കരയെ കാക്കാൻ കടലായി മാറുന്ന ദേവര, ദേവര പാർട്ട്-1 ജൂനിയർ എൻടിആറിന്‍റെ ആറാട്ട് 
Entertainment

കരയെ കാക്കാൻ കടലായി മാറുന്ന ദേവര, ദേവര പാർട്ട്-1 ജൂനിയർ എൻടിആറിന്‍റെ ആറാട്ട്

മലമുകളിലെ ഗ്രാമങ്ങളുടെ ആചാരങ്ങളും സംസ്കാരങ്ങളും ചേർത്തൊരുക്കിയ ഒരു വിഷ്വൽ ട്രീറ്റാണ് സംവിധായകൻ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിക്കുന്നത്.

പി.ബി. ബിച്ചു

തന്‍റെ ദേശത്തെയും ദേശക്കാരെയും കാക്കാനുള്ള പോരാളിയായി ആയുധമെടുത്തിറങ്ങുകയാണ് നായകനായ ദേവര. കടലിന്‍റെ പശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ടു പോകുന്നതെങ്കിലും മലമുകളിലെ ഗ്രാമങ്ങളുടെ ആചാരങ്ങളും സംസ്കാരങ്ങളും ചേർത്തൊരുക്കിയ ഒരു വിഷ്വൽ ട്രീറ്റാണ് സംവിധായകൻ കൊരട്ടല ശിവ ദേവര പാർട്ട് വണ്ണിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിക്കുന്നത്.

കടലിലൂടെയുള്ള കള്ളക്കടത്തും നിലനിൽപ്പിനായുള്ള ഗ്രാമവാസികളുടെ ചെറുത്തുനിൽപ്പുകളും പറഞ്ഞ് തുടങ്ങുന്ന കഥയിൽ പകയുടെയും പ്രതികാരത്തിന്‍റെയും ചോരവീഴുന്നതോടെ ചിത്രം മറ്റൊരു ട്രാക്കിലേക്ക് മാറുകയാണ്. ബിഗ് ബജറ്റില്‍ രണ്ടു ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗമാണ്‌ ഇന്ന് റിലീസ്‌ ചെയ്തിരിക്കുന്നത്.

തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി പുറത്തിറങ്ങുന്ന ആദ്യഭാഗം ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുമ്പോൾ തീയറ്ററുകളിൽ ജൂനിയർ എൻടിആർ ആരാധകരുടെ ആർപ്പുവിളികൾ ഉയരുകയാണ്.ജനതാ ഗാരേജിലൂടെ മോഹൻലാലിനൊപ്പമെത്തി മലയാളികളുടെ മനം കവർന്ന ജൂനിയർ എൻടിആറിനെ ആർആർആർ എന്ന രാജമൗലി ചിത്രത്തിലൂടെ മലയാളികൾ കൂടുതൽ പരിചയപ്പെട്ടു.

അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സ്ക്രീൻ പ്രസൻസും ഫൈറ്റും കൊണ്ട് തന്നെ ജൂനിയർ എൻടിയാറിന്‍റെ ആറാട്ടാണ് സിനിമയിലുടനീളം. ഒപ്പം ബോളിവുഡിൽ നിന്നും സൈഫ് അലി ഖാനും കട്ടയ്ക്ക് നിൽക്കുന്നു. മലയാളത്തിൽ നിന്നും ഷൈൻ ടോം ചാക്കോയ്ക്കും സുദേവ് നായറിനും സ്ക്രീൻ സ്പേസുള്ള മികച്ച കഥാപാത്രങ്ങൾ തന്നെ ലഭിച്ചിട്ടുണ്ട്.

