മമ്മൂട്ടി 
Entertainment

അഭിനയശൈലികൾ തമ്മിലുള്ള മത്സരത്തിൽ പിന്തള്ളപ്പെട്ടത് മമ്മൂട്ടി

സംസ്ഥാന സിനിമാ പുരസ്കാരത്തിൽ കാതൽ ദി കോർ, ദേശീയ പുരസ്കാരത്തിൽ നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകളാണ് മമ്മൂട്ടിയുടേതായി പരിഗണനയിൽ ഉണ്ടായിരുന്നത്

വി.കെ. സഞ്ജു

1989 കാലഘട്ടത്തിലേക്കൊരു ഫ്ളാഷ്ബാക്ക്.

മെതേഡ് ആക്റ്റിങ്ങിന്‍റെ മർമമറിഞ്ഞ പ്രകടനത്തിലൂടെ മമ്മൂട്ടിയുടെ ചന്തു തിയെറ്ററുകളെ പ്രകമ്പനം കൊള്ളിക്കുന്ന കാലം. സിനിമയുടെ പേര് 'ഒരു വടക്കൻ വീരഗാഥ'. അതേസമയത്തു തന്നെ, മറ്റൊരു വശത്ത്, മോഹൻലാലിന്‍റെ സേതുമാധവൻ സൂക്ഷ്മാഭിനയത്തിന്‍റെ അതീന്ദ്രിയ അനുഭൂതികൾ പ്രേക്ഷകർക്കു സമ്മാനിക്കുന്നുണ്ടായിരുന്നു, സിനിമ 'കിരീടം'.

സ്വാഭാവികമായും സംസ്ഥാന, ദേശീയ സിനിമാ പുരസ്കാരങ്ങളിൽ ഈ രണ്ട് വ്യത്യസ്ത അഭിനയശൈലികൾ നേർക്കു നേർ മത്സരിച്ചു. രണ്ടിടത്തും അന്നു ജൂറിയുടെ അംഗീകാരം ലഭിച്ചത് മമ്മൂട്ടിക്ക്. ഇന്ന് അതേ മമ്മൂട്ടി അഭിനയശൈലിയിലെ മറുപക്ഷത്തിന്‍റെ പ്രതിനിധിയായി മത്സരിച്ചപ്പോൾ വിധി മറിച്ചായി. സംസ്ഥാനതലത്തിൽ പൃഥ്വിരാജിന്‍റെയും ദേശീയതലത്തിൽ ഋഷഭ് ഷെട്ടിയുടെയും മെതേഡ് ആക്റ്റിങ് സങ്കേതങ്ങൾ അംഗീകരിക്കപ്പെട്ടു.

ആക്റ്റിങ് ഈസ് റിയാക്റ്റിങ്

''ആക്റ്റിങ് ഈസ് റിയാക്റ്റിങ്, ഇറ്റ് ഈസ് ബിഹേവിങ്''. ഉദയനാണു താരം എന്ന സിനിമയിലൂടെയാണ് മലയാള സിനിമാ പ്രേക്ഷകർക്ക് ഈ വാചകം സുപരിചിതമായതെങ്കിലും, റഷ്യൻ നാടകകാരനായിരുന്ന കോൺസ്റ്റാന്‍റിൻ സ്റ്റാനിസ്ലാവസ്കി ഇതു പറഞ്ഞിട്ട് കൊല്ലം പത്തുനൂറായി. അഭിനയം എന്നാൽ സാഹചര്യങ്ങളോടുള്ള സ്വാഭാവിക പ്രതികരണമായിരിക്കണമെന്നും, അഭിനയം എന്നു തോന്നിക്കാത്ത 'പെരുമാറ്റം' ആയിരിക്കണമെന്നും ഒക്കെയുള്ള അഭിനയശൈലീ സങ്കൽപ്പമാണത്. സിനിമയിലെ അഭിനയത്തിലാണ് ഇന്ന് ഇതു കൂടുതൽ പ്രസക്തമായിട്ടുള്ളത്.

നാടകത്തെ സംബന്ധിച്ച് ലൗഡ് ആക്റ്റിങ്ങിനാണ് എന്നും കൂടുതൽ പ്രാമുഖ്യം ലഭിച്ചിട്ടുള്ളത്. സദസിന്‍റെ ഏറ്റവും പിന്നിലിരിക്കുന്ന പ്രേക്ഷകർക്കു പോലും വ്യക്തമാകുന്ന തരത്തിൽ വികാര ഭാവ പ്രകടനങ്ങൾ പരമാവധി പ്രകടമാക്കുന്ന രീതിയാണത്. ലൗഡ് ആക്റ്റിങ് പിന്തുടരുന്നവരെ മലയാള സിനിമ മനസറിഞ്ഞ് അംഗീകരിക്കുന്ന പതിവില്ല.

