ശരപഞ്ജരത്തിലെ ജയന്‍റെ പ്രശസ്തമായ രംഗം. 
Entertainment

ജയൻ: ജ്വലിച്ചടങ്ങിയ തീനാളം...

കേവലം നാലു വർഷംകൊണ്ട് മലയാളസിനിമയിലെ ഇതിഹാസമായി മാറിയ, മലയാള സിനിമാവ്യവസായത്തിന്‍റെ മുന്നേറ്റത്തിന് വലിയ സംഭാവനകൾ നൽകിയ ആ അനശ്വര നടനോട് പിൽക്കാലചരിത്രം നീതി പുലർത്തിയോ?

ഹരിദാസ് പഴുന്നാന

1979 മാർച്ച് 2, അന്നൊരു വെള്ളിയാഴ്ചയായിരുന്നു.

കൊല്ലം നഗരഹൃദയത്തിലെ ചിന്നക്കടയിലുള്ള ഗ്രാൻഡ് തിയെറ്റർ.

സമയം രാത്രി എട്ടരയോടടുക്കുന്നു....

തിയെറ്ററിനു മുന്നിൽ, റോഡിന് അഭിമുഖമായി വച്ചിരിക്കുന്ന സിനിമാ പോസ്റ്ററിനു മുൻപിൽ വലിയ ആൾക്കൂട്ടം. ആ വെള്ളിയാഴ്ച ദിവസം ഗ്രാൻഡിൽ റിലീസ് ആയ 'ശരപഞ്ജരം' സിനിമയുടെ പോസ്റ്ററാണത്. എന്താണതിനിത്ര പ്രത്യേകത? എന്തിനാണ് അതിനു മുൻപിൽ ഇത്ര വലിയ ആൾക്കൂട്ടം!

ഒരു കുതിരയുടെ ചിത്രമാണ് പോസ്റ്ററിൽ. അതിനെ തഴുകി പുറംതിരിഞ്ഞുനിൽക്കുന്ന കരുത്തനായ, ശരീര ഭംഗിയുള്ള ഒരു ചെറുപ്പക്കാരനും. തങ്ങളുടെ നാട്ടുകാരനായ കൃഷ്ണൻ നായരുടെ ചിത്രം നോക്കി അദ്ഭുതത്തോടെ നിൽക്കുകയാണ് ആ ജനക്കൂട്ടം.

ഗ്രാൻഡ് തിയെറ്ററിൽ നിന്ന് ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള ഓലയിൽ വീട്ടിൽ കൃഷ്ണൻ നായർ, ജയൻ എന്ന പേരിൽ അറിയപ്പെടുന്ന സിനിമാക്കാരനായി മാറിയിരിക്കുന്നു!

കൊല്ലത്തെ ആദ്യ ട്രാഫിക് ജാം!

തച്ചോളി അമ്പുവിന്‍റെ പോസ്റ്റർ.

തച്ചോളി അമ്പുവിലെ ഉപനായകവേഷം ചെയ്ത് പ്രേക്ഷക ശ്രദ്ധ നേടി നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിക്കഴിഞ്ഞ ജയൻ. ആ ജയന്‍റെ എഴുപത്തിയഞ്ചാമത്തെ സിനിമയാണ് അന്ന് റിലീസ് ചെയ്ത ശരപഞ്ജരം. പ്രശസ്ത സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്‍റെ കഥയ്ക്ക്, ഹരിഹരൻ തിരക്കഥയും സംവിധാനവും കെ.ടി. മുഹമ്മദ് സംഭാഷണവും നിർവഹിച്ച്, മെല്ലി ഇറാനി ക്യാമറ ചലിപ്പിച്ച ചിത്രം. ജയൻ അതിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷീലയുടെ നായിക വേഷത്തിനു പ്രാധാന്യമുള്ള ചിത്രം. നായകൻ സത്താർ. ജയൻ വില്ലൻ.