പതിവ് ബീറ്റുകളും ട്രാക്കുകളും നിരത്തി അനിരുധ് രവിചന്ദറിന്‍റെ സംഗീതം ചിത്രത്തെ വേറിട്ടതാക്കുന്നുണ്ടെങ്കിലും രണ്ടേമുക്കാൽ മണിക്കൂറോളം സിനിമയ്ക്കായി മാറ്റിവച്ചെത്തുന്ന പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരുത്തുന്ന ഭാഗങ്ങൾ കുറവാണ് ദേവര പാർട്ട് -1ൽ. അതേസമയം ചിത്രത്തിന്‍റെ അവസാന ഭാഗത്തിൽ പാർട്ട് -2ന് വേണ്ടി പറഞ്ഞുപോകുന്ന കഥയിൽ ഒരു ബാഹുബലി 2: ദ കൺക്ലൂഷൻ, കെജിഫ് ചാപ്റ്റർ 2 എന്നിവയോട് ചേർത്തുവയ്ക്കാനാകുന്ന ആശയം കൂടിയാണ്.

കഴിഞ്ഞ ദിവസം സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ചിത്രത്തെ കുറിച്ച് ട്വിറ്ററിൽ പങ്കുവെച്ച ഷോർട്ട് റിവ്യൂ ഗാനങ്ങൾക്കൊപ്പം ഇതിനോടകം വൈറലായിട്ടുണ്ട്‌. 'ദേവര' എന്നെഴുതിക്കൊണ്ട് ട്രോഫികൾ, കൈയ്യടി, വെടിക്കെട്ട് ഇമോജികളാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നത്. തന്‍റെ വിജയ ചിത്രങ്ങൾക്കൊപ്പം ദേവരയേയും അനിരുദ്ധ് ചേർത്ത് വയ്ക്കുമ്പോൾ ചിത്രത്തെ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.

കടലിന്‍റെ പശ്ചാത്തലത്തിലൊരുങ്ങിയ മനോഹരമായ ഗാനങ്ങൾക്ക് സൗന്ദര്യം കൂട്ടുന്നതും ചിത്രത്തിന്‍റെ സസ്പെൻസ് നിലനിർത്തിയുള്ള രംഗങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിലും ഛായാഗ്രഹണം നിർവഹിച്ച രത്നവേലു ഐഎസ്‌സി വിജയിച്ചിട്ടുണ്ട്. ചടുലതയാർന്ന രംഗങ്ങളും ഫൈറ്റ് സീക്വൻസുകളും വൈകാരികമായ മുഹൂർത്തങ്ങളും ശ്രീകര്‍ പ്രസാദിന്‍റെ എഡിറ്റിങ്ങിൽ തിളങ്ങിയെങ്കിലും കഥപറയാനെടുത്ത സമയം പ്രക്ഷകനെ പലപ്പോഴും മുഷിപ്പിക്കും.

‘ജനത ഗ്യാരേജി’ന് ശേഷം കൊരട്ടല ശിവയും എൻടിആറും ഒരിക്കൽ കൂടി ഒരുമിക്കുമ്പോൾ ബോളിവുഡിൽ നിന്നും ജാന്‍വി കപൂറും നാടൻ വേഷത്തിൽ ദേവരയുടെ ഭാഗമായെത്തുന്നു. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍, കലൈ അരശൻ തുടങ്ങി വിവിധ ഭാഷകളിൽ നിന്നും ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് ജനങ്ങളിലേക്കെത്തിക്കുന്നത്.

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ

''പാൽ സൊസൈറ്റി മുതൽ പാർലമെന്‍റ് വരെ മത്സരിക്കാൻ കൃഷ്ണകുമാർ മാത്രം'', ആഞ്ഞടിച്ച് സന്ദീപ് വാര്യർ

തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നും അപ്രത്യക്ഷം; ചേലക്കരയിൽ ഏശാതെ അൻവർ തരംഗം

ഝാർഖണ്ഡിൽ അവിശ്വസനീയ തിരിച്ചു വരവുമായി ഇന്ത്യ മുന്നണി; 30 സീറ്റിലേക്കൊതുങ്ങി എൻഡിഎ

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അദാനി അട്ടിമറിച്ചു: സഞ്ജയ് റാവത്ത്