ഇതിൽ ഒന്നു മറ്റൊന്നിനെക്കാൾ നല്ലതോ മോശമോ എന്ന വാദപ്രതിവാദങ്ങൾ അഭിനയകല ജനകീയമായ കാലം മുതൽ സമൂഹത്തിൽ നിലനിൽക്കുന്നതുമാണ്. ഈ രണ്ട് അഭിനയശൈലികൾ തമ്മിലുള്ള മത്സരം ഇത്തവണ ഒരേ ദിവസം പ്രഖ്യാപിച്ച ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിലും പ്രകടമായിരുന്നു.

ഋഷഭ് ഷെട്ടിയും പൃഥ്വിരാജും

ദേശീയ പുരസ്കാരത്തിനായുള്ള മത്സരത്തിൽ 'നൻപകൽ നേരത്ത് മയക്കം' മമ്മൂട്ടിക്ക് ഒരു ദേശീയ പുരസ്കാരം കൂടി നേടിക്കൊടുക്കും എന്നു പ്രതീക്ഷിച്ചവർ ഏറെയാണ്. അതുപോലെ, സംസ്ഥാനതലത്തിൽ 'കാതൽ ദ കോർ' എന്ന സിനിമയും. എന്നാൽ, ദേശീയതലത്തിൽ കാന്താരയിലൂടെ ഋഷഭ് ഷെട്ടിയും, സംസ്ഥാനതലത്തിൽ ആടുജീവിതത്തിലൂടെ പൃഥ്വിരാജും അംഗീകരിക്കപ്പെട്ടു.

പരിഗണനാർഹമായ രണ്ടു ചിത്രങ്ങളിലും മമ്മൂട്ടി കഥാപാത്രത്തിന്‍റെ ഏറ്റവും സൂക്ഷ്മമായ ഭാവങ്ങൾ ഏറ്റവും പരിമിതമായ ചലനങ്ങളിലൂടെയും ഭാവങ്ങളിലൂടെയും പ്രകടമാക്കിയപ്പോൾ, ഋഷഭ് ഷെട്ടിയും പൃഥ്വിരാജും ഇതിൽ നിന്നു വിഭിന്നമായ ലൗഡ് ആക്റ്റിങ്, മെതേഡ് ആക്റ്റിങ് സങ്കേതങ്ങളിലൂടെയും പ്രേക്ഷകരുടെ മാത്രമല്ല, അവാർഡ് നിർണയ സമിതിയുടെയും അംഗീകാരം നേടിയെടുക്കുകയായിരുന്നു.

മമ്മൂട്ടിയും മോഹൻലാലും

''ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളേ...'', ''ഇരുമ്പാണി തട്ടി മുളയാണി വച്ച് പൊൻകാരം കൊണ്ട് ചുരിക വിളക്കാൻ കൊല്ലന് പതിനാറു പൊൻപണം കൊടുത്തവൻ ചന്തു...'' എന്നിങ്ങനെ ഐക്കോണികായി മാറുകയും മിമിക്രി വേദികളിൽ നിരന്തരം അമ്മാനമാടുകയും ചെയ്ത ഡയലോഗുകൾ ഒന്നോർത്തുനോക്കൂ. ലൗഡ് ആക്റ്റിങ്ങിന്‍റെ മർമമറിഞ്ഞ പ്രകടനങ്ങളാണ് ഒരു വടക്കൻ വീരഗാഥയുടെ ഓരോ സീനിലും മമ്മൂട്ടി കാഴ്ചവച്ചത്. വടക്കൻപാട്ടിലെ വില്ലൻ കഥാപാത്രമായിരുന്ന ചന്തുവിനെ എം.ടി. വാസുദേവൻ നായർ അവിടെനിന്ന് അടർത്തിയെടുത്ത് ദുരന്തനായക പരിവേഷത്തിൽ പുനരവതരിപ്പിച്ചപ്പോൾ, അതിനൊത്ത ശരീരഭാഷയും സംഭാഷണശൈലിയും സമന്വയിപ്പിച്ച പ്രകടനത്തിലൂടെ നിറഞ്ഞാടുകയായിരുന്നു മമ്മൂട്ടി.