തങ്ങളുടെ നാട്ടുകാരൻ ആദ്യമായി ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്‍റെ ആഹ്ലാദത്തിലാണ് നാട്ടുകാർ അവിടെ തടിച്ചുകൂടിയിരിക്കുന്നത്. തിയെറ്ററിൽ ഫസ്റ്റ് ഷോ തകർക്കുകയാണ്. പുറത്ത് ആൾക്കൂട്ടത്തിന് വലിപ്പം വച്ചു തുടങ്ങുന്നു. സമയം ഒൻപത് കഴിയുമ്പോഴേക്കും കൊല്ലം നഗരത്തിലെ ആ പ്രധാന റോഡും പരിസരവും ജനക്കൂട്ടം കൈയടക്കിക്കഴിഞ്ഞിരുന്നു. കൊല്ലം നഗരം കണ്ട ആദ്യത്തെ ട്രാഫിക് ജാം! തിയെറ്ററിന്‍റെയും പരിസരത്തിന്‍റെയും നിയന്ത്രണം പൊലീസ് ഏറ്റെടുക്കുന്നു. സെക്കൻഡ് ഷോയ്ക്ക് വന്ന ആളുകളെ വളരെ പണിപ്പെട്ട് നിയന്ത്രിച്ചു കൊണ്ടിരിക്കുകയാണവർ.

ജനഹൃദയം കവർന്ന വില്ലൻ

ജയനും ഷീലയും ശരപഞ്ജരത്തിൽ.

ഗ്രാൻഡ് തിയെറ്ററിന്‍റെ വെള്ളിത്തിരയിൽ ശരപഞ്ജരത്തിലെ ക്ലൈമാക്സ് സീൻ. ഷീലയുടെ വെടിയേറ്റ് പിടഞ്ഞു വീണു മരിക്കുന്ന ജയന്‍റെ കഥാപാത്രം. ആ ക്രൂരതയുടെ പടയോട്ടം അവസാനിപ്പിച്ചതിന്‍റെ പുഞ്ചിരി നായികയുടെ മുഖത്ത്. ഹരിഹരൻ തന്‍റെ ചിത്രം അവസാനിപ്പിക്കുകയാണ്.... പക്ഷേ, പുറത്ത് മലയാളസിനിമയിൽ മറ്റൊരു പടയോട്ടം തുടങ്ങുകയായിരുന്നു.... നായികാനായകന്മാരെ തന്‍റെ കരുത്തുറ്റ പ്രകടനം കൊണ്ട് നിഷ്പ്രഭരാക്കി ആ വില്ലൻ നിറഞ്ഞാടി. ശരപഞ്ജരത്തിന്‍റെ ഉജ്ജ്വല വിജയം ജയൻ സ്വന്തം പേരിലെഴുതി. ഹരിഹരന്‍റെ കണക്കുകൂട്ടലുകളെ പോലും മറികടന്ന വിജയം.

അതെ, അപ്രതീക്ഷിതമായതു സംഭവിച്ചു. ചരിത്രം വഴിമാറി. പ്രേക്ഷകർ ആ കൊടും വില്ലനെ നെഞ്ചേറ്റി ആർപ്പുവിളികളോടെ പുറത്തേക്ക്. തങ്ങളുടെ പ്രിയപ്പെട്ട നാട്ടുകാരൻ മലയാള സിനിമയുടെ ഗതി മാറ്റിമറിച്ചിരിക്കുന്നു. കോട്ടകൊത്തളങ്ങൾ ഇടിച്ചുതകർത്തിരിക്കുന്നു. അന്നോളം മറ്റൊരു നടനും കഴിയാത്തതു പോലെ, കൊടുംവില്ലനായി വന്ന് ജനഹൃദയം കീഴടക്കിക്കൊണ്ട് മലയാള സിനിമയെ അമ്പരപ്പിച്ചിരിക്കുന്നു. കുതിരക്കാരനായി വന്നവൻ കുടുംബനാഥനായിരിക്കുന്നു!

