മോഹൻലാലിന്‍റെ ഒരു സിനിമ അവസാനമായി തിയെറ്ററിലെത്തിയത് എന്നാണെന്ന് ഓർമയുണ്ടോ? കഴിഞ്ഞ ജനുവരിയിലായിരുന്നു അത്, മലൈക്കോട്ടൈ വാലിബൻ! ഇതിനിടെ മനോരഥങ്ങൾ എന്ന ആന്തോളജി ഒടിടി റിലീസായി വന്നതു മാത്രം ചെറിയ ആശ്വാസം.
എന്നാലിതാ, ലാലേട്ടൻ ഫാൻസിന്‍റെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി ആഴ്ചകൾ മാത്രം. ഒന്നല്ല, ഒന്നിനു പിറകേ ഒന്നായി മൂന്നു വമ്പൻ സിനിമകളാണ് മോഹൽലാലിന്‍റേതായി റിലീസിനൊരുങ്ങുന്നത്.
1. ബറോസ്
സൂപ്പർ താരത്തിന്‍റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ആണ് ഇതിൽ ആദ്യത്തേത്. ഡിസംബർ മൂന്നാം വാരം ക്രിസ്മസ് റിലീസായി തിയെറ്ററുകളിൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. വാസ്കോ ഡ ഗാമ ഇന്ത്യയിൽ സൂക്ഷിച്ച നിധിയുടെ കാവൽക്കാരനാണ് ബറോസ് എന്ന കഥാപാത്രം. Barroz: Guardian of D'Gama's Treasure എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ.
2019ൽ പ്രഖ്യാപിച്ച ചിത്രം 170 ദിവസമെടുത്താണ് ഷൂട്ടിങ് പൂർത്തിയാക്കിയത്. മോഹൻലാലിനു പുറമേ നിരവധി വിദേശ താരങ്ങളും ഈ 3ഡി സിനിമയിൽ അണിനിരക്കുന്നു. ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന് ഛായാഗ്രാഹകൻ സന്തോഷ് ശിവനും എഡിറ്റർ ശ്രീകർ പ്രസാദും അടക്കം ഇന്ത്യയിലെ മുൻനിര സാങ്കേതിക വിദഗ്ധർ കരുത്ത് പകരുന്നു.
2. എൽ 360
തൊട്ടടുത്ത മാസം, മോഹൻലാലിന്‍റെ പുതുവർഷ സിനിമ എത്തും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിനു പേരിട്ടിട്ടില്ല. എൽ 360 എന്നാണ് ഇപ്പോൾ ഇത് അറിയപ്പെടുന്നത്. മോഹൻലാലിന്‍റെ നായികയായി ശോഭന എത്തുന്നു എന്നതാണ് നൊസ്റ്റാൾജിക് സിനിമാപ്രേമികൾക്ക് ഇതിലുള്ള ഏറ്റവും വലിയ ആകർഷണം. തമിഴ് സംവിധായകൻ ഭാരതിരാജ മലയാളത്തിൽ നടനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിൽ ഫർഹാൻ ഫാസിൽ അടക്കമുള്ള വലിയ താരനിരയുമുണ്ട്.
സൗദി വെള്ളക്ക, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തരുൺ മൂർത്തിയും ഒപ്പം കെ.ആർ. സുനിലും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മോഹൻലാൽ പത്തനംതിട്ടക്കാരനായ ടാക്സി ഡ്രൈവറായെത്തുന്ന സിനിമയ്ക്ക് കുടുംബചിത്രമെന്ന ലേബലാണുള്ളത്.
3. എമ്പുരാൻ
സമീപകാലത്ത് മോഹൻലാലിന്‍റെ ഏറ്റവും വലിയ മാസ് അവതാരം കണ്ട ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് ഇതിനു പിന്നാലെ വരാനുള്ളത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എമ്പുരാൻ എന്നു നേരത്തെ തന്നെ പേരിട്ടിരുന്നു. 'എൽ2: എമ്പുരാൻ' എന്നാണ് ചിത്രത്തിന്‍റെ മുഴുവൻ പേര്. L2E എന്ന് അണിയറ പ്രവർത്തകരും ആരാധകരും വിശേഷിപ്പിക്കുന്നു.
ലൂസിഫറിലെ പ്രധാന താരങ്ങളെല്ലാം എമ്പുരാനിലും ഉണ്ടാകും. ലൂസിഫറിൽ കണ്ട സ്റ്റീഫൻ നെടുമ്പള്ളിയുടെ അധോലോക വിശ്വരൂപമായ അബ്രാം ഖുറേഷിയുടെ കഥയാണ് എമ്പുരാൻ എന്നാണ് ഇതുവരെയുള്ള സൂചന. രചന മുരളി ഗോപി.