ജീവിത സാഹചര്യങ്ങളുടെ നാടകീയമായ ഡാർക്ക് ട്വിസ്റ്റുകളിൽ, ഒരു ഗുണ്ടയുടെ ആഗ്രഹിക്കാത്ത 'കിരീടം' ധരിക്കാൻ വിധിക്കപ്പെട്ട സേതുമാധവനായിരുന്നു മറുവശത്ത്. ക്ലൈമാക്സ് രംഗത്തെ മോഹൻലാലിന്‍റെ പല്ലിറുമ്മൽ പോലും പിൽക്കാലത്ത് അഭിനയകലയുടെ മകുടോദാഹരണമായി വാഴ്ത്തപ്പെട്ടു. മലയാളികൾക്കു മാറ്റിവയ്ക്കാൻ കഴിയാത്ത മമ്മൂട്ടി - മോഹൻലാൽ താരതമ്യങ്ങൾ അതിന്‍റെ മൂർധന്യത്തിലേക്കുയർന്ന മത്സരമായിരുന്നു ചന്തുവും സേതുമാധവനും തമ്മിൽ.

ഇരുവരെയും മലയാള സിനിമയിലെ എന്നല്ല, ലോക സിനിമയിലെ തന്നെ മഹാനടൻമാരായി കേരളം വാഴ്ത്തുമ്പോഴും, അന്നത്തെ ജൂറിക്ക് അവരിൽനിന്ന് ഒരാളെ തെരഞ്ഞെടുക്കണമായിരുന്നു. സംസ്ഥാന ജൂറിയും ദേശീയ ജൂറിയും അന്നു തെരഞ്ഞെടുത്തത് ഒരേ ആളെത്തന്നെ- മമ്മൂട്ടിയെ.

പ്രകടനങ്ങൾ കൊണ്ട് കുറവൊന്നും പറയാനില്ലാത്ത രണ്ടു കഥാപാത്രങ്ങൾക്കിടയിൽ ഒരു തെരഞ്ഞെടുപ്പ് വേണ്ടിവന്നു. അറിഞ്ഞോ അറിയാതെയോ അന്നത്തെ ജൂറി അംഗങ്ങളെ സ്വാധീനിച്ചത് ഇരുവരും പിന്തുടർന്ന വ്യത്യസ്തമെന്നോ വിപരീതമെന്നു തന്നെയോ പറയാവുന്ന അഭിനയശൈലികൾ തന്നെയായിരുന്നിരിക്കും.

മമ്മൂട്ടി - നൻപകൽ നേരത്ത് മയക്കം

വർഷംതോറും വളരുന്ന നടനചാരുത

കാൽനൂറ്റാണ്ടിനിപ്പുറത്ത് മമ്മൂട്ടിയുടെ അഭിനയശൈലിയിൽ വന്ന ഗണ്യമായ വ്യതിയാനങ്ങൾ ഏറ്റവും പ്രകടമായി പ്രതിഫലിച്ച രണ്ടു സിനിമകളാണ് നൻപകൽ നേരത്ത് മയക്കവും കാതൽ ദ കോറും.

നൻപകൽ നേരത്ത് മയക്കത്തിലെ ജയിംസിന്‍റെയും സുന്ദരത്തിന്‍റെയും വ്യക്തിത്വങ്ങൾക്കിടയിലുള്ള സംഘർഷങ്ങൾ ഇത്രയും സൂക്ഷ്മമായി അവതരിപ്പിക്കാൻ ശേഷിയുള്ളവർ സിനിമാലോകത്തു തന്നെ അത്യപൂർവം. സുന്ദരം താനല്ലന്നു ജയിംസിനു വ്യക്തമാകുന്ന ആ കണ്ണാടി നോക്കുന്ന ഒറ്റ ഷോട്ടിൽ ഒരു മഹാനടന്‍റെ ഭാവതീവ്രത മുഴുവൻ ചാലിച്ചുവച്ചിട്ടുണ്ട്. രണ്ടു കഥാപാത്ര സ്വത്വങ്ങളെ ഡബിൾ റോൾ അല്ലാതെ ഇത്രയും വ്യതിരിക്തമായ രീതിയിൽ ഒരേ സിനിമയിൽ വാചികവും ആംഗികവുമായി വരച്ചുകാട്ടാൻ കഴിയുന്നവരും വേറെ അധികമുണ്ടാവില്ല.

ജിയോ ബേബിയുടെ കാതൽ ദ കോറിലേക്കു വരുമ്പോൾ, മുഖ്യധാരയിൽ മിക്ക നടൻമാരും ഏറ്റെടുക്കാൻ സാധ്യതയില്ലാത്ത ഒരു സ്വവർഗപ്രേമിയായ കഥാപാത്രത്തെയാണ് മമ്മൂട്ടി പ്രതിച്ഛായാ ഭയമില്ലാതെ എടുത്തണിഞ്ഞ് ഗംഭീരമാക്കിയത്. ഒരു ഘട്ടത്തിലും സ്വവർഗ പങ്കാളിയുമായുള്ള ഇന്‍റിമസി കാണിക്കാതെ തന്നെ ഭാവപ്രകടനങ്ങളിലൂടെ പ്രതിഫലിപ്പിക്കാൻ സാധിച്ച സൂക്ഷ്മാഭിനയമാണ് മമ്മൂട്ടി കാഴ്ചവച്ചത്.

