകാന്ത്. പല സിനിമകളും വിജയിച്ചുവെന്നു ഉറപ്പു വരുത്തിയതിനു ശേഷം മാത്രം പണം വാങ്ങിയ സംഭവങ്ങളുണ്ട്. ബോക്സ് ഓഫിസിൽ സിനിമ പരാജയപ്പെടുകയാണെങ്കിൽ പറഞ്ഞുറപ്പിച്ച പ്രതിഫലം കുറയ്ക്കാനും ഒഴിവാക്കാനും താരം തയാറായിരുന്നു. തമിഴിലെ ഇപ്പോഴത്തെ സൂപ്പർതാരങ്ങളായ വിജയ്, ശരത് കുമാർ മൻസൂർ അലി ഖാൻ,വടിവേലു തുടങ്ങി നിരവധി പേരെ സിനിമയിൽ എത്തിച്ചത് വിജയകാന്തായിരുന്നു. വിജയുടെ ആദ്യത്തെ ഹിറ്റ് ചിത്രം സെന്തൂരപ്പാണ്ടിയായിരുന്നു. 1993ൽ പുറത്തിറങ്ങിയ ചിത്രത്തിൽ വിജയകാന്തും നിർണായകമായ വേഷത്തിൽ എത്തിയിരുന്നു. അതിനു വേണ്ടി അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നുമില്ല. എംജിആറിനും ജയലളിതയ്ക്കും ശേഷം സിനിമയിൽ രജതജൂബിലി ആഘോഷിച്ച ഏകതാരമായിരുന്നു വിജയകാന്ത്. നൂറാമത്തെ ചിത്രത്തിന്‍റെ വിജയത്തോടെയായിരുന്നു ആഘോഷം. 1985ൽ വിജയകാന്ത് അഭിനയിച്ച അണ്ണാ ഭൂമി എന്ന ചിത്രമായിരുന്നു തമിഴിലെ ആദ്യ ത്രീഡി ചിത്രം. തെന്നിന്ത്യൻ കലാകാരന്മാരുടെ സംഘടനയായ നടിഗർ സംഘത്തിന്‍റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. അക്കാലത്ത് വൻ കടബാധ്യതയിലായിരുന്ന സംഘടനയെ ശക്തിപ്പെടുത്തിയത് വിജയകാന്ത് ആയിരുന്നു. മലേഷ്യയിലും സിംഗപ്പൂരിലുമായി നിരവധി ഷോകളാണ് അദ്ദേഹം സംഘടനയെ ശക്തിപ്പെടുത്താൻ വേണ്ടി സംഘടിപ്പിച്ചത്. ഇതിനെല്ലാം പുറമേ ക്യാപ്റ്റൻ ടിവി എന്ന പേരിൽ ഒരു ചാനലിന്‍റെയും എൻജിനീയറിങ് കോളെജിന്‍റെയും സ്ഥാപകനുമായിരുന്നു വിജയകാന്ത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു