മുംബൈ: ലോക പ്രശസ്ത ബ്രിട്ടീഷ് റോക്ക് ബാൻഡായ കോൾഡ്പ്ലേയുടെ മുംബൈയിലെ സംഗീത പരിപാടിയുടെ ടിക്കറ്റുകൾ വ്യാപകമായി കരിഞ്ചന്തയിൽ വിറ്റഴിക്കപ്പെട്ട സംഭവത്തിൽ ബുക്ക്മൈഷോ സംശയത്തിന്‍റെ നിഴലിൽ. രണ്ട് ആൽബങ്ങൾ കൂടി പുറത്തിറക്കിയ ശേഷം ബാൻഡ് പിരിച്ചുവിടുകയാണെന്ന കോൾഡ്പ്ലേയുടെ ഞെട്ടിക്കുന്ന പ്രഖ്യാപനം കൂടി വന്നതോടെയാണ് തട്ടിപ്പിനെക്കുറിച്ചുള്ള വാർത്തകൾ ആഗോള തലത്തിൽ തന്നെ ചർച്ചയാകുന്നത്.
അടുത്ത വർഷം ജനുവരി 18, 19, 21 തീയതികളിലാണ് കോൾഡ്പ്ലേ മുംബൈയിൽ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 22ന് ടിക്കറ്റ് വിൽപ്പന ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ കൂടിയ വിലയ്ക്ക് ഇത് കരിഞ്ചന്തയിലെത്തി. അമിത് വ്യാസ് എന്ന അഭിഭാഷകനാണ് സെപ്റ്റംബർ 28ന് ഇതെക്കുറിച്ച് പരാതി നൽകിയത്. തുടർന്ന് സംഘടിത കുറ്റകൃത്യം, തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ബുക്ക്മൈഷോ അധികൃതരുടെ അറിവോടെയാണ് മറ്റുള്ളവർക്ക് വൻ തോതിൽ ടിക്കറ്റ് വാങ്ങി മറിച്ചുവിൽക്കാൻ സാധിച്ചതെന്ന ആരോപണവുമായി കോൾഡ്പ്ലേ ആരാധകർ രംഗത്തെത്തിയതോടെ വിവാദം കൊഴുത്തു. 2,500 രൂപ വിലയിട്ടിരുന്ന ടിക്കറ്റ് മൂന്നു ലക്ഷം രൂപയ്ക്കു വരെയാണ് വിറ്റുപോയിരിക്കുന്നത്. ടിക്കറ്റ് വിൽപ്പന നിയന്ത്രിക്കാൻ ബുക്ക്മൈഷോയും മാതൃ കമ്പനിയായ ബിഗ് ട്രീ എന്‍റർടെയ്ൻമെന്‍റും എഐ ബോട്ട് ഉപയോഗിക്കുന്നു എന്നും ആരോപണമുണ്ട്.
1.3 കോടി ആളുകളാണ് ടിക്കറ്റ് വാങ്ങാൻ തങ്ങളുടെ പ്ലാറ്റ്ഫോമിൽ ലോഗിൻ ചെയ്തതെന്ന് ബുക്ക്മൈഷോ പറയുന്നു. വയഗോഗോ, ജിഗ്സ്ബെർഗ് തുടങ്ങിയ റീസെയിൽ പ്ലാറ്റ്ഫോമുകളിലൂടെയും ടിക്കറ്റിന്‍റെ മറിച്ചു വിൽപ്പന നടന്നിട്ടുണ്ട്. എന്നാൽ, ഈ പ്ലാറ്റ്ഫോമുകളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ബുക്ക്മൈഷോ പറയുന്നത്.
സംഭവം വിവാദമായതോടെ, ടിക്കറ്റ് മറിച്ചു വിൽപ്പന ആരോപിച്ച് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ബുക്ക്മൈഷോ. ഇതിന്‍റെ അടിസ്ഥാനത്തിലും ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, അഡ്വ. അമിത് വ്യാസിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടു തവണ സമൻസ് അയച്ചിട്ടും ബിഗ് ട്രീ എന്‍റർടെയ്ൻമെന്‍റ് സ്ഥാപകനും സിഇഒയുമായ ആശിഷ് ഹേംരജാനി ഹാജരായില്ല. രണ്ടാം വട്ടം കമ്പനി സിഒഒ അനിൽ മഖിജയാണ് പകരം ഹാജരായത്.