സ്വന്തം ലേഖകൻ
സ്ത്രീ കേന്ദ്രീകൃത സിനിമകൾ ഇന്നും അപൂർവതയായി തുടരുന്ന മലയാള സിനിമയിൽ, പതിറ്റാണ്ടുകൾക്കു മുൻപേ സ്ത്രീകളുടെ സ്വപ്നങ്ങളും ചിന്തകളുമെല്ലാം പ്രമേയമാക്കിയ സംവിധായകനാണ് കെ.ജി. ജോർജ്. മലയാളത്തിലെ ആദ്യത്തെ ആന്തോളജി സിനിമയായ ആദാമിന്‍റെ വാരിയെല്ല് തന്നെ അതിന് ഏറ്റവും വലിയ ഉദാഹാരണം.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സിനിമയിലൂടെ അന്നേ പ്രതികരിച്ച ചലച്ചിത്രകാരൻ. എല്ലാ പ്രതിബന്ധങ്ങളെയും തട്ടിതെറിപ്പിച്ച്, ബന്ധനങ്ങള്‍ ഇല്ലാത്ത സ്വാതന്ത്ര്യത്തിലേയ്ക്ക് സ്ത്രീകള്‍ ഓടിപ്പോകുന്നതാണ് ആദാമിന്‍റെ വാരിയെല്ലിലെ അവാസാനത്തെ സീന്‍.
ഒരു സ്ത്രീ എന്ന നിലയിലും ഭാര്യ എന്ന നിലയിലും അദ്ദേഹത്തില്‍ നിന്നു പരിധിയില്ലാത്ത സ്വാതന്ത്ര്യം മതിയാവോളം അനുഭവിച്ചിട്ടുണ്ടെന്ന് അനുസ്മരിച്ചിട്ടുണ്ട് ഭാര്യയും ഗായികയുമായ സൽമ ജോർജ്.
ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക് എന്ന സിനിമ അന്നത്തെ സിനിമാ മേഖലയിലെ പല ദുഷ്പ്രവണതകളെയും തുറന്നു കാട്ടിയ ചിത്രമാണ്. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ അതൊരു വലിയ ധൈര്യമായിരുന്നു.
മമ്മൂട്ടി അവതരിപ്പിച്ച പ്രേം സാഗര്‍ എന്ന സിനിമതാരം പ്രേം നസീറില്‍ നിന്നു മെനഞ്ഞെടുത്തതായിരുന്നു. സിനിമ കണ്ടിട്ടു പ്രേം നസീര്‍ പറഞ്ഞത്, ഈ ജോര്‍ജ് സാറിന് ഇതിന്‍റെ എന്തെങ്കിലും ആവശ്യം ഉണ്ടായിരുന്നോ എന്നാണ്. കാരണം, സിനിമയിലെ അണിയറ രഹസ്യങ്ങള്‍ പലതും ചിത്രത്തിലൂടെ തുറന്ന് കാണിക്കുന്നുണ്ട്.
സിനിമയ്ക്കുള്ളിലെ ഇത്തരം കാര്യങ്ങള്‍ എല്ലാം എന്തിനാണ് ഇങ്ങനെ ജനങ്ങളെ അറിയിക്കുന്നത് എന്നു പലരും അന്ന് അദ്ദേഹത്തിനോട് ചോദിച്ചിട്ടുണ്ട്. പക്ഷേ, സിനിമയുടെ പിന്നില്‍ നടക്കുന്ന എല്ലാ കൊള്ളരുതായ്മകളും ജനം അറിഞ്ഞിരിക്കണം എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്.
ചിത്രത്തില്‍ അമ്മ തന്നെ ആദ്യം മകള്‍ക്കു വേണ്ടി പല വിട്ടുവീഴ്ചകളും ചെയ്യുന്നുണ്ട്. പിന്നീട് അത് മകളും ആവര്‍ത്തിക്കുന്നു. ഇതെല്ലാം പഴയ കോടമ്പാക്കം സിനിമ സംസ്കാരത്തിന്‍റെ ഭാഗമായിരുന്നു. പറയുന്നതു ബാലു മഹേന്ദ്രയുടെയും ശോഭയുടെയും ജീവിതമാണ് ചിത്രത്തിനാധാരം എന്ന് വ്യാഖ്യാനിക്കപ്പെട്ടെങ്കിലും, യഥാർഥത്തിൽ അക്കാലത്തെ നടിമാരില്‍ പലരും ഇത്തരം ജീവിതത്തിലൂടെ കടന്നു വന്നവരായിരുന്നു എന്ന കാഴ്ചപ്പാടായിരുന്നു കെ.ജെ. ജോർജിന്.
സ്ത്രീകളുടെ ജീവിതത്തെ മുനിര്‍ത്തി അനവധി സിനിമകള്‍ ചെയ്തിട്ടുള്ള ജോർജിന് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന നടി ശ്രീവിദ്യയായിരുന്നു എന്നും സൽമ അനുസ്മരിച്ചിട്ടുണ്ട്. അതു കഴിഞ്ഞാല്‍ സുഹാസിനി. ആദാമിന്‍റെ വാരിയെല്ലിലെ കഥാപാത്രമാണ് തനിക്കേറ്റവും ഇഷ്ട്ടപ്പെട്ടതെന്ന് സുഹാസിനി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
നല്ല സിനിമ എടുക്കാന്‍ വേണ്ടി ഒരു തരത്തിലുള്ള ഒത്തു തീര്‍പ്പുകള്‍ക്കും വഴങ്ങാത്ത് സ്വഭാവം തന്നെയാണ് ഇത്തരം സിനിമകളെടുക്കാൻ അദ്ദേഹത്തിനു സഹായമായത്. കച്ചവട ചേരുവകൾ ഉൾപ്പെടുത്താനുള്ള പല നിർമാതാക്കളുടെയും നിർബന്ധത്തെ അദ്ദേഹം നിസാരമായി നിരാകരിച്ചിട്ടുള്ളതും സൽമ ഓർത്തെടുത്തിട്ടുണ്ട്. ''എനിക്ക് അങ്ങനെയുള്ള പണവും വേണ്ട, അത്തരം സിനിമകളും വേണ്ട'' എന്ന് അവരുടെ മുഖത്ത് നോക്കി പറയുന്നതായിരുന്നു കെ.ജി. ജോർജിന്‍റെ രീതി. തന്‍റെ നിലനില്‍പ്പും പേരും കളഞ്ഞ് ഒരു സിനിമ തനിക്കു വേണ്ടെന്ന നിലപാടായിരുന്നു എന്നും അദ്ദേഹത്തിന്. അതുകൊണ്ടു തന്നെയാണ് നല്ല സിനിമകളുടെ പേരിൽ മാത്രം ഇന്ന് അദ്ദേഹം ഓർമിക്കപ്പെടുന്നതും.