മുംബൈ: വീര നായകൻമാരായ പൊലീസ് ഉദ്യോഗസ്ഥർ നിയമത്തിന്‍റെ വഴി മറികടന്ന് ഒറ്റയ്ക്ക് നീതി നടപ്പാക്കുന്നതായി ചിത്രീകരിക്കുന്ന സിനിമകൾ സമൂഹത്തിന് അത്യന്തം അപകടകരമായ സന്ദേശമാണ് നൽകുന്നതെന്ന് ബോംബെ ഹൈക്കോടി ജഡ്ജി ഗൗതം പട്ടേൽ.
ഇന്ത്യൻ പൊലീസ് ഫൗണ്ടേഷന്‍റെ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് പരാമർശം.
ബലാത്സംഗ കേസിൽ ആരോപണ വിധേയർ വ്യാജ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്നത് ശരിയാണെന്ന് ജനങ്ങൾ വിശ്വസിക്കുക മാത്രമല്ല, അത്തരം സംഭവങ്ങളെ ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. നീതി നടപ്പായെന്നാണ് അവർ കരുതുന്നത്. എന്നാൽ, ശരിക്കും നീതി നടപ്പായിട്ടുണ്ടോ?- അദ്ദേഹം ചോദിച്ചു.
സിനിമകളിൽ ജഡ്ജിമാരെ വളരെ മോശമായാണ് ചിത്രീകരിക്കുന്നത്. കുറ്റവാളികളെ വെറുതേ വിടുന്നതിനാണ് കോടതികളെന്ന ധാരണയാണ് പരത്തുന്നത്. അതിനു ശേഷം ഹീറോയായ പൊലീസുകാരൻ ഒറ്റയ്ക്ക് നീതി നടപ്പാക്കുന്നതായി കാണിക്കും- ജസ്റ്റിസ് പട്ടേൽ ചൂണ്ടിക്കാട്ടി.
ഇതിന് ഉദാഹരണമായാണ് രോഹിത് ഷെട്ടി സംവിധാനം ചെയ്ത് അജയ് ദേവ്ഗൺ നായകനായി അഭിനയിച്ച സിങ്കം സിനിമയെ അദ്ദേഹം പരാമർശിച്ചത്. പ്രകാശ് രാജ് അഭിനയിച്ച രാഷ്‌ട്രീയ നേതാവിന്‍റെ കഥാപാത്രത്തിനു മേൽ മുഴുവൻ പൊലീസ് സേനയും ഒന്നിച്ചു ചാടിവീണ് നീതി നടപ്പാക്കിയെന്നാണ് പറയുന്നത്. ഈ സന്ദേശം എത്ര അപകടകരമാണെന്നു നമ്മൾ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
''ഇത്രയും അക്ഷമ എന്തിനാണ്? പ്രതി കുറ്റക്കാരനാണോ നിരപരാധിയാണോ എന്നു കണ്ടെത്താൻ അതിന്‍റേതായ മാർഗങ്ങളുണ്ട്. അതിനു കുറച്ച് സമയമെടുക്കും, പക്ഷേ, അതെല്ലാം പാലിച്ചേ മതിയാകൂ. അതിനു പകരം കുറുക്കുവഴികൾ സ്വീകരിക്കുന്നത് നിയമവാഴ്ചയെ അട്ടിമറിക്കുന്നതിനു തുല്യമായിരിക്കും'', പട്ടേൽ പറഞ്ഞു.