ജനം കൃഷ്ണൻ നായർക്ക്, ജയന് ആവേശത്തോടെ മുദ്രാവാക്യങ്ങൾ വിളിച്ചു. ആശംസകൾ നേർന്നു. മലയാളസിനിമയിൽ ഒരു തേരോട്ടം തുടങ്ങുകയായിരുന്നു. മലയാളത്തിന്‍റെ ആദ്യത്തെ ആക്ഷൻ ഹീറോയുടെ തിരുപ്പിറവിക്ക് ആ രാത്രി ഗ്രാൻഡ് തിയെറ്റർ സാക്ഷ്യം വഹിച്ചു. ശരപഞ്ജരം പ്രദർശിപ്പിക്കുന്ന കേരളത്തിലെമ്പാടുമുള്ള മറ്റു തിയെറ്ററുകളിൽ ആ രാത്രി സംഭവിച്ചത് അതുതന്നെയായിരുന്നു. ഉപനായക പദവിയിൽ നിന്നും താര രാജ പദവിയിലേക്ക് ജയന്‍റെ ജൈത്രയാത്ര അവിടെ തുടങ്ങുന്നു. ആ പോസ്റ്ററിൽ കണ്ട കരുത്തനും സുമുഖനുമായ ചെറുപ്പക്കാരൻ കുതിരപ്പുറത്തേറി മലയാള സിനിമയുടെ നെറുകയിലേക്ക്. സമകാലികരെ നിഷ്പ്രഭരാക്കി, മാമൂലുകളെ പൊളിച്ചടുക്കി മലയാളസിനിമയുടെ സുവർണ സിംഹാസനം അയാൾ ശരവേഗത്തിൽ സ്വന്തം കൈപ്പിടിയിലൊതുക്കി. ഓലയിൽ വീട്ടിൽ ഭാരതിയമ്മയുടെ മകൻ, റിട്ട. നേവി ഓഫീസർ കൃഷ്ണൻ നായർ, കൊല്ലത്തുകാരുടെ പ്രിയങ്കരനായ ബേബിയണ്ണൻ, മലയാളത്തിന്‍റെ താര രാജകുമാരനായത് ചരിത്രം.

ആദ്യത്തെ ആക്ഷൻ ഹീറോ

1980ൽ റിലീസ് ചെയ്ത അങ്ങാടി എന്ന വമ്പൻ ഹിറ്റിലൂടെ ജയൻ മലയാള സിനിമിയൽ ഐതിഹാസിക പരിവേഷം ആർജിച്ചു.

മലയാള സിനിമ പിന്നീട് സാക്ഷ്യം വഹിക്കുന്നത് ഒരു ജയൻ തരംഗത്തിനാണ്. അവനോ അതോ അവളോ, ഇരുമ്പഴികൾ, ബെൻസ് വാസു, ചാകര, ആവേശം, ശക്തി, ലൗ ഇൻ സിംഗപ്പൂർ, കാന്തവലയം, പ്രഭു, സർപ്പം, സഞ്ചാരി, കരിപുരണ്ട ജീവിതങ്ങൾ, അന്തപ്പുരം, ദീപം, കരിമ്പന, മീൻ തുടങ്ങി ഹിറ്റുകളുടെ നീണ്ട നിര. ഒരു വർഷത്തിൽ മുപ്പതോളം ചിത്രങ്ങളിൽ നായകനായി മലയാളസിനിമയുടെ തലക്കുറി മാറ്റിവരച്ചു.

