നിരൂപക പ്രശംസയും പ്രേക്ഷപ്രീതിയും ഒരുപോലെ സമ്പാദിച്ച് സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന കിഷ്കിന്ധാ കാണ്ഡം ഒടിടി റിലീസിനുള്ള തയാറെടുപ്പുകളും തുടങ്ങി. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറണ് ചിത്രത്തിന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പക്ഷേ, ചിത്രം തിയെറ്ററുകളിൽ നിറഞ്ഞോടുന്ന സാഹചര്യത്തിൽ ഒക്റ്റോബറിനു ശേഷം മാത്രമേ ഒടിടി റിലീസിനെത്താൻ സാധ്യതയുള്ളൂ.
ചിത്രത്തിന്‍റെ വൻ വിജയം കണക്കിലെടുത്ത് റെക്കോഡ് തുകയാണ് ഒടിടി അവകാശത്തിന് ലഭ്യമായതെന്നാണ് റിപ്പോർട്ട്. സാറ്റലൈറ്റ് റൈറ്റ്സ് ഏഷ്യാനെറ്റും സ്വന്തമാക്കിക്കഴിഞ്ഞു. രണ്ടിന്‍റെയും തുക എത്രയെന്ന വിവരം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
50 കോടി ക്ലബ്ബിൽ കടന്ന ആദ്യ ആസിഫ് അലി ചിത്രം തിരക്കഥയുടെ കെട്ടുറപ്പുകൊണ്ടാണ് സീരിയസ് പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റുന്നത്. ആസിഫ് അലിയെ കൂടാതെ വിജയരാഘവൻ അടക്കമുള്ളവരുടെ ഗംഭീര പ്രകടനവും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ദിൽജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയതും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നതും ബാഹുൽ രമേശ്.