ജയസൂര്യ (അപ്പോത്തിക്കരി), കലാഭവൻ മണി (വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും)

അധ്വാനവും അഭിനയവും

'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമയിൽ കലാഭവൻ മണിയും 'അപ്പോത്തിക്കരി' എന്ന സിനിമയിൽ ജയസൂര്യയും പുരസ്കാരങ്ങൾ നേടുമെന്ന് വ്യാപകമായി പ്രതീക്ഷിക്കപ്പെട്ടിരുന്നു. വാനപ്രസ്ഥത്തിലൂടെ മോഹൻലാൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, പ്രത്യേക പരാമർശം മാത്രം കിട്ടിയ മണി ബോധരഹിതനായി വീഴുക പോലുമുണ്ടായി. ജയസൂര്യ പിന്നീട് ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി, വെള്ളം തുടങ്ങിയ ചിത്രങ്ങളിലൂടെ അംഗീകരിക്കപ്പെട്ടു.

കാഴ്ചയില്ലാത്ത കഥാപാത്രത്തെ അവതരിപ്പിക്കാൻ മണിയും, മാരകരോഗിയായ കഥാപാത്രമാകാൻ ജയസൂര്യയും നടത്തിയ ശാരീരിക അധ്വാനങ്ങൾ ശ്രദ്ധേയം തന്നെയായിരുന്നു. എന്നാൽ, അന്നത്തെ ജൂറി ലൗഡ് ആക്റ്റിങ്ങിന്‍റെ പ്രയോക്താക്കളല്ലാത്തതിനാലാവാം, അന്ന് ഇരുവരും അംഗീകരിക്കപ്പെട്ടില്ല.

ആടുജീവിതത്തിൽ പൃഥ്വിരാജ്, കാന്താരയിൽ ഋഷഭ് ഷെട്ടി

ആടുജീവിതം തിയെറ്ററുകളിലെത്തിയപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത് ആ സിനിമയ്ക്കു വേണ്ടി പൃഥ്വിരാജ് നടത്തിയ അതികഠിനമായ ശാരീരിക അധ്വാനം തന്നെയായിരുന്നു. ബോഡി ട്രാൻസ്ഫോർമേഷൻ അടക്കമുള്ള ശാരീരിക അധ്വാനങ്ങളും അഭിനയപൂർണതയ്ക്ക് അനിവാര്യമായിരിക്കാം. എന്നാൽ, സൂക്ഷ്മാഭിനയത്തിന്‍റെ ആരാധകർക്ക് പൃഥ്വിയുടെ പ്രകടനം ഒരു സ്റ്റേജ് പെർഫോമൻസ് പോലെ തോന്നിയാലും അദ്ഭുതപ്പെടാനില്ല. അതിനർഥം പൃഥ്വി മോശം നടൻ എന്നല്ല, വിമർശിക്കുന്നവർക്ക് മെതേഡ് ആക്റ്റിങ്ങിനോടു താത്പര്യമില്ല എന്നു മാത്രമാണ്.

കാന്താരയിലെ ഋഷഭ് ഷെട്ടിയുടെ പ്രകടനവും ഏറെ ശാരീരിക അധ്വാനം ആവശ്യപ്പെടുന്നതായിരുന്നു. മാസ് ആക്ഷനും അനുഷ്ഠാന നൃത്തച്ചുവടുകളുമെല്ലാം സമന്വയിപ്പിച്ച ഒരു മെതേഡ് ആക്റ്റിങ് രീതിയാണ് ഋഷഭ് ആ സിനിമയിൽ കാഴ്ചവച്ചിട്ടുള്ളത്. രണ്ടിടത്തും മമ്മൂട്ടി മത്സരിച്ചത് പതിറ്റാണ്ടുകൾ കൊണ്ട് സ്വയം പരുവപ്പെടുത്തിയെടുത്ത ഏറ്റവും സൂക്ഷ്മമായ അഭിനയ സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ടാണ്. രണ്ടു ശൈലികളിൽ ഏതിനെ അംഗീകരിക്കണം എന്നത് പൂർണമായും അതു വിലയിരുത്തുന്ന ജൂറി അംഗങ്ങളുടെ ആസ്വാദന സമ്പ്രദായത്തെ ആശ്രയിച്ചിരിക്കുന്നു. ഇത്തവണ അത് മമ്മൂട്ടിക്ക് എതിരായി എന്നു മാത്രം....

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