ജ്വലിച്ചുനിന്ന ആ പുരുഷസൗന്ദര്യത്തിൽ ആരാധകർ മയങ്ങി. കേരളത്തിന്‍റെ ഗ്രാമഗ്രാമാന്തരങ്ങളിൽപ്പോലും ജയൻ ചിത്രങ്ങൾ കളിക്കുന്നതിന് മാത്രമായി സിനിമാ കൊട്ടകകൾ ഉയർന്നു. സെറ്റുകളിൽ നിന്നു സെറ്റുകളിലേക്ക്, സാഹസികതയിൽനിന്ന് അതിസാഹസികതയിലേക്ക്, ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകാതെ, തന്‍റെ ജീവിതം പൂർണമായും അദ്ദേഹം മലയാള സിനിമയ്ക്ക് സമർപ്പിക്കുകയും ചെയ്തു. മലയാളസിനിമാവ്യവസായത്തിന്‍റെ കുതിപ്പിന് ഈ കൊല്ലത്തുകാരൻ നൽകിയ സംഭാവനകൾ ചരിത്രത്തിന്‍റെ സുവർണതാളുകളിൽ ഇപ്പോഴും മായാതെ കിടക്കുന്നു.

1980 ഏപ്രിൽ 18ന് റിലീസ് ചെയ്ത അങ്ങാടി എന്ന എക്കാലത്തെയും വമ്പൻ ഹിറ്റിലൂടെ അദ്ദേഹം മലയാള സിനിമിയൽ ഐതിഹാസിക പരിവേഷം ആർജിച്ചു. അങ്ങാടിയിലെ മിന്നുന്ന പ്രകടനത്തിലൂടെ വിജയത്തിന്‍റെ കൊടുമുടികൾ താണ്ടി മലയാളത്തിന്‍റെ വാണിജ്യ സിനിമയിലെ അവസാന വാക്ക് താൻതന്നെയെന്ന് അടിവരയിട്ട്, ലോകമറിഞ്ഞ മലയാളത്തിന്‍റെ ആദ്യത്തെ ആക്ഷൻ ഹീറോയായി. ആരാധകരുടെ നെഞ്ചകത്ത് കരുത്തിന്‍റെ നക്ഷത്രമായി....

'അന്തപ്പുര'ത്തിലെ ഞെട്ടിക്കുന്ന അറിയിപ്പ്

ജയൻ

ശരപഞ്ജരം റിലീസ് ചെയ്ത് 20 മാസങ്ങൾക്ക് ഇപ്പുറം ഒരു ഞായറാഴ്ച. 1980 നവംബർ 16. സ്ഥലം അതേ ഗ്രാൻഡ് തിയെറ്റർ. സമയം വൈകീട്ട് 7 മണിയോടടുക്കുന്നു. തിയെറ്ററിൽ ജയൻ എന്ന സൂപ്പർതാരത്തിന്‍റെ 'അന്തപ്പുരം' എന്ന സിനിമ പ്രദർശിപ്പിക്കുന്നു. അന്ന് ജയനെ താരമാക്കിയ ശരപഞ്ജരത്തിന്‍റെ ഫസ്റ്റ് ഷോ കണ്ടു കൊണ്ടിരുന്നവരിൽ പലരും ഇപ്പോഴും ആ തിയെറ്ററിലുണ്ട്.

പെട്ടെന്ന് സിനിമാ പ്രദർശനം നിർത്തി തിയെറ്ററിനകത്തെ ലൈറ്റ് തെളിയുന്നു. സ്ക്രീനിലേക്ക് നോക്കിയ പ്രേക്ഷകർ കാണുന്നത് ഒരു അറിയിപ്പാണ്.

''നമ്മുടെ പ്രിയപ്പെട്ട താരം ജയൻ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടിരിക്കുന്നു. ഞങ്ങൾ സിനിമാപ്രദർശനം നിർത്തുകയാണ്...''

കാണികൾ പൊട്ടിക്കരഞ്ഞും നിലവിളിച്ചും തിയെറ്ററിനു പുറത്തേക്ക്. വിശ്വസിക്കാനാവാതെ, ദുഃഖം താങ്ങാനാകാതെ, ചിലർ അക്രമാസക്തരായി

തിയെറ്റർ തല്ലിത്തകർത്തു. ഇത് ചതിയാണെന്ന് അവർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നത് മലയാളത്തിന്‍റെ താരനായകനെ മാത്രമല്ല. തങ്ങളുടെ പ്രിയപ്പെട്ട ബേബിയണ്ണനെ കൂടിയാണ്.

വാർത്ത അറിഞ്ഞവർ പലരും നിലവിളിച്ചുകൊണ്ട് ഓലയിൽ വീട്ടിലേക്കോടിയ ചിത്രം ഇന്നും കൊല്ലത്തിന്‍റെ മനസ്സിലുണ്ട്. അവരുടെ അഭിമാനവും അഹങ്കാരവും തങ്ങൾക്കിടയിൽ നിന്ന് ഒരു തീനാളം പോലെ ജ്വലിച്ചുയർന്ന ആ പച്ച മനുഷ്യനായിരുന്നു. ആ മനുഷ്യനാണ് ഒരു ഹെലികോപ്റ്റർ ദുരന്തത്തിന്‍റെ രൂപത്തിൽ ജ്വലിച്ചടങ്ങിയിരിക്കുന്നത്. ആ ദുരന്തവാർത്ത അവരുടെ നെഞ്ചകം തകർക്കുന്നതായിരുന്നു.

കാട്ടുതീ പോലെ വാർത്ത പടർന്നു. കത്തിജ്വലിച്ച താര സൂര്യൻ അസ്തമിച്ചു, എന്നേയ്ക്കുമായി. മലയാളിയെ മയക്കിയ ആ പുഞ്ചിരി ഇനിയില്ല. കേരളക്കരയ്ക്ക് ആ യാഥാർഥ്യം ഉൾക്കൊള്ളാനായില്ല. ദുഃഖം അണപൊട്ടിയൊഴുകി. കലാകേരളം ആ ദുരന്തരാത്രിയിൽ ഞെട്ടിവിറങ്ങലിച്ചു. ആരാധകരുടെ സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ പരന്നു.

സാഹസികതയുടെ ക്ലൈമാക്സ്

സിനിമയിലെയും ജീവിതത്തിലെയും ജയന്‍റെ അവസാന രംഗം. കോളിളക്കത്തിന്‍റെ ക്ലൈമാക്സ്.

മദ്രാസിലെ ഷോളവാരം എയർസ്ട്രിപ്പിൽ 'കോളിളക്ക'ത്തിന്‍റെ ക്ലൈമാക്സ് ഷൂട്ടിങ്ങിനിടയിൽ ആ അതിസാഹസികത പിടിവിട്ടുപോയി. സംവിധായകൻ ഓക്കെ പറഞ്ഞ ശേഷവും, ജയന്‍റെ തന്നെ നിർബന്ധത്തിനു വഴങ്ങി ആ ക്ലൈമാക്സ് മികച്ച പെർഫെക്ഷനു വേണ്ടി മൂന്നാമതും ഷൂട്ട് ചെയ്യുകയായിരുന്നു. സുകുമാരൻ ഓടിച്ച ബൈക്കിനു പിറകിൽ നിന്ന്, ഉയർന്നുപൊങ്ങുന്ന ഹെലികോപ്റ്ററിലേക്ക്‌ പടർന്നുകയറിയ സാഹസികത. യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ, മലയാളത്തിന്‍റെ ഏറ്റവും വിലപിടിപ്പുള്ള താരം ഹെലികോപ്റ്ററിൽ തൂങ്ങിക്കിടക്കുന്നു. ഒരു അഭ്യാസിയെപ്പോലെ അയാൾ ഹെലികോപ്റ്ററിനുള്ളിലേക്ക്. ഷൂട്ടിംഗ് സെറ്റ് ശ്വാസമടക്കി നിന്നു... കൈവിട്ട കളി... സെക്കൻഡുകൾക്കുള്ളിൽ ആ ദുരന്തം സംഭവിച്ചു. ഷോളവാരത്തെ റൺവേയിൽ ചോര വീണു. ഇതിഹാസ താരത്തിന്‍റെ ജൈത്രയാത്രയ്ക്ക് വിധി വിലങ്ങിട്ടു.

ആ മഹാദുരന്തത്തിന് മൂകസാക്ഷിയായി അദ്ദേഹത്തിന്‍റെ പ്രീമിയർ പത്മിനി തൊട്ടപ്പുറത്ത് മരവിച്ചുകിടന്നു....

''എനിക്ക് വിശക്കുന്നു, രണ്ട് ബിസ്ക്കറ്റ് തരൂ...'' എന്ന് ഷൂട്ടിങ്ങിന് തൊട്ടുമുൻപ് പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ അവസാന വാക്കുകൾ ഷോളവാരത്തെ ചുടുകാറ്റിലലിഞ്ഞു....

കേരളം ഒന്നിച്ചൊഴുകിയ വിലാപയാത്ര

ജയന്‍റെ മൃതദേഹം.

മദ്രാസ് ജനറൽ ഹോസ്പിറ്റലിലെ പോസ്റ്റ്മോർട്ടത്തിനുശേഷം തിരുവന്തപുരത്ത് എത്തിച്ച മൃതദേഹം വിലാപ യാത്രയായി കൊല്ലത്തേക്ക്. കേരളം കൊല്ലത്തേക്കൊഴുകി. തങ്ങളുടെ പ്രിയങ്കരനെ അവസാനമായി ഒരു നോക്കു കാണാൻ... കേരളം അന്നേവരെ കാണാത്ത ജനസാഗരത്തിനു സാക്ഷ്യം വഹിച്ച ആ വിലാപയാത്ര ഓരോ മലയാളിയുടെയും നെഞ്ചുലച്ച് കടന്നുപോയി. തങ്ങളുടെ അഭിമാന താരത്തിന് അവർ ഹൃദയഭേദകമായി വിട നൽകി.

അന്ന് ഉച്ചയ്ക്ക് ശേഷം, കേരളത്തിൽ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആദരസൂചകമായി അവധികൊടുത്തിരുന്നു.

ഓലയിലെ 3 സെന്‍റ് സ്ഥലത്തെ ഒറ്റമുറിയുള്ള കൊച്ചുവീടിന്‍റെ പൂമുഖത്ത്, ജനസമുദ്രത്തിനു നടുവിൽ, നിശ്ചലനായി മലയാളത്തിന്‍റെ താരനായകൻ. ഹൃദയഭേദകമായ കാഴ്ച. തന്‍റെ പ്രിയപ്പെട്ട 'പ്രീമിയർ പത്മിനി' അല്ലാതെ മറ്റൊന്നും തന്നെ സ്വന്തമാക്കിയിരുന്നില്ല മലയാള സിനിമയിൽ ഏറ്റവും അധികം പ്രതിഫലം പറ്റിയിരുന്ന ആ മനുഷ്യൻ. ആർത്തലച്ചു കരയുന്ന ജനസാഗരത്തെ സാക്ഷിയാക്കി ഭാരതിയമ്മ തന്‍റെ പ്രിയപ്പെട്ട ബേബിമോനെ ഒരു നോക്കു കണ്ടു, അന്ത്യചുംബനമ ർപ്പിച്ചു. ചേതനയറ്റ ആ ശരീരത്തിലേക്ക് അവർ ബോധരഹിതയായി കുഴഞ്ഞുവീണു.

ജനത്തിരക്ക് നിയന്ത്രിക്കാനാകാതെആ രാത്രിതന്നെ മൃതദേഹം കൊല്ലത്തെ പൊതുശ്മശാനത്തിലേക്ക്. ആരാധകരുടെ സങ്കടം അണപൊട്ടിയൊഴുകി. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമ കീഴടക്കിയ കൃഷ്ണൻ നായരുടെ ജീവിതത്തിന്‍റെ റീഷൂട്ട് ചെയ്യപ്പെടാനാവാത്ത ക്ലൈമാക്സ്. കേരള സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെ അനുജൻ സോമൻ നായർ ചിതയ്ക്ക് തീകൊളുത്തി.

മഞ്ഞു പെയ്തു വിറങ്ങലിച്ച ആ തണുത്ത രാത്രിയിൽ മലയാളസിനിമയിലെ യുവയുഗം എരിഞ്ഞടങ്ങി. ആരാധകലക്ഷങ്ങളെ അനാഥമാക്കി ആ ദീപമണഞ്ഞു.... ഇരുണ്ട ആകാശ ത്തിനു കീഴെ പുതിയൊരു പൊൻതാരകം കൺ തുറന്നു....

മരണമില്ലാത്ത നക്ഷത്രം

Jayan

മരണശേഷവും വർഷങ്ങളോളം കേരളത്തിലെ പ്രദർശനശാലകളിൽ ജയൻചിത്രങ്ങൾ നിറഞ്ഞ സദസിൽ ആഘോഷിക്കപ്പെട്ടു. മനുഷ്യമൃഗം, മൂർഖൻ, അറിയപ്പെടാത്ത രഹസ്യം, തടവറ, നായാട്ട് തുടങ്ങിയ വൻ ഹിറ്റുകൾ പുറത്തുവന്നത് അദ്ദേഹത്തിന്‍റെ മരണശേഷമാണ്. അത്രമേൽ മലയാളി അദ്ദേഹത്തെ നെഞ്ചോട് ചേർത്തിരുന്നു.

ഇന്നും മരിക്കാത്ത ഓർമയായി അദ്ദേഹം ജീവിക്കുന്നു, ആരാധകഹൃദയങ്ങളിൽ. അദ്ദേഹത്തിന്‍റെ ഫാൻസ്‌ ക്ലബ്ബുകൾ ഇന്നും കേരളത്തിൽ സജീവമായി നിലനിൽക്കുന്നു. തങ്ങളുടെ സൂര്യൻ അസ്തമിച്ചിട്ടില്ലെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. മലയാളത്തിലെ വശ്യമായ ആ പുഞ്ചിരി അവരുടെ സ്വപ്നങ്ങളെ ഇപ്പോഴും വേട്ടയാടുന്നു. അവർക്കിന്നും അയാൾ ആവേശവും ലഹരിയുമാണ്. ഇല്ല... കരുത്തിന്‍റെ ആ തീനാളത്തിനു മരണമില്ല.

കേവലം നാലു വർഷംകൊണ്ട് മലയാളസിനിമയിലെ ഇതിഹാസമായി മാറിയ, മലയാള സിനിമാവ്യവസായത്തിന്‍റെ മുന്നേറ്റത്തിന് വലിയ സംഭാവനകൾ നൽകിയ ആ അനശ്വര നടനോട് പിൽക്കാലചരിത്രം നീതി പുലർത്തിയോ? അദ്ദേഹത്തിന്‍റെ ഓർമകൾക്ക് ജീവൻ നൽകുന്ന ഒരു ചരിത്ര സ്മാരകം ഇന്നും ആരാധകരുടെ സ്വപ്നമായി അവശേഷിക്കുന്നു. പുതുതലമുറയ്ക്ക് അദ്ദേഹത്തെ ഓർമപ്പെടുത്താൻ മലയാളസിനിമയും കേരള സർക്കാരും ആ ദൗത്യം ഏറ്റെടുക്കുമെന്ന് ഈ വൈകിയ വേളയിലും നമുക്ക് തീർച്ചയായും പ്രതീക്ഷിക്കാം.

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ

''പാൽ സൊസൈറ്റി മുതൽ പാർലമെന്‍റ് വരെ മത്സരിക്കാൻ കൃഷ്ണകുമാർ മാത്രം'', ആഞ്ഞടിച്ച് സന്ദീപ് വാര്യർ

തെരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്നും അപ്രത്യക്ഷം; ചേലക്കരയിൽ ഏശാതെ അൻവർ തരംഗം

ഝാർഖണ്ഡിൽ അവിശ്വസനീയ തിരിച്ചു വരവുമായി ഇന്ത്യ മുന്നണി; 30 സീറ്റിലേക്കൊതുങ്ങി എൻഡിഎ

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അദാനി അട്ടിമറിച്ചു: സഞ്ജയ് റാവത